Tuesday, January 22, 2008

ജ്വാലാമുഖം

തോരാത്ത മിഴിയില്‍
കലങ്ങിയ കൃഷ്ണമണികളില്‍
ചോര പൊടിഞ്ഞ വെള്ളയില്‍
കണ്ണിന്റെ വിപ്ലവം നിലക്കുന്നു...
നനവ്‌ പടര്‍ന്ന പീലിയില്‍
വര്‍ണങ്ങളുടെ സമ്മേളനങ്ങളില്ല...
മുറിവ്‌ വീണ പോളകളില്‍
വേദനയുടെ പോര്‍വിളികളില്ല...
കൊഴിഞ്ഞു തീരുന്നൊരു മരമായി
ശൂന്യമായികൊണ്ടിരിക്കുന്നു...
ഓരോ കാഴ്ചയും...

ചുംബനത്തിന്റെ പാടുള്ള ചുണ്ടുകളില്‍
മുറിഞ്ഞൊഴുകിയ രക്തത്തില്‍
പ്രണയത്തിന്റെ പ്രക്ഷോഭം അവസാനിക്കുന്നു...
രുചി മാഞ്ഞ നാവില്‍
പാതിയടര്‍ന്നു പോയ ദന്തത്തില്‍
വിരഹത്തിന്റെ ശേഷിപ്പുകളില്ല...
ഉണങ്ങാത്ത മുറിവുകള്‍ തീര്‍ത്ത്‌
അലങ്കാരങ്ങളായി മാറുന്നു
ഓരോ വാതിലുകളും..

ശബ്ദങ്ങള്‍ ചോദിച്ചുവാങ്ങിയ ചെവികളില്‍
പാതിയടര്‍ന്ന കര്‍ണ്ണപടങ്ങളില്‍
പ്രതിഷേധത്തിന്റെ പ്രതിധ്വനികള്‍ മടങ്ങുന്നു..
ഒച്ചയുടെ പ്രഹരത്തില്‍
ഇനി അതിഭാവുകത്വത്തിന്റെ നിഴലുകളില്ല...
വളഞ്ഞുതൂങ്ങിയ മാംസത്തില്‍
തുള വീണ പാടുകളില്ല...
മുടികള്‍ മറയ്ക്കും വരെ
സ്വര്‍ണത്തിന്റെ തിളക്കം മാത്രമാവുന്നു...
ഓരോ കേള്‍വിയും...

സമരജ്വാലകളുടെ സുഗന്ധമേറ്റ നാസികയില്‍
വിയര്‍പ്പുമണികളുരുണ്ടു കൂടിയ വികൃതമാംസത്തില്‍
ഉപരോധത്തിന്റെ അന്ത്യവിധി കേള്‍ക്കുന്നു...
ദുര്‍ഗന്ധത്തിന്റെ മനംമടുപ്പില്‍
പ്രസംഗവേദിയിലിനി ആളനക്കങ്ങളില്ല...
ചെരിഞ്ഞ മേല്‍പാലത്തില്‍
അക്ഷരങ്ങളുടെ അടയാളങ്ങളില്ല...
ജീവന്റെ തിടുക്കം മാത്രം ബാക്കിയാക്കുന്നു
ഓരോ ശ്വാസവും...


മുഖത്തെ മുറിവുകളില്‍
ഗര്‍ത്തങ്ങളില്‍
വേദനയുടെ വിരല്‍പാടുകള്‍ തീര്‍ത്താണ്‌
ഓരോ പ്രണയവും മരണത്തിലേക്കടുക്കുന്നത്‌....

45 comments:

ദ്രൗപദി said...

തോരാത്ത മിഴിയില്‍
കലങ്ങിയ കൃഷ്ണമണികളില്‍
ചോര പൊടിഞ്ഞ വെള്ളയില്‍
കണ്ണിന്റെ വിപ്ലവം നിലക്കുന്നു...
നനവ്‌ പടര്‍ന്ന പീലിയില്‍
വര്‍ണങ്ങളുടെ സമ്മേളനങ്ങളില്ല...
മുറിവ്‌ വീണ പോളകളില്‍
വേദനയുടെ പോര്‍വിളികളില്ല...
കൊഴിഞ്ഞു തീരുന്നൊരു മരമായി
ശൂന്യമായികൊണ്ടിരിക്കുന്നു...
ഓരോ കാഴ്ചയും...


