Monday, October 12, 2009

നിന്നോട്‌ മാത്രമായി ചില ചോദ്യങ്ങള്‍

നിന്റെ കണ്ണുകളില്‍
ഞാന്‍ നട്ട നക്ഷത്രമെവിടെ ?
കണ്ണുനീരിന്റെ പ്രളയത്തില്‍
അവ ഒലിച്ചുപോയോ ?

ഞാന്‍ മുഖം നോക്കാറുള്ള
കൃഷ്‌ണമണികളിലെ തെളിച്ചമെവിടെ ?
കാഴ്‌ചകളുടെ കരട്‌ വീണ്‌
മുറിഞ്ഞുവോ അത്‌ ?

നിന്റെ വിടര്‍ന്നുനില്‍ക്കുന്ന കണ്‍പ്പീലികള്‍
എന്നിലേക്ക്‌ പൊഴിഞ്ഞുചാടാനൊരുങ്ങുന്നു
വെള്ളയിലെ ഹൃദയരേഖകളുടെ ചിത്രങ്ങള്‍
മാഞ്ഞുപോവുന്നു.

നീയറിയുന്നുണ്ടോ
നിന്റെ കണ്ണുകള്‍ പോലെയാണ്‌ എന്റെ ഹൃദയവും
വിഹ്വലതകള്‍ മാത്രം ഒപ്പിയെടുക്കുന്നു
അസ്വസ്ഥതകള്‍ മാത്രം തിരിച്ചറിയുന്നു.


നിന്റെ ചുണ്ടുകളില്‍
ഞാന്‍ കുടിയിരുത്തിയ മേഘങ്ങളെവിടെ ?
നനയാന്‍ വെമ്പിനില്‍ക്കുന്ന എന്നിലേക്ക്‌ പെയ്യിക്കാതെ
ആ ബാഷ്‌പങ്ങള്‍ നീയെന്തുചെയ്‌തു ?

ഞാന്‍ തിരിച്ചറിയാറുള്ള
നിശ്വാസങ്ങളുടെ തണുപ്പെവിടെ ?
മൗനത്തിന്റെ ചങ്ങലക്കെട്ടുകളില്‍
തളച്ചുവോ നീയവയെ.

ചുവന്ന അധരങ്ങളില്‍
വരള്‍ച്ച ചോദിക്കാതെ കടന്നുവരുന്നു
ശബ്‌ദങ്ങള്‍ പടിയിറങ്ങി
കനത്ത നിശബ്‌ദത ചേക്കേറിയതറിയുന്നു.

നീ തിരിച്ചറിയുന്നുണ്ടോ
നിന്റെ ചുണ്ടുകള്‍ പോലെയാണ്‌ എന്റെ മനസ്സും
ഗ്രീഷ്‌മത്തിന്‌ കീഴടങ്ങുന്നു
സങ്കടങ്ങളെ മാത്രം സ്വീകരിക്കുന്നു.

Wednesday, September 30, 2009

പ്രണയത്തിനൊടുവില്‍ സംഭവിച്ചേക്കാവുന്നത്‌

അടുത്തുവരുന്ന
തീവണ്ടിക്ക്‌ മുന്നിലേക്ക്‌
അവളുടെ ചുണ്ടുകളമര്‍ന്ന
മുഖം ചേര്‍ത്തുവെച്ച്‌
പാളത്തിന്റെ തണുപ്പിനെ
പുതക്കാനൊന്നുമില്ലാത്തതിനാല്‍
ശപിച്ചാണ്‌
ഞാന്‍
ആദ്യപ്രണയലേഖനം വായിച്ചത്‌...
പൊട്ടിച്ചിരിയുമായി
പാഞ്ഞുവരുന്ന
അവളുടെ സാന്നിധ്യമോര്‍മ്മിപ്പിച്ച്‌
എന്നിലൂടെ
കടന്നുപോയ
കുറെ ചക്രങ്ങള്‍
അത്‌ പൂര്‍ത്തിയാക്കാനനുവദിച്ചില്ല...

അല്ലെങ്കിലും
പ്രണയത്തിന്‌
പഴകിയ സ്വപ്‌നങ്ങളുടെ മണമാണ്‌.
കൊഴുത്ത ചോരയുടെ നിറമാണ്‌.

