Wednesday, September 30, 2009

പ്രണയത്തിനൊടുവില്‍ സംഭവിച്ചേക്കാവുന്നത്‌

അടുത്തുവരുന്ന
തീവണ്ടിക്ക്‌ മുന്നിലേക്ക്‌
അവളുടെ ചുണ്ടുകളമര്‍ന്ന
മുഖം ചേര്‍ത്തുവെച്ച്‌
പാളത്തിന്റെ തണുപ്പിനെ
പുതക്കാനൊന്നുമില്ലാത്തതിനാല്‍
ശപിച്ചാണ്‌
ഞാന്‍
ആദ്യപ്രണയലേഖനം വായിച്ചത്‌...
പൊട്ടിച്ചിരിയുമായി
പാഞ്ഞുവരുന്ന
അവളുടെ സാന്നിധ്യമോര്‍മ്മിപ്പിച്ച്‌
എന്നിലൂടെ
കടന്നുപോയ
കുറെ ചക്രങ്ങള്‍
അത്‌ പൂര്‍ത്തിയാക്കാനനുവദിച്ചില്ല...

അല്ലെങ്കിലും
പ്രണയത്തിന്‌
പഴകിയ സ്വപ്‌നങ്ങളുടെ മണമാണ്‌.
കൊഴുത്ത ചോരയുടെ നിറമാണ്‌.

സ്വന്തമാക്കുക എന്നതല്ല
പ്രണയത്തിന്റെ ലക്ഷ്യമെന്ന്‌
നിര്‍വ്വികാരയായി പറയാറുള്ള
അവളിപ്പോള്‍
അത്‌ തിരുത്തിയിട്ടുണ്ടാവും..

Tuesday, September 22, 2009

ചൂണ്ട

മുന കൂര്‍ത്ത
ഇരുമ്പുദണ്ഡില്‍ നിന്നാണ്‌
ചതിയുടെ ആദ്യപാഠം
ഹൃദിസ്ഥമാക്കിയത്‌.
പുഴയുടെ ആഗാധതയില്‍
വിശപ്പിന്‌ സമാന്തരമായി
സഞ്ചരിച്ചുകൊണ്ടിരുന്നവനെ
വെളിച്ചത്തിലേക്കാനയിച്ചതായിരുന്നു
ആദ്യതെറ്റ്‌.
ശ്വാസത്തിനായി
പിടയുന്നതറിഞ്ഞിട്ടും
നിര്‍ത്താതെ ചിരിച്ചതായിരുന്നു
ആദ്യക്രൂരത.
പിടഞ്ഞ്‌,
വഴുതിമാറി
ജീവിതത്തിലേക്ക്‌
മടങ്ങാനൊരുങ്ങിയപ്പോള്‍
കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായിരുന്നു
ആദ്യ കുറ്റം.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും
മരിക്കാന്‍ മടിച്ചപ്പോള്‍
കത്തിമുനയാല്‍
കുത്തിക്കീറിയതായിരുന്നു
ആദ്യകൊലപാതകം.

Sunday, September 20, 2009

നാം മരങ്ങളായത്‌...

സ്വപ്‌നങ്ങളാല്‍ ബന്ധിക്കപ്പെട്ട
രണ്ടു വൃക്ഷങ്ങളായിരുന്നു ഞാനും നീയും.
എന്നില്‍ നിന്ന്‌ നിന്നിലേക്കും
തിരിച്ചും
പണിതുയര്‍ത്തിയ
ചിലന്തിവലകളിലൂടെയാണ്‌
നാം സംവദിച്ചത്‌.
വേനലില്‍ നീ ചുവന്നപ്പോള്‍
കരിഞ്ഞയിലകള്‍
എന്നെ പൊതിഞ്ഞിരുന്നു.
നീ പൊഴിഞ്ഞുതുടങ്ങിയപ്പോള്‍
ഞാന്‍ തളിര്‍ക്കുകയായിരുന്നു.

ഋതുക്കള്‍
എന്നും നമുക്ക്‌ നല്‍കിയത്‌
സമാന്തരരേഖകളുടെ
സഞ്ചാരപഥങ്ങള്‍...

നിനക്കോര്‍മ്മയുണ്ടോ
നാമെങ്ങനെ തരുക്കളായെന്ന്‌ ?
ചലനങ്ങള്‍ക്കപ്പുറം
നീങ്ങാനാവാതെ
ഉറച്ചുപോയതെങ്ങനെയെന്ന്‌ ?

നിസ്സഹായനായ
കാലം
പറത്തിയിട്ട വിത്തുകള്‍
മുളച്ചാണ്‌ നാം മരങ്ങളായത്‌.

അനുവാദം
ചോദിക്കാതെയാണെങ്കിലും
ശിഖരങ്ങളില്‍
കൂടുകൂട്ടിയ പക്ഷികള്‍
നിലംപതിക്കാതിരിക്കാനാണ്‌
സ്‌പര്‍ശിക്കാന്‍ കൊതിച്ചിട്ടും
കാറ്റിനെ വക വെക്കാതെ
ഇലകള്‍
വിപരീദദിശകളിലേക്ക്‌ സഞ്ചരിച്ചത്‌.

തായ്‌ത്തടിയുടെ മൗനം
മഴതുള്ളികളായി
പൊഴിഞ്ഞുചാടി
വേരുകളിലലിഞ്ഞത്‌
ആലിംഗനത്തിലമരാന്‍ മടിച്ച
ഓര്‍മ്മകളെ
ആര്‍ദ്രമാക്കാനാണ്‌.

പക്ഷേ,
അടര്‍ന്നുമാറാനാവാതെ
ഭൂമിയുടെ ആഴങ്ങളിലേക്ക്‌ പോയ
വേരുകളില്‍
നീയെന്റെയും
ഞാന്‍ നിന്റെയും
പേരുകള്‍ കുറിച്ചിട്ടത്‌
ആര്‍ക്കും മായ്‌ക്കാനാവില്ല...