Wednesday, March 25, 2009

നിദ്രയുടെ പര്യായങ്ങള്‍

നീ പറഞ്ഞതുകൊണ്ട്‌
`ജീവിതം'
ഇന്നലെ പുസ്‌തകസഞ്ചിയിലൊളിപ്പിച്ചു.
പഴമയുടെ മണമുള്ള
ഇരുട്ടില്‍
മഷിയില്ലാത്ത പേനകളൊടൊപ്പം
ശയിക്കുകയാണത്‌...

നമ്മുടെ പൂന്തോട്ടം
വേനലിന്റെ കരങ്ങളില്‍ ഭദ്രമാണ്‌.
നഷ്‌ടമായ ഇലകളിലെ പച്ചപ്പും
ഗന്ധശൂന്യമായി നില്‍ക്കുന്ന ഇതളുകളും
എന്റെ മോഹങ്ങളില്‍ ചിതറിക്കിടക്കുന്നു.
നീ നട്ട സ്വപ്‌നങ്ങളെല്ലാം
മറവിയായി മണ്ണിലമരുന്നു.

വര്‍ണ്ണങ്ങള്‍ നഷ്‌ടപ്പെട്ട ചിത്രശലഭം
കൊല്ലരുതേയെന്ന്‌ അപേക്ഷിക്കുന്നു...
ഇതളുകള്‍ നരച്ചവര്‍
ഭൂമിയിലെ നരകമുറികളില്‍ നിന്ന്‌
സ്വര്‍ഗത്തിലെ ഉദ്യാനനഗരത്തിലേക്ക്‌
ചേക്കേറണമെന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ച്‌
ഞാനതിനെ കൊന്നു.
ചിറകു തുളഞ്ഞുപോയൊരു തുമ്പി
പറക്കാനുള്ള വ്യാമോഹത്തോടെ ഉറ്റുനോക്കുന്നു...
തീനാളങ്ങള്‍ കൊണ്ട്‌
ഞാനവയെ ആകാശസീമകള്‍ക്കപ്പുറത്തേക്ക്‌
പറത്തിവിട്ടു.
കാഴ്‌ച നഷ്‌ടപ്പെട്ട കരിവണ്ടും
കൊക്കു മുറിഞ്ഞുപോയ പക്ഷിയും
എന്റെ കാല്‍പ്പാദങ്ങളേറ്റ്‌
നിലവിളിക്കുന്നു.
അവയുടെ പ്രതിധ്വനികള്‍ അലിഞ്ഞില്ലാതാകുന്നു...
ഇനി ഞാനും
നിന്റെ ഓര്‍മ്മകളും മാത്രം...

ചിതലരിച്ച താളുകള്‍ക്കുള്ളില്‍ നിന്നും
ഇന്നാണ്‌ ദ്രവിച്ചു തുടങ്ങിയ ജീവിതം പുറത്തെടുത്തത്‌...
അത്‌ മരവിച്ചിരുന്നു.
എന്നിട്ടും
മിടിപ്പുകള്‍ നഷ്‌ടപ്പെട്ടുതുടങ്ങിയ ഹൃദയം
മരണത്തിന്‌ മുമ്പുള്ള
വ്യര്‍ത്ഥസ്വപ്‌നങ്ങളുടെ ചുഴിയിലായിരുന്നു...