സ്വന്തമാക്കുക എന്നതല്ല
പ്രണയത്തിന്റെ ലക്ഷ്യമെന്ന്‌
നിര്‍വ്വികാരയായി പറയാറുള്ള
അവളിപ്പോള്‍
അത്‌ തിരുത്തിയിട്ടുണ്ടാവും..

Tuesday, September 22, 2009

ചൂണ്ട

മുന കൂര്‍ത്ത
ഇരുമ്പുദണ്ഡില്‍ നിന്നാണ്‌
ചതിയുടെ ആദ്യപാഠം
ഹൃദിസ്ഥമാക്കിയത്‌.
പുഴയുടെ ആഗാധതയില്‍
വിശപ്പിന്‌ സമാന്തരമായി
സഞ്ചരിച്ചുകൊണ്ടിരുന്നവനെ
വെളിച്ചത്തിലേക്കാനയിച്ചതായിരുന്നു
ആദ്യതെറ്റ്‌.
ശ്വാസത്തിനായി
പിടയുന്നതറിഞ്ഞിട്ടും
നിര്‍ത്താതെ ചിരിച്ചതായിരുന്നു
ആദ്യക്രൂരത.
പിടഞ്ഞ്‌,
വഴുതിമാറി
ജീവിതത്തിലേക്ക്‌
മടങ്ങാനൊരുങ്ങിയപ്പോള്‍
കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായിരുന്നു
ആദ്യ കുറ്റം.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും
മരിക്കാന്‍ മടിച്ചപ്പോള്‍
കത്തിമുനയാല്‍
കുത്തിക്കീറിയതായിരുന്നു
ആദ്യകൊലപാതകം.

Sunday, September 20, 2009

നാം മരങ്ങളായത്‌...

സ്വപ്‌നങ്ങളാല്‍ ബന്ധിക്കപ്പെട്ട
രണ്ടു വൃക്ഷങ്ങളായിരുന്നു ഞാനും നീയും.
എന്നില്‍ നിന്ന്‌ നിന്നിലേക്കും
തിരിച്ചും
പണിതുയര്‍ത്തിയ
ചിലന്തിവലകളിലൂടെയാണ്‌
നാം സംവദിച്ചത്‌.
വേനലില്‍ നീ ചുവന്നപ്പോള്‍
കരിഞ്ഞയിലകള്‍
എന്നെ പൊതിഞ്ഞിരുന്നു.
നീ പൊഴിഞ്ഞുതുടങ്ങിയപ്പോള്‍
ഞാന്‍ തളിര്‍ക്കുകയായിരുന്നു.

ഋതുക്കള്‍
എന്നും നമുക്ക്‌ നല്‍കിയത്‌
സമാന്തരരേഖകളുടെ
സഞ്ചാരപഥങ്ങള്‍...

നിനക്കോര്‍മ്മയുണ്ടോ
നാമെങ്ങനെ തരുക്കളായെന്ന്‌ ?
ചലനങ്ങള്‍ക്കപ്പുറം
നീങ്ങാനാവാതെ
ഉറച്ചുപോയതെങ്ങനെയെന്ന്‌ ?

നിസ്സഹായനായ
കാലം
പറത്തിയിട്ട വിത്തുകള്‍
മുളച്ചാണ്‌ നാം മരങ്ങളായത്‌.

അനുവാദം
ചോദിക്കാതെയാണെങ്കിലും
ശിഖരങ്ങളില്‍
കൂടുകൂട്ടിയ പക്ഷികള്‍
നിലംപതിക്കാതിരിക്കാനാണ്‌
സ്‌പര്‍ശിക്കാന്‍ കൊതിച്ചിട്ടും
കാറ്റിനെ വക വെക്കാതെ
ഇലകള്‍
വിപരീദദിശകളിലേക്ക്‌ സഞ്ചരിച്ചത്‌.

തായ്‌ത്തടിയുടെ മൗനം
മഴതുള്ളികളായി
പൊഴിഞ്ഞുചാടി
വേരുകളിലലിഞ്ഞത്‌
ആലിംഗനത്തിലമരാന്‍ മടിച്ച
ഓര്‍മ്മകളെ
ആര്‍ദ്രമാക്കാനാണ്‌.

