Tuesday, December 02, 2014

പരിണാമം

കണ്ണുകളടച്ച് തിമിരം
അഭിനയിക്കുന്നവരുടെ മുന്നിലേക്കാണ്
അവള്‍ നടന്നുവന്നത്.

മഴ പുഴയെ നദിയാക്കിയ ബാല്യം
ഇലകളില്‍ ശൈത്യം മഞ്ഞുതൊട്ട കൗമാരം
വഴികളില്‍ പൂക്കള്‍ കൊഴിച്ചിട്ട യൗവ്വനം...
ഇതളുകള്‍ ചിതറിയ വഴികളിലൂടെ
പാദസരവും കുപ്പിവളയും നീലഭസ്മവും
തുളസിക്കതിരും പട്ടുപാവാടയും
സ്മരണകളുടെ കുടീരത്തില്‍
അന്ത്യവിശ്രമത്തിലേക്കാഴ്ന്നിറങ്ങുന്ന
രാത്രിയുടെ രണ്ടാംയാമം.

ആധൂനികതയുടെ ചുംബനമേറ്റ്
അഴിഞ്ഞുവീണ ഗൃഹാതുരതകള്‍
ചിതറിയ വളപ്പൊട്ടിന്മേലിരുന്ന്
കാല്‍ത്തളയുടെ മുത്തുകളടര്‍ത്തുന്നു.
കതിരരഞ്ഞ കാലടികള്‍ പൊക്കി
ഇരുണ്ട മുറികളിലേക്ക് പിച്ചവെക്കുന്നു.
മൂന്നാം കണ്ണുള്ള യന്ത്രങ്ങളില്‍
നിന്ന് പറയുന്നുയര്‍ന്നത് പടരുന്നു.

പീലികള്‍ ഇഴചേര്‍ന്നടഞ്ഞുപോയ
എന്റെ മിഴികള്‍ക്ക് മുമ്പില്‍
തീവണ്ടി ചുംബിച്ച ഒരു പ്രേതമുണ്ട്.
അത് അവളായിരിക്കല്ലേയെന്ന
പ്രാര്‍ത്ഥനയോടെ
ഞാനിനി കണ്ണുകള്‍ തുറക്കട്ടെ.

Saturday, October 08, 2011

ഉമ്മ

(ഒന്ന്)
ഓര്‍മ്മകളുടെ നദി നിറഞ്ഞൊഴുകിയാല്‍
ആദ്യമെത്തുക
മുലപ്പാലിന്റെ മണവും രുചിയുമാവും...
സ്‌കൂളുവിട്ടെത്തിയാലും
മുല കുടിക്കുമായിരുന്നുവെന്ന് ഉമ്മ പറയും...
ഒന്ന് ചുണ്ടിലും മറ്റൊന്ന് കൈയ്യിലുമായി
മടിയില്‍ കിടക്കുമ്പോഴാവണം
ലോകം ഇത്ര മധുരമാണെന്ന്
ആരും ആദ്യമറിഞ്ഞിട്ടുണ്ടാവുക..,
ആ മധുരത്തില്‍ നിന്നാണ്
ജീവിതത്തിന്റെ അരുചികളിലേക്ക്
പലരും നടന്നുപോയിട്ടുണ്ടാവുക...
തിരുത്താനാവാതെ
തിരിഞ്ഞുനടക്കാനാവാതെ
ആഴ്ന്നിറങ്ങുന്ന അപരാധങ്ങളുടെ
ചങ്ങലകളില്‍പ്പെട്ട്,
അഴികള്‍ക്കുമപ്പുറത്തെ വെളിച്ചത്തെ
സ്വപ്നം കാണുന്ന ഒരുവനാണ് പറഞ്ഞത്...
''ജീവന്‍ നല്‍കിയവളുടെ
ജീവിതമെടുത്തപ്പോഴും
എന്റെ വിരലുകള്‍ വിറച്ചിരുന്നില്ല...
പിച്ച വെക്കുമ്പോള്‍ മുതല്‍
ധൈര്യം തരാരുള്ളത് ഉമ്മയായിരുന്നു...''


