Wednesday, December 01, 2010

പകരം

ചില മുഖങ്ങളങ്ങനെയാണ്‌;
ആയിരങ്ങള്‍ നിരന്നുനിന്നാലും
പകരമാവില്ല.
നീയും അങ്ങനെയായിരുന്നു
ശിഥിലമായിപ്പോയ
അനേകം സ്വപ്‌നങ്ങള്‍ക്ക്‌
പകരം കിട്ടിയവള്‍...
ഒടുവില്‍;
ഒരൊറ്റ നാണയത്തില്‍
പതിഞ്ഞുപോയ
ചലിക്കാത്ത ചിഹ്നത്തില്‍
നീ തളക്കപ്പെടുമ്പോഴും
ഞാന്‍ നിഗൂഡമായൊരു
കിനാവിന്റെ പുറകെയായിരുന്നു...
ഭൂമി മുഴുവന്‍ പരക്കുന്ന
നിലാവിന്റെ സ്രോതസ്സ്‌
ഒന്നാണെന്ന തിരിച്ചറിവിലാണ്‌
പകരം വെക്കാനാവാത്ത
നിന്റെ മുഖത്ത്‌ ഞാന്‍ ചുംബിക്കുന്നത്‌...
നീയും തിരിച്ചറിയണം;
പ്രണയമെന്ന നെരിപ്പോട്‌
നെഞ്ചിലേറ്റുന്നവന്റെ വിങ്ങലാണ്‌
പ്രപഞ്ചത്തില്‍
ചലനം ബാക്കിയാക്കുന്ന ജീവതാളമെന്ന്‌...

Thursday, November 11, 2010

ഐ പില്‍

വരണ്ട മുഖമുള്ള
കൈതമണമുള്ള
ചുണ്ടിനുമുകളില്‍ മറുകുള്ള
വെളുത്ത പെണ്‍കുട്ടിയുടെ
ഒടുവിലത്തെ കോള്‍ തന്ന
നടുക്കത്തിലേക്ക്‌
മിഴിതുറക്കുന്ന പ്രഭാതമായിരുന്നു
ഇന്ന്‌...

ഒരിക്കല്‍,
ഉപകാരങ്ങളുടെ ഉപദ്രവം
പിന്നീടെന്നോ,
ശവപ്പറമ്പിന്റെ നിശബ്‌ദത
എങ്കിലും,
ഓര്‍മ്മകളില്‍ നിന്നും കൊഴിയാതെ
വാടാമലരുകളുടെ
അഹന്തയായി
സിറ്റിഷോകളിലെ
മെര്‍ക്കുറിദീപങ്ങളിലും
കോഴിക്കോടിന്റെ
മിഠായിമണമുള്ള തെരുവുകളിലും
സൈഡ്‌ ഓപ്പണ്‍ ചുരിദാറിട്ട
നിഴല്‍ കണ്ടു...
ചലിക്കാത്ത അവയവങ്ങളിലേക്ക്‌
തുറക്കുന്ന മിഴികളില്‍ വീണവ
ചത്തുമലച്ചു കിടക്കുന്നു...
വെളിച്ചമണഞ്ഞാല്‍
ഇരുട്ടിലൊട്ടിപ്പോകുന്ന
പ്രണയത്തിന്റെയോ സൗഹൃദത്തിന്റെയോ
കറുപ്പുരൂപങ്ങള്‍ മാത്രമായി
ക്രൗണ്‍ തിയ്യറ്ററിന്റെ വരാന്തയിലേക്ക്‌ തുറക്കുന്ന
വാതില്‍പ്പടിയില്‍
മുടിയഴിച്ചിട്ട്‌ കിടന്നുറങ്ങും പോലെ...

ചരിത്രനഗരത്തിലെ
ഇംഗ്ലീഷ്‌ മെഡിക്കല്‍ ഷോപ്പുകള്‍ക്ക്‌
മുന്നില്‍ അവള്‍ അഭയാര്‍ത്ഥിയായി...
കട്ടിമീശയുള്ള
സീമന്തത്തില്‍ ചുവപ്പുള്ള
മനുഷ്യരെ കണ്ടവള്‍ ഭയന്നു പിന്മാറി...
വെയിലുകള്‍ നിറം നല്‍കിയ
ചുവരുകളുള്ള പാളയത്തെ കടകളും
അവളെ അനുഗ്രഹിച്ചില്ല...
മലര്‍ന്നുകിടക്കുന്ന സുന്ദരിയായ കടലും
ഗുജറാത്തി തെരുവും കടക്കുമ്പോഴാണ്‌
എന്റെ മുഖം മനസ്സില്‍ തെളിഞ്ഞതത്രെ...

വിസിറ്റിംഗ്‌ റൂമിയിലെ
പങ്കകള്‍ക്ക്‌ കീഴില്‍
ഒരെക്ഷിയെ പോലെ നിഴല്‍രൂപമായി...
വരണ്ടചുണ്ടുകളില്‍
മോഹശൂന്യത ദാഹമായി
അവളിരിക്കുന്നു...

``നന്ദി,
നിന്റെ മനസ്സിനെ കരിമ്പടം പുതപ്പിക്കുക''
അവളുടെ വാക്കുകള്‍.
ഐ പില്‍ തിന്നു ജീവിക്കുന്നവരുടെ
നീളന്‍ നെടുവീര്‍പ്പുകളിലേക്കും
ആര്‍ത്തവചക്രമുടയാന്‍ പോകുന്ന പെണ്ണിന്റെ
ദൈന്യതയിലേക്കും
അലിഞ്ഞുചേരുന്ന പകലില്‍
രാത്രി ഇപ്പോള്‍ കറുപ്പുതൊടുവിക്കുകയാണ്‌....

Tuesday, October 26, 2010

വേദന മുളക്കുന്നത്‌...

