Tuesday, October 26, 2010

വേദന മുളക്കുന്നത്‌...

അശുഭചിന്തകളുടെ
ശവപ്പറമ്പാണ്‌ മനസ്സിപ്പോള്‍...
കാലം സ്വപ്‌നങ്ങള്‍ പുരട്ടി
എയ്‌തുവിട്ട അമ്പുകള്‍ കയറി
വികൃതമായ ശരീരത്തില്‍
ബാക്കിയുണ്ടായിരുന്ന
ഹൃദയം കവിതയില്‍ മുക്കി
അവള്‍ക്ക്‌ കൊടുത്തു...
പൊടിപിടിച്ചുകിടക്കുന്ന
പഴയ പുസ്‌തകങ്ങള്‍ക്കിടയിലെ
ആ മുഖം പോലും മാഞ്ഞുതുടങ്ങിയിരിക്കുന്നു...

ജീവിതം നിരര്‍ത്ഥകമായ
ഒരു ചോദ്യചിഹ്നമായി മാറുന്നു...
ദുരൂഹമായ ഒരു മൗനം പോലെ
ഞാനീ മുറിയില്‍
ഉത്തരമില്ലാതെ ചുരുങ്ങിയില്ലാതാവുന്നു...
എനിക്ക്‌ നിന്നേക്കാള്‍ വേദനിക്കുന്നു...

Thursday, October 07, 2010

നഷ്ടസ്‌മൃതികള്‍ (വിരഹത്തിന്റെ ഇരുപത്‌ അധ്യായം)

സ്വപ്‌നങ്ങള്‍ക്ക്‌
കുറുകെ നിരത്തിയ
നിലവിളികളില്‍ ചവിട്ടിയാണ്‌
ഞാന്‍ നിന്നിലെത്തിയത്‌.
നീയെന്നാല്‍
പ്രണയമാണെന്നും
തമോഗര്‍ത്തമാണെന്നും അറിയാതെ...
***
നിന്നിലലിയാന്‍ കൊതിച്ചാണ്‌
ആലിപ്പഴമായി
ഞാന്‍ ഉതിര്‍ന്നുവീണത്‌.
പക്ഷേ,
നിന്നെ സ്‌പര്‍ശിക്കും മുമ്പെ
തടഞ്ഞുനിര്‍ത്തിയ ഇലയിലായിരുന്നു
എന്റെ സമാധി.
***
നിന്നോട്‌ പറയാന്‍ ഭയന്ന
ചോദ്യങ്ങള്‍ക്ക്‌ മുകളിലാണ്‌
ഇന്നലെയും ഉറങ്ങാന്‍ കിടന്നത്‌.
അലോസരപ്പെടുത്തിയ
സ്വപ്‌നങ്ങളെ ആട്ടിപ്പായിക്കാന്‍
ഞാന്‍ പുതച്ചത്‌
നീ നിശബ്‌ദമായി പറത്തിവിട്ട
ഉത്തരങ്ങളായിരുന്നുവെന്നറിയാതെ.
***
വ്യര്‍ത്ഥസ്വപ്‌നമാണ്‌
നീയെന്നറിഞ്ഞ്‌
സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്‌ കൊണ്ടല്ലേ
നീയെന്നെ വിഡ്‌ഢിയെന്ന്‌ വിളിക്കുന്നത്‌ ?
പക്ഷേ,
നിനക്കറിയില്ല
ജന്മാന്തരങ്ങള്‍ക്കിടയില്‍
എവിടെയോ വെച്ച്‌
നമ്മള്‍ പരസ്‌പരം
ഒട്ടിച്ചേര്‍ന്നിരുന്നുവെന്ന്‌.
***
നിന്റെ തുവാലയെ ഭയന്ന്‌
ഞാനിപ്പോള്‍ കരയാറില്ല
എന്റെ മുഖം തുടക്കാന്‍
കണ്‍ത്തടങ്ങളില്‍
നീയമര്‍ത്തിവെച്ച
സ്‌നേഹത്തിന്റെ തുണിയല്ലേ അത്‌.
***
നിന്റെ ഹൃദയത്തില്‍ നിന്നും
മായ്‌ച്ചുകളയാന്‍ ശ്രമിച്ച
എന്റെ പേര്‌ പുനര്‍ജ്ജനിച്ചാണ്‌
നീയേറ്റവും ഇഷ്‌ടപ്പെടുന്ന മഴവില്ലുകളുണ്ടായത്‌
ആ നിറങ്ങള്‍ തൊട്ടെടുത്താണ്‌
ഇന്നു നീ
മയില്‍പ്പീലി വരയ്‌ക്കാന്‍ ശ്രമിക്കുന്നത്‌.
***
ഗ്രീഷ്‌മത്തില്‍
നിന്റെ നെറുകയില്‍ വീണലിഞ്ഞ ആലിപ്പഴം
ശൈത്യത്തില്‍
നിന്നെ നനയിച്ച തപിക്കുന്ന കണ്ണുനീര്‍
രണ്ടും ഞാനായിരുന്നു.
നിന്നിലലിയാന്‍ കൊതിച്ച്‌
കാറ്റായി ഞാന്‍ ഒഴുകിയെത്തുമ്പോള്‍
നീ സാലഭഞ്‌ജികയായി
ഉറച്ചിരുന്നു.
***
നിന്റെ പേര്‌
ചോക്കു നനച്ച്‌
ഹൃദയത്തിന്റെ ഭിത്തിയില്‍
കാലം എഴുതിയിടുകയായിരുന്നു.
അതാണ്‌ അകന്നുവെന്ന്‌
വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും
കൂടുതല്‍ തെളിഞ്ഞുവരുന്നത്‌.
***

