Thursday, January 21, 2010

ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും

മറ്റുള്ളവരേക്കാള്‍
മനസാക്ഷിക്ക്‌ മുമ്പില്‍
അപഹാസ്യനാവുമ്പോഴാണ്‌
ഓര്‍മ്മകളുടെ ശിരോലിഖിതങ്ങളില്‍
ഉറുമ്പരിച്ചുതുടങ്ങുന്നത്‌.
പാതി മുറിഞ്ഞ അക്ഷരങ്ങള്‍
ഭ്രാന്തന്‍കിനാവുകളായി
ചുമരുകളിലൂടെ ഇഴയാന്‍ തുടങ്ങുമ്പോഴാണ്‌
ഹൃദയം ഇരുട്ടിനെ മാത്രമായി
കീഴടക്കാന്‍ ഒരുങ്ങുന്നത്‌.
രാത്രിയേക്കാള്‍ കട്ടിയുണ്ടാവും
മണ്ണിനടിയിലെ വിടവുകള്‍ക്കെന്ന്‌
ആരോ ആത്മാവിനുള്ളിലിരുന്ന്‌
പുലമ്പിത്തുടങ്ങുമ്പോഴാണ്‌
മാര്‍ഗബോധം തേടി
സ്വത്വം അലയാനാഗ്രഹിക്കുന്നത്‌.

ഒരു വഴിക്കും കുറേ
നിഴലുകള്‍ക്കുമിടയില്‍ രാജലക്ഷ്‌മി,
കണ്ണാ ദാഹിക്കുന്നുവെന്ന്‌ വിതുമ്പി നന്ദിത,
`ഹെല്‍പ്പ്‌ മീ` എന്നുരുവിട്ട്‌ സില്‍വിയ,
ശ്വാസം മുട്ടലുകള്‍ക്കിടയിലും
ചുണ്ടില്‍ ചിരി പടര്‍ത്തി വെര്‍ജീനിയ,
ഒടുവില്‍ എന്റെ പ്രതിരൂപവും
കാര്യമില്ലാ കാരണങ്ങള്‍ക്കിടയിലെ അന്ധതതേടി
ആകാശസീമകളെ ചുംബിക്കാന്‍
അവര്‍ക്കൊപ്പം.

സൂര്യന്‍ മറഞ്ഞ പകല്‍
നിലാവ്‌ മാറിനിന്ന രാത്രി
പാനപാത്രത്തില്‍ നിറഞ്ഞുതുളുമ്പിയ വിഷം
ചുണ്ടില്‍ നൂപുരധ്വനികള്‍ തീര്‍ത്ത്‌
അന്നനാളത്തില്‍ നിറം പടര്‍ത്തി
ഒഴുകി മറിഞ്ഞ പ്രണയം.
സ്‌നേഹരക്തമൊഴുകിയ ധമനികളില്‍
സര്‍പ്പദംശനമേറ്റ്‌
പിടഞ്ഞ ജനുവരിയുടെ മുഖത്തെ ആഴമുള്ള ക്ഷതം
മരണതുല്യമാം വിരഹം.

നീയിനിയുമറിയുന്നില്ല...
കണ്ടുമുട്ടില്ലെന്നുറപ്പിച്ച്‌
അകന്നുപോയ ഓരോളമാണ്‌
പുഴയുടെ ഹൃദയം തകര്‍ത്തതെന്ന്‌...

Tuesday, January 19, 2010

ഓര്‍മ്മയുടെ അവശിഷ്‌ടങ്ങള്‍

നീ വന്നത്‌
ഉഷ്‌ണശിഖരങ്ങളില്‍ നിന്ന്‌ നിലം പതിച്ച
കിളിയുടെ മോഹഭംഗങ്ങള്‍ക്ക്‌
കൂട്ടിരിക്കാനായിരുന്നു.

നീ ചിന്തിച്ചത്‌
തമോഗര്‍ത്തങ്ങളായി കൊണ്ടിരിക്കുന്ന
ആത്മാക്കളെ കുറിച്ചും
എല്ലോറയിലെ ഗുഹാഭിത്തികളില്‍ കുറിച്ചിട്ട
വായിച്ചെടുക്കാനാവാത്ത
പേരുകളെ കുറിച്ചും മാത്രമായിരുന്നു.

