Wednesday, March 31, 2010

അസാന്നിധ്യം

ചോരവാര്‍ന്നു കരയുന്ന
എന്റെ സായന്തനത്തില്‍
ആകാശത്തെ ചുവപ്പിച്ച
അസ്‌തമയത്തിലെ
അര്‍ത്ഥശൂന്യമായ
അസാന്നിധ്യമാണ്‌ നീ.
മുറിവുകള്‍ ഭൂപടം തീര്‍ത്ത
മനസ്സുമായി
ഏകാന്തതയെ പുണര്‍ന്നുറങ്ങുന്ന
ഒരപശകുനമാണ്‌
നിനക്ക്‌ ഞാന്‍.

കണ്ണാടിച്ചില്ലുകള്‍
പ്രതിബിംബങ്ങളെ
സ്‌നേഹിക്കുന്നത്‌ പോലെ,
മഴത്തുള്ളികളെ
ഭൂമി സ്വീകരിക്കുന്നത്‌ പോലെ,
ഞാന്‍ നിന്നിലും നീയെന്നിലും
അറിയാതമര്‍ന്നതാണ്‌.
ഓടിത്തളര്‍ന്നപ്പോള്‍
വീണുകിടന്ന
നിന്റെ ഉടലഴകില്‍
ചിതലുകള്‍ കൂടൊരുക്കിയത്‌
മുതലാണ്‌
അകല്‍ച്ചയുടെ താവളം ഹൃദയമായത്‌.
കാണാത്തവരെ വെറുത്തും
മിണ്ടാത്തവരെ പഴിപറഞ്ഞും
ഞാന്‍ നേടാന്‍ കൊതിച്ചത്‌
നിന്റെ ആത്മാവാണ്‌.
പക്ഷേ,
രതിയുടെ സീല്‍ക്കാരമായി
നാം കേട്ടതെല്ലാം
നഷ്‌ടപ്പെടലിന്റെ
കരച്ചിലായിരുന്നു.

ഇന്ന്‌,
മറവിയുടെ ഗ്രഹമാണ്‌ നീ.
നിശബ്‌ദമായി നിഗ്രഹിച്ച
സ്വപ്‌നങ്ങളുടെ ചിതയാണ്‌
നിനക്ക്‌ ഞാന്‍.
കിനാവുകള്‍ കൊരുത്തുണ്ടാക്കിയ
ഹാരമാണ്‌ നീ.
ഓര്‍മ്മകളെ തച്ചുടക്കാനെത്തുന്ന
ഉപഹാരമാണ്‌
നിനക്ക്‌ ഞാന്‍.

Monday, March 29, 2010

ഓര്‍മ്മയുടെ അസ്‌‌തമയം

നിന്റെ ശബ്ദം കേള്‍ക്കാത്ത പകലിരവുകള്‍...
ഓര്‍മ്മയുടെ താവളമാണെനിക്ക്‌...

അജ്ഞാതമായ ലോകമെന്നെ
മാടിവിളിക്കുന്നു...
മേഘങ്ങള്‍ക്കിടയിലൂടെ
ശരീരമില്ലാതെ പറന്നുപോവാന്‍
ആരോ പ്രചോദനമേകുന്നു...
ചുംബിച്ചുണങ്ങിപ്പോയ ചുണ്ടുകള്‍
വ്യര്‍ത്ഥത പുലമ്പുന്നു...
കണ്ണുകള്‍ വരണ്ടുണങ്ങി
ദാഹമകറ്റാന്‍ കേഴുന്നു...
നീയകന്ന നാള്‍ മുതല്‍
ഞാന്‍ മഴക്കായി കൊതിക്കുന്ന മരുഭൂമിയാണ്‌...

ഇലകള്‍ നഷ്ടപ്പെട്ട വൃക്ഷം
ഇതളുകളില്‍ സുക്ഷിരം വീണ പൂവ്‌
മുനയൊടിഞ്ഞ തൂലിക
മഷി പരന്ന കടലാസുകള്‍
അഴികള്‍ തുരുമ്പിച്ച ജാലകങ്ങള്‍
ചെളി പുരണ്ട തലയിണകള്‍
നിന്നെ നഷ്ടപ്പെടുത്തിയ എന്റെ സ്വര്‍ഗ്ഗം...

മണ്‍പാതക്കപ്പുറത്തെ
കുടിലാണ്‌ സ്വപ്‌നങ്ങള്‍ പണയം വെച്ചത്‌...
ഓലകള്‍ക്കിടയിലൂടെ
ഊതിര്‍ന്നുവീഴുന്ന നാണയത്തുട്ടുകള്‍ പോലെ
നിന്റെ മുഖം
ചുരുങ്ങിയില്ലാതാവുമ്പോള്‍
സൂര്യന്‍ ക്ഷമ പറയുന്നു...

