Wednesday, November 26, 2008

നിനക്ക്‌ നിന്നെയറിയാന്‍...

മനസില്ലാത്ത ശരീരവും
മഴവില്ലു തെളിയാത്ത ആകാശവും
ശ്‌മശാനത്തിന്റെ അകവും പുറവുമാണ്‌...

തിമര്‍ത്തുപെയ്യുന്ന മഴയില്‍
നിന്റെ കരളു പറിച്ചെടുത്ത്‌
ഞാന്‍ സ്‌നേഹമളക്കും...
വേനലിന്റെ കാഠിന്യത്തില്‍
നിന്റെ ഹൃദയം പിളര്‍ന്നെടുത്ത്‌
എന്നോടുള്ള പ്രണയത്തിന്റെ മിടിപ്പ്‌ നോക്കും...

ശൂന്യതയാണുത്തരമെങ്കില്‍
എന്റെ മുനയുള്ള സ്വപ്‌നങ്ങള്‍ക്കിരയായി
മണ്ണിലലിയേണ്ടി വരും നിനക്ക്‌...

നിന്റെ കണ്ണുകളില്‍

ഞാന്‍ കാഴ്‌ചയായില്ലെങ്കില്‍
നിന്റെ ചുണ്ടുകളില്‍ നിന്നുതിരുന്നത്‌
എന്നെ കുറിച്ചുള്ള വാക്കുകളല്ലെങ്കില്‍
ആ മിഴികള്‍ ഞാന്‍ പറിച്ചെടുക്കും
അധരങ്ങള്‍ ഞാന്‍ മുറിച്ചുമാറ്റും...

ഗര്‍ത്തങ്ങളായ ആ കുഴിയില്‍
നിന്നെ മാത്രം കാണുന്ന

എന്റെ കണ്ണുകള്‍ പ്രതിഷ്‌ഠിക്കും
നിന്നെ ചുംബിക്കാന്‍ കൊതിച്ചിരുന്ന
എന്റെ ചുണ്ടുകള്‍ ചേര്‍ത്തുവെക്കും...

നിന്റെ കൈകള്‍ എന്നെ ലാളിച്ചില്ലെങ്കില്‍
കാലുകള്‍ എനിക്ക്‌ നേരെ ചലിച്ചില്ലെങ്കില്‍
എന്റെ കഠാരകള്‍

നൊമ്പരത്തിന്റെ കഥ പറഞ്ഞടുത്തുവരും...
നിന്നിലൊരു ദുഖ പുഴയൊഴുക്കി
മാംസത്തോടത്‌ സല്ലപിക്കും...

എന്റെ വിരലുകള്‍ മുറിച്ച്‌

നിന്നില്‍ തുന്നിച്ചേര്‍ക്കും
എന്റെ കാല്‍പാദങ്ങള്‍

നിനക്ക്‌ വഴി കാണിക്കും...

നിന്റെ ചെവി എന്റെ നിശ്വാസങ്ങളെ

തിരിച്ചറിഞ്ഞില്ലെങ്കില്‍
നിന്റെ നാസിക എന്റെ

ഗന്ധമേറ്റുവാങ്ങിയില്ലെങ്കില്‍
ഞാനവയരിഞ്ഞെടുക്കും...

നിന്നെ മാത്രം കേള്‍ക്കുന്ന ചെവിയും
നിന്റെ ഗന്ധമറിയുന്ന മൂക്കും പകരം നല്‍കും...

തിളച്ചുമറിയുന്ന മോഹങ്ങളുടെ അറവ്‌ശാലയില്‍
നില്‍ക്കുമ്പോഴാണറിഞ്ഞത്‌...
നീ നിന്നെയറിഞ്ഞില്ലെന്ന്‌...
നിനക്ക്‌ നിന്നെയറിയാന്‍
എനിക്കെന്നെ നഷ്ടപ്പെടുമെന്ന്‌

Saturday, November 08, 2008

വികസനം

1.
വീടിന്‌ പുറകിലെ
പച്ച വിരിച്ചുകിടന്ന മല
വണ്ടിയില്‍ കയറിപ്പോയത്‌
ഇന്നലെയായിരുന്നു...
കരിങ്കല്ലുകള്‍ പാകിയ തറയുയര്‍ന്നതും
ആകാശം മുട്ടിയത്‌ വളര്‍ന്നതും
ആളുകള്‍ ചേക്കേറിയതും
ഇന്നായിരുന്നു...
നാളയെ എനിക്ക്‌ ഭയമാണ്‌...
വാ പിളര്‍ത്തി വരുന്നൊരിരുമ്പ്‌ കൂട്‌
എന്റെ മേല്‍ക്കൂരയും തകര്‍ത്തേക്കാം...