അശുഭചിന്തകളുടെ
ശവപ്പറമ്പാണ്‌ മനസ്സിപ്പോള്‍...
കാലം സ്വപ്‌നങ്ങള്‍ പുരട്ടി
എയ്‌തുവിട്ട അമ്പുകള്‍ കയറി
വികൃതമായ ശരീരത്തില്‍
ബാക്കിയുണ്ടായിരുന്ന
ഹൃദയം കവിതയില്‍ മുക്കി
അവള്‍ക്ക്‌ കൊടുത്തു...
പൊടിപിടിച്ചുകിടക്കുന്ന
പഴയ പുസ്‌തകങ്ങള്‍ക്കിടയിലെ
ആ മുഖം പോലും മാഞ്ഞുതുടങ്ങിയിരിക്കുന്നു...

ജീവിതം നിരര്‍ത്ഥകമായ
ഒരു ചോദ്യചിഹ്നമായി മാറുന്നു...
ദുരൂഹമായ ഒരു മൗനം പോലെ
ഞാനീ മുറിയില്‍
ഉത്തരമില്ലാതെ ചുരുങ്ങിയില്ലാതാവുന്നു...
എനിക്ക്‌ നിന്നേക്കാള്‍ വേദനിക്കുന്നു...

Thursday, October 07, 2010

നഷ്ടസ്‌മൃതികള്‍ (വിരഹത്തിന്റെ ഇരുപത്‌ അധ്യായം)

സ്വപ്‌നങ്ങള്‍ക്ക്‌
കുറുകെ നിരത്തിയ
നിലവിളികളില്‍ ചവിട്ടിയാണ്‌
ഞാന്‍ നിന്നിലെത്തിയത്‌.
നീയെന്നാല്‍
പ്രണയമാണെന്നും
തമോഗര്‍ത്തമാണെന്നും അറിയാതെ...
***
നിന്നിലലിയാന്‍ കൊതിച്ചാണ്‌
ആലിപ്പഴമായി
ഞാന്‍ ഉതിര്‍ന്നുവീണത്‌.
പക്ഷേ,
നിന്നെ സ്‌പര്‍ശിക്കും മുമ്പെ
തടഞ്ഞുനിര്‍ത്തിയ ഇലയിലായിരുന്നു
എന്റെ സമാധി.
***
നിന്നോട്‌ പറയാന്‍ ഭയന്ന
ചോദ്യങ്ങള്‍ക്ക്‌ മുകളിലാണ്‌
ഇന്നലെയും ഉറങ്ങാന്‍ കിടന്നത്‌.
അലോസരപ്പെടുത്തിയ
സ്വപ്‌നങ്ങളെ ആട്ടിപ്പായിക്കാന്‍
ഞാന്‍ പുതച്ചത്‌
നീ നിശബ്‌ദമായി പറത്തിവിട്ട
ഉത്തരങ്ങളായിരുന്നുവെന്നറിയാതെ.
***
വ്യര്‍ത്ഥസ്വപ്‌നമാണ്‌
നീയെന്നറിഞ്ഞ്‌
സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്‌ കൊണ്ടല്ലേ
നീയെന്നെ വിഡ്‌ഢിയെന്ന്‌ വിളിക്കുന്നത്‌ ?
പക്ഷേ,
നിനക്കറിയില്ല
ജന്മാന്തരങ്ങള്‍ക്കിടയില്‍
എവിടെയോ വെച്ച്‌
നമ്മള്‍ പരസ്‌പരം
ഒട്ടിച്ചേര്‍ന്നിരുന്നുവെന്ന്‌.
***
നിന്റെ തുവാലയെ ഭയന്ന്‌
ഞാനിപ്പോള്‍ കരയാറില്ല
എന്റെ മുഖം തുടക്കാന്‍
കണ്‍ത്തടങ്ങളില്‍
നീയമര്‍ത്തിവെച്ച
സ്‌നേഹത്തിന്റെ തുണിയല്ലേ അത്‌.
***
നിന്റെ ഹൃദയത്തില്‍ നിന്നും
മായ്‌ച്ചുകളയാന്‍ ശ്രമിച്ച
എന്റെ പേര്‌ പുനര്‍ജ്ജനിച്ചാണ്‌
നീയേറ്റവും ഇഷ്‌ടപ്പെടുന്ന മഴവില്ലുകളുണ്ടായത്‌
ആ നിറങ്ങള്‍ തൊട്ടെടുത്താണ്‌
ഇന്നു നീ
മയില്‍പ്പീലി വരയ്‌ക്കാന്‍ ശ്രമിക്കുന്നത്‌.
***
ഗ്രീഷ്‌മത്തില്‍
നിന്റെ നെറുകയില്‍ വീണലിഞ്ഞ ആലിപ്പഴം
ശൈത്യത്തില്‍
നിന്നെ നനയിച്ച തപിക്കുന്ന കണ്ണുനീര്‍
രണ്ടും ഞാനായിരുന്നു.
നിന്നിലലിയാന്‍ കൊതിച്ച്‌
കാറ്റായി ഞാന്‍ ഒഴുകിയെത്തുമ്പോള്‍
നീ സാലഭഞ്‌ജികയായി
ഉറച്ചിരുന്നു.
***
നിന്റെ പേര്‌
ചോക്കു നനച്ച്‌
ഹൃദയത്തിന്റെ ഭിത്തിയില്‍
കാലം എഴുതിയിടുകയായിരുന്നു.
അതാണ്‌ അകന്നുവെന്ന്‌
വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും
കൂടുതല്‍ തെളിഞ്ഞുവരുന്നത്‌.
***