പക്ഷേ,
അടര്‍ന്നുമാറാനാവാതെ
ഭൂമിയുടെ ആഴങ്ങളിലേക്ക്‌ പോയ
വേരുകളില്‍
നീയെന്റെയും
ഞാന്‍ നിന്റെയും
പേരുകള്‍ കുറിച്ചിട്ടത്‌
ആര്‍ക്കും മായ്‌ക്കാനാവില്ല...

Tuesday, August 11, 2009

നിശാഗന്ധി

നിശ്വാസങ്ങളുടെ നിര്‍വചനം
തേടിയാണ്‌
നിശാഗന്ധികള്‍
രാത്രിയെ കൂട്ടുവിളിക്കുന്നത്‌...

പിറന്നു കരയുമ്പോഴേ
ഗന്ധത്തിന്റെ
ഗണിതത്തില്‍പ്പെട്ട്‌,
മരജാലകങ്ങളുടെ
വിടവുകളില്‍ വെച്ച്‌
സ്വയം ഹരിക്കപ്പെട്ട്‌,
സങ്കലനങ്ങള്‍ക്കൊടുവില്‍
വിച്ഛേദിക്കപ്പെട്ട്‌
കൊഴിഞ്ഞുതീരുകയെന്നതാണ്‌
അതിന്റെ
വിധിയെങ്കിലും...

Friday, July 31, 2009

നക്ഷത്രങ്ങള്‍ ജനിക്കുന്നത്‌...

മറവിയുടെ
ആഴങ്ങളില്‍ നിന്നാണ്‌
ശബ്ദം കൊണ്ട്‌ കുത്തിയിളക്കി
നിന്നെ ഓര്‍മ്മയിലേക്ക്‌ വലിച്ചിട്ടത്‌...

മൗനം കുടിച്ചുമരിച്ച കൂട്ടുകാരിയുടെ മുഖച്ഛായ,
ചിത്രശലഭങ്ങളില്ലാത്ത
ഭൂഖണ്ഡങ്ങളിലെ
പക്ഷികളെ ഭക്ഷിക്കുന്ന
സന്ന്യാസിമാരുടെ നിഷ്‌കളങ്കത,
അശുദ്ധമാക്കപ്പെട്ട പൂന്തോട്ടങ്ങളെ
വിഷമുക്തമാക്കാനാവാത്ത
മാതൃത്വത്തിന്റെ ദൈന്യത

നിന്റെ രൂപം
പഴയതിനേക്കാള്‍ സുന്ദരമായിരുന്നു...

പ്രണയത്തെ മാരിവില്ലിനോടും
സൗഹൃദത്തെ മേഘങ്ങളോടും
സാഹോദര്യത്തെ മഴയോടും
ഉപമിച്ച്‌ നീയെഴുതി തന്ന കുറിപ്പ്‌
ഹൃദയത്തില്‍ നിന്ന്‌
അടര്‍ത്തിയെടുത്ത്‌
ആരോ കടന്നുകളഞ്ഞു...
ഏകാന്തതയെ പൂപ്പാത്രങ്ങളിലടക്കം ചെയ്‌ത്‌
ആത്മാവില്‍ കുഴിച്ചുമൂടിയവനെന്ന
പേര്‌ വന്നതിനാലാവാം.
ഞാനത്‌ തിരഞ്ഞുപോയില്ല...

ഭോഗമുറിയിലെ കടലാസ്സില്‍
അവ്യക്തമായി തെളിഞ്ഞ
നിന്റെ ചുണ്ടുകളില്‍ നിന്നാണ്‌
ചോരയുടെ രുചിയറിഞ്ഞത്‌...
നീ ചൊരിഞ്ഞ വിയര്‍പ്പുതുള്ളികള്‍ കുടിച്ചാണ്‌
ദാഹമകറ്റിയത്‌...