ആത്മനൊമ്പരങ്ങളുടെ വിപ്ലവകാലത്തേക്ക്‌ ഒരു മടക്കയാത്ര...

'ജ്വാലാമുഖം'

Sharu.... said...

ശക്തമായ പ്രണയം വരച്ചു കാട്ടിയിരിക്കുന്നു....
പ്രണയത്തിനു മരണമുണ്ടോ? എന്റെ ഒരു സംശയം മാത്രം.... നന്നായിരിക്കുന്നു

ദേശാടനകിളി said...

ദ്രൌപതി എന്തു രസമായിട്ടെഴുതിയിരിക്കുന്നു. അസൂയ തോന്നുന്ന എഴുത്ത്. ഞാനൊക്കെ വാലും ചുരുട്ടി ഇന്നുതന്നെ ഓടും

നജൂസ്‌ said...

പ്രണയം എപ്പോഴൊ മരിച്ചിരിക്കുന്നു.

നന്മകള്‍

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

ninne thedi vannathanu njan..peronnu parayumo?
ella nanmayum nerunnu
sunil kodathi

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വേദനയുടെ നേര്‍ത്ത നോവോടെ ബാക്കിപത്രമാകുന്ന പ്രണയം അവശേഷിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കെന്നും
വര്‍ണ്ണപ്പകിട്ടുണ്ടാകും,ക്ഷണികമെങ്കിലും...

ദ്രൌപദി, നല്ല വരികള്‍

കൃഷ്‌ | krish said...

“ചുംബനത്തിന്റെ പാടുള്ള ചുണ്ടുകളില്‍
മുറിഞ്ഞൊഴുകിയ രക്തത്തില്‍
പ്രണയത്തിന്റെ പ്രക്ഷോഭം അവസാനിക്കുന്നു...“ ?

കൂടുതലൊന്നും പറയാനില്ല.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ചുംബനത്തിന്റെ പാടുള്ള ചുണ്ടുകളില്‍
മുറിഞ്ഞൊഴുകിയ രക്തത്തില്‍
പ്രണയത്തിന്റെ പ്രക്ഷോഭം അവസാനിക്കുന്നു...
രുചി മാഞ്ഞ നാവില്‍
പാതിയടര്‍ന്നു പോയ ദന്തത്തില്‍
വിരഹത്തിന്റെ ശേഷിപ്പുകളില്ല...
മാഷെ എന്തിനാ അധികം ഈ വരികള്‍ തന്നെ ധാരാളം..
അത്രയ്കും ഗംഭീരം..
ഹൃദയത്തില്‍ നീലമേഘങ്ങള്‍ നിറഞ്ഞ ആകാശമുള്ളവര്‍...
അറിയാതെ അറിഞ്ഞും അറിഞ്ഞപ്പോള്‍ അറിയാതെയും പോയവരെപ്പോലെ..
നിന്റേയും എന്റേയും ഹൃദയത്തെ കൂട്ടിയിണക്കുന്ന നൂല്പാതയിലൂടെ
സ്നേഹമയമായ ഒരുത്സവം ആര്‍ത്തിരമ്പികടന്നുപോയി..
ഓര്‍മകള്‍ മൂളിപ്പാടുന്ന ഈ വേളയില്‍ സൂര്യനണഞ്ഞ്പോയ കടലില്‍
ഓര്‍മകളുടെ രക്തവിരുന്ന് ഒരു ഏകാകിയുടെ യാത്രയിലൂടെ ഞാനും

സാരംഗി said...

"കൊഴിഞ്ഞു തീരുന്നൊരു മരമായി
ശൂന്യമായികൊണ്ടിരിക്കുന്നു...
ഓരോ കാഴ്ചയും... "

നന്നായിരിക്കുന്നു..ദ്രൗപതീ.

ശെഫി said...

നല്ല കവിത, ഇത്രക്കങ് ദീര്‍ഘിപ്പിക്കണമായിരുന്നോ?

വാല്‍മീകി said...