നിന്നെ മനസ്സില്‍
ഉരുക്കിയൊഴിക്കുകയായിരുന്നു.
അതാണ്‌ അതിവേഗം
ആ മുഖം രക്തത്തിലലിഞ്ഞത്‌..
തലങ്ങും വിലങ്ങും
എന്റെ സ്വപ്‌നങ്ങളിലൂടെ
നീ സഞ്ചരിക്കാന്‍
ഞാന്‍ കാണിച്ച കുറുക്കുവഴി.
നിന്നോടെനിക്ക്‌ പ്രണയമായിരുന്നു.
ആര്‍ക്കും ഇളക്കിമാറ്റാനാവാതെ
ഹൃദയത്തില്‍ വേരൂന്നിയ
നിലാവ്‌ പൊഴിയുന്ന പൂമരം.
***
എന്റേതാകുമെന്നുറപ്പില്ലാതെയാണ്‌
നീ അരുകില്‍ വന്നത്‌.
എന്നിട്ടും
ആ തോളില്‍ ചാരിയിരുന്നുറച്ചുപോയ
പ്രതിമയായി ഞാന്‍.
***
മായ്‌ച്ചുകളയാനാവാത്ത
ശിരോലിഖിതങ്ങള്‍ പോലെയാണ്‌
എനിക്ക്‌ നീ.
ശിരസ്സില്‍ നിന്നും പൊട്ടിമുളച്ച
ശിഖരം പോലെ
എന്നെയമര്‍ത്തിക്കൊല്ലാന്‍
പിറവി പൂണ്ട പ്രണയം.
***
നിറം മങ്ങിയ പട്ടം
നിലാവുപൊഴിയുന്ന
ആകാശത്തെ
സ്‌പര്‍ശിക്കാനൊരുങ്ങും പോലെയാണ്‌
ഞാനും നീയും.
***
ഒരു ജന്മം മുഴുവനും
നമുക്ക്‌ നമ്മെ കുറിച്ച്‌ പറയാനുണ്ടായിട്ടും
മറ്റു പേരുകള്‍ വലിച്ചിഴച്ചാണ്‌
നാം വെറുപ്പുകള്‍
വാരിപ്പുതച്ചകന്നത്‌.
***
ഒരു മാമരത്തിന്റെ
ചില്ലയില്‍ നിന്നടര്‍ന്ന
ഒരിലയുടെ മൗനമായിരുന്നു
എനിക്ക്‌ നീ...
മിഴി ചിമ്മിയപ്പോഴേക്കും
എത്തിപ്പിടിക്കാനാവാത്ത ദൂരത്തേക്ക്‌
പറത്തിക്കൊണ്ടുപോയ
കാറ്റിനോടുള്ള അമര്‍ഷമായിരുന്നു
നിനക്ക്‌ ഞാന്‍...
***
ഹൃദയത്തില്‍ നിന്നടര്‍ത്തിയെടുത്ത
താളുകളില്‍
വിരല്‍ മുറിച്ചാണ്‌
നിനക്കായി എഴുതിയിട്ടത്‌.
പക്ഷേ,
അഗ്നിയിലമര്‍ന്ന
എന്റെ സ്‌നേഹസന്ദേശങ്ങളുടെ
കരച്ചില്‍ കേള്‍ക്കാനാവാത്ത വിധം
ബധിരയായിരുന്നു നീ...
***
നിന്റെ സ്വര്‍ഗ്ഗത്തില്‍ നിന്നും
എന്റെ നരകത്തിലേക്കുള്ള
ദൂരത്തേയാണ്‌
നീ പ്രണയമെന്ന്‌ വിളിച്ചത്‌.
ഒടുവില്‍,
മോഹങ്ങളുടെ വറച്ചട്ടിയില്‍ വീഴ്‌ത്തി
വിരഹമെന്ന്‌ വിളിച്ചകന്നത്‌...
***
മഴയുടെ മുഖംമൂടിയണിഞ്ഞാണ്‌
കടലിനക്കരെ നിന്നും നീ പറന്നെത്തിയത്‌.
അതാണ്‌ ബാഷ്‌പമായി
അകലേണ്ടി വന്നതും.
പക്ഷേ, നിന്നെ സ്വന്തമാക്കിയത്‌
എന്റെ മേഘങ്ങളെ
ആട്ടിപ്പായിച്ച കൊടുങ്കാറ്റായിരുന്നു...
***
എന്നില്‍ ചെവിയോര്‍ത്താല്‍
നിനക്ക്‌ തോറ്റവന്റെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കാം
അതിന്റെ വേഗം,
രക്തയോട്ടത്തിന്റെ തുടിപ്പ്‌
നിനക്കളന്നു നോക്കാം.
പക്ഷേ, ഒന്നറിയുക
വിജയിച്ചവന്റെ യാത്ര അവസാനിച്ചു.
പരാജിതന്റേത്‌ ആരംഭിക്കുന്നതേയുള്ളു...
***
നീ നല്‍കിയ ഒറ്റമുറിവീടും
അഴികളില്ലാ ജാലകവും
തെങ്ങോല പാകിയ മേല്‍ക്കൂരയും
വിരഹത്തിന്റെ കാറ്റില്‍
നിലംപതിക്കാനൊരുങ്ങുന്നു.
നരച്ച മുഖച്ഛായയില്‍
ചുളിഞ്ഞ വിരലുകളാല്‍
അന്ത്യസന്ദേശമെഴുതാന്‍
ഞാന്‍ പ്രേരിതനാവുന്നു.
***
വെളുത്ത പ്രതലത്തിലൂടെ നടന്നാണ്‌
ചുവന്ന അക്കങ്ങളെ നീ പ്രണയിച്ചത്‌.
കൂട്ടിയാലും കിഴിച്ചാലും
ശൂന്യതയാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌
നീ കറുത്തവയിലേക്ക്‌ വഴിമാറിയത്‌.
നീയറിയാതെ പോയ
നിന്റെ മാത്രം കലണ്ടറായിരുന്നു ഞാന്‍
***

Tuesday, September 14, 2010

മായുന്ന വഴികള്‍...

