Wednesday, October 24, 2007

ഉടുപ്പ്‌

കവചം
നിന്റെ കാഴ്ചയെ ഭയന്ന്‌...
അന്ധത നിന്നെ മൂടുമ്പോള്‍
നഗ്നയായി ലോകം കീഴടക്കുകയാണെന്റെ ലക്ഷ്യം...

ആണികള്‍
അഴകള്‍ക്ക്‌ താങ്ങായി
നനഞ്ഞ്‌ ഈറനായി
എന്റെ ഞാണിന്മേല്‍കളി കാണാന്‍
കാറ്റും
വെയിലും
കമിതാക്കളായെത്തി...

ഈര്‍പ്പമകലും തോറും
നോവുന്നുണ്ടെന്ന്‌
നീയറിഞ്ഞില്ല...
കടുത്ത ചൂടില്‍
ഞാനുരുകി തുടങ്ങിയിട്ടും
ഗൗനിക്കാതെ നീ നടന്നുപോയി
ഒടുവില്‍
വഴിതെറ്റിവന്ന
മഴയോട്‌
നന്ദി പറയേണ്ടി വന്നു...

നിന്റെ മെത്തയില്‍
അഗ്നിതുപ്പുന്ന
ഇരുമ്പിനെ ഭയന്ന്‌
അനങ്ങാതെ കിടക്കുമ്പോള്‍
എന്നിലേക്ക്‌
വീണ്ടും
അഗ്നി കുടഞ്ഞിട്ട്‌ ക്രൂരനായതെന്തിന്‌...
പാതി മരിച്ചിട്ടും
നിന്റെ
അലങ്കാരത്തിന്‌
കൂട്ടിരിക്കേണ്ടി വന്നപ്പോള്‍
ആദ്യമായി
ഓര്‍ത്തു...

പണ്ട്‌
ചില്ലുകൂട്ടില്‍
പ്രതിമയോടൊട്ടി കിടന്ന
എന്റെ ജീവിതത്തെ കുറിച്ച്‌...

Sunday, October 14, 2007

വാക്ക്‌

ആകസ്മികമായി
വായുവില്‍
രണ്ടു വാക്കുകള്‍ കണ്ടുമുട്ടി

ഒന്ന്‌
പിരിയും മുമ്പ്‌
കാമുകന്‍
കാമുകിയോട്‌ പറഞ്ഞത്‌
അവള്‍ കേള്‍ക്കാതെ പോയത്‌...

മറ്റൊന്ന്‌
വൃദ്ധസദനത്തിലാക്കി
തിരിച്ച്‌ പോകും മുമ്പ്‌
മകന്‍ അമ്മയോട്‌
യാത്ര പറഞ്ഞപ്പോള്‍
ചുണ്ടില്‍ നിന്ന്‌ വഴുതി പോയത്‌...

വിരഹത്തിന്റെ തണുപ്പും
നൊമ്പരത്തിന്റെ കനവും
ആലിംഗനനിമഗ്നരായി
ഒഴുകി നീങ്ങുമ്പോള്‍
മറ്റൊരു വാക്ക്‌
കടന്നുപോയി...

സ്നേഹത്തിന്റെ പരിമളവുമായി
ഏതോ
കാതുകളിലേക്ക്‌
പോകാന്‍ കൊതിച്ച്‌
പകുതി ഗദ്ഗധമായി
ഒറ്റപ്പെട്ടത്‌...

പിരിയാനാവാത്ത
സുഹൃത്തുക്കളായി
അവ താഴേക്ക്‌
ഒഴുകിയിറങ്ങി...

ഗതാഗതകുരുക്കുള്ള നഗരത്തില്‍
ചക്രങ്ങള്‍ക്കടിയിലോ
ഒരു വഴിയാത്രക്കാരിയുടെ
ചെരിപ്പിനടിയിലോ
വീണ്‌
ഞെരിഞ്ഞമര്‍ന്നിട്ടുണ്ടാവും അവ...

Friday, October 05, 2007

ദാനം

പ്രണയം
കരിയിലകളില്‍
പാദങ്ങളമരുമ്പോഴുള്ള ശബ്ദമാണ്‌...

മിഴികളില്‍ വീണ
കരടിന്റെ കിരുകിരുപ്പ്‌,
മോതിരവിരലില്‍
അവശേഷിച്ച വെളുത്തപാട്‌,
ദ്രവിച്ച്‌ ചാടും മുമ്പുള്ള
ചരടിന്റെ നിലവിളി...

അതിന്റെ പരിണാമദിശയിലെ
പകര്‍ന്നാട്ടങ്ങള്‍...

സൗഹൃദം
രണ്ടു ഹൃദയങ്ങള്‍ തമ്മിലുള്ള
ചുംബനമാണ്‌...

മുഴച്ചുനില്‍ക്കുന്നൊരേച്ചുകെട്ടല്‍,
ഇലയടര്‍ത്തുന്ന ശിശിരത്തിന്റെ പക,
അപകര്‍ഷതയുടെ
വെയില്‍...

മാറ്റത്തിന്റെ
ഭൂമിക തേടുമ്പോഴുള്ള
അവശിഷ്ടങ്ങള്‍...

കണ്ണുനീര്‍
മനസിലെ മോഹങ്ങള്‍
പെയ്തുതീരുന്നതാണ്‌...
വികാരങ്ങളുടെ ഉഛസ്ഥായിലുള്ള
ഒരൊഴുക്ക്‌,
കവിളിനെ ധന്യമാക്കുന്ന ഗംഗ...

ചില്ലുകളടര്‍ന്ന്‌
വികൃതമായ
ജാലകമായി
മിഴി കനവ്‌ തേടുന്നു...

അഴുകിയ സ്വപ്നങ്ങോട്‌
വെറുപ്പ്‌ തോന്നുമ്പോള്‍
ജഡ പിടിച്ച മുടിയില്‍
വിരലൂന്നി ചിരിക്കാന്‍
പ്രണയവും സൗഹൃദവും
പ്രേരിപ്പിക്കുന്നുണ്ട്‌...
ഹരിച്ചുകിട്ടുന്ന കണ്ണുനീര്‍
ദാനം നല്‍കാം...

ഇനി നീ ചിരിക്കുക!