നീ ചിരിച്ചത്‌
ഏകാകിയുടെ തടവറയിലെ
വിലങ്ങണിഞ്ഞ സ്വപ്‌നങ്ങളുടെ
വിളര്‍ച്ച കണ്ടായിരുന്നു.

നീ പറഞ്ഞത്‌
വരി നില്‍ക്കുന്ന മൂന്ന്‌ നക്ഷത്രങ്ങളുടെ
നിയോഗങ്ങളെ പറ്റിയും
അവയിലൂടെ ആശയങ്ങള്‍ കൈമാറുന്നവരുടെ
അടങ്ങാത്ത ആഗ്രഹങ്ങളെ കുറിച്ചുമായിരുന്നു.

നീ കരഞ്ഞത്‌
ഇരുമ്പഴിക്കുള്ളിലായ മോഹങ്ങളുടെ നിസ്സഹായതയും
ബന്ധനങ്ങളിലകപ്പെട്ടുപോയ
വേഴാമ്പലിന്റെ വിഹ്വലതകളുമോര്‍ത്തായിരുന്നു...

നീ കണ്ടത്‌
അസ്‌തമയത്തിന്‌ തൊട്ടുമുമ്പ്‌
ചോരവാര്‍ന്ന്‌ കരയുന്ന ആകാശവും
മുങ്ങിച്ചാകാനൊരുങ്ങും മുമ്പുള്ള
സൂര്യന്റെ വിലാപവുമായിരുന്നു.

നീ അറിഞ്ഞത്‌
ധര്‍മ്മസങ്കടങ്ങളുടെ ശബ്‌ദഘോഷങ്ങളും
ഉത്സവരാത്രികളിലെ നിരത്തുകളും
അരങ്ങില്‍ വീണ
അവശനായ പ്രണയിയുടെ
ആത്മവേദനയുമായിരുന്നു.


കാതങ്ങള്‍ക്കകലെ നിന്നും
നീ വരുമ്പോള്‍
മധ്യാഹ്നസൂര്യന്റെ ചെങ്കിരണങ്ങളേറ്റ്‌
തളര്‍ന്നുനില്‍ക്കുകയായിരുന്നു ഞാന്‍.
വേച്ചുവീഴാറായ ശരീരത്തെ
ആത്മാവ്‌ കൊണ്ട്‌ താങ്ങിനിര്‍ത്തി
നിന്നെ കാണുകയായിരുന്നു.
തൊട്ടരുകില്‍ നില്‍ക്കുമ്പോള്‍
മുഖച്ഛായയില്‍ കാലത്തിന്റെ
സ്‌പന്ദനങ്ങള്‍ തേടുകയായിരുന്നു.

ഒടുവില്‍,
നിന്റെ കണ്ണുകളില്‍ എന്റെ മുഖം നോക്കി.
മുടിയിലെ നരയും
മിഴികളിലെ ദൈന്യതയും
ചുണ്ടുകളിലെ വരള്‍ച്ചയും
കവിളിലെ മുറിപ്പാടുകളും
അപ്പോഴുണ്ടായിരുന്നില്ല.

എന്റെ രൂപം
ചേതോഹരമായൊരു പൂവ്‌ പോലെ സുന്ദരവും
പുഴയിലൂടെ ഒഴുകിനീങ്ങുന്ന
അരയന്നങ്ങളുടെ നിഷ്‌കളങ്കതയുമായി
പരിണമിക്കുകയായിരുന്നു.

കെട്ടടങ്ങും മുമ്പെ കത്തിയാളുന്ന
തിരിയുടെ നെടുവീര്‍പ്പുകള്‍ പോലെ
മൃതിക്ക്‌ മുമ്പുള്ള വന്യത പോലെ
വീഴാനൊരുങ്ങി നില്‍ക്കുന്ന
മരത്തിന്റെ പ്രതീക്ഷകള്‍ പോലെ
ഞാനിന്നും വരണ്ട ഭൂമിയുടെ
തുറന്ന ഹൃദയത്തില്‍ നിന്റെ കണ്ണുകള്‍ പരതുന്നു.