Wednesday, February 21, 2007

നിശബ്ദതക്കൊടുവിലെ ആരവംപഴി കേട്ട്‌ മുനയൊടിയാന്‍
എന്റെ തൂലിക നിര്‍മ്മിച്ചത്‌....നിന്റെ അസ്ഥികൊണ്ടല്ല...
ഇറ്റുവീഴുന്ന ചോരയില്‍ മുക്കി...
മനസിലെ അസ്ത്രം കൊണ്ട്‌ എഴുതുന്നത്‌...
കാലത്തിന്‌ മായ്ക്കാനുമാവില്ല....


നീ ചിന്തിച്ചു....
വേദനകള്‍ അത്‌ നിന്റെയുള്ളിലൊതുങ്ങുന്നുവെന്ന്‌....
പകുത്തെടുക്കാന്‍ വന്നപ്പോള്‍
പഴികള്‍ കൊണ്ടെന്ന വേദനിപ്പിച്ച്‌...
ഒരിറ്റ്‌ മദജലമായി മണ്ണിലലിയുമ്പോഴും...
സഹതപിക്കാന്‍ ഒരു കടലോളം കണ്ണുനീര്‍...
ഇന്നെന്റെ മിഴികളില്‍ ബാക്കിയുണ്ടെന്നറിയുക...

മരണത്തെ സുതാര്യമായി പൊതിഞ്ഞ്‌
കവിതകള്‍ ഭാണ്ഡമായി സൂക്ഷിച്ച
എന്റെ അധ്യാപികയോട്‌ കടപാട്‌ പോലും
ബാക്കിയില്ല...
എന്റെ ആദ്യവരികളില്‍ അഭിനന്ദനപ്രവാഹം ചൊരിഞ്ഞ്‌
അവര്‍ നടന്നുപോയ പകല്‍ മാത്രം ആത്മാവില്‍ അവശേഷിക്കുന്നു....
കോളറിഡ്ജിന്റെ നിരാശക്കപ്പുറം
അധികമായൊന്നും ചൊരിഞ്ഞതുമില്ല...
ഷെല്ലിയുടെ കാറ്റിലെത്തുമ്പോഴേക്കും
പ്രണയം അവരെ മരണമായി മടക്കിയിരുന്നു...


വേശ്യാതെരുവിലെ തൊലിവെളുപ്പ്‌ നോക്കി
ഇമ പൂട്ടാതിരിക്കുന്ന കൂട്ടുകാരാ....
എന്റെ മാംസത്തിനായി ഇനിയും കാത്തിരിക്കുക
രക്തത്തില്‍ കുളിച്ച്‌
നിലവിളികളില്‍ തല തോര്‍ത്തി ഞാന്‍ വരാം...
നിന്റെ വികാരതിമര്‍പ്പുകളുടെ അഗ്നിയില്‍
വെന്തു വിഭൂതിയാകാന്‍....

Friday, February 16, 2007

സീമന്തം

രക്തം കൊണ്ട്‌ നീ തീര്‍ത്ത ആദ്യത്തെ ക്ഷതം...
ചങ്ങലക്കെട്ടിലേക്ക്‌ ഞാന്‍ മടങ്ങിപോയ പകലില്‍
നീ തന്നെ ആദ്യത്തെ സമ്മാനവും...

റോസില്‍ നിന്നും ചുവപ്പിലേക്കുള്ള എന്റെ പ്രവേശനം...
ആദ്യം സമ്മാനിച്ചത്‌...നിന്റെ ഹസ്തങ്ങളുടെ കരുത്തിനെ...
നിന്നിലെ നിന്നെ എന്നിലേക്ക്‌ സന്നിവേശിച്ച രാത്രിയെ..

ആര്‍ത്തവം ബാധിച്ച സന്ധ്യയില്‍
നിന്റെ വിയര്‍പ്പുഗന്ധമില്ലാതെ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍...
തെരുവ്‌ വേശ്യകളുടെ രക്തകറ പിടിച്ച നെറ്റിയില്‍
‍നീ അമര്‍ത്തി ചുംബിക്കുകയായിരുന്നു...

ഓരോ അടയാളങ്ങളും എന്നെ കൊന്നുകൊണ്ടിരുന്നു...
ഒടുവില്‍ ഒരു നാള്‍.....
എന്റെ അവയവങ്ങളിലെ വെളുപ്പിനെയും...