സമയം കഴിഞ്ഞു.
നമുക്കിനി
ഓര്‍മ്മയുടെ അക്കരെയുള്ള
മറവിയുടെ ഉദ്യാനത്തിലേക്ക്‌ ഉള്‍വലിയാം...
അവിടെ ബന്ധനങ്ങളുടെ ഇടിമുഴക്കവും
ബന്ധങ്ങളുടെ ചുഴിയുമില്ല...
നിന്നില്‍ ഞാനും എന്നില്‍ നീയും ചേര്‍ന്ന്‌
താരകങ്ങളാവാം....

Thursday, May 21, 2009

ശമനം

``കണ്ണാ..
ഉരുകിയുറ്റിയ മിഴിനീരാല്‍
അവസാന തിരി തെളിക്കുന്നു ഞാന്‍..
കത്തുമീ ദീപ്‌തജ്വാലയില്‍
എന്റെ ജീവനെരിയുന്നുണ്ട്‌..
കണ്‍മഷി പടര്‍ന്ന മിഴികളില്‍
കലങ്ങിയ ചോരയില്‍
നീല ഞരമ്പുകളുടെ വിറയലില്‍
എന്റെ മരിച്ച മനസ്സുണ്ട്‌...

ശൂന്യമായ വൃന്ദാവനിയിലെ
ഉണങ്ങിയ ശിഖരത്തില്‍
ഒറ്റയാത്മാവായി
രണ്ടു ശരീരങ്ങള്‍ തൂങ്ങിയാടുമ്പോള്‍
നിയോഗമെന്നിനിയും
പുലമ്പരുത്‌ നീ...''

Friday, May 15, 2009

നോവുകളുടെ ഭൂമിയില്‍...

മേഘങ്ങള്‍ക്കിടയില്‍
നിന്റെ കണ്ണുകള്‍ കണ്ട്‌ ഭയന്നില്ല...
എന്റെ ശിരസ്സ്‌ മൂടുവാന്‍
മഴത്തുള്ളികള്‍ പൊഴിച്ചവ
മിഴി ചിമ്മിയപ്പോള്‍ കരഞ്ഞുമില്ല...
നിര്‍വചനങ്ങള്ളില്‍ നിന്ന്‌
പുറംചാടിയതിന്റെ
ആഹ്ലാദത്തിലായിരുന്നു ഞാന്‍...
പ്രളയത്തെക്കാള്‍ ഞാനറിഞ്ഞത്‌
പ്രണയമായിരുന്നു...
മരണശയ്യയിലേക്കമര്‍ത്തിയ
നിന്റെ കരലാളനങ്ങളില്‍
ഞാന്‍ കണ്ടതത്രയും
സാന്ത്വനമായിരുന്നു...

നിലാവിലിരിക്കുമ്പോള്‍
പൊഴിഞ്ഞുചാടിയ
നക്ഷത്രങ്ങളിലൊന്ന്‌
കണ്ണിലമര്‍ന്നുപോയി...
മഞ്ഞവെളിച്ചം പകര്‍ന്നത്‌
കാഴ്‌ചയെ മറച്ചു...
പഞ്ചകോണുകള്‍ തട്ടി
ഓര്‍മ്മകളെ മുറിവേല്‍പ്പിച്ച്‌
ചുവന്ന കണ്ണുനീരായി
ഇപ്പോള്‍ നിന്നിലേക്കവ
പടരാന്‍ കൊതിക്കുന്നു...

മഞ്ഞടര്‍ന്നുവീണത്‌
മരവിച്ച മനസ്സിലേക്കായിരുന്നു...
വിഹ്വലതകളും സ്വപ്‌നങ്ങളും
തണുത്തുറഞ്ഞ്‌ മരിക്കുമ്പോള്‍
ആര്‍ദ്രമായി തീര്‍ന്നൊരു
ആത്മബന്ധത്തിലെങ്കിലും
വെയില്‍ വീഴുമെന്നോര്‍ത്ത്‌
കാത്തുനിന്നതാവാം
ഹിമകണങ്ങളില്‍പ്പെട്ട്‌
ഞാനലിയാന്‍ കാരണം...
എന്നിട്ടും
ശരീരം പോലും രക്ഷിക്കാനനുവദിക്കാതെ
ഞരമ്പുകളിലൂടെ
മിന്നിമാഞ്ഞ ശൈത്യത്തോട്‌
മൗനത്തിന്റെ
കഥ പറഞ്ഞ്‌ ഞാന്‍ മോഹിപ്പിച്ചുകൊണ്ടിരുന്നു...