നിന്നെ മനസ്സില്‍
ഉരുക്കിയൊഴിക്കുകയായിരുന്നു.
അതാണ്‌ അതിവേഗം
ആ മുഖം രക്തത്തിലലിഞ്ഞത്‌..
തലങ്ങും വിലങ്ങും
എന്റെ സ്വപ്‌നങ്ങളിലൂടെ
നീ സഞ്ചരിക്കാന്‍
ഞാന്‍ കാണിച്ച കുറുക്കുവഴി.
നിന്നോടെനിക്ക്‌ പ്രണയമായിരുന്നു.
ആര്‍ക്കും ഇളക്കിമാറ്റാനാവാതെ
ഹൃദയത്തില്‍ വേരൂന്നിയ
നിലാവ്‌ പൊഴിയുന്ന പൂമരം.
***
എന്റേതാകുമെന്നുറപ്പില്ലാതെയാണ്‌
നീ അരുകില്‍ വന്നത്‌.
എന്നിട്ടും
ആ തോളില്‍ ചാരിയിരുന്നുറച്ചുപോയ
പ്രതിമയായി ഞാന്‍.
***
മായ്‌ച്ചുകളയാനാവാത്ത
ശിരോലിഖിതങ്ങള്‍ പോലെയാണ്‌
എനിക്ക്‌ നീ.
ശിരസ്സില്‍ നിന്നും പൊട്ടിമുളച്ച
ശിഖരം പോലെ
എന്നെയമര്‍ത്തിക്കൊല്ലാന്‍
പിറവി പൂണ്ട പ്രണയം.
***
നിറം മങ്ങിയ പട്ടം
നിലാവുപൊഴിയുന്ന
ആകാശത്തെ
സ്‌പര്‍ശിക്കാനൊരുങ്ങും പോലെയാണ്‌
ഞാനും നീയും.
***
ഒരു ജന്മം മുഴുവനും
നമുക്ക്‌ നമ്മെ കുറിച്ച്‌ പറയാനുണ്ടായിട്ടും
മറ്റു പേരുകള്‍ വലിച്ചിഴച്ചാണ്‌
നാം വെറുപ്പുകള്‍
വാരിപ്പുതച്ചകന്നത്‌.
***
ഒരു മാമരത്തിന്റെ
ചില്ലയില്‍ നിന്നടര്‍ന്ന
ഒരിലയുടെ മൗനമായിരുന്നു
എനിക്ക്‌ നീ...
മിഴി ചിമ്മിയപ്പോഴേക്കും
എത്തിപ്പിടിക്കാനാവാത്ത ദൂരത്തേക്ക്‌
പറത്തിക്കൊണ്ടുപോയ
കാറ്റിനോടുള്ള അമര്‍ഷമായിരുന്നു
നിനക്ക്‌ ഞാന്‍...
***
ഹൃദയത്തില്‍ നിന്നടര്‍ത്തിയെടുത്ത
താളുകളില്‍
വിരല്‍ മുറിച്ചാണ്‌
നിനക്കായി എഴുതിയിട്ടത്‌.
പക്ഷേ,
അഗ്നിയിലമര്‍ന്ന
എന്റെ സ്‌നേഹസന്ദേശങ്ങളുടെ