(രണ്ട്)
ഗ്രീഷ്മത്തിലും നിന്റെ ചുണ്ടിനെന്നും
മരണത്തിന്റെ മരവിപ്പായിരുന്നു...
വിയര്‍ക്കുമ്പോഴെല്ലാം
നിന്റെ ചുണ്ടുകളുടെ നനവിലേക്ക്
ഊര്‍ന്നിറങ്ങാന്‍ അതാണെന്നുമൊരു വെമ്പല്‍...
ആയിരം സൂര്യാഘാതങ്ങള്‍
ഒരുമിച്ചേറ്റ നിന്റെ മുഖത്തെ
കരിഞ്ഞ ചുണ്ടുകളില്‍ മുഖം ചേര്‍ത്തുവെച്ച്
വിതുമ്പുമ്പോഴും
ഞാനറിയുന്നുണ്ടായിരുന്നു;
്‌നിന്നിലെ പ്രകൃതിയുടെ തണുപ്പ്...

Monday, October 03, 2011

സൈബര്‍രതി

നിരോഷയാണ് ആദ്യമിത് പറഞ്ഞത്...
നിന്റെ കവിതകളില്‍ പ്രണയത്തെക്കാള്‍ കൂടുതല്‍
മദ്യത്തിന്റെ ഗന്ധമാണെന്ന്...
ലോട്ടസ് ഗന്ധമുള്ള അത്തറുകളെ പിന്തള്ളി
ചോരനിറമുള്ള അക്ഷരങ്ങളില്‍
മുഖം പൂഴ്ത്തി രാത്രിയെ
ശ്വസിക്കാറുണ്ടെന്ന്...
സാറയുടെ പുറകെ
പ്രണയവുമായലഞ്ഞ
കോളറിഡ്ജിനെ പോലെ
ഒടുവില്‍, കറുപ്പിനെക്കാള്‍
ഭീകരമായി മദ്യം മറിഞ്ഞ്
നിന്റെ അക്ഷരങ്ങളില്‍
മഷി പടര്‍ന്ന് ജീവിതം വികൃതമാവുമെന്ന്...
ഒരു പകലില്‍
അഴുക്കുപുരണ്ട മുറിയില്‍
തൃഷ്ണയുടെ മറുകര തേടിയലഞ്ഞപ്പോള്‍
അവള്‍ പറഞ്ഞിരുന്നു...
പരസ്പരമോര്‍ക്കാന്‍
നഗ്നതയാണേറ്റവും നല്ലതെന്ന്...
എന്നിട്ടും മറവിയുടെ മറുകരയിലാണ്ടാണ്ട്
ഞാന്‍ പരിചയപ്പെടുത്തിയവന്റെ
വധുവേഷമാടാനണിയറയില്‍
അവള്‍ ഒരുങ്ങുന്നു...
ആടകളിലാര്‍ത്തിപൂണ്ടവന്‍ കാത്തിരിക്കുന്നു...
സൈബര്‍മുഖം പൂണ്ട രതി
ഇന്റര്‍നെറ്റ് കഫേകളിലെ അര്‍ദ്ധാന്ധകാരത്തില്‍
അടപ്പുതുറന്ന് പുറത്തുചാടുന്ന പ്രണയത്തെ
വിഷത്തില്‍ മുക്കി അവള്‍ക്ക് നീട്ടുന്നു...
ജീവന്റെ തുടിതാളമായി പിന്നെ ശൂന്യമായി
ഒരു വിരഹബീജമവശേഷിപ്പിച്ച്
അവളും അവനും
ഇരുട്ടിനെ വകഞ്ഞുമാറ്റി
പകലിലലിയുന്നു...

നിരോഷയാണിതും പറഞ്ഞത്;
പൂര്‍ണമായി സ്വന്തമാക്കി നഷ്ടപ്പെട്ടാലും
യഥാര്‍ത്ഥസ്‌നേഹം
ഒരു മുളന്തണ്ടായി മൂളിക്കൊണ്ടിരിക്കുമെന്ന്...
ഹൃദയമിടിപ്പിന്റെ അവസാനതാളം നിലക്കും വരെ
അത് മുരണ്ട് മുരണ്ട് ശബ്ദമുണ്ടാക്കുമെന്ന്....