2.
മരങ്ങളെല്ലാം മുറിച്ച്‌ മാറ്റി
കാത്തിരിപ്പ്‌കേന്ദ്രങ്ങള്‍ തീര്‍ത്തവര്‍
കാറ്റിനെ പ്രതീക്ഷിക്കുന്നുണ്ട്‌....
വണ്ടി നിശ്ചലമാവും മുമ്പുള്ള
ക്ഷണികമായ ഇടവേളകളില്‍ പോലും
ഭൂമിയുടെ തുറന്ന മാറില്‍
നില്‍ക്കാനോ ഇരിക്കാനോ
കഴിയില്ലെന്ന്‌
വാശിപിടിക്കുന്നവര്‍...

3.
പുഴയെ തടഞ്ഞുനിര്‍ത്തി
യന്ത്രനൗകകളോടിക്കുന്നു
പ്രതിമകള്‍ പണിത്‌
കരയില്‍ നിര്‍ത്തുന്നു
സിമന്റുബെഞ്ചുകളുയരുന്നു...
ഇന്ധനമൊഴുകി
ചരമമടഞ്ഞ മീനുകളെ പെറുക്കിമാറ്റാന്‍
ഇന്നും പരസ്യമുണ്ടായിരുന്നു...

4.
കത്തി നില്‍ക്കുന്ന വിളക്കുകള്‍
നഗരരാത്രിയെ പകലാക്കുന്നു...
സൂര്യനെത്തിയാലുമത്‌ കെടാതെ നില്‍ക്കുന്നു
അന്ധതയുടെയളവ്‌ കൂട്ടുമെന്ന്‌
ആവര്‍ത്തിക്കുന്നവര്‍
പരസ്യബോര്‍ഡിലെ
മെര്‍ക്കുറികളെ
കാണുന്നുണ്ടാവുമോ...

5.
ഞാറ്റുപാട്ടകന്ന പാടത്തെ
കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ക്ക്‌ മുമ്പില്‍
വീട്‌ നഷ്‌ടപ്പെട്ട തവളകള്‍ കരയുന്നുണ്ട്‌
ചെറുമീനുകളുടെ ശവകൂടീരങ്ങളില്‍
ഉറുമ്പരിക്കുന്നുണ്ട്‌
ചോറുനഷ്‌ടപ്പെട്ട ചെറുമികള്‍ വിതുമ്പുന്നുണ്ട്‌...
വെയില്‍ മഴയാകുന്നതും നോക്കി
ഇന്നുമാ മണ്ണ്‌ ആരെയോ കാത്തിരിക്കുന്നു...

നാട്‌ വികസിക്കുകയാണ്‌
എന്റെ ദുഖവും...

Friday, September 26, 2008

ചോര

എന്നെയോ നിന്നെയോ
കീറിമുറിച്ചാല്‍
അവശേഷിക്കുന്ന
ഒരേയൊരു നിറം
ചുവപ്പാണ്‌...
വേദനയാല്‍ വരണ്ടമുഖം
ഭീതി കൊണ്ടു നടുങ്ങുമ്പോള്‍
അവ്യക്തമായി
ഒഴുകി നീങ്ങുന്നതും
കടുംനിറത്തിന്റെ
അവര്‍ണനീയപാടകള്‍ തന്നെ...

ആദ്യമായി കുറിച്ചിട്ട
സ്‌നേഹാക്ഷരങ്ങളില്‍
കലര്‍പ്പില്ലാതെ കലര്‍ത്തിയ
രക്തത്തിന്റെ ഗന്ധം
സ്വപ്‌നങ്ങളില്‍ പതിഞ്ഞ്‌ കിടന്നതും...
മറവിയുടെ കിരാതവേട്ടയില്‍
ഹൃദയഭിത്തിയില്‍
തൂങ്ങികിടന്ന
പ്രണയലേഖനത്തില്‍
വാക്കുകള്‍ ചലിച്ചതും
അതിന്റെ നിര്‍വൃതിയുടെ
ആഘാതത്തില്‍
മരണം പതിയെ ചിരിച്ചതും
രേഖപ്പെടുത്താത്ത പകലിന്റെ
കൗതുകങ്ങളിലൊന്ന്‌...