മുഖത്തെ മുറിവുകളില്‍
ഗര്‍ത്തങ്ങളില്‍
വേദനയുടെ വിരല്‍പാടുകള്‍ തീര്‍ത്താണ്‌
ഓരോ പ്രണയവും മരണത്തിലേക്കടുക്കുന്നത്‌....

നല്ല വരികള്‍. കവിതയ്ക്ക് നീളം കൂടിപ്പോയോ?

കാപ്പിലാന്‍ said...

ഇതെന്താണ് ഞാന്‍ കാണുന്നത്................
പ്രണയത്തിനു ഇത്രയും ശക്തി ഉണ്ടന്ന്
എനിക്കിപ്പഴാണ് മനസിലാകുന്നത്
വളരെ നന്നായി എഴുതിയിരിക്കുന്നു

ശ്രീ said...

“മുഖത്തെ മുറിവുകളില്‍
ഗര്‍ത്തങ്ങളില്‍
വേദനയുടെ വിരല്‍പാടുകള്‍ തീര്‍ത്താണ്‌
ഓരോ പ്രണയവും മരണത്തിലേക്കടുക്കുന്നത്‌...”

നല്ല വരികള്‍‌, ദ്രൌപതീ...

പക്ഷേ പ്രണയത്തെ അനശ്വരമായി കാണുന്നതല്ലേ നല്ലത്?

കാവലാന്‍ said...

"ആത്മനൊമ്പരങ്ങളുടെ വിപ്ലവകാലത്തേക്ക്‌ ഒരു മടക്കയാത്ര..."
ഇതു ഞാന്‍ പറയാന്‍ കരുതിവച്ചതായിരുന്നു.

നന്നായിരിക്കുന്നു എഴുത്തിന്റെ രീതി.
പ്രണയമെന്നത് ഒരേസമയം നീതിയും അനീതിയുമായി തൊന്നുന്നു.

ചന്തു said...

എന്താപ്പം പറയാ....
(ഉണങ്ങാത്ത മുറിവുകള്‍ അലങ്കാരമാവുമ്പോള്‍ ! ...........)

ചന്ദ്രകാന്തം said...

"ജീവന്റെ തിടുക്കം മാത്രം ബാക്കിയാക്കുന്നു
ഓരോ ശ്വാസവും..."

നൂല്പ്പാലത്തിലൂടെയുള്ള ഈ യാത്ര.. വല്ലാത്ത ഒരവസ്ഥയിലെത്തിയ്ക്കുന്നല്ലോ..

മുരളി മേനോന്‍ (Murali Menon) said...

വളരെ ഇഷ്ടമായ് ഈ കവിത.

അതിന്റെ തീവ്രതയില്‍ ഇങ്ങനെ ലയിച്ച് വായിക്കുമ്പോള്‍ മുഴുവന്‍ കവിതയുടെ വികാരത്തില്‍ അല്പം മാറി നിന്നുവെന്ന് തോന്നിയ വരികള്‍
“മുടികള്‍ മറയ്ക്കും വരെ
സ്വര്‍ണത്തിന്റെ തിളക്കം മാത്രമാവുന്നു...
ഓരോ കേള്‍വിയും...“

ഭാവുകങ്ങളോടെ,

അപര്‍ണ്ണ said...

രണ്ടു മൂന്നു വട്ടം ലയിച്ചങ്ങനെ വായിച്ചു. ഓരോ വായനയും ഓരോ അനുഭവം തരുന്നു ദ്രൗപദീ..എത്ര മനോഹരമായി, ശക്തമായി എഴുതിയിരിക്കുന്നു. :)

ഉപാസന | Upasana said...

കൊഴിഞ്ഞു തീരുന്നൊരു മരമായി
ശൂന്യമായികൊണ്ടിരിക്കുന്നു...
ഓരോ കാഴ്ചയും...

ഇഷ്ടമായി
രചന്‍
ശോകമില്ലാത്ത ഒരെണ്ണമെങ്കിലും

:)
ഉപാസന

മഴതുള്ളികിലുക്കം said...

ദ്രൗപദി...