Wednesday, December 01, 2010

പകരം

ചില മുഖങ്ങളങ്ങനെയാണ്‌;
ആയിരങ്ങള്‍ നിരന്നുനിന്നാലും
പകരമാവില്ല.
നീയും അങ്ങനെയായിരുന്നു
ശിഥിലമായിപ്പോയ
അനേകം സ്വപ്‌നങ്ങള്‍ക്ക്‌
പകരം കിട്ടിയവള്‍...
ഒടുവില്‍;
ഒരൊറ്റ നാണയത്തില്‍
പതിഞ്ഞുപോയ
ചലിക്കാത്ത ചിഹ്നത്തില്‍
നീ തളക്കപ്പെടുമ്പോഴും
ഞാന്‍ നിഗൂഡമായൊരു
കിനാവിന്റെ പുറകെയായിരുന്നു...
ഭൂമി മുഴുവന്‍ പരക്കുന്ന
നിലാവിന്റെ സ്രോതസ്സ്‌
ഒന്നാണെന്ന തിരിച്ചറിവിലാണ്‌
പകരം വെക്കാനാവാത്ത
നിന്റെ മുഖത്ത്‌ ഞാന്‍ ചുംബിക്കുന്നത്‌...
നീയും തിരിച്ചറിയണം;
പ്രണയമെന്ന നെരിപ്പോട്‌
നെഞ്ചിലേറ്റുന്നവന്റെ വിങ്ങലാണ്‌
പ്രപഞ്ചത്തില്‍
ചലനം ബാക്കിയാക്കുന്ന ജീവതാളമെന്ന്‌...

Thursday, November 11, 2010

ഐ പില്‍

വരണ്ട മുഖമുള്ള
കൈതമണമുള്ള
ചുണ്ടിനുമുകളില്‍ മറുകുള്ള
വെളുത്ത പെണ്‍കുട്ടിയുടെ
ഒടുവിലത്തെ കോള്‍ തന്ന
നടുക്കത്തിലേക്ക്‌
മിഴിതുറക്കുന്ന പ്രഭാതമായിരുന്നു
ഇന്ന്‌...

ഒരിക്കല്‍,
ഉപകാരങ്ങളുടെ ഉപദ്രവം
പിന്നീടെന്നോ,
ശവപ്പറമ്പിന്റെ നിശബ്‌ദത
എങ്കിലും,
ഓര്‍മ്മകളില്‍ നിന്നും കൊഴിയാതെ
വാടാമലരുകളുടെ
അഹന്തയായി
സിറ്റിഷോകളിലെ
മെര്‍ക്കുറിദീപങ്ങളിലും
കോഴിക്കോടിന്റെ
മിഠായിമണമുള്ള തെരുവുകളിലും
സൈഡ്‌ ഓപ്പണ്‍ ചുരിദാറിട്ട
നിഴല്‍ കണ്ടു...
ചലിക്കാത്ത അവയവങ്ങളിലേക്ക്‌
തുറക്കുന്ന മിഴികളില്‍ വീണവ
ചത്തുമലച്ചു കിടക്കുന്നു...
വെളിച്ചമണഞ്ഞാല്‍
ഇരുട്ടിലൊട്ടിപ്പോകുന്ന
പ്രണയത്തിന്റെയോ സൗഹൃദത്തിന്റെയോ
കറുപ്പുരൂപങ്ങള്‍ മാത്രമായി
ക്രൗണ്‍ തിയ്യറ്ററിന്റെ വരാന്തയിലേക്ക്‌ തുറക്കുന്ന
വാതില്‍പ്പടിയില്‍
മുടിയഴിച്ചിട്ട്‌ കിടന്നുറങ്ങും പോലെ...

ചരിത്രനഗരത്തിലെ
ഇംഗ്ലീഷ്‌ മെഡിക്കല്‍ ഷോപ്പുകള്‍ക്ക്‌
മുന്നില്‍ അവള്‍ അഭയാര്‍ത്ഥിയായി...
കട്ടിമീശയുള്ള
സീമന്തത്തില്‍ ചുവപ്പുള്ള
മനുഷ്യരെ കണ്ടവള്‍ ഭയന്നു പിന്മാറി...
വെയിലുകള്‍ നിറം നല്‍കിയ
ചുവരുകളുള്ള പാളയത്തെ കടകളും
അവളെ അനുഗ്രഹിച്ചില്ല...
മലര്‍ന്നുകിടക്കുന്ന സുന്ദരിയായ കടലും
ഗുജറാത്തി തെരുവും കടക്കുമ്പോഴാണ്‌
എന്റെ മുഖം മനസ്സില്‍ തെളിഞ്ഞതത്രെ...