മൗനത്തെ കുറിച്ചു
പറയുമ്പോഴെല്ലാം നീ
വാചാലയായിരുന്നു.
നിദ്രയില്‍ സ്വപ്‌നങ്ങള്‍,
ഏകാന്തതയില്‍ ഓര്‍മ്മകള്‍
അവ ഉറക്കെ വിലപിച്ച്‌
നിശബ്‌ദതക്ക്‌ ഭംഗം വരുത്തുന്നു.
ഇനിയൊരിക്കലും
നിനക്ക്‌ എന്നിലേക്ക്‌ വരാനാവില്ല
ഞാന്‍ തീര്‍ത്ത വഴികളെല്ലാം
മിഴികളിലൂടെ
ഒലിച്ചിറങ്ങിയ മഴയില്‍
മാഞ്ഞുപോയിരിക്കുന്നു.

Monday, August 02, 2010

മഴക്കാലരാത്രികള്‍

(ഒന്ന്‌)
തോരാതെ പെയ്യുന്ന മഴയുടെ സംഗീതം,
ജാലകങ്ങളെ ചുംബിച്ച്‌
നിര്‍വൃതിയടഞ്ഞ്‌ മറയുന്ന കാറ്റിന്റെ ആരവം,
അന്ധകാരം നിറഞ്ഞ മുറിയിലേക്ക്‌
പറന്നിറങ്ങുന്ന മെഴുകുതിരിവെട്ടം,
കറുപ്പും വെളുപ്പും നിറഞ്ഞ
കളങ്ങള്‍ക്കിരുവശവുമിരുന്ന്‌
അവര്‍ കളിക്കുന്നു...
``ജീവിതവും മരണവും''
ഇതിലേതായിരുന്നു നീ...


(രണ്ട്‌)
കീറിമുറിച്ചു കടന്നുപോയ
സ്‌നേഹത്തിന്റെ ഒരു കനല്‍
ഓര്‍മ്മകളെ പൊളളിക്കുന്നു.
ചാമ്പലായിക്കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങളുടെ
നിലക്കാത്ത നിലവിളികളിലേക്ക്‌
തണുത്ത നിശ്വാസങ്ങള്‍ പറന്നെത്തുന്നു.
തോരാതെ പെയ്യുന്ന മഴ
മുറിവിനെ ആര്‍ദ്രമാക്കുന്നു.

വേദനയുടെ മരമായിട്ടും
നിന്നിലെ ഫലങ്ങള്‍
വിഷമാണെന്നറിയാതെ
തിന്നുകയായിരുന്നു എന്നിലെ പ്രണയം.

(മൂന്ന്‌)
നീ തുറന്നുവെച്ചിരിക്കുന്ന പുസ്‌തകത്തിലെ
അവ്യക്തമായിക്കൊണ്ടിരിക്കുന്ന
അക്ഷരങ്ങളാണ്‌ ഞാന്‍.
മഴയെ കൂട്ടുപിടിച്ച്‌
മറക്കാന്‍ ശ്രമിച്ച്‌ നീ വിജയിക്കുമ്പോള്‍
ഞാന്‍ തോല്‍വിയിലും
നിന്നോടൊത്ത്‌ ചിരിക്കും.
മഴത്തുള്ളികളും കണ്ണുനീരും
വേര്‍തിരിച്ചെടുക്കാനാവാത്ത വിധം
കാഴ്‌ചകള്‍ കര്‍ക്കിടകമായി വന്ന്‌
നിന്നെ കബളിപ്പിക്കുന്ന
ആ പകല്‍
കാലത്തോട്‌ ഞാനിരന്നുവാങ്ങും.

Tuesday, July 13, 2010

ഒടുവില്‍...

അയാള്‍ പാളവും
അവള്‍ തീവണ്ടിയുമാണ്‌.
തുരുമ്പെടുത്ത ഇരുമ്പുകഷ്‌ണങ്ങളിലൂടെ
ജീവിതത്തിലേക്കും
ലക്ഷ്യങ്ങളിലേക്കും
അയാളിലൂടെ ഉരസിയുരസി
അവള്‍ സഞ്ചരിക്കുന്നു.

വെറുമൊരു ബോഗിയില്‍ നിന്നാണ്‌
`അവള്‍' തീവണ്ടിയായതെന്ന്‌ അയാള്‍ പറയും.
ദൂരങ്ങളാണ്‌ അയാളെ
ജീവിപ്പിക്കുന്നതെന്ന്‌ അവള്‍ തിരിച്ചും.

ഒടുവില്‍,
അവളിലേക്കിരച്ചുകയറിയവരെ
ഹൃദയത്തോട്‌ ചേര്‍ത്തുവെച്ച
ഒരു പകലില്‍
അയാള്‍ തകര്‍ന്നു.
ശിഥിലമായ അവളുടെ
അവയവങ്ങളില്‍ നിന്നുതിര്‍ന്നുവീണ
നിലവിളികളില്‍ തൊട്ട്‌
ആരോ എഴുതി...
``നീയില്ലെങ്കില്‍
ഞാനും, ഞാനില്ലെങ്കില്‍
നീയുമില്ലാതാകുന്നതാണ്‌ പ്രണയം.''

