Tuesday, May 29, 2007

മകള്‍


അവളുടെ എഴുത്തുണ്ടായിരുന്നു....
ഇപ്പോള്‍ കരയാറില്ലത്രെ...
നനഞ്ഞ്‌ നനഞ്ഞ്‌
ആ മിഴിയിതള്‍ ശുന്യമാകുമെന്ന്‌
കഴിഞ്ഞ വര്‍ഷം തന്നെ ഞാന്‍ ഡയറിയില്‍ എഴുതിയിരുന്നു...

സാഹിത്യത്തില്‍ ഡോക്ടറേറ്റ്‌ എടുത്ത അവളിന്ന്‌
പാചകകുറിപ്പുകള്‍ ഹൃദിസ്ഥമാക്കുകയാണത്രെ....
പെട്ടിയുടെ ഒഴിഞ്ഞ കോണില്‍ ഒറ്റക്കിരുന്ന്‌
അവള്‍ തര്‍ജിമ ചെയ്തു തന്ന കുറിപ്പുകള്‍
വീര്‍പ്പുമുട്ടുന്നത്‌ കണ്ടു....

മാനാഞ്ചിറയില്‍ മഴയുണ്ടോയെന്നൊരു ചോദ്യമുണ്ടായിരുന്നു...
അവിടെ നിറയെ കണ്ണുനീര്‍ കെട്ടികിടക്കുകയാണെന്ന്‌
പറയണമെന്ന്‌ തോന്നി....
പക്ഷേ,
പഴയ സിമന്റുബെഞ്ചിന്‌ പകരം
ഫൈബര്‍ കസേരകള്‍ സ്ഥാനം പിടിച്ചെന്ന്‌ മാത്രം
മറുപടിയില്‍ എഴുതി....

പേനയുടെ മഷി തീരും വരെ
എഴുതുകയണെന്നുണ്ടായിരുന്നു.....
വാക്കുകള്‍ക്ക്‌ പിശുക്ക്‌ കാട്ടി..
എഴുതാന്‍ മടിച്ചതൊക്കെ ഇന്നെഴുതേണ്ടി വരുന്നല്ലോയെന്നോര്‍ത്തപ്പോള്‍
ചിരിക്കേണ്ടി വന്നു....

സഹയാത്രികന്‍ അരസികനാണത്രെ...
കാഴ്ചയുടെ ഭംഗി നുകര്‍ന്ന്‌ ഓടിയൊളിച്ചിട്ട്‌
സ്വപ്നങ്ങള്‍ യാന്ത്രികമായി പോയതുകൊണ്ടുള്ള...
ജ്വല്‍പനങ്ങളായേ തോന്നിയുള്ളു....

അവള്‍ ഒരു എന്‍ജിന്‍ ഡ്രൈവറുടെ മകളും...
തീവണ്ടിയാത്രക്കാരന്റെ മകളുടെ മകളുമായിരുന്നു...

കിടപ്പുമുറിയില്‍ നിശബ്ദതയാണെന്നും...
ചില്ലുകൂട്ടിനുള്ളില്‍ മത്സ്യങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചിട്ടും...
എടുത്തുകളഞ്ഞില്ലെന്നുമായിരുന്നു...
അവസാന വാചകങ്ങള്‍....

കാണണമെന്ന്‌ കരുതിയാണ്‌ വണ്ടി കയറിയത്‌...
മുറ്റത്തെത്തുമ്പോള്‍ കാഴ്ചക്കാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു...
കാഴ്ചവസ്തുവെന്തായിരുന്നുവെന്നറിയാന്‍ തിടുക്കമായിരുന്നു....
അവള്‍...

കണ്ണുനീര്‍ വറ്റി...
പാചകകുറിപ്പുകളോട്‌ പടപൊരുതി...
എഴുതി മടുത്ത്‌..
മോഹങ്ങളോട്‌ തോറ്റ്‌....അവള്‍....

ഒന്നറിഞ്ഞു....
അവള്‍ അച്ഛന്റെ മകളായിരുന്നു......