Sunday, June 24, 2007

മറവി




പറയാന്‍ മറന്നു...
പ്രകൃതി എഴുതിയ
വിലാപകാവ്യത്തിലെ
അവസാന ഈരടികളിലെ അലങ്കാരങ്ങളെ പറ്റി...

സാദൃശ്യമില്ലാത്തവ...
അഭേദമില്ലാത്തവ...
ആശങ്കയില്ലാത്തവ...

പെയ്തുതോരില്ലെന്നറിഞ്ഞിട്ടും
ശിരസൊഴിച്ചിട്ടു...
വഴി മാറില്ലെന്നറിഞ്ഞിട്ടും
പോകാനൊരുങ്ങി...
ഉപമകള്‍ തലയറുക്കപ്പെട്ട നിലയില്‍...
ചുവന്ന ചേരികളില്‍
ശയിക്കുന്നതറിഞ്ഞിട്ടും
സന്ദര്‍ശകനാവാനായില്ല...

ആദ്യപാഠം
പാട്ടുകേട്ടാല്‍ കരയരുതെന്നായിരുന്നു...
തൊട്ടിലിന്റെ താളത്തിനൊത്ത്‌
ഹൃദിസ്ഥമാക്കിയ ഒരറിവ്‌...

മിഴിതുമ്പ്‌ നനയാതിരിക്കാന്‍
അമ്മ താരാട്ടെഴുതിയും പാടിയും തളര്‍ന്നു...
ലംഘനങ്ങളുടെ ചുഴിയില്‍ പെട്ട്‌ ഞാനും...

പാഠങ്ങളെല്ലാം മറന്നതുകൊണ്ടാവാം...
അലങ്കാരങ്ങളും വൃത്തങ്ങളെയും
കാലം കശക്കിയെറിഞ്ഞത്‌....