Monday, November 12, 2007

ആത്മഹത്യയുടെ നാനാര്‍ത്ഥം

ഒരോ മുറിവിന്റെ പരിണാമദിശക്കും
അസ്തമയമുണ്ട്‌.
കടലിന്റെ ഇരമ്പല്‍
മനസിന്റെ
മുരള്‍ച്ചയായി
മാറുമ്പോള്‍
അനുവാദം വാങ്ങാതെ വന്ന ജനനത്തെ
മരണം
മറുകരക്കെത്തിക്കാറുണ്ട്‌.

ഇതെന്റെ തടവറയിലെ
ചുവന്ന ചിന്തകളുടെ
നിഴലാണ്‌.
പരസ്പരം
പഴിപറയാതിരിക്കാന്‍
മിഴികളിലുറങ്ങിയ
നിന്റെ
കണ്ണുനീര്‍ത്തുള്ളികള്‍
ഉറക്കമുണരും മുമ്പുള്ള
എന്റെ യാത്രയാണ്‌...

ഇനി
പുകഴ്ത്തപ്പെട്ട്‌ കഴിയാം...
വേദനിപ്പിച്ചെങ്കിലും
നിന്റെ
സ്വപ്നങ്ങളെ
വിലാപങ്ങളുടെ
മെത്തയിലേക്ക്‌
ആനയിച്ചുകൊണ്ടിരിക്കാം...

മോര്‍ച്ചറിയുടെ ശൈത്യത്തില്‍
അണുക്കള്‍ പുതപ്പ്‌ തേടുന്നു...
ഈച്ചകള്‍ ഇര തേടുന്നു
ഉറുമ്പുകള്‍ നിര നില്‍ക്കുന്നു...
സ്വാര്‍ത്ഥരെന്ന്‌ പറയരുത്‌...
ഞാന്‍
അലങ്കാരപ്പെട്ടിക്ക്‌ കാത്തിരിക്കുമ്പോള്‍
കാവല്‍ക്കാരാകാന്‍
വിധിക്കപ്പെട്ടവരാണവര്‍..

നീയെന്തിന്‌ വിതുമ്പുന്നു...
വിഷമിട്ട്‌
മനസിനെ കൊന്നിട്ട്‌
എന്തിന്‌ വിധിയെ പഴിക്കുന്നു