Monday, April 05, 2010

തെരുവിന്റെ ഈണങ്ങള്‍

ഒന്ന്‌
പുതിയ പുസ്‌തകത്തിന്റെ
മണമുള്ള പെണ്‍കുട്ടി
പഴയ പുസ്‌തകങ്ങള്‍ക്കിടയിലിരുന്ന്‌
ഗസല്‍ മൂളുന്നു.
മുന്നീബീഗ*ത്തിന്റെ
നിറമുള്ള,
ശബ്‌ദമുള്ള
അവളുടെ കണ്ണുകള്‍
അഗാധഗര്‍ത്തങ്ങളായി
രൂപാന്തരപ്പെട്ട്‌ മഴ ചൊരിയുന്നു.
വിശപ്പ്‌ വരച്ചിട്ട
എല്ലിന്‍ക്കൂടുകള്‍ക്കുള്ളില്‍
വിതുമ്പുന്ന ഹൃദയം
നിരാശയില്‍ മിടിക്കുന്നു.
ആ സൂക്ഷ്‌മതാളം
ബിഥോവന്റെ
തന്ത്രികള്‍ പോലെ
ഇമ്പമാര്‍ന്ന ഈണമാവുന്നു.
ഷെല്ലിയെയും കീറ്റ്‌സിനെയും
തേടിയെത്തുന്ന
വിഡ്ഡികള്‍
ആംഗലേയ ചിരി പകര്‍ന്ന്‌ മറയുന്നു.
പട്ടിണിയുടെ പക മാറ്റാന്‍
പുസ്‌തകങ്ങള്‍ വില്‍ക്കാനെത്തിയ വൃദ്ധന്‍
പഴമയുടെ കഥ പറഞ്ഞ്‌
അട്ടഹസിക്കുന്നു.
`തെരുവ്‌'
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
സംഗീതരാഗമാവുന്നു.

രണ്ട്‌
`കവിതകള്‍'
ആത്മാന്വേഷകന്റെ പകര്‍ത്തെഴുത്താണെന്ന്‌ അവള്‍.
മുറിഞ്ഞ ഹൃദയം
തുന്നിക്കെട്ടുമ്പോള്‍
ബാക്കിയാകുന്ന വേദനയെന്ന്‌ അയാള്‍.
അനുഭവങ്ങളെയും
നേരറിവിനെയും
അക്ഷരങ്ങളാല്‍ കോര്‍ക്കുന്നതാണെന്ന്‌ അവള്‍.
ചോര പൊടിയുന്ന
ഓര്‍മ്മകളുടെ സന്നിവേശമാണെന്ന്‌ അയാള്‍.
വാഗ്‌ദാനലംഘനങ്ങളുടെ ഇരകള്‍
പോരടിക്കുമ്പോള്‍
`തെരുവ്‌'
നിര്‍വചനങ്ങളുടെ
നിശബ്‌ദതീരമാകുന്നു.

മൂന്ന്‌
പുതിയ താളുകള്‍
മഞ്ഞ നിറം പടര്‍ന്ന്‌ പഴകുന്നു.
ഉറുമ്പരിക്കാതെ കിടക്കുന്ന വാക്കുകളില്‍
ഏകാന്തത പകര്‍ന്ന്‌
വികൃതമാവുന്നു.
മാഞ്ഞുതുടങ്ങിയതെല്ലാം
വായിച്ചെടുക്കാന്‍
ശ്രമിക്കുന്ന അവളില്‍
സഹതാപരശ്‌മികള്‍ പതിയുന്നു.
ശൂന്യതയില്‍ നിന്നാണ്‌
മഹാസാഗരം പോലും
പിറവികൊണ്ടതെന്ന്‌ മൊഴിഞ്ഞ്‌
അവള്‍ ചിരിക്കുന്നു.
രാത്രിയുടെ മാറിലേക്ക്‌
നടന്നുകയറുന്ന
നിയോണ്‍ വെളിച്ചവും
മദ്യശാലയിലെ തിരക്കിനിടയിലേക്ക്‌
ഊളിയിടുന്നവന്റെ പ്രതീക്ഷയും
കൂടിക്കലര്‍ന്ന്‌
പുസ്‌തകങ്ങളില്‍ നിഴല്‍പരത്തുന്നു.
വായന മരിച്ച കാലത്തെ
ഏകപുസ്‌തകസ്‌നേഹിയായി
അവള്‍
അറിവിനെ ഭോഗിക്കുന്നു.
`തെരുവ്‌'
അപരിചിതരുടെ
കൂടിച്ചേരലുകളിലേക്ക്‌
ചുരുങ്ങുന്നു.


*പാക്കിസ്ഥാനി ഗസല്‍ ഗായിക

Wednesday, March 31, 2010

അസാന്നിധ്യം

ചോരവാര്‍ന്നു കരയുന്ന
എന്റെ സായന്തനത്തില്‍
ആകാശത്തെ ചുവപ്പിച്ച
അസ്‌തമയത്തിലെ
അര്‍ത്ഥശൂന്യമായ
അസാന്നിധ്യമാണ്‌ നീ.
മുറിവുകള്‍ ഭൂപടം തീര്‍ത്ത
മനസ്സുമായി
ഏകാന്തതയെ പുണര്‍ന്നുറങ്ങുന്ന
ഒരപശകുനമാണ്‌
നിനക്ക്‌ ഞാന്‍.

കണ്ണാടിച്ചില്ലുകള്‍
പ്രതിബിംബങ്ങളെ
സ്‌നേഹിക്കുന്നത്‌ പോലെ,
മഴത്തുള്ളികളെ
ഭൂമി സ്വീകരിക്കുന്നത്‌ പോലെ,
ഞാന്‍ നിന്നിലും നീയെന്നിലും
അറിയാതമര്‍ന്നതാണ്‌.
ഓടിത്തളര്‍ന്നപ്പോള്‍
വീണുകിടന്ന
നിന്റെ ഉടലഴകില്‍
ചിതലുകള്‍ കൂടൊരുക്കിയത്‌
മുതലാണ്‌
അകല്‍ച്ചയുടെ താവളം ഹൃദയമായത്‌.
കാണാത്തവരെ വെറുത്തും
മിണ്ടാത്തവരെ പഴിപറഞ്ഞും
ഞാന്‍ നേടാന്‍ കൊതിച്ചത്‌
നിന്റെ ആത്മാവാണ്‌.
പക്ഷേ,
രതിയുടെ സീല്‍ക്കാരമായി
നാം കേട്ടതെല്ലാം
നഷ്‌ടപ്പെടലിന്റെ
കരച്ചിലായിരുന്നു.