അരണ്ട വെളിച്ചമുള്ള തടവറയില്‍
നിശ്വാസങ്ങളുടെ തീക്കാറ്റില്‍
നഗ്നരായതും
അടരാനാവാതെയടുത്തതും
ഒടുവിലൊരിറ്റ്‌ ചോര
നിന്നിലേക്ക്‌ പകര്‍ന്നതും
ആരുമറിയാത്ത രാത്രിയുടെ
വിധിന്യായങ്ങളിലൊന്ന്‌...

പ്രേമത്തിന്റെ നിറം
രതിയുടെ അന്ത്യവിധിയാണ്‌...
വിരഹത്തിന്റെ അനിയന്ത്രിതയാത്രയില്‍
നൊമ്പരത്തിന്റെ കനല്‍ക്കട്ട
അവശേഷിപ്പിച്ച്‌ പോയ അഴുക്ക്‌രക്തം
നഷ്‌ടമാവുന്നത്‌ കൊണ്ടാവാം..
നീ ചോര കണ്ട്‌ തളരാറില്ല...
ഞാനോ
ഭയന്ന്‌ അലറികരഞ്ഞ്‌
നിന്നില്‍ വീണ്‌ പിടയുന്നു...

Saturday, August 02, 2008

നമുക്കിടയില്‍

കാഴ്‌ചക്കും അന്ധതക്കുമിടയില്‍
ഓര്‍മ്മക്കും മറവിക്കുമിടയില്‍
ഉണര്‍വിനും ഉറക്കത്തിനുമിടയില്‍
പ്രണയത്തിനും വിരഹത്തിനുമിടയില്‍
ജനനത്തിനും മരണത്തിനുമിടയില്‍
മൗനത്തിന്റെ നേര്‍ത്തൊരു പാലമുണ്ട്‌...
ക്ഷയിച്ചു തുടങ്ങിയ
വികാരങ്ങളുടെ
പ്രതിസ്‌ഫുരണങ്ങള്‍ക്ക്‌
പോകാന്‍ നിര്‍മ്മിച്ചത്‌...

വെളിച്ചത്തില്‍ നിന്നും
ഇരുട്ടിലേക്ക്‌ പറിച്ചുനടും മുമ്പെ
അവ്യക്തമായൊരു
സായന്തനത്തിന്റെ മറയുണ്ട്‌...
ഇന്ദ്രിയങ്ങളിലൂടെ
മിന്നിമായുന്ന മുഖങ്ങളില്‍
വിളറിയ പ്രതിഛായകള്‍
വിതുമ്പുന്നുണ്ട്‌...
നിശബ്‌ദതയുടെ തടവറയില്‍
നിറം മങ്ങിയ
സ്വപ്‌നക്കൂട്ടുകളുണ്ട്‌...
സ്‌നേഹത്തിന്റെ തണുപ്പില്‍
വികാരത്തിന്റെ കനല്‍
വഴി തെറ്റി വീഴാറുണ്ട്‌...

`ജീവിതം'
സുഖവും ദുഖവും
ഇണചേര്‍ന്ന്‌
സ്വപ്‌നങ്ങളെ പ്രസവിച്ച്‌
ആഗ്രഹങ്ങളുടെ തീയില്‍ വെന്ത്‌
അഹങ്കാരത്തിന്റെ ചാരമായി
അന്ധകാരത്തിന്റെ
നദിയിലൊഴുകി
ശാന്തിയില്ലാതലയുന്ന
ആത്മാവിന്റെ രോദനം മാത്രം....

Tuesday, July 01, 2008

പരിണാമം

കാലം
കാറ്റിന്റെ മുഖം തിരയുമ്പോള്‍
മഴയുടെ മിഴി പരതുമ്പോള്‍
വേനലിന്റെ നെറ്റിയില്‍
വേര്‍പാടെന്നെഴുതി മടങ്ങുമ്പോള്‍
നാം നമ്മുടെ ശരീരം തിരയുകയാവും...

നിന്റെ വഴിയിലവശേഷിക്കുന്നത്‌;
നനഞ്ഞ കണ്ണുകള്‍
വരണ്ട മുഖഛായകള്‍
വിളറിയ ചിരി
വിണ്ടുകീറിയ ചുണ്ടുകള്‍
എന്നെയൂതി പെരുപ്പിച്ച സ്ത്രൈണമോഹങ്ങള്‍...

എന്റെ വഴിയിലവശേഷിക്കുന്നത്‌;
പതിവ്രതമാരുടെ ചതഞ്ഞമുഖങ്ങള്‍
ഉപ്പുനീരില്‍ തൃഷ്ണ തിരയുന്ന
ഭോഗികള്‍
നിതാന്തനിദ്രാ കുടീരങ്ങള്‍
നിന്നെ വീതിച്ചെടുത്ത
പ്രണയത്തിന്റെ പേക്കൂത്തുകള്‍...