ജ്വാലാമുഖവുമായി
തേടുവതാരേ......
തെളിച്ചമില്ലാത്താ രാവുകളില്‍
തിരിതെളിച്ചൊരാ മുഖം
കാണമറയത്ത്‌ മാഞ്ഞു പോയോ...
ഇന്നലെകളുടെ ഓര്‍മ്മകള്‍
ഉണരുകയാണോ ഇവിടെ

മുഖത്തെ മുറിവുകളില്‍
ഗര്‍ത്തങ്ങളില്‍
വേദനയുടെ വിരല്‍പാടുകള്‍ തീര്‍ത്താണ്‌
ഓരോ പ്രണയവും മരണത്തിലേക്കടുക്കുന്നത്‌....

അഭിനന്ദനങ്ങള്‍...

നന്‍മകള്‍ നേരുന്നു

ഗീതാഗീതികള്‍ said...

ദ്രൌപതീ, ചില ഭാഗങ്ങള്‍ തീരെ മനസ്സിലാകുന്നില്ല. പ്രസംഗവേദിയില്‍ ആളനക്കങ്ങളില്ല....എന്ന ഭാഗങ്ങള്‍.

ഒരു ചെറിയ അക്ഷരത്തെറ്റും വന്നിട്ടുണ്ട്
കര്‍ണ്ണ പുടങ്ങള്‍ എന്നതിനുപകരം, കര്‍ണ പടങ്ങള്‍ എന്നായിപ്പോയിരിക്കുന്നു.

രുദ്ര said...

കുറെ വായിച്ചു.. ഒരു ഒഴുക്കു പോലെ.. ചില വരികള്‍ ഒരുപാടിഷ്ടമായി. ക്വോട്ട് ചെയ്താല്‍ തീരില്ല :) ആശംസകള്‍

ദ്രൗപദി said...

ശാരൂ
ദേശാടനക്കിളി
നജൂസ്‌
സുനില്‍
പ്രിയാ
കൃഷ്‌
സജീ
ശ്രീയേച്ചീ
ശെഫി
വാല്‍മീകി
കാപ്പിലാന്‍
ശ്രീ
കാവാലന്‍
ചന്തു
ചന്ദ്രകാന്തം
മുരളി
അപര്‍ണ്ണ
സുനില്‍
മന്‍സൂ
ഗീതേച്ചീ (ക്ഷമിക്കുക)
രുദ്രേ
അഭിപ്രായത്തിന്‌ നന്ദി

ദീപു said...

വായിച്ചു.നന്ദി.
ഒരഭിപ്രായം മാത്രം.
ഒന്ന് മാറി നിന്ന് ചിന്തിച്ചു കൂടെ?

സ്മൃതിപഥം said...

കവിതകള്‍ നന്നായിട്ടുണ്ട്..........
വീണ്ടും എഴുതുക........
ബ്ലോഗുകളുടേ ലോകത്തില്‍ തുടക്കക്കാരനാണ് ഞാന്‍
സ്വപ്നങ്ങള്‍ കാണാന്‍ വേണ്ടി മാത്രമാണ്...
കത്തിയെരിയുന്ന ഗ്രീഷ്മത്തിനുമപ്പുറം....വരാനിരിക്കുന്ന പൂക്കാലത്തെ കുറിച്ചു........സ്വപ്നം കാണു.....
ആശംസകളോടെ...

K M F said...

നല്ല കവിത

ത്രിഗുണന്‍ said...

ചുംബനത്തിന്റെ പാടുള്ള ചുണ്ടുകളില്‍
മുറിഞ്ഞൊഴുകിയ രക്തത്തില്‍
പ്രണയത്തിന്റെ പ്രക്ഷോഭം അവസാനിക്കുന്നു...
ഇല്ല ഒരിക്കലുമില്ല
ഇനിയുമൊരുപാടു ദൂരം താണ്ടേണ്ടതുണ്ട്
അന്ന് ആരായിരിക്കും പ്രക്ഷോഭം നയിക്കുന്നത്

ഹരിശ്രീ said...

കൊഴിഞ്ഞു തീരുന്നൊരു മരമായി
ശൂന്യമായികൊണ്ടിരിക്കുന്നു...
ഓരോ കാഴ്ചയും...


നല്ല വരികള്‍

ആഗ്നേയ said...

ദ്രൌപദി എത്ര മനോഹരമായെഴുതുന്നു...
അസൂയ തോന്നുന്നു..