ഇന്ന്‌,
മറവിയുടെ ഗ്രഹമാണ്‌ നീ.
നിശബ്‌ദമായി നിഗ്രഹിച്ച
സ്വപ്‌നങ്ങളുടെ ചിതയാണ്‌
നിനക്ക്‌ ഞാന്‍.
കിനാവുകള്‍ കൊരുത്തുണ്ടാക്കിയ
ഹാരമാണ്‌ നീ.
ഓര്‍മ്മകളെ തച്ചുടക്കാനെത്തുന്ന
ഉപഹാരമാണ്‌
നിനക്ക്‌ ഞാന്‍.

Monday, March 29, 2010

ഓര്‍മ്മയുടെ അസ്‌‌തമയം

നിന്റെ ശബ്ദം കേള്‍ക്കാത്ത പകലിരവുകള്‍...
ഓര്‍മ്മയുടെ താവളമാണെനിക്ക്‌...

അജ്ഞാതമായ ലോകമെന്നെ
മാടിവിളിക്കുന്നു...
മേഘങ്ങള്‍ക്കിടയിലൂടെ
ശരീരമില്ലാതെ പറന്നുപോവാന്‍
ആരോ പ്രചോദനമേകുന്നു...
ചുംബിച്ചുണങ്ങിപ്പോയ ചുണ്ടുകള്‍
വ്യര്‍ത്ഥത പുലമ്പുന്നു...
കണ്ണുകള്‍ വരണ്ടുണങ്ങി
ദാഹമകറ്റാന്‍ കേഴുന്നു...
നീയകന്ന നാള്‍ മുതല്‍
ഞാന്‍ മഴക്കായി കൊതിക്കുന്ന മരുഭൂമിയാണ്‌...

ഇലകള്‍ നഷ്ടപ്പെട്ട വൃക്ഷം
ഇതളുകളില്‍ സുക്ഷിരം വീണ പൂവ്‌
മുനയൊടിഞ്ഞ തൂലിക
മഷി പരന്ന കടലാസുകള്‍
അഴികള്‍ തുരുമ്പിച്ച ജാലകങ്ങള്‍
ചെളി പുരണ്ട തലയിണകള്‍
നിന്നെ നഷ്ടപ്പെടുത്തിയ എന്റെ സ്വര്‍ഗ്ഗം...

മണ്‍പാതക്കപ്പുറത്തെ
കുടിലാണ്‌ സ്വപ്‌നങ്ങള്‍ പണയം വെച്ചത്‌...
ഓലകള്‍ക്കിടയിലൂടെ
ഊതിര്‍ന്നുവീഴുന്ന നാണയത്തുട്ടുകള്‍ പോലെ
നിന്റെ മുഖം
ചുരുങ്ങിയില്ലാതാവുമ്പോള്‍
സൂര്യന്‍ ക്ഷമ പറയുന്നു...

മറവിയുടെ ദ്രവിച്ച പലകയാണ്‌ നിന്റെ ഹൃദയം
സൗഖ്യം നുകരുന്ന
ഒരു ചോദ്യമെങ്കിലുമുണ്ടായിരുന്ന നാള്‍
ഞാന്‍ അഹങ്കരിച്ചിരുന്നു.
അര്‍ത്ഥങ്ങള്‍ നഷ്ടപ്പെടാതെ
കിടന്ന മണലാരണ്യത്തില്‍
ഇടക്കിടെ തപസ്സിരിക്കാനെത്തുന്ന കാറ്റുപോലെ
തീജ്വാലകള്‍ക്കിടയില്‍ നീയുണ്ടെന്ന്‌...
പക്ഷേ,
മിഴികളടര്‍ത്തി ഇരുട്ടിനെ കാമിച്ച
നിന്റെ ശരീരത്തിന്റെ താപം
എന്നെ ദഹിപ്പിക്കുന്നു...

ഞാനെഴുതിയതെല്ലാം
എരിഞ്ഞുതീര്‍ന്ന ചിതയില്‍ കൈമുക്കിയാണ്‌...
കരിഞ്ഞമര്‍ന്ന മാംസത്തില്‍ നിന്നാണ്‌
നിന്റെ നെറ്റിയില്‍
പ്രണയത്തിന്റെ നീലഭസ്‌മമണിയാന്‍
ഞാന്‍ കൊതിച്ചത്‌...
ഒടുവില്‍
സ്‌പര്‍ശിക്കാനവശേഷിക്കാത്ത വിധം
ഞാനുമുരുകുകയാണ്‌...
നിനക്കായി എഴുതിയ
എന്റെ വിരലുകള്‍ കത്തുകയാണ്‌...
ചുട്ടുപഴുത്ത മനസ്സിനോട്‌ മാപ്പിരക്കുന്നു.
പുതിയ ലോകത്തിന്റെ
വരാനിരിക്കുന്ന ഊഷ്‌മളതയെ പഠിപ്പിക്കുന്നു...
''ശൂന്യത''
സ്‌നേഹത്തിന്റെ പര്യായമായി
എന്നില്‍ ലയിക്കുന്നു...

നിന്റെ സാന്ത്വനമേല്‍ക്കാത്ത ദിനങ്ങള്‍
എന്നെ ഹിമശിലയായി ഉറപ്പിക്കുന്നു...