Sunday, April 05, 2009

നിലാവില്‍ ഇഴയുന്ന നാഗങ്ങള്‍

കരിഞ്ഞുണങ്ങിയ
സ്വപ്നങ്ങളുടെ പലകയിലാണ്‌
ഉറങ്ങാന്‍ കിടന്നത്‌...

ദിശയറിയാതെ പോകുന്ന
മോഹങ്ങളിലൊന്ന്‌
ഇന്നലെയും
വഴി തെറ്റി വന്നിരുന്നു...
നിന്റെ മുഖത്ത്‌
ഉണങ്ങിപ്പിടിച്ചിരിക്കുന്ന
അശ്രുബിന്ദുക്കളുടെ കഥ പറഞ്ഞവ
പതിയെ ചിരിച്ചു...
പിന്നെ,
മയില്‍പ്പീലി വിശറി കൊണ്ട്‌
ഓര്‍മ്മകളെ തലോടിയുറക്കി
നഗ്നരാത്രികളുടെ
ഹൃദയത്തിലേക്കവ ഇഴഞ്ഞുപോയി...

നഗരത്തിലെ തടവറയില്‍,
കിളിവാതിലുകളടര്‍ന്നുവീണ
നിന്റെ ശയ്യാഗൃഹത്തില്‍
താരാട്ടുപാടാന്‍
പത്തിവിടര്‍ത്തിയവ
വരുന്നുണ്ട്‌...

നരകമുറിയുടെ നടുവില്‍
നീയുമായി ഇണചേര്‍ന്നത്‌
അന്ത്യനിദ്രയുടെ
അവസാനപടി കയറാനൊരുങ്ങുന്നുണ്ട്‌...

അഗ്നിനാമ്പുകള്‍ ചിതറിക്കിടക്കുന്ന
പൗര്‍ണ്ണമിയില്‍
വിലയിക്കാന്‍
നിനക്ക്‌ കൂട്ടിനി
വരണ്ട മനസ്സ്‌ മാത്രം...

നിന്നില്‍ നിന്നും
കരിനാഗങ്ങളില്‍ നിന്നും
ഞാനറിഞ്ഞതോ
പ്രണയത്തില്‍ നിന്നും
മരണത്തിലേക്കുള്ള
ദൂരവും...

Wednesday, March 25, 2009

നിദ്രയുടെ പര്യായങ്ങള്‍

നീ പറഞ്ഞതുകൊണ്ട്‌
`ജീവിതം'
ഇന്നലെ പുസ്‌തകസഞ്ചിയിലൊളിപ്പിച്ചു.
പഴമയുടെ മണമുള്ള
ഇരുട്ടില്‍
മഷിയില്ലാത്ത പേനകളൊടൊപ്പം
ശയിക്കുകയാണത്‌...

നമ്മുടെ പൂന്തോട്ടം
വേനലിന്റെ കരങ്ങളില്‍ ഭദ്രമാണ്‌.
നഷ്‌ടമായ ഇലകളിലെ പച്ചപ്പും
ഗന്ധശൂന്യമായി നില്‍ക്കുന്ന ഇതളുകളും
എന്റെ മോഹങ്ങളില്‍ ചിതറിക്കിടക്കുന്നു.
നീ നട്ട സ്വപ്‌നങ്ങളെല്ലാം
മറവിയായി മണ്ണിലമരുന്നു.