ഞാറ്റുവേളയിലെ കാളമേഘങ്ങളില്‍
വിഹ്വലസന്ധ്യകളുടെ
മങ്ങിയ ദീപപ്രഭയില്‍
മച്ചിലെ നേര്‍ത്ത മുരള്‍ച്ചയില്‍
തൈലഗന്ധത്തിന്റെ ചായ്പില്‍
മരണത്തിന്റെ മുഖം തെളിയുമ്പോള്‍
നാം നമ്മുടെ മനസ്‌ തിരയുകയാവും...

Wednesday, April 30, 2008

വിരഹം

പറിച്ചെടുക്കുന്നു ഞാനീ ഹൃദയം
നിന്‍ പാതിയടര്‍ന്നൊരാത്മാവില്‍
നിന്നിനിയെങ്കിലും...
ശോണിമ കലര്‍ന്ന നിന്‍
കവിള്‍ത്തടങ്ങളില്‍ നിന്നെന്‍
ആദ്യചുംബനം
ആറിതണുത്തുപോയി...
തേന്‍ കിനിഞ്ഞ നിന്‍ചുണ്ടില്‍
മറുവാക്ക്‌ തേടിയലഞ്ഞൊരെന്‍
സ്വപ്നനൗക പാടെ തകര്‍ന്നുപോയി...
വീണുമയങ്ങിയ നെഞ്ചില്‍
വിരഹ കലാപകൊടി നാട്ടികാലം...
തൃഷ്ണതന്‍ മൃത്യു തിരഞ്ഞുപോയി.

എവിടെ നീ
ചാരെ നില്‍ക്കാമെന്നോതി
യരികില്‍ വന്നൊരുവേള
ശങ്കിച്ചു നിന്നതും
വ്യര്‍ത്ഥമോഹങ്ങള്‍ ചൊരിഞ്ഞതും
ഒടുവിലിടറി വീണതും
യാത്ര പറഞ്ഞതും
എന്തുവേഗം...

കണ്ണുകളടര്‍ന്ന്‌ വേച്ചുവീഴും മുമ്പ്‌
തണലിന്റെ തണുപ്പിലേക്കലിയട്ടെ ഞാന്‍..
വഴിയേറെയുണ്ട്‌ പക്ഷേ,
തളര്‍ന്നുപോയി കാലുകള്‍
ചലനമറ്റൊരീ കൈകളും
താങ്ങിയിനിയേത്‌ പര്‍വതം താണ്ടാന്‍...

വരികയൊരിക്കല്‍ കൂടി
സാമീപ്യത്തിന്‍ മരുന്നുമായി
വഴിയിലുടനീളമെന്‍
വ്യര്‍ത്ഥസ്വപ്നമായി
പ്രണയരൂപമായി...

അരികില്‍ വരാതെയേതു ദിക്കിലേക്ക
ന്യയായി യാത്ര തുടരുന്നു നീ...
വിതുമ്പരുതൊരിക്കലും ചുണ്ടുകള്‍
സ്നേഹരാഗമായി
വിലസട്ടെയിനിയീ ഭൂവില്‍...

Tuesday, April 22, 2008

വലകള്‍

വിശപ്പിനെ മറക്കാന്‍
ഒരു ചിലന്തിക്കുമാവില്ല...
അതാവാം..
നൂലുകള്‍ കോര്‍ത്ത്‌
വലയുണ്ടാക്കി..
അവ..
ചതിച്ചുകൊണ്ടേയിരിക്കുന്നത്‌...
കാരുണ്യത്തിന്റെ
കണിക...
അവയില്‍ പ്രതീക്ഷിക്കുന്നതാണ്‌ തെറ്റ്‌...

പുകച്ചുകൊല്ലാനറിയാഞ്ഞല്ല...
നേര്‍ത്ത നെയിലോണ്‍
കണ്ണികള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്നത്‌...
മൂളിപാട്ടുമായി
വന്ന്‌ ഡ്രാക്കുളയായി
മാറും മുമ്പെ...
സ്വപ്നങ്ങളെ തടയിടാന്‍
ഒരു വഞ്ചന തിരിച്ചുമാവാം...

