Friday, August 17, 2007

ഇനിയെന്റെ സ്മൃതി നീ...

ഇനിയെന്റെ സ്മൃതി നീ...
ഉരുകിയൊലിച്ച്‌
എന്നിലലിഞ്ഞ്‌
നീ നിന്നിലൊരഗ്നി തിരഞ്ഞകന്നു പോയി...

സീനികാ വസ്ത്രം...
ഇതളുകളില്‍
ശലഭചിത്രം പതിഞ്ഞൊരോണക്കോടി...
ഒരു പാരിതോഷികത്തിന്‌
തിരിച്ചുനല്‍കിയ മറ്റൊന്ന്‌...

എന്റെ ചിറകിലെ
ചുവന്ന വര്‍ണങ്ങളിലൊന്ന്‌
നന്മകള്‍ നേര്‍ന്നകന്നു...
ഒരു സുക്ഷിരം മതി ആകാശയാത്രാഭംഗത്തിനെന്ന്‌
എന്തേ നീയിനിയുമറിഞ്ഞില്ല...

കടലെന്ന്‌ നിനച്ച്‌ കാത്തിരുന്നത്‌
തിരയായിരുന്നുവെന്നറിയാതെ...
ഉപ്പൊത്തിരി മിഴികള്‍ തന്നിരുന്നു
നീയെന്റെ അഞ്ജലിയില്‍
ചൊരിഞ്ഞിരുന്നുവെന്നറിയാതെ...

തുമ്പപൂവില്ലെങ്കിലും
പൂക്കളം നന്നായിരുന്നു...
എന്റെ കണ്ണുനീര്‍ വീണ്‌ നനഞ്ഞ്‌
ചുവന്നതായിരുന്നുവെന്ന്‌
പറയാതെ പോയത്‌ കാറ്റായിരുന്നില്ല...
നിന്റെ നിശ്വാസങ്ങള്‍

കണ്ടിട്ടില്ലാത്തതുകൊണ്ട്‌
പിരിയാനെളുപ്പമാണെന്ന്‌
പുസ്തകതാളിലൊരു വരിയുണ്ടായിരുന്നു...
മനസിലെ രൂപത്തിന്‌ വിഘ്നം വരുത്താതിരിക്കാന്‍...
കവി കാണിച്ച സൂത്രപണി...

Sunday, August 05, 2007

സൗഹൃദം നനയുമ്പോള്‍

ഋതുഭേദങ്ങള്‍ക്കൊടുവില്‍ കണ്ട
ഊര്‍വരത മാത്രമായിരുന്നു നീ...
സൗഹൃദമെന്ന്‌ പേരിട്ടത്‌
എന്റെ അധിനിവേശത്തെ ഭയന്ന്‌...
ഹൃദയത്തിന്‌ വാതില്‍ പണിയാന്‍ മറന്ന
ദൈവത്തെക്കാളും ഭീതിയായിരുന്നു
എന്റെ ആത്മാവിനെ...

ചോദിക്കാതെ കടന്നുവരില്ലെന്നറിഞ്ഞിട്ടും
നീ ഊഷരതയെ ഉള്ളിലൊളിപ്പിച്ചു....
കാണില്ലെന്നാശിച്ച്‌ നീ നട്ട മോഹങ്ങള്‍
മുളച്ചത്‌ നിന്നിലും
കൊഴിഞ്ഞത്‌ എന്റെ നീലഞ്ഞരമ്പുകളിലും

എന്റെ സ്വപ്നങ്ങള്‍ക്ക്‌
ഉപ്പില്ലെന്നറിഞ്ഞിട്ടും
നിന്റെ തുവാലയില്‍ നിന്നിറ്റു വീണ കണ്ണുനീര്‍
ഒളിപ്പിച്ചതെന്തിന്‌...?

എന്റെ നൊമ്പരങ്ങള്‍
മായ്ക്കാനാവില്ലെന്നറിഞ്ഞിട്ടും
സ്നേഹത്തിന്റെ മഷിത്തണ്ട്‌
മറച്ചുപിടിച്ചതെന്തിന്‌...?

പ്രണയത്തിന്റെ വറുതിയിലായിരുന്നോ..
നാം സുഹൃദ്ബന്ധത്തിന്റെ വിത്തുകള്‍ പാകിയത്‌...