വര്‍ണ്ണങ്ങള്‍ നഷ്‌ടപ്പെട്ട ചിത്രശലഭം
കൊല്ലരുതേയെന്ന്‌ അപേക്ഷിക്കുന്നു...
ഇതളുകള്‍ നരച്ചവര്‍
ഭൂമിയിലെ നരകമുറികളില്‍ നിന്ന്‌
സ്വര്‍ഗത്തിലെ ഉദ്യാനനഗരത്തിലേക്ക്‌
ചേക്കേറണമെന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ച്‌
ഞാനതിനെ കൊന്നു.
ചിറകു തുളഞ്ഞുപോയൊരു തുമ്പി
പറക്കാനുള്ള വ്യാമോഹത്തോടെ ഉറ്റുനോക്കുന്നു...
തീനാളങ്ങള്‍ കൊണ്ട്‌
ഞാനവയെ ആകാശസീമകള്‍ക്കപ്പുറത്തേക്ക്‌
പറത്തിവിട്ടു.
കാഴ്‌ച നഷ്‌ടപ്പെട്ട കരിവണ്ടും
കൊക്കു മുറിഞ്ഞുപോയ പക്ഷിയും
എന്റെ കാല്‍പ്പാദങ്ങളേറ്റ്‌
നിലവിളിക്കുന്നു.
അവയുടെ പ്രതിധ്വനികള്‍ അലിഞ്ഞില്ലാതാകുന്നു...
ഇനി ഞാനും
നിന്റെ ഓര്‍മ്മകളും മാത്രം...

ചിതലരിച്ച താളുകള്‍ക്കുള്ളില്‍ നിന്നും
ഇന്നാണ്‌ ദ്രവിച്ചു തുടങ്ങിയ ജീവിതം പുറത്തെടുത്തത്‌...
അത്‌ മരവിച്ചിരുന്നു.
എന്നിട്ടും
മിടിപ്പുകള്‍ നഷ്‌ടപ്പെട്ടുതുടങ്ങിയ ഹൃദയം
മരണത്തിന്‌ മുമ്പുള്ള
വ്യര്‍ത്ഥസ്വപ്‌നങ്ങളുടെ ചുഴിയിലായിരുന്നു...

Thursday, January 01, 2009

സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌

ഒന്ന്‌
ഹിമകണങ്ങള്‍ പൊഴിയുന്ന
പ്രഭാതത്തിന്റെ തുറന്നമാറില്‍
വെള്ളിപാദസരത്തിന്റെ
കിലുക്കവുമായി
ഒരു പെണ്‍കുട്ടി...
ഡിസംബറിനെ ഭയന്ന്‌
മഞ്ഞിന്റെയാര്‍ദ്രതയെ പേടിച്ച്‌
പുസ്‌തകങ്ങള്‍ക്കിടയില്‍
പ്രണയലേഖനവുമായി
കാത്തുനില്‍ക്കുന്ന
കൗമാര വി്‌ഹ്വലത...
ഓരോ ബോഗിയും കടന്നുപോവുന്നതു നോക്കി
മിഴികള്‍ പൂട്ടി
അനാഥമായൊരു സിമന്റെ ബെഞ്ചിനരുകില്‍
നിന്നവള്‍ വിതുമ്പി...

രണ്ട്‌
ഗ്രീഷ്‌മത്തിന്റെ ദാരുണമായ വരവേല്‍പ്പിനിടയില്‍
വെള്ളയില്‍ കറുത്ത പുള്ളികളുള്ള
വസ്‌ത്രമണിഞ്ഞ്‌ അവള്‍...
ആരെയോ സ്വീകരിക്കാനെന്നവണ്ണം
ദൂരേക്ക്‌ മിഴികളൂന്നി...
ഗുല്‍മോഹര്‍ മരത്തിന്‌ കീഴെയുള്ള
സിമന്റെ ബെഞ്ചില്‍
ഏപ്രിലിന്റെ അവശിഷ്ടങ്ങള്‍
വീണുകിടന്നിരുന്നു...
ധൃതിയില്‍ പോകുന്നൊരു കാറ്റ്‌
പാവാടതുമ്പ്‌ പിടിച്ചിളക്കിയതവള്‍ അറിഞ്ഞില്ല...
അലറിവന്ന വണ്ടിയുടെ
അവസാനബോഗിയിലായിരുന്നു കണ്ണ്‌...
തുറന്നമിഴികളില്‍ നിന്ന്‌
സ്‌ഫടികമൊലിച്ചിറങ്ങി
വസ്‌ത്രങ്ങളെ നനയിച്ചപ്രത്യക്ഷമായി...