RaFeeQ said...

കൊഴിഞ്ഞു തീരുന്നൊരു മരമായി
ശൂന്യമായികൊണ്ടിരിക്കുന്നു...
ഓരോ കാഴ്ചയും..

പ്രണയതിന്റെ നോവു, അപാരം തന്നെ.. :-) നന്നായിരിക്കുന്നു

സപ്ന അനു ബി. ജോര്‍ജ്ജ് said...

ശരിയാണു ദ്രൌപതി, ഓരോ പ്രണയവും വേദനയുടെ കൂരമ്പുകള്‍ സമ്മാനിച്ചിട്ട് മടങ്ങും... പ്രണയം വേദനയാണെന്ന ഒരു മുട്ടാപ്പോക്കു!!!

സതീര്‍ത്ഥ്യന്‍ said...

ഇവിടെയെത്താന്‍ വൈകിപ്പോയി..
മുഖത്തെ മുറിവുകളില്‍
ഗര്‍ത്തങ്ങളില്‍
വേദനയുടെ വിരല്‍പാടുകള്‍ തീര്‍ത്താണ്‌
ഓരോ പ്രണയവും മരണത്തിലേക്കടുക്കുന്നത്‌....
സത്യം... നഗ്ന സത്യം..
പ്രണയവും വിരഹവും വികാരങ്ങളും ദ്യോതിപ്പിക്കുന്ന പഞ്ചേന്ദ്രിയങ്ങളുടെ പ്രണയവിപ്ലവം.. ശക്തമായഭാഷയില്‍ ലളിതമായ് അവതരിച്ചിരിപ്പിക്കുന്നു...
ആ നാസികയെപ്പറ്റിപ്പറയുന്നിടത്ത് ‘കേള്‍ക്കുന്നു‘ എന്ന പ്രയോഗം ഉചിതമാണോ, എന്നൊരു സംശയവും വന്നു.. :-)

ദ്രൗപദി said...

ദീപൂ..
സമൃതിപഥം...
കെ എം എഫ്‌
ത്രിഗുണാ...(പരസ്പരം നഷ്ടപ്പെടുന്നതിനപ്പുറം പ്രണയത്തിന്‌ എന്താണ്‌ താണ്ടാനുള്ളത്‌...? എനിക്കറിയില്ല..തോറ്റുപോവുന്നു ചിലപ്പോഴെല്ലാം സ്വന്തം ചിന്തകള്‍ക്ക്‌ മുമ്പില്‍...)
ഹരിശ്രീ
ആഗ്നേ..
റഫീഖ്‌
സ്വപ്നേച്ചീ
സതീര്‍ത്ഥ്യാ...(കേള്‍ക്കുന്നു എന്ന പ്രയോഗത്തില്‍ വന്ന തെറ്റ്‌ തിരുത്താം...എന്നും നന്മകള്‍ നേരുന്നു..)
അഭിപ്രായങ്ങള്‍ക്ക്‌ ഒരുപാട്‌ നന്ദി...

പോങ്ങുമ്മൂടന്‍ said...

സമരജ്വാലകളുടെ സുഗന്ധമേറ്റ നാസികയില്‍
വിയര്‍പ്പുമണികളുരുണ്ടു കൂടിയ വികൃതമാംസത്തില്‍
ഉപരോധത്തിന്റെ അന്ത്യവിധി കേള്‍ക്കുന്നു...
ദുര്‍ഗന്ധത്തിന്റെ മനംമടുപ്പില്‍
പ്രസംഗവേദിയിലിനി ആളനക്കങ്ങളില്ല...
ചെരിഞ്ഞ മേല്‍പാലത്തില്‍
അക്ഷരങ്ങളുടെ അടയാളങ്ങളില്ല...
ജീവന്റെ തിടുക്കം മാത്രം ബാക്കിയാക്കുന്നു
ഓരോ ശ്വാസവും...

ഇത്രക്ക്‌ മനോഹരമായ വരികള്‍ കുറിച്ച താങ്കള്‍ ഞാനെഴുതിയ അത്രക്കൊന്നും കാമ്പില്ലാത്ത ഒരു 'വീഴ്ച'-യെക്കുറിച്ച്‌ ഒരു നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ അത്‌ എന്നെ സന്തോഷിപ്പിച്ചു എന്ന് പറയാതെ വയ്യ. താങ്കളുടെ നല്ല മനസ്സിന്‌ നന്ദി.

