Tuesday, November 07, 2006

കൃഷ്ണകാമുകി


കണ്ണാ...
നിന്റെ മയില്‍പീലിയില്‍ നിന്ന്‌ ഒന്നടര്‍ത്തുന്നു
അവന്‌ സമ്മാനിക്കാന്‍...
എന്റെ നനഞ്ഞ ദേഹത്ത്‌ മുഖം ചേര്‍ത്തുമയങ്ങാ
ന്‍വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ടിട്ടും അവന്‍ കാത്തിരിക്കുന്നുണ്ടാവും..
ചുണ്ടുകളില്‍ ചുംബനമൊളിപ്പിച്ച്‌ ഞാനും...

തിരിയണഞ്ഞുപോയെന്‍ ഹൃദയത്തിലെ
പാതി മുറിഞ്ഞു പോയതെന്‍ കരളും മനസാക്ഷിയും...
അന്തിതിരി മുടങ്ങി...കല്‍വിളക്കുകല്‍ തോറ്റുമടങ്ങി...
ചലനം നഷ്ടപ്പെട്ട നിന്‍ രൂപം മാത്രം
ഇന്നുമെന്‍ കോവിലില്‍ തെളിയുന്നതറിയുന്നു ഞാന്‍...

അടരുന്നു ഞാനീ വൃന്ദാവനത്തിലെ...
അവസാന സൗഗന്ധികമായി...
ഇനിയില്ല വസന്തം...പരിണമിക്കുന്നു ഇതളുകളറ്റു
നിന്‍ കുമ്പിളില്‍ വീണൊരുവെറും പുഷ്പാജ്ഞലിയായി...
ഒടുവിലൊരു ഭക്തിഭ്രാന്തന്റെ ചെവിയിലലങ്കാരമായി...

ഇനിയീ എണ്ണ വറ്റിയ നിലവിളക്കിലെ
അല്‍പ്പമെരിയുന്ന തിരിയില്‍ ഞാനെന്റെ കണ്ണുനീരുരുക്കിയൊഴിക്കട്ടെ...
പകര്‍ന്നാട്ടങ്ങളുടെ അറുതിയില്‍
പകലും രാത്രിയുമറിയാത്ത അന്ധതയില്
‍തീര്‍ന്നു തുടങ്ങിയ മെഴുകുതിരികളില്‍
ഞാനെന്റെ സ്വപ്നങ്ങള്‍ ചേര്‍ത്തുവെക്കട്ടെ...


കണ്ണാ....
അസ്തമയത്തിന്റെ മുമ്പുള്ള പകല്‍കാഴ്ചകള്‍ തേടി..
നിന്റെ സ്വപ്നങ്ങളിലൂടെ...
പൊഴിഞ്ഞുവീണ കൊന്നപൂക്കളിലൂടെ...
ആദ്യത്തെ പ്രണയവും തേടി...
ശബ്ദം...
നിന്റെ ഹൃദയമിടിപ്പിന്റെ...വിഹ്വലതകളുടെ...
അറിയാതെ പോയ സ്നേഹത്തിന്റെ...

തണുപ്പിന്റെ ആത്മാവിനോട്‌ മടുപ്പുതോന്നുന്നു
സമയം തീര്‍ന്നു. ഇന്നിനി യാത്ര ചോദിക്കുന്നില്ല...
ഇരുട്ടിനെ കീറി മുറിച്ച്‌ പുഴ കടക്കുമ്പോള്
‍പകല്‍പേമാരി തീര്‍ത്ത പ്രളയം
എന്നെ ആഴക്കടലിലൊളിപ്പിക്കും...

ഇനിയൊടുക്കം...
അടിയൊഴുക്കുകളുടെ ആത്മാവിലേക്ക്‌...അവനോടൊപ്പം...
ഹൃദയത്തിലെ മുള്‍പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും
ശരീരത്തെ മോചിപ്പിക്കാന്‍
ഇനിയൊരു ജന്മം തരരുത്‌ നീ കൃഷ്ണാ..

നൊമ്പരം ആത്മാവിലേക്ക്‌ പടരാതിരിക്കാന്
‍ഞാനെന്റെ ശരീരം ഉപേക്ഷിക്കുന്നു...
പാരിജാതത്തിന്റെ പൂക്കളിറുത്ത്‌
നിനക്കിനി മാല കോര്‍ക്കാന്‍ ഞാനുണ്ടാവില്ല
മറക്കുക...
എന്റെ അത്മാവില്‍ നിന്നു നീ മോചിതനാവുക

7 comments:

Aravishiva said...