മറവിയുടെ ദ്രവിച്ച പലകയാണ്‌ നിന്റെ ഹൃദയം
സൗഖ്യം നുകരുന്ന
ഒരു ചോദ്യമെങ്കിലുമുണ്ടായിരുന്ന നാള്‍
ഞാന്‍ അഹങ്കരിച്ചിരുന്നു.
അര്‍ത്ഥങ്ങള്‍ നഷ്ടപ്പെടാതെ
കിടന്ന മണലാരണ്യത്തില്‍
ഇടക്കിടെ തപസ്സിരിക്കാനെത്തുന്ന കാറ്റുപോലെ
തീജ്വാലകള്‍ക്കിടയില്‍ നീയുണ്ടെന്ന്‌...
പക്ഷേ,
മിഴികളടര്‍ത്തി ഇരുട്ടിനെ കാമിച്ച
നിന്റെ ശരീരത്തിന്റെ താപം
എന്നെ ദഹിപ്പിക്കുന്നു...

ഞാനെഴുതിയതെല്ലാം
എരിഞ്ഞുതീര്‍ന്ന ചിതയില്‍ കൈമുക്കിയാണ്‌...
കരിഞ്ഞമര്‍ന്ന മാംസത്തില്‍ നിന്നാണ്‌
നിന്റെ നെറ്റിയില്‍
പ്രണയത്തിന്റെ നീലഭസ്‌മമണിയാന്‍
ഞാന്‍ കൊതിച്ചത്‌...
ഒടുവില്‍
സ്‌പര്‍ശിക്കാനവശേഷിക്കാത്ത വിധം
ഞാനുമുരുകുകയാണ്‌...
നിനക്കായി എഴുതിയ
എന്റെ വിരലുകള്‍ കത്തുകയാണ്‌...
ചുട്ടുപഴുത്ത മനസ്സിനോട്‌ മാപ്പിരക്കുന്നു.
പുതിയ ലോകത്തിന്റെ
വരാനിരിക്കുന്ന ഊഷ്‌മളതയെ പഠിപ്പിക്കുന്നു...
''ശൂന്യത''
സ്‌നേഹത്തിന്റെ പര്യായമായി
എന്നില്‍ ലയിക്കുന്നു...

നിന്റെ സാന്ത്വനമേല്‍ക്കാത്ത ദിനങ്ങള്‍
എന്നെ ഹിമശിലയായി ഉറപ്പിക്കുന്നു...

Monday, March 22, 2010

അര്‍ത്ഥങ്ങള്‍ നഷ്‌ടമാവുമ്പോള്‍...

എന്റെ സ്വപ്‌നങ്ങളിലെ
മരം വളര്‍ന്നത്‌
നിന്നെ കുറിച്ചുള്ള
ഓര്‍മ്മകളുടെ നനവുകൊണ്ടായിരുന്നു.
നീയാകാശവും
ഞാന്‍ നക്ഷത്രവുമായ സ്വപ്‌നം മുതല്‍
തീവ്രാനുരാഗസൂര്യന്‍
നമുക്കിടയില്‍
മൗനത്തിന്റെ പാലം പണിതുതുടങ്ങിയിരുന്നു.
നിന്റെ വിരലുകളില്‍ സ്‌പര്‍ശിച്ച്‌
പൊള്ളിയമര്‍ന്ന പകലും
നിന്റെ ചുണ്ടുകളില്‍
കണ്ണുകളമര്‍ത്തി
ഞാന്‍ നേടിയ സ്വര്‍ഗ്ഗവും
വിസ്‌മൃതിയുടെ
പകയില്‍ ഹോമിക്കപ്പെടുന്നു...
എനിക്ക്‌ നീയില്ലാതായത്‌ പോലെ
നിനക്ക്‌ ഞാനുമില്ലാതാവുന്നു...

കത്തിയെരിയുന്ന
കിനാവുകള്‍ക്കിടയിലിരുന്ന്‌
മദ്യം തൂലികയില്‍ മുക്കിയെഴുതി
ഞാന്‍ നേടിയ വാക്കുകളെല്ലാം
നിന്റെ കാല്‍ക്കീഴിലമരുന്നു...
വീതിച്ചുനല്‍കിത്തീര്‍ന്ന
നിന്റെ സ്‌നേഹത്തിന്റെ
അവസാനതുള്ളികള്‍
എന്റെ ചുണ്ടുകളില്‍ വീണ്‌
ദാഹമകറ്റാനാവാതെ
വിതുമ്പുന്നു...

അകലുകയായിരുന്നില്ല...
ഞാനൊറ്റയാവുകയായിരുന്നു.
ബഹളങ്ങള്‍ക്കിടയിലിരുന്ന
നിന്റെ വിളറിയചിരി കാണാനാവാതെ
കണ്ണുപൊത്തി നടന്നുമറഞ്ഞത്‌
വെറുപ്പുകൊണ്ടായിരുന്നില്ല...
പിടക്കുന്ന എന്റെ ഹൃദയത്തെ
തച്ചുടക്കാനായിരുന്നു...
സൗഹൃദത്തിന്റെ കഥ പറഞ്ഞ്‌
പരിഹസിക്കുന്ന
നിന്റെ ചുണ്ടുകളുടെ വിറയല്‍
അറിയാതിരിക്കുകയായിരുന്നില്ല...
അതിജീവിക്കുകയായിരുന്നു..

നിന്നിലേക്ക്‌ പതിച്ചുകൊണ്ടിരിക്കുന്ന
നിലാമഴയെ ഭയന്നാണ്‌
ഇരുള്‍ മാത്രമുള്ളൊരു പേടകത്തില്‍
ഞാനിന്നഭയം തേടുന്നത്‌...