കരച്ചില്‍ കേള്‍ക്കാനാവാത്ത വിധം
ബധിരയായിരുന്നു നീ...
***
നിന്റെ സ്വര്‍ഗ്ഗത്തില്‍ നിന്നും
എന്റെ നരകത്തിലേക്കുള്ള
ദൂരത്തേയാണ്‌
നീ പ്രണയമെന്ന്‌ വിളിച്ചത്‌.
ഒടുവില്‍,
മോഹങ്ങളുടെ വറച്ചട്ടിയില്‍ വീഴ്‌ത്തി
വിരഹമെന്ന്‌ വിളിച്ചകന്നത്‌...
***
മഴയുടെ മുഖംമൂടിയണിഞ്ഞാണ്‌
കടലിനക്കരെ നിന്നും നീ പറന്നെത്തിയത്‌.
അതാണ്‌ ബാഷ്‌പമായി
അകലേണ്ടി വന്നതും.
പക്ഷേ, നിന്നെ സ്വന്തമാക്കിയത്‌
എന്റെ മേഘങ്ങളെ
ആട്ടിപ്പായിച്ച കൊടുങ്കാറ്റായിരുന്നു...
***
എന്നില്‍ ചെവിയോര്‍ത്താല്‍
നിനക്ക്‌ തോറ്റവന്റെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കാം
അതിന്റെ വേഗം,
രക്തയോട്ടത്തിന്റെ തുടിപ്പ്‌
നിനക്കളന്നു നോക്കാം.
പക്ഷേ, ഒന്നറിയുക
വിജയിച്ചവന്റെ യാത്ര അവസാനിച്ചു.
പരാജിതന്റേത്‌ ആരംഭിക്കുന്നതേയുള്ളു...
***
നീ നല്‍കിയ ഒറ്റമുറിവീടും
അഴികളില്ലാ ജാലകവും
തെങ്ങോല പാകിയ മേല്‍ക്കൂരയും
വിരഹത്തിന്റെ കാറ്റില്‍
നിലംപതിക്കാനൊരുങ്ങുന്നു.
നരച്ച മുഖച്ഛായയില്‍
ചുളിഞ്ഞ വിരലുകളാല്‍
അന്ത്യസന്ദേശമെഴുതാന്‍
ഞാന്‍ പ്രേരിതനാവുന്നു.
***
വെളുത്ത പ്രതലത്തിലൂടെ നടന്നാണ്‌
ചുവന്ന അക്കങ്ങളെ നീ പ്രണയിച്ചത്‌.
കൂട്ടിയാലും കിഴിച്ചാലും
ശൂന്യതയാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌
നീ കറുത്തവയിലേക്ക്‌ വഴിമാറിയത്‌.
നീയറിയാതെ പോയ
നിന്റെ മാത്രം കലണ്ടറായിരുന്നു ഞാന്‍
***