വിസിറ്റിംഗ്‌ റൂമിയിലെ
പങ്കകള്‍ക്ക്‌ കീഴില്‍
ഒരെക്ഷിയെ പോലെ നിഴല്‍രൂപമായി...
വരണ്ടചുണ്ടുകളില്‍
മോഹശൂന്യത ദാഹമായി
അവളിരിക്കുന്നു...

``നന്ദി,
നിന്റെ മനസ്സിനെ കരിമ്പടം പുതപ്പിക്കുക''
അവളുടെ വാക്കുകള്‍.
ഐ പില്‍ തിന്നു ജീവിക്കുന്നവരുടെ
നീളന്‍ നെടുവീര്‍പ്പുകളിലേക്കും
ആര്‍ത്തവചക്രമുടയാന്‍ പോകുന്ന പെണ്ണിന്റെ
ദൈന്യതയിലേക്കും
അലിഞ്ഞുചേരുന്ന പകലില്‍
രാത്രി ഇപ്പോള്‍ കറുപ്പുതൊടുവിക്കുകയാണ്‌....

Tuesday, October 26, 2010

വേദന മുളക്കുന്നത്‌...

അശുഭചിന്തകളുടെ
ശവപ്പറമ്പാണ്‌ മനസ്സിപ്പോള്‍...
കാലം സ്വപ്‌നങ്ങള്‍ പുരട്ടി
എയ്‌തുവിട്ട അമ്പുകള്‍ കയറി
വികൃതമായ ശരീരത്തില്‍
ബാക്കിയുണ്ടായിരുന്ന
ഹൃദയം കവിതയില്‍ മുക്കി
അവള്‍ക്ക്‌ കൊടുത്തു...
പൊടിപിടിച്ചുകിടക്കുന്ന
പഴയ പുസ്‌തകങ്ങള്‍ക്കിടയിലെ
ആ മുഖം പോലും മാഞ്ഞുതുടങ്ങിയിരിക്കുന്നു...

ജീവിതം നിരര്‍ത്ഥകമായ
ഒരു ചോദ്യചിഹ്നമായി മാറുന്നു...
ദുരൂഹമായ ഒരു മൗനം പോലെ
ഞാനീ മുറിയില്‍
ഉത്തരമില്ലാതെ ചുരുങ്ങിയില്ലാതാവുന്നു...
എനിക്ക്‌ നിന്നേക്കാള്‍ വേദനിക്കുന്നു...

Thursday, October 07, 2010

നഷ്ടസ്‌മൃതികള്‍ (വിരഹത്തിന്റെ ഇരുപത്‌ അധ്യായം)