ജലാശയങ്ങള്‍ക്കുള്ളിലേക്ക്‌
കാപട്യത്തിന്റെ കനത്ത പ്രഹരമായി
വീശിയെറിയുമ്പോള്‍
ആരും ദുഖിക്കാറില്ല...
കരയില്‍
ശ്വാസത്തിനായി
പിടക്കുന്നത്‌ കാണുമ്പോള്‍
ആരും കരയാറുമില്ല...
ചില മരണങ്ങള്‍
ചിരിയുടെ
പ്രതീകങ്ങളാണ്‌...

Wednesday, April 09, 2008

ഉദ്യാനം

ഇടറി നില്‍ക്കാതെന്‍
അരുകില്‍ വരിക..
ഇടമുറിയാതെ
മൊഴിഞ്ഞുകൊണ്ടിരിക്കുക...

മൗനമെഴുതിയ കണ്ണില്‍
ആഹ്ലാദത്തിന്‍ നെയ്ത്തിരിനാളമായി
ഒരു കുല കൊന്നപൂക്കള്‍..
വസന്തത്തിന്റെ കൊമ്പില്‍
തൂങ്ങിയാടുന്ന പ്രണയത്തിന്റെ മഞ്ഞ...

നാമൊന്നായി നില്‍ക്കുമ്പോള്‍
ഒരു മിടിപ്പാണ്‌
ഒറ്റ കാഴ്ചയാണ്‌
ശബ്ദമാണ്‌...നിശ്വാസമാണ്‌...

അടരാനാവാതെ നമ്മെ
ഊട്ടിയുറപ്പിച്ച
സ്നേഹത്തിന്റെ പശ...
ആശകളുടെ വാടിയിലെ
തേന്‍ നുകരുന്ന വണ്ടുകളുടെ
നിസ്വനങ്ങള്‍ കേട്ട്‌..
നിന്റെ പൂന്തോട്ടം ഞാനേറ്റുവാങ്ങുകയാണ്‌...

തല്‍പത്തില്‍
വീണുടയുന്ന മുല്ലതന്‍ രോദനം...
നെഞ്ചിലെ മുരള്‍ച്ച
ചുണ്ടുകളുടെ വിഹാരഭൂമിയില്‍
രതിയുടെ ചക്ഷകം..
വീഞ്ഞൊഴുകും നദിയില്‍
ലഹരിയുടെ നൗകകള്‍...
നഗ്നതയുടെ തടവറയിലായ
അനുരാഗത്തിന്‍ ചിത്രശലഭങ്ങള്‍...

ഗുല്‍മോഹറുകള്‍ തീര്‍ത്ത
ചുവന്ന ഉദ്യാനത്തില്‍..
പക്ഷിതൂവലുകള്‍ക്ക്‌ മുകളില്‍...
ഹൃദയങ്ങള്‍ ബന്ധിച്ചിരിക്കുമ്പോള്‍
തിരിച്ചറിയുകയാണ്‌...
ആലസ്യത്തിലമര്‍ന്നുപോയ
ഭൂതകാലത്തിന്റെ
വൃര്‍ത്ഥസ്മരണകള്‍...

Monday, March 17, 2008

നിന്നില്‍ വീണലിയുമ്പോള്‍....

ഒന്ന്‌
കുയിലുകളില്ലാത്ത വൃന്ദാവനത്തിലേക്ക്‌
നിനക്കിനി
പാട്ടുമായി വരാം...
ചുവന്ന പഴങ്ങള്‍
കൊത്തിയെടുത്ത്‌
വിശപ്പടക്കാം...
മൗനത്തെ കീറി മുറിച്ച്‌
പെയ്തു തോരാം...
വേനലിന്റെ ശിഖരങ്ങളില്‍
വ്യര്‍ത്ഥസ്വപ്നങ്ങളായി
തൂങ്ങിയാടാം...
തളിര്‍ത്തുനില്‍ക്കുന്ന
സുഖശീതളമിയില്‍
ഗൃഹാതുരതയുടെ കൂടുവെക്കാം...
മൗനത്തിന്റെ
നിര്‍വചനങ്ങള്‍ തേടിയലയാം...
പിന്നെ
എന്നെ വേദനിപ്പിക്കാനായി മാത്രം
നിനക്ക്‌ മടങ്ങാം...

രണ്ട്‌
ത്രിസന്ധ്യയായി..
എന്റെ ഉമ്മറത്തെ കരിന്തിരികത്തിയ
നിലവിളക്ക്‌ നീ കണ്ടുവോ...
പിടഞ്ഞൊടുങ്ങിയ മനസ്‌
തൂശനിലയില്‍ നീണ്ടുനിവര്‍ന്ന്‌
കിടക്കുന്നത്‌ കണ്ടുവോ...
നിന്റെ കാഴ്ചയുടെ അവസാനബിന്ദുവും
തീര്‍ന്നെന്നോ..

