Thursday, January 01, 2009

സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌

ഒന്ന്‌
ഹിമകണങ്ങള്‍ പൊഴിയുന്ന
പ്രഭാതത്തിന്റെ തുറന്നമാറില്‍
വെള്ളിപാദസരത്തിന്റെ
കിലുക്കവുമായി
ഒരു പെണ്‍കുട്ടി...
ഡിസംബറിനെ ഭയന്ന്‌
മഞ്ഞിന്റെയാര്‍ദ്രതയെ പേടിച്ച്‌
പുസ്‌തകങ്ങള്‍ക്കിടയില്‍
പ്രണയലേഖനവുമായി
കാത്തുനില്‍ക്കുന്ന
കൗമാര വി്‌ഹ്വലത...
ഓരോ ബോഗിയും കടന്നുപോവുന്നതു നോക്കി
മിഴികള്‍ പൂട്ടി
അനാഥമായൊരു സിമന്റെ ബെഞ്ചിനരുകില്‍
നിന്നവള്‍ വിതുമ്പി...

രണ്ട്‌
ഗ്രീഷ്‌മത്തിന്റെ ദാരുണമായ വരവേല്‍പ്പിനിടയില്‍
വെള്ളയില്‍ കറുത്ത പുള്ളികളുള്ള
വസ്‌ത്രമണിഞ്ഞ്‌ അവള്‍...
ആരെയോ സ്വീകരിക്കാനെന്നവണ്ണം
ദൂരേക്ക്‌ മിഴികളൂന്നി...
ഗുല്‍മോഹര്‍ മരത്തിന്‌ കീഴെയുള്ള
സിമന്റെ ബെഞ്ചില്‍
ഏപ്രിലിന്റെ അവശിഷ്ടങ്ങള്‍
വീണുകിടന്നിരുന്നു...
ധൃതിയില്‍ പോകുന്നൊരു കാറ്റ്‌
പാവാടതുമ്പ്‌ പിടിച്ചിളക്കിയതവള്‍ അറിഞ്ഞില്ല...
അലറിവന്ന വണ്ടിയുടെ
അവസാനബോഗിയിലായിരുന്നു കണ്ണ്‌...
തുറന്നമിഴികളില്‍ നിന്ന്‌
സ്‌ഫടികമൊലിച്ചിറങ്ങി
വസ്‌ത്രങ്ങളെ നനയിച്ചപ്രത്യക്ഷമായി...

മൂന്ന്‌
ശിശിരത്തിന്റെ അവസാന നാഴികയില്‍
ഇലകള്‍ പൊഴിഞ്ഞുകിടന്ന പാളത്തിലേക്ക്‌
ആര്‍ത്തിയോടെ മിഴികളൂന്നി അവള്‍...
നോട്ടുബുക്കുകള്‍ക്കിടയില്‍
ഹൃദയം കൊണ്ട്‌ കുറിച്ചിട്ട
വാക്കുകളുടെ ചങ്ങലകള്‍ കണ്ടു...
ഭേദിച്ച്‌ പുറത്തുചാടാന്‍ കൊതിച്ചവ
കൈപിടിയില്‍ നിന്ന്‌
വഴുതിമാറാന്‍ കൊതിക്കുന്നു..
അതിഭീകരമായ ശബ്ദത്തോടെ
അന്നും തീവണ്ടി കടന്നുപോയി...
മിഴികള്‍ തുറക്കാതെ നിന്ന
അവളുടെ മുന്നിലേക്ക്‌
ആരോ വലിച്ചെറിഞ്ഞ മദ്യകുപ്പി
പൊട്ടി ചിതറി....

നാല്‌
വര്‍ഷകാലപ്രഭാതത്തില്‍
വീണ്ടുമൊരിക്കല്‍ കൂടി
അതേ സ്വപ്‌നപാളത്തിനരുകില്‍ അവള്‍...
മരത്തുള്ളികളില്‍ നിന്നിറ്റുവീഴുന്ന
ജലകണങ്ങളിക്കിളിപ്പെടുത്തിയിട്ടും
മുരള്‍ച്ചക്ക്‌ കാതോര്‍ത്ത്‌...
മഴയൊലിച്ചിറങ്ങിയ
മുഖത്ത്‌ ആദ്യമായി തിളക്കം കണ്ടു..
കണ്ണുകളില്‍
കുടിയേറിപ്പാര്‍ത്തിരിക്കുന്ന മൗനത്തിന്റെ
മൂടുപടമഴിഞ്ഞ്‌ ചിതറും പോലെ...
വര്‍ണങ്ങള്‍ നിറഞ്ഞ മുഖചിത്രമുള്ള
പുസ്‌തകത്തില്‍
മഴയെ നോക്കിയന്ന്‌ ആ ഹൃദയാക്ഷരങ്ങള്‍...
വണ്ടിയതിവേഗം കടന്നുപോയിട്ടും
അവളനങ്ങിയതേയില്ല...

അഞ്ച്‌
വസന്തത്തിന്റെ വര്‍ണാഭമായ
മേച്ചില്‍ പുറത്ത്‌ നില്‍ക്കുന്നത്‌ കൊണ്ടാവാം..
മുടിയില്‍ പൂക്കളുണ്ടായിരുന്നു..
കൈക്കുമ്പിളില്‍
റോസാദലങ്ങള്‍ അമര്‍ത്തിപിടിച്ചിരുന്നു...
സിമന്റ്‌ബെഞ്ചില്‍
പൂക്കാരി ചൊരിഞ്ഞിട്ട
ബന്ധിപൂക്കളുടെ ഇതളുകള്‍
മുല്ലയുടെ അവശേഷിപ്പുകള്‍
വണ്ടിയുടെ മുരള്‍ച്ച കേട്ടവള്‍ മിഴികള്‍പൂട്ടി...
അക്ഷമയുടെ കരിമ്പടം പുതച്ച
അവളുടെ നിശ്വാസങ്ങള്‍ ഞാന്‍ മാത്രമറിഞ്ഞു...
തീവണ്ടിയുടെ കിതപ്പുകളകന്ന്‌ പോയി....
പാളത്തിന്റെ നിശബ്ദതയില്‍
രക്തപൂക്കള്‍ ചിതറിക്കിടന്നു....

പുസ്‌തകത്തില്‍ നിന്ന്‌ പുറത്തേക്ക്‌ തെറിച്ച്‌ വീണ
പ്രണയലേഖനത്തിന്റെ ആദ്യവരി മാത്രം
ചോര പുരളാതെ കിടന്നിരുന്നു...
" എന്റെ സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌...''