സ്വപ്‌നങ്ങള്‍ക്ക്‌
കുറുകെ നിരത്തിയ
നിലവിളികളില്‍ ചവിട്ടിയാണ്‌
ഞാന്‍ നിന്നിലെത്തിയത്‌.
നീയെന്നാല്‍
പ്രണയമാണെന്നും
തമോഗര്‍ത്തമാണെന്നും അറിയാതെ...
***
നിന്നിലലിയാന്‍ കൊതിച്ചാണ്‌
ആലിപ്പഴമായി
ഞാന്‍ ഉതിര്‍ന്നുവീണത്‌.
പക്ഷേ,
നിന്നെ സ്‌പര്‍ശിക്കും മുമ്പെ
തടഞ്ഞുനിര്‍ത്തിയ ഇലയിലായിരുന്നു
എന്റെ സമാധി.
***
നിന്നോട്‌ പറയാന്‍ ഭയന്ന
ചോദ്യങ്ങള്‍ക്ക്‌ മുകളിലാണ്‌
ഇന്നലെയും ഉറങ്ങാന്‍ കിടന്നത്‌.
അലോസരപ്പെടുത്തിയ
സ്വപ്‌നങ്ങളെ ആട്ടിപ്പായിക്കാന്‍
ഞാന്‍ പുതച്ചത്‌
നീ നിശബ്‌ദമായി പറത്തിവിട്ട
ഉത്തരങ്ങളായിരുന്നുവെന്നറിയാതെ.
***
വ്യര്‍ത്ഥസ്വപ്‌നമാണ്‌
നീയെന്നറിഞ്ഞ്‌
സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്‌ കൊണ്ടല്ലേ
നീയെന്നെ വിഡ്‌ഢിയെന്ന്‌ വിളിക്കുന്നത്‌ ?
പക്ഷേ,
നിനക്കറിയില്ല
ജന്മാന്തരങ്ങള്‍ക്കിടയില്‍
എവിടെയോ വെച്ച്‌
നമ്മള്‍ പരസ്‌പരം
ഒട്ടിച്ചേര്‍ന്നിരുന്നുവെന്ന്‌.
***
നിന്റെ തുവാലയെ ഭയന്ന്‌
ഞാനിപ്പോള്‍ കരയാറില്ല
എന്റെ മുഖം തുടക്കാന്‍
കണ്‍ത്തടങ്ങളില്‍
നീയമര്‍ത്തിവെച്ച
സ്‌നേഹത്തിന്റെ തുണിയല്ലേ അത്‌.
***
നിന്റെ ഹൃദയത്തില്‍ നിന്നും
മായ്‌ച്ചുകളയാന്‍ ശ്രമിച്ച
എന്റെ പേര്‌ പുനര്‍ജ്ജനിച്ചാണ്‌
നീയേറ്റവും ഇഷ്‌ടപ്പെടുന്ന മഴവില്ലുകളുണ്ടായത്‌
ആ നിറങ്ങള്‍ തൊട്ടെടുത്താണ്‌
ഇന്നു നീ
മയില്‍പ്പീലി വരയ്‌ക്കാന്‍ ശ്രമിക്കുന്നത്‌.
***
ഗ്രീഷ്‌മത്തില്‍
നിന്റെ നെറുകയില്‍ വീണലിഞ്ഞ ആലിപ്പഴം
ശൈത്യത്തില്‍
നിന്നെ നനയിച്ച തപിക്കുന്ന കണ്ണുനീര്‍
രണ്ടും ഞാനായിരുന്നു.
നിന്നിലലിയാന്‍ കൊതിച്ച്‌
കാറ്റായി ഞാന്‍ ഒഴുകിയെത്തുമ്പോള്‍
നീ സാലഭഞ്‌ജികയായി
ഉറച്ചിരുന്നു.
***
നിന്റെ പേര്‌
ചോക്കു നനച്ച്‌
ഹൃദയത്തിന്റെ ഭിത്തിയില്‍
കാലം എഴുതിയിടുകയായിരുന്നു.
അതാണ്‌ അകന്നുവെന്ന്‌
വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും
കൂടുതല്‍ തെളിഞ്ഞുവരുന്നത്‌.
***