നെറ്റിയിലുരുണ്ടുകൂടിയ വിയര്‍പ്പുമണികളില്‍
പ്രണയത്തിന്റെ തേര്‍വാഴ്ച...
കവിളിലെ മുറിപ്പാടില്‍
നഷ്ടത്തിന്റെ സീല്‍ക്കാരം...
ചുണ്ടുകളിലെ ആര്‍ദ്രതക്ക്‌
വേര്‍പാടിന്റെ സുഗന്ധം...
നിന്നിലലിയാന്‍ കൊതിച്ച,
നിന്റെ മുടിയിഴയില്‍ മുഖം പൂഴ്ത്തിയ
എന്റെ സ്വപ്നങ്ങളെവിടെ...
നിലവിളികള്‍ക്കിടയില്‍പെട്ട്‌
ഞെരിഞ്ഞമര്‍ന്നുപോയ
എന്റെ ഹൃദയമെവിടെ...
നിന്റെ മിഴികളില്‍ മുഖം ചേര്‍ത്ത്‌
വിതുമ്പിയില്ലാതാവുന്നു...
എന്റെ സ്നേഹത്തിന്റെ നിറങ്ങള്‍...

മൂന്ന്‌
നന്ദിയുണ്ട്‌...
മറക്കണമെന്ന്‌ പറയാതിരുന്നതിന്‌...
വെറുക്കുന്നുവെന്ന്‌ പറയാത്തതിന്‌...
കത്തിയാളിയ തൂലികയുടെ
കെട്ടുപോയ അഗ്രത്തിലിനി

വാക്കുകളുടെ മനോഹാരിതയില്ല...
ചിന്തകളുടെ തടവറയില്‍
വിഹ്വലതകളുടെ
സമ്മേളനങ്ങളില്ല...
ഏകാന്തതയുടെ തന്ത്രികളില്‍
ശൂന്യതയെന്നെഴുതിയിട്ട്‌
പാടാന്‍ മറന്നുപോയ
വയലിനോട്‌
നിര്‍വികാരികമായി
പറയേണ്ടി വരുന്നു...
ചൊരിഞ്ഞിട്ട സംഗീതത്തോടുള്ള
കൃതജ്ഞത...

Sunday, March 02, 2008

കത്ത്‌

മൂര്‍ദ്ധാവില്‍ ചുംബിക്കാതെ
ഒരു വാക്ക്‌ പോലും നിനക്കായി
കോറിയിട്ടിരുന്നില്ല...

ഉരുകി തീര്‍ന്ന മനസിനെ
നിര്‍വൃതിയുടെ
ജാലകത്തിലൂടെ
നഖം കൊണ്ട്‌ പുറത്തേക്കെറിഞ്ഞിട്ടെ
വര്‍ണങ്ങള്‍ നിറഞ്ഞ
കത്തില്‍ ഞാന്‍
പശ തേക്കുമായിരുന്നുള്ളു...

ഒട്ടും മുമ്പ്‌
ഒരു പിടി നിശ്വാസങ്ങള്‍
അതിലൊളിപ്പിച്ചിട്ടെ
ഇരുട്ടിന്റെ
തടവറയിലേക്ക്‌
പറത്തി വിടുമായിരുന്നുള്ളു...

എന്റെ നാടിന്റെ
പേര്‌ പതിയുമ്പോഴാവും
ആദ്യമായി വാക്കുകള്‍ക്ക്‌
വേദനിച്ചിട്ടുണ്ടാവുക...
നിന്റെ പേര്‌ വായിക്കുമ്പോഴാവും
ആദ്യമായി അക്ഷരങ്ങള്‍
വിലപിച്ചിട്ടുണ്ടാവുക...
സ്വകാര്യതകളില്‍
വേട്ടപക്ഷിയായി വരുന്ന
നീയുമായി
ഒരു മുഖാമുഖത്തിനൊരുങ്ങും
മുമ്പുള്ള
വിളര്‍ത്ത ഭയമാവും അവക്ക്‌...
അല്ലെങ്കില്‍...
നൊമ്പരമോ ദേഷ്യമോ
നിന്നില്‍ നിന്നടരുകയെന്നുള്ള
ആശങ്കയാവാം...

രക്തം തേച്ച്‌ പിടിപ്പിച്ച
പെട്ടിയില്‍ നിന്ന്‌...
വെളിച്ചത്തിന്റെ
അധിനിവേശത്തിലേക്ക്‌
എടുത്തെറിയപ്പെട്ടതിന്റെ
ആഘോഷമാണ്‌
നിന്റെ ശബ്ദം
എനിക്ക്‌ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്‌...