നൊമ്പരം ആത്മാവിലേക്ക്‌ പടരാതിരിക്കാന്
‍ഞാനെന്റെ ശരീരം ഉപേക്ഷിക്കുന്നു...
പാരിജാതത്തിന്റെ പൂക്കളിറുത്ത്‌
നിനക്കിനി മാല കോര്‍ക്കാന്‍ ഞാനുണ്ടാവില്ല
മറക്കുക...
എന്റെ അത്മാവില്‍ നിന്നു നീ മോചിതനാവുക

ദ്രൌപതീ...കവിതകള്‍ മനോഹരമാകുന്നു..ലാപുടയുടേയും,ചാരുകേഴിയുടേയും മറ്റും കവിതാബ്ലൊഗുകളോടു മാറ്റുരയ്ക്കാന്‍ പോരുന്ന കവിതകളാണു താങ്കളുടേത്..താങ്കളെക്കുറിച്ച് ഞാന്‍ ബ്ലോഗഭിമാനിയില്‍ പരാമര്‍ശിച്ചിരുന്നു..പെരുമഴപ്പാച്ചിലില്‍ ഈ നല്ല കവിതകള്‍ ഒലിച്ചുപോവില്ലെന്നു തന്നെ വിശ്വസിയ്ക്കാം..ഇനിയുമെഴുതൂ...

മുസാഫിര്‍ said...

ഇനിയൊടുക്കം...
അടിയൊഴുക്കുകളുടെ ആത്മാവിലേക്ക്‌...അവനോടൊപ്പം...
ഹൃദയത്തിലെ മുള്‍പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും
ശരീരത്തെ മോചിപ്പിക്കാന്‍
ഇനിയൊരു ജന്മം തരരുത്‌ നീ കൃഷ്ണാ..

മനസ്സിനെ വിഷാദതിന്റെ ആഴത്തിലേക്കു കൊണ്ടുപോകുന്ന വരികളാണല്ലോ,ദ്രൌപതി,നന്നായിരിക്കുന്നു.

Unknown said...

ദ്രൌപദീ,
നന്നായിരിക്കുന്നു.

ദൃശ്യന്‍ said...

തന്‍‌‌റ്റെ ആത്മാവില്‍ നിന്നു കൃഷ്ണനോട് മോചിതനാവാന്‍ പറയുന്ന, ചുണ്ടുകളില്‍ ചുംബനമൊളിപ്പിച്ചു വച്ച കൃഷ്ണകാമുകിയെ ഇഷ്ടപ്പെട്ടു; അവളുടെ നൊമ്പരം അറിഞ്ഞു...

മോഡേണിസത്തിന്‍‌റ്റെ കൈക്കോട്ടെടുത്ത്
അയാള്‍‌ കവിതയുടെ ശവക്കുഴി തോണ്ടി
ആറടിത്താഴ്ച്ചയില്‍‌‍ മണ്ണു കുഴിച്ചപ്പോള്‍‌
ആറേഴു ദ്രവിച്ച അസ്ഥികള്‍‌ കണ്ടെത്തി
മൂന്നെണ്ണം മഹാകവികളുടേതായിരുന്നു
രണ്ടെണ്ണം കാല്പനികതയുടേതായിരുന്നു
വിണ്ടുകീറിയ അവസാനഅസ്ഥികള്‍‌
ആധുനികതയുടെ പ്രളയത്തില്‍‌,
കോശങ്ങളില്‍‌ ഹൈടെക് വൈറസ്
കയറി മരിച്ച ആസ്വാദകന്‍‌‌റ്റേതായിരുന്നു!
- ആ ആസ്വാദകന്‍‌‌ അയാളായിരുന്നു!!!

ഇത്തരം ആന്‍‌റ്റിവൈറസുകള്‍ എന്നെ പോലുള്ള ആസ്വാദകന്‍‌മാരുടെ മനസ്സുകളെ മരിക്കാതെ കാക്കും. നന്ദി.

സസ്നേഹം
ദൃശ്യന്‍‌‌

ഗിരീഷ്‌ എ എസ്‌ said...

നൊമ്പരം ആത്മാവിലേക്ക്‌ പടരാതിരിക്കാന്
‍ഞാനെന്റെ ശരീരം ഉപേക്ഷിക്കുന്നു...
പാരിജാതത്തിന്റെ പൂക്കളിറുത്ത്‌
നിനക്കിനി മാല കോര്‍ക്കാന്‍ ഞാനുണ്ടാവില്ല
മറക്കുക...
എന്റെ അത്മാവില്‍ നിന്നു നീ മോചിതനാവുക

chithrakaran ചിത്രകാരന്‍ said...

അയ്യോ......... ഇതിന്റെ അര്‍ഥങ്ങള്‍.......!!!

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

adevi9
ഈ സൌഗന്ധികം ഇറുത്തപ്പോള്‍
എന്റെ വിരലുകള്‍ പൊള്ളി.
ഇതളുകള്‍ക്ക്‌ ഇത്ര കറുപ്പ്‌?
കണ്ണീരിന്റെ ഉപ്പും ചൂടും?
എങ്കിലും...
ആത്മാവിന്റെ സുക്ഷ്മഗ്രന്ഥികളില്‍
ഒരു ഗോകുലത്തിന്റെ വസന്തം.
ദ്രൌപതിയോ... രാധയോ?
അതോ... നീ തന്നെയോ?

(വലിപ്പം കുറഞ്ഞെങ്കില്‍ ഇതിലും
ആര്‍ദ്രമായി അനുഭവപ്പെടുമായിരുന്നു എന്ന്‌ കാളിന്ദി പറയുന്നു.)