നിന്നെ മനസ്സില്‍
ഉരുക്കിയൊഴിക്കുകയായിരുന്നു.
അതാണ്‌ അതിവേഗം
ആ മുഖം രക്തത്തിലലിഞ്ഞത്‌..
തലങ്ങും വിലങ്ങും
എന്റെ സ്വപ്‌നങ്ങളിലൂടെ
നീ സഞ്ചരിക്കാന്‍
ഞാന്‍ കാണിച്ച കുറുക്കുവഴി.
നിന്നോടെനിക്ക്‌ പ്രണയമായിരുന്നു.
ആര്‍ക്കും ഇളക്കിമാറ്റാനാവാതെ
ഹൃദയത്തില്‍ വേരൂന്നിയ
നിലാവ്‌ പൊഴിയുന്ന പൂമരം.
***
എന്റേതാകുമെന്നുറപ്പില്ലാതെയാണ്‌
നീ അരുകില്‍ വന്നത്‌.
എന്നിട്ടും
ആ തോളില്‍ ചാരിയിരുന്നുറച്ചുപോയ
പ്രതിമയായി ഞാന്‍.
***
മായ്‌ച്ചുകളയാനാവാത്ത
ശിരോലിഖിതങ്ങള്‍ പോലെയാണ്‌
എനിക്ക്‌ നീ.
ശിരസ്സില്‍ നിന്നും പൊട്ടിമുളച്ച
ശിഖരം പോലെ
എന്നെയമര്‍ത്തിക്കൊല്ലാന്‍
പിറവി പൂണ്ട പ്രണയം.
***
നിറം മങ്ങിയ പട്ടം
നിലാവുപൊഴിയുന്ന
ആകാശത്തെ
സ്‌പര്‍ശിക്കാനൊരുങ്ങും പോലെയാണ്‌
ഞാനും നീയും.
***
ഒരു ജന്മം മുഴുവനും
നമുക്ക്‌ നമ്മെ കുറിച്ച്‌ പറയാനുണ്ടായിട്ടും
മറ്റു പേരുകള്‍ വലിച്ചിഴച്ചാണ്‌
നാം വെറുപ്പുകള്‍
വാരിപ്പുതച്ചകന്നത്‌.
***
ഒരു മാമരത്തിന്റെ
ചില്ലയില്‍ നിന്നടര്‍ന്ന
ഒരിലയുടെ മൗനമായിരുന്നു
എനിക്ക്‌ നീ...
മിഴി ചിമ്മിയപ്പോഴേക്കും
എത്തിപ്പിടിക്കാനാവാത്ത ദൂരത്തേക്ക്‌
പറത്തിക്കൊണ്ടുപോയ
കാറ്റിനോടുള്ള അമര്‍ഷമായിരുന്നു
നിനക്ക്‌ ഞാന്‍...
***
ഹൃദയത്തില്‍ നിന്നടര്‍ത്തിയെടുത്ത
താളുകളില്‍
വിരല്‍ മുറിച്ചാണ്‌
നിനക്കായി എഴുതിയിട്ടത്‌.
പക്ഷേ,
അഗ്നിയിലമര്‍ന്ന
എന്റെ സ്‌നേഹസന്ദേശങ്ങളുടെ
കരച്ചില്‍ കേള്‍ക്കാനാവാത്ത വിധം
ബധിരയായിരുന്നു നീ...
***
നിന്റെ സ്വര്‍ഗ്ഗത്തില്‍ നിന്നും
എന്റെ നരകത്തിലേക്കുള്ള
ദൂരത്തേയാണ്‌
നീ പ്രണയമെന്ന്‌ വിളിച്ചത്‌.
ഒടുവില്‍,
മോഹങ്ങളുടെ വറച്ചട്ടിയില്‍ വീഴ്‌ത്തി
വിരഹമെന്ന്‌ വിളിച്ചകന്നത്‌...
***
മഴയുടെ മുഖംമൂടിയണിഞ്ഞാണ്‌
കടലിനക്കരെ നിന്നും നീ പറന്നെത്തിയത്‌.
അതാണ്‌ ബാഷ്‌പമായി
അകലേണ്ടി വന്നതും.
പക്ഷേ, നിന്നെ സ്വന്തമാക്കിയത്‌
എന്റെ മേഘങ്ങളെ
ആട്ടിപ്പായിച്ച കൊടുങ്കാറ്റായിരുന്നു...
***
എന്നില്‍ ചെവിയോര്‍ത്താല്‍
നിനക്ക്‌ തോറ്റവന്റെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കാം
അതിന്റെ വേഗം,
രക്തയോട്ടത്തിന്റെ തുടിപ്പ്‌
നിനക്കളന്നു നോക്കാം.
പക്ഷേ, ഒന്നറിയുക
വിജയിച്ചവന്റെ യാത്ര അവസാനിച്ചു.
പരാജിതന്റേത്‌ ആരംഭിക്കുന്നതേയുള്ളു...
***
നീ നല്‍കിയ ഒറ്റമുറിവീടും
അഴികളില്ലാ ജാലകവും
തെങ്ങോല പാകിയ മേല്‍ക്കൂരയും
വിരഹത്തിന്റെ കാറ്റില്‍
നിലംപതിക്കാനൊരുങ്ങുന്നു.
നരച്ച മുഖച്ഛായയില്‍
ചുളിഞ്ഞ വിരലുകളാല്‍
അന്ത്യസന്ദേശമെഴുതാന്‍
ഞാന്‍ പ്രേരിതനാവുന്നു.
***
വെളുത്ത പ്രതലത്തിലൂടെ നടന്നാണ്‌
ചുവന്ന അക്കങ്ങളെ നീ പ്രണയിച്ചത്‌.
കൂട്ടിയാലും കിഴിച്ചാലും
ശൂന്യതയാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌
നീ കറുത്തവയിലേക്ക്‌ വഴിമാറിയത്‌.
നീയറിയാതെ പോയ
നിന്റെ മാത്രം കലണ്ടറായിരുന്നു ഞാന്‍
***