താങ്കളുടെ കവിതകള്‍ പലതും എനിക്കിഷ്ടമാണെന്ന് പറഞ്ഞാല്‍ അത്‌ 'പകരത്തിന്‌പകരമായി' പറഞ്ഞതായി കണക്കാക്കരുത്‌. ശരിക്കും ഇഷ്ടമായെന്ന് പറയാന്‍ എനിക്ക്‌ മടിയില്ല. വളരെ നല്ലത്‌.

എല്ലാ ഭാവുകങ്ങളും.

തല്ലുകൊള്ളി said...

മുഖത്തെ മുറിവുകളില്‍
ഗര്‍ത്തങ്ങളില്‍
വേദനയുടെ വിരല്‍പാടുകള്‍ തീര്‍ത്താണ്‌
ഓരോ പ്രണയവും മരണത്തിലേക്കടുക്കുന്നത്‌....

തീവ്രമായ വാക്കുകള്‍. നീറുന്ന ഹൃദയത്തിന്റെ സൃഷ്ടിയാണിത്. തീര്‍ച്ച. മരണപ്പെടുന്ന പ്രണയം അവശേഷിപ്പിക്കുന്ന മുറിപ്പാടുകള്‍ അതൊരിക്കലും മായില്ല. ആ‍ അവശേഷിപ്പ് പേറാന്‍ വിധിക്കപ്പേട്ടവന്(വള്‍ക്ക്)മാത്രം മനസിലാകുന്ന വേദന, നീറ്റല്‍.

ഹരിയണ്ണന്‍@Hariyannan said...

“മുഖത്തെ മുറിവുകളില്‍
ഗര്‍ത്തങ്ങളില്‍
വേദനയുടെ വിരല്‍പാടുകള്‍ തീര്‍ത്താണ്‌
ഓരോ പ്രണയവും മരണത്തിലേക്കടുക്കുന്നത്‌....“
സത്യം...മനോഹരമായിരിക്കുന്നു;വരികള്‍!!

കാലമാടന്‍ said...

കൊള്ളാം, സഖാവേ...
------------------------------------------------
(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htm

ഷെരീഖ് വെളളറക്കാട് said...

താങ്കളുടെ ഈ പേജിലുള്ള കവിതകള്‍ വായിച്ചു. വെറുതെ വാക്കുകള്‍ കെണ്ട്‌ കസര്‍ത്തുകണിക്കുന്ന ( ഞാനടക്കം) ബ്ലോഗ്‌ രചനകള്‍ക്കിടക്ക്‌ വല്ലപ്പോഴും കൂട്ടം തെറ്റി വന്നു വീഴുന്ന കമാന്റുകളില്‍ നിന്നും ചില ജീവന്റെ തുടിപ്പുള്ള ഇത്തരം രചനകളില്‍ എത്തറുള്ളു ഇതൊക്കെ തന്നെയാണ്‌ ഇവിടെ പിടിച്ച്‌ നിറുത്തുന്നതും, എന്നെ വല്ലാതെ സ്പര്‍ശിച്ച ഒരു കവിതക്ക്‌ (ഉടുപ്പ്‌) ഞാന്‍ കമാന്റിട്ടുണ്ട്‌. വീണ്ടും കവിതകളെ സ്നേഹിക്കുന്ന ദ്രൗപദിയെ നല്ല കവിതകളുമായി കണ്ടുമുട്ടാന്‍ ഇടവരട്ടെ എന്നാശംസിക്കുന്നു

നിലാവര്‍ നിസ said...

സങ്കടാ‍വണൂ..

ദ്രൗപദി said...

പൊങ്ങുംമ്മാടാ..(എഴുത്ത്‌ തുടരുക..മനസിലേ ഓര്‍മ്മകള്‍ക്ക്‌ കാഠിന്യമേറുമ്പോള്‍ അതിന്‌ കത്തിജ്വലിക്കാതിരിക്കാനാവില്ല....)