മൂന്ന്‌
ശിശിരത്തിന്റെ അവസാന നാഴികയില്‍
ഇലകള്‍ പൊഴിഞ്ഞുകിടന്ന പാളത്തിലേക്ക്‌
ആര്‍ത്തിയോടെ മിഴികളൂന്നി അവള്‍...
നോട്ടുബുക്കുകള്‍ക്കിടയില്‍
ഹൃദയം കൊണ്ട്‌ കുറിച്ചിട്ട
വാക്കുകളുടെ ചങ്ങലകള്‍ കണ്ടു...
ഭേദിച്ച്‌ പുറത്തുചാടാന്‍ കൊതിച്ചവ
കൈപിടിയില്‍ നിന്ന്‌
വഴുതിമാറാന്‍ കൊതിക്കുന്നു..
അതിഭീകരമായ ശബ്ദത്തോടെ
അന്നും തീവണ്ടി കടന്നുപോയി...
മിഴികള്‍ തുറക്കാതെ നിന്ന
അവളുടെ മുന്നിലേക്ക്‌
ആരോ വലിച്ചെറിഞ്ഞ മദ്യകുപ്പി
പൊട്ടി ചിതറി....

നാല്‌
വര്‍ഷകാലപ്രഭാതത്തില്‍
വീണ്ടുമൊരിക്കല്‍ കൂടി
അതേ സ്വപ്‌നപാളത്തിനരുകില്‍ അവള്‍...
മരത്തുള്ളികളില്‍ നിന്നിറ്റുവീഴുന്ന
ജലകണങ്ങളിക്കിളിപ്പെടുത്തിയിട്ടും
മുരള്‍ച്ചക്ക്‌ കാതോര്‍ത്ത്‌...
മഴയൊലിച്ചിറങ്ങിയ
മുഖത്ത്‌ ആദ്യമായി തിളക്കം കണ്ടു..
കണ്ണുകളില്‍
കുടിയേറിപ്പാര്‍ത്തിരിക്കുന്ന മൗനത്തിന്റെ
മൂടുപടമഴിഞ്ഞ്‌ ചിതറും പോലെ...
വര്‍ണങ്ങള്‍ നിറഞ്ഞ മുഖചിത്രമുള്ള
പുസ്‌തകത്തില്‍
മഴയെ നോക്കിയന്ന്‌ ആ ഹൃദയാക്ഷരങ്ങള്‍...
വണ്ടിയതിവേഗം കടന്നുപോയിട്ടും
അവളനങ്ങിയതേയില്ല...

അഞ്ച്‌
വസന്തത്തിന്റെ വര്‍ണാഭമായ
മേച്ചില്‍ പുറത്ത്‌ നില്‍ക്കുന്നത്‌ കൊണ്ടാവാം..
മുടിയില്‍ പൂക്കളുണ്ടായിരുന്നു..
കൈക്കുമ്പിളില്‍
റോസാദലങ്ങള്‍ അമര്‍ത്തിപിടിച്ചിരുന്നു...
സിമന്റ്‌ബെഞ്ചില്‍
പൂക്കാരി ചൊരിഞ്ഞിട്ട
ബന്ധിപൂക്കളുടെ ഇതളുകള്‍
മുല്ലയുടെ അവശേഷിപ്പുകള്‍
വണ്ടിയുടെ മുരള്‍ച്ച കേട്ടവള്‍ മിഴികള്‍പൂട്ടി...
അക്ഷമയുടെ കരിമ്പടം പുതച്ച
അവളുടെ നിശ്വാസങ്ങള്‍ ഞാന്‍ മാത്രമറിഞ്ഞു...
തീവണ്ടിയുടെ കിതപ്പുകളകന്ന്‌ പോയി....
പാളത്തിന്റെ നിശബ്ദതയില്‍
രക്തപൂക്കള്‍ ചിതറിക്കിടന്നു....

പുസ്‌തകത്തില്‍ നിന്ന്‌ പുറത്തേക്ക്‌ തെറിച്ച്‌ വീണ
പ്രണയലേഖനത്തിന്റെ ആദ്യവരി മാത്രം
ചോര പുരളാതെ കിടന്നിരുന്നു...
" എന്റെ സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌...''