മരണമില്ലാത്ത
വാക്കുകള്‍...
നമ്മുടെ പ്രണയകൂടീരത്തില്‍
കവിതയായി കോറിയിടാന്‍....
ഇനിയും വരാതിരിക്കാനാവില്ല...
എന്റെ സ്വപ്നങ്ങള്‍ക്ക്‌....

Saturday, February 16, 2008

തിരുത്തുകള്‍...

ചിരിക്കുക
എന്നാല്‍ ഒരു പരിവര്‍ത്തനമാണ്‌...
ചോദ്യങ്ങളെ
മറച്ചുപിടിക്കാന്‍
പേശികള്‍ കാട്ടുന്ന കുസൃതി...
നൊമ്പരം
കുമിഞ്ഞു ചാടും മുമ്പുള്ള
ചുണ്ടുകളുടെ ചെറുത്ത്‌ നില്‍പ്പ്‌..
മൂല്യമില്ലാത്തൊരു
വാപിളര്‍ത്തല്‍...

തിരിച്ചറിവിന്റെ
കൈമാറ്റങ്ങളിലെവിടെയോ
ഹൃദയം പറന്നുപോകുമ്പോഴാവും
അത്‌ പ്രണയമായിരുന്നുവെന്ന്‌
ബോധ്യമാവുക..

കരയുക
എന്നാല്‍ ഒരു രാസപ്രവര്‍ത്തനമാണ്‌...
ബാഷ്പമായി മിഴികളില്‍
ചേക്കേറുന്ന
നഷ്ടങ്ങളുടെ
കുത്തിയൊഴുക്ക്‌...
ഓര്‍മ്മകളുടെ
ചെരിഞ്ഞ തൂലികയില്‍ നിന്ന്‌
കൃഷ്ണമണികളിലേക്ക്‌
ആഴ്ണ്ടിറങ്ങുന്ന
ചോരയുടെ പേമാരി...
അതുമല്ലെങ്കില്‍
നൈരാശ്യങ്ങളുടെ
എരിതീയിലുരുകിയ
മാംസത്തിന്റെ കൊഴുപ്പ്‌
പോളകളിലൊളിച്ചത്‌...

മുഖത്തെ നനച്ച്‌
നാവുകളുടെ സുഷുപ്തിയിലേക്ക്‌
വഴുതിമാറുമ്പോഴാവും
അത്‌ വിരഹമായിരുന്നുവെന്ന്‌
തിരിച്ചറിയുക...

Tuesday, January 22, 2008

ജ്വാലാമുഖം

തോരാത്ത മിഴിയില്‍
കലങ്ങിയ കൃഷ്ണമണികളില്‍
ചോര പൊടിഞ്ഞ വെള്ളയില്‍
കണ്ണിന്റെ വിപ്ലവം നിലക്കുന്നു...
നനവ്‌ പടര്‍ന്ന പീലിയില്‍
വര്‍ണങ്ങളുടെ സമ്മേളനങ്ങളില്ല...
മുറിവ്‌ വീണ പോളകളില്‍
വേദനയുടെ പോര്‍വിളികളില്ല...
കൊഴിഞ്ഞു തീരുന്നൊരു മരമായി
ശൂന്യമായികൊണ്ടിരിക്കുന്നു...
ഓരോ കാഴ്ചയും...

ചുംബനത്തിന്റെ പാടുള്ള ചുണ്ടുകളില്‍
മുറിഞ്ഞൊഴുകിയ രക്തത്തില്‍
പ്രണയത്തിന്റെ പ്രക്ഷോഭം അവസാനിക്കുന്നു...
രുചി മാഞ്ഞ നാവില്‍
പാതിയടര്‍ന്നു പോയ ദന്തത്തില്‍
വിരഹത്തിന്റെ ശേഷിപ്പുകളില്ല...
ഉണങ്ങാത്ത മുറിവുകള്‍ തീര്‍ത്ത്‌
അലങ്കാരങ്ങളായി മാറുന്നു
ഓരോ വാതിലുകളും..

ശബ്ദങ്ങള്‍ ചോദിച്ചുവാങ്ങിയ ചെവികളില്‍
പാതിയടര്‍ന്ന കര്‍ണ്ണപടങ്ങളില്‍
പ്രതിഷേധത്തിന്റെ പ്രതിധ്വനികള്‍ മടങ്ങുന്നു..
ഒച്ചയുടെ പ്രഹരത്തില്‍
ഇനി അതിഭാവുകത്വത്തിന്റെ നിഴലുകളില്ല...
വളഞ്ഞുതൂങ്ങിയ മാംസത്തില്‍
തുള വീണ പാടുകളില്ല...
മുടികള്‍ മറയ്ക്കും വരെ
സ്വര്‍ണത്തിന്റെ തിളക്കം മാത്രമാവുന്നു...
ഓരോ കേള്‍വിയും...

സമരജ്വാലകളുടെ സുഗന്ധമേറ്റ നാസികയില്‍
വിയര്‍പ്പുമണികളുരുണ്ടു കൂടിയ വികൃതമാംസത്തില്‍
ഉപരോധത്തിന്റെ അന്ത്യവിധി കേള്‍ക്കുന്നു...
ദുര്‍ഗന്ധത്തിന്റെ മനംമടുപ്പില്‍
പ്രസംഗവേദിയിലിനി ആളനക്കങ്ങളില്ല...
ചെരിഞ്ഞ മേല്‍പാലത്തില്‍
അക്ഷരങ്ങളുടെ അടയാളങ്ങളില്ല...
ജീവന്റെ തിടുക്കം മാത്രം ബാക്കിയാക്കുന്നു
ഓരോ ശ്വാസവും...


മുഖത്തെ മുറിവുകളില്‍
ഗര്‍ത്തങ്ങളില്‍
വേദനയുടെ വിരല്‍പാടുകള്‍ തീര്‍ത്താണ്‌
ഓരോ പ്രണയവും മരണത്തിലേക്കടുക്കുന്നത്‌....

Wednesday, January 02, 2008

മിഴികള്‍ പണയം വെച്ചിട്ട്‌ പോയ പെണ്‍കുട്ടിക്ക്‌...

മഴ പെയ്യുന്ന മധ്യാഹ്നത്തില്‍
നീ
പുതുമണ്ണിന്റെ ഗന്ധം നുകരുമ്പോള്‍
നിന്റെ കണ്‍പീലികള്‍ ഞാനെണ്ണുകയായിരുന്നു...
അടര്‍ന്നുവീണ മഴതുള്ളിക്ക്‌
നിന്റെ ഹൃദയത്തിന്റെ തണുപ്പായിരുന്നു...

ചൂടുള്ള ആത്മാവിലേക്ക്‌
മരവിച്ച കാലുമായി നീ വന്നത്‌...
പാദസരം തട്ടി മുറിഞ്ഞത്‌..
ഞരമ്പുകളിലൂടെ ചോര പായാന്‍ തുടങ്ങിയത്‌...
ഒടുവിലൊന്നായി
പുതപ്പിനടിയിലൊളിച്ചത്‌...

ജനുവരിയില്‍
നീ വളര്‍ത്തിയ ജമന്തികളില്‍
വയലറ്റ്‌ പൂവിരിഞ്ഞതും അടര്‍ന്നതുമെത്രവേഗം...
താഴ്‌വരയില്‍ നിന്നും
വിരുന്നെത്തിയ ശീതക്കാറ്റില്‍
മൗനത്തെ സ്നേഹിച്ച്‌
വരാത്ത നിദ്രയെ പഴിച്ച്‌
കാത്തുനിന്നതാര്‍ക്ക്‌ വേണ്ടിയായിരുന്നു...
കൂട്ടുകാരനോടൊത്ത്‌
ഒരു രാത്രി മുഴുവന്‍ മുഖാമുഖമിരുന്ന്‌
പറഞ്ഞു തീര്‍ത്തതെന്തായിരുന്നു...

നീയറിയാതെ പോയ ഹേമന്തം
നിന്റെ വിഹിതം
അന്നും കാത്തുവെച്ചിരുന്നു..
അവിഹിതയാത്രയില്‍
പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ
നിന്റെ സ്വപ്നങ്ങള്‍
അലഞ്ഞുനടന്നെത്തിയത്‌
എന്റെ ഗൃഹത്തില്‍...
നിനക്കായി പണിത മുറിയില്‍...

തിരിച്ചെടുക്കാന്‍ വരാത്തതെന്താണ്‌...
കരഞ്ഞുതീര്‍ന്ന രണ്ടു
മിഴികള്‍
പണയമെടുത്തവന്റെ
മുഖമറിയാതെ പോയതെന്താണ്‌...
പ്രണയത്തിന്റെ
തളര്‍ന്ന മേനിയില്‍
മരണം കൊണ്ടു നീയെഴുതിയിട്ടതെന്താണ്‌
...?