തല്ലുകൊള്ളി (ഗോദാര്‍ദിന്റെ വാക്കുകളാണ്‌ ഓര്‍മ്മ വരുന്നത്‌..പരസ്പര സ്നേഹം അസാധ്യമാണ്‌..രണ്ടിലൊരാള്‍ പറ്റിക്കുമെന്ന്‌ തീര്‍ച്ച...
നഷ്ടപ്രണയത്തെ നെഞ്ചിലേറ്റുന്ന ഒരാളി തോന്നി ഈ എളിയ വരികള്‍ വായിച്ചപ്പോള്‍...
പ്രണയം പകയായി പരിണമിക്കുന്ന കാലം വിദൂരമല്ലാത്തതിനാല്‍ സ്നേഹിക്കപ്പെടണ്ടയാളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസില്‍ നിന്നകറ്റി കൊണ്ടിരിക്കുക.....)

ഹരിയണ്ണാ..
കാലമാടാ (വായിക്കാം..)

ഷെറീഫ്‌ (ഉടുപ്പിനിട്ട കമന്റ്‌ വായിച്ചു...ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട്‌ നന്ദി..)
നിലാവേ..

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

ഹരിയണ്ണന്‍@Hariyannan said...

ദ്രൌപദീ..

കമന്റില്‍..
“ഹരിയണ്ണാ..
കാലമാടാ (വായിക്കാം..)“എന്നെഴുതിയില്ലേ?!
ആ രണ്ടുപേരും ഇത്ര അടുപ്പിച്ചെഴുതണ്ടായിരുന്നു!!:)
കാലമാടാ പൊറുക്കണേ:)

പുതിയൊരു പോസുണ്ട് മരുന്നില്‍; നോക്കണേ!!

തല്ലുകൊള്ളി said...

തീക്ഷ്ണമായ അനുഭവങ്ങളാണ് ദ്രൌപതിയുടെ ഭാഷ. തീക്ഷ്ണമായ വേദനയാണ് താങ്കളുടെ വരികള്‍. വായിക്കുന്നവന്റെ മനസില്‍ ഒരു നീറ്റലായി തങ്ങി നില്‍ക്കുന്ന വാക്കുകള്‍. സമാനമായ അനുഭവംങ്ങളിലൂടെ കടന്നു വന്നതോണ്ടാകാം അല്ലെങ്കില്‍ ഞാന്‍ പറയാനാഗ്രഹിച്ചത് എഴുതുന്നതിനാലാകാം തങ്കളുടെ വരികള്‍ എന്നെ വല്ലതെ നൊമ്പരപ്പെടുത്തുന്നത്. ദ്രൌപതിയുടെ കവിതകള്‍ എല്ലാം വായിച്ചു. എല്ലാം നഷടപ്പെട്ടവന്റെ(അങ്ങിനെ തന്നെ ഞാന്‍ വിശ്വസിക്കുന്നു!) വേദന മുറ്റി നില്‍ക്കുന്നവ. (അങ്ങിനെ തന്നെ ഞാന്‍ വിശ്വസിക്കുന്നു!) എന്നതു കൊണ്ട് ഉദ്ദെശിച്ചത് മറ്റൊന്നുമല്ല ദ്രൌപതി എന്ന പെരില്‍ മാത്രമാണ് സ്ത്രീത്വം എന്നാണ്. താങ്കളുടെ വരികളില്‍ മുറ്റി നില്‍ക്കുന്ന വെദന ഒരു സ്ത്രീയുടേതല്ല. അങ്ങിനെ തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഇതിലെന്തിരിക്കുന്നു എന്ന് ചോദിക്കം. പക്ഷേ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൌതുകമാകാം അങ്ങിനെ ചിന്തിക്കുന്നതിനു പിന്നില്‍.

പണ്ട് മാധ്യമ പ്രവര്‍ത്തനം പഠിക്കാനിറങ്ങി തിരിച്ച കാലത്ത് ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏറ്റവും വലിയ തര്‍ക്ക വിഷയം ഇതുപോലൊരു എഴുത്തുകാര‍നെ(കാരിയെ) ചൊല്ലിയായിരുന്നു. മാധ്യമം ആഴ്ചപ്പതിപ്