നനഞ്ഞ കണ്‍പീലികള്‍...
നീര്‍കണങ്ങളിറങ്ങി പോയ കവിള്‍ത്തടങ്ങള്‍...
ചിരിക്കാന്‍ മറന്ന പകലിന്റെ പൗരുഷത്തോട്‌.....
നീയെവിടെയെന്നൊരു ചോദ്യം ചോദിച്ച്‌ മടങ്ങി...

ദൂരെ...മോചിക്കപ്പെട്ട അസ്ഥിമാടങ്ങളിലെ..
അവസാനതിരിയായി നീ കത്തിതീരുമ്പോഴും......
എന്നിലെ വിഹ്വലതകള്‍...നിന്നെ തിരഞ്ഞുകൊണ്ടിരുന്നു....

മാറിടത്തിലെ മുറിവുണങ്ങി....
നെറ്റിയിലെ മുറിപാട്‌ കാലം മായ്ക്കുകയും ചെയ്തു....
സ്വപ്നങ്ങളിലെ ആശ്ചര്യചിഹ്നങ്ങള്‍ മാത്രം...
വിരാമമില്ലാതെ കാത്തുകിടന്നു.....
ഇനിയെന്ത്‌...? എന്ന ചോദ്യത്തിനുത്തരം തേടി..............


Wednesday, February 07, 2007

ജലം


നിനക്ക്‌ മുഖം നോക്കാനുള്ള
വെറുമൊരു ദര്‍പ്പണമായിരുന്നു ഞാന്‍...
വിഹ്വലതകളിലൂടെ
നിളയായ്‌ പരിണമിക്കുമ്പോള്
അസ്തമയത്തിനപ്പുറത്തെ ശോണിമയില്‍
മുങ്ങി മരിച്ചു പോയതെന്‍ സ്വപ്നങ്ങളും....

പിന്നീട്‌...
അരുവിയുടെ ആത്മസ്പന്ദനമായി മാറി..
ആദ്യമായി നീയെന്ന സ്പര്‍ശിച്ചതും...
ഞാന്‍ കടലിന്‌ വഴി മാറാന്‍
വിസമ്മതിച്ചതും...
ആ പകലിലായിരുന്നു....

പുഴയായി നിന്ന സമയത്തായിരുന്നു...
എന്റെ ഉള്ളറകളില്‍ ഉറഞ്ഞുകൂടിയ
സ്നേഹം...പാഴ്‌വാക്കുകളായി വാരിയെടുത്ത്‌...
നീ പോയ്‌ മറഞ്ഞത്‌....


നദിയായി...
അതിരുശിലകള്‍ ഛേദിച്ച്‌
ഞാന്‍ നിന്നരുകിലൂടെ വന്നു...
രാത്രിയുടെ അവസാന നാഴികയില്‍
നീയെന്നെ വഴി തിരിച്ചുവിടുകയും ചെയ്തു...
എന്റെ ഉപമകളില്‍ വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍...
നീ വിതുമ്പുന്നതറിഞ്ഞ്‌ ഞാന്‍ തിരിച്ചുവാങ്ങി...

കടലായിരുന്നു
ഞാനെന്നറിഞ്ഞത്‌ മഴ മോഹിച്ച വേനലില്‍...
വെറുക്കാന്‍ ആയിരം കാരണങ്ങളുണ്ടായിട്ടും...
ചിരിക്കുന്നതെന്തേയെന്ന്‌ സ്വയം ചോദിച്ചു....
തിരയോളം വന്നു നീ മടങ്ങിപോയി...
എന്റെയുള്ളില്‍ മുത്തും പവിഴവുമുണ്ടെന്നറിയാതെ....

ഒടുവിലിപ്പോള്‍...
ഒരിറ്റു കണ്ണുനീരായി...
വരണ്ട മണ്ണില്‍ വീണു പിടക്കുമ്പോഴും...
ഞാന്‍ തിരിച്ചറിയുന്നില്ല....
മുറിവുകളില്‍ നിന്നും ഞാന്‍ തൊട്ടെടുത്ത
സൂര്യരശ്മിയായിരുന്നു...നീയെന്ന്‌....