Monday, March 22, 2010

അര്‍ത്ഥങ്ങള്‍ നഷ്‌ടമാവുമ്പോള്‍...

എന്റെ സ്വപ്‌നങ്ങളിലെ
മരം വളര്‍ന്നത്‌
നിന്നെ കുറിച്ചുള്ള
ഓര്‍മ്മകളുടെ നനവുകൊണ്ടായിരുന്നു.
നീയാകാശവും
ഞാന്‍ നക്ഷത്രവുമായ സ്വപ്‌നം മുതല്‍
തീവ്രാനുരാഗസൂര്യന്‍
നമുക്കിടയില്‍
മൗനത്തിന്റെ പാലം പണിതുതുടങ്ങിയിരുന്നു.
നിന്റെ വിരലുകളില്‍ സ്‌പര്‍ശിച്ച്‌
പൊള്ളിയമര്‍ന്ന പകലും
നിന്റെ ചുണ്ടുകളില്‍
കണ്ണുകളമര്‍ത്തി
ഞാന്‍ നേടിയ സ്വര്‍ഗ്ഗവും
വിസ്‌മൃതിയുടെ
പകയില്‍ ഹോമിക്കപ്പെടുന്നു...
എനിക്ക്‌ നീയില്ലാതായത്‌ പോലെ
നിനക്ക്‌ ഞാനുമില്ലാതാവുന്നു...

കത്തിയെരിയുന്ന
കിനാവുകള്‍ക്കിടയിലിരുന്ന്‌
മദ്യം തൂലികയില്‍ മുക്കിയെഴുതി
ഞാന്‍ നേടിയ വാക്കുകളെല്ലാം
നിന്റെ കാല്‍ക്കീഴിലമരുന്നു...
വീതിച്ചുനല്‍കിത്തീര്‍ന്ന
നിന്റെ സ്‌നേഹത്തിന്റെ
അവസാനതുള്ളികള്‍
എന്റെ ചുണ്ടുകളില്‍ വീണ്‌
ദാഹമകറ്റാനാവാതെ
വിതുമ്പുന്നു...

അകലുകയായിരുന്നില്ല...
ഞാനൊറ്റയാവുകയായിരുന്നു.
ബഹളങ്ങള്‍ക്കിടയിലിരുന്ന
നിന്റെ വിളറിയചിരി കാണാനാവാതെ
കണ്ണുപൊത്തി നടന്നുമറഞ്ഞത്‌
വെറുപ്പുകൊണ്ടായിരുന്നില്ല...
പിടക്കുന്ന എന്റെ ഹൃദയത്തെ
തച്ചുടക്കാനായിരുന്നു...
സൗഹൃദത്തിന്റെ കഥ പറഞ്ഞ്‌
പരിഹസിക്കുന്ന
നിന്റെ ചുണ്ടുകളുടെ വിറയല്‍
അറിയാതിരിക്കുകയായിരുന്നില്ല...
അതിജീവിക്കുകയായിരുന്നു..

നിന്നിലേക്ക്‌ പതിച്ചുകൊണ്ടിരിക്കുന്ന
നിലാമഴയെ ഭയന്നാണ്‌
ഇരുള്‍ മാത്രമുള്ളൊരു പേടകത്തില്‍
ഞാനിന്നഭയം തേടുന്നത്‌...

Thursday, January 21, 2010

ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും

മറ്റുള്ളവരേക്കാള്‍
മനസാക്ഷിക്ക്‌ മുമ്പില്‍
അപഹാസ്യനാവുമ്പോഴാണ്‌
ഓര്‍മ്മകളുടെ ശിരോലിഖിതങ്ങളില്‍
ഉറുമ്പരിച്ചുതുടങ്ങുന്നത്‌.
പാതി മുറിഞ്ഞ അക്ഷരങ്ങള്‍
ഭ്രാന്തന്‍കിനാവുകളായി
ചുമരുകളിലൂടെ ഇഴയാന്‍ തുടങ്ങുമ്പോഴാണ്‌
ഹൃദയം ഇരുട്ടിനെ മാത്രമായി
കീഴടക്കാന്‍ ഒരുങ്ങുന്നത്‌.
രാത്രിയേക്കാള്‍ കട്ടിയുണ്ടാവും
മണ്ണിനടിയിലെ വിടവുകള്‍ക്കെന്ന്‌
ആരോ ആത്മാവിനുള്ളിലിരുന്ന്‌
പുലമ്പിത്തുടങ്ങുമ്പോഴാണ്‌
മാര്‍ഗബോധം തേടി
സ്വത്വം അലയാനാഗ്രഹിക്കുന്നത്‌.

ഒരു വഴിക്കും കുറേ
നിഴലുകള്‍ക്കുമിടയില്‍ രാജലക്ഷ്‌മി,
കണ്ണാ ദാഹിക്കുന്നുവെന്ന്‌ വിതുമ്പി നന്ദിത,
`ഹെല്‍പ്പ്‌ മീ` എന്നുരുവിട്ട്‌ സില്‍വിയ,
ശ്വാസം മുട്ടലുകള്‍ക്കിടയിലും
ചുണ്ടില്‍ ചിരി പടര്‍ത്തി വെര്‍ജീനിയ,
ഒടുവില്‍ എന്റെ പ്രതിരൂപവും
കാര്യമില്ലാ കാരണങ്ങള്‍ക്കിടയിലെ അന്ധതതേടി
ആകാശസീമകളെ ചുംബിക്കാന്‍
അവര്‍ക്കൊപ്പം.

സൂര്യന്‍ മറഞ്ഞ പകല്‍
നിലാവ്‌ മാറിനിന്ന രാത്രി
പാനപാത്രത്തില്‍ നിറഞ്ഞുതുളുമ്പിയ വിഷം
ചുണ്ടില്‍ നൂപുരധ്വനികള്‍ തീര്‍ത്ത്‌
അന്നനാളത്തില്‍ നിറം പടര്‍ത്തി
ഒഴുകി മറിഞ്ഞ പ്രണയം.
സ്‌നേഹരക്തമൊഴുകിയ ധമനികളില്‍
സര്‍പ്പദംശനമേറ്റ്‌
പിടഞ്ഞ ജനുവരിയുടെ മുഖത്തെ ആഴമുള്ള ക്ഷതം
മരണതുല്യമാം വിരഹം.

നീയിനിയുമറിയുന്നില്ല...
കണ്ടുമുട്ടില്ലെന്നുറപ്പിച്ച്‌
അകന്നുപോയ ഓരോളമാണ്‌
പുഴയുടെ ഹൃദയം തകര്‍ത്തതെന്ന്‌...

Tuesday, January 19, 2010

ഓര്‍മ്മയുടെ അവശിഷ്‌ടങ്ങള്‍

നീ വന്നത്‌
ഉഷ്‌ണശിഖരങ്ങളില്‍ നിന്ന്‌ നിലം പതിച്ച
കിളിയുടെ മോഹഭംഗങ്ങള്‍ക്ക്‌
കൂട്ടിരിക്കാനായിരുന്നു.

നീ ചിന്തിച്ചത്‌
തമോഗര്‍ത്തങ്ങളായി കൊണ്ടിരിക്കുന്ന
ആത്മാക്കളെ കുറിച്ചും
എല്ലോറയിലെ ഗുഹാഭിത്തികളില്‍ കുറിച്ചിട്ട
വായിച്ചെടുക്കാനാവാത്ത
പേരുകളെ കുറിച്ചും മാത്രമായിരുന്നു.

നീ ചിരിച്ചത്‌
ഏകാകിയുടെ തടവറയിലെ
വിലങ്ങണിഞ്ഞ സ്വപ്‌നങ്ങളുടെ
വിളര്‍ച്ച കണ്ടായിരുന്നു.

നീ പറഞ്ഞത്‌
വരി നില്‍ക്കുന്ന മൂന്ന്‌ നക്ഷത്രങ്ങളുടെ
നിയോഗങ്ങളെ പറ്റിയും
അവയിലൂടെ ആശയങ്ങള്‍ കൈമാറുന്നവരുടെ
അടങ്ങാത്ത ആഗ്രഹങ്ങളെ കുറിച്ചുമായിരുന്നു.

നീ കരഞ്ഞത്‌
ഇരുമ്പഴിക്കുള്ളിലായ മോഹങ്ങളുടെ നിസ്സഹായതയും
ബന്ധനങ്ങളിലകപ്പെട്ടുപോയ
വേഴാമ്പലിന്റെ വിഹ്വലതകളുമോര്‍ത്തായിരുന്നു...

നീ കണ്ടത്‌
അസ്‌തമയത്തിന്‌ തൊട്ടുമുമ്പ്‌
ചോരവാര്‍ന്ന്‌ കരയുന്ന ആകാശവും
മുങ്ങിച്ചാകാനൊരുങ്ങും മുമ്പുള്ള
സൂര്യന്റെ വിലാപവുമായിരുന്നു.

നീ അറിഞ്ഞത്‌
ധര്‍മ്മസങ്കടങ്ങളുടെ ശബ്‌ദഘോഷങ്ങളും
ഉത്സവരാത്രികളിലെ നിരത്തുകളും
അരങ്ങില്‍ വീണ
അവശനായ പ്രണയിയുടെ
ആത്മവേദനയുമായിരുന്നു.


കാതങ്ങള്‍ക്കകലെ നിന്നും
നീ വരുമ്പോള്‍
മധ്യാഹ്നസൂര്യന്റെ ചെങ്കിരണങ്ങളേറ്റ്‌
തളര്‍ന്നുനില്‍ക്കുകയായിരുന്നു ഞാന്‍.
വേച്ചുവീഴാറായ ശരീരത്തെ
ആത്മാവ്‌ കൊണ്ട്‌ താങ്ങിനിര്‍ത്തി
നിന്നെ കാണുകയായിരുന്നു.
തൊട്ടരുകില്‍ നില്‍ക്കുമ്പോള്‍
മുഖച്ഛായയില്‍ കാലത്തിന്റെ
സ്‌പന്ദനങ്ങള്‍ തേടുകയായിരുന്നു.

ഒടുവില്‍,
നിന്റെ കണ്ണുകളില്‍ എന്റെ മുഖം നോക്കി.
മുടിയിലെ നരയും
മിഴികളിലെ ദൈന്യതയും
ചുണ്ടുകളിലെ വരള്‍ച്ചയും
കവിളിലെ മുറിപ്പാടുകളും
അപ്പോഴുണ്ടായിരുന്നില്ല.

എന്റെ രൂപം
ചേതോഹരമായൊരു പൂവ്‌ പോലെ സുന്ദരവും
പുഴയിലൂടെ ഒഴുകിനീങ്ങുന്ന
അരയന്നങ്ങളുടെ നിഷ്‌കളങ്കതയുമായി
പരിണമിക്കുകയായിരുന്നു.

കെട്ടടങ്ങും മുമ്പെ കത്തിയാളുന്ന
തിരിയുടെ നെടുവീര്‍പ്പുകള്‍ പോലെ
മൃതിക്ക്‌ മുമ്പുള്ള വന്യത പോലെ
വീഴാനൊരുങ്ങി നില്‍ക്കുന്ന
മരത്തിന്റെ പ്രതീക്ഷകള്‍ പോലെ
ഞാനിന്നും വരണ്ട ഭൂമിയുടെ
തുറന്ന ഹൃദയത്തില്‍ നിന്റെ കണ്ണുകള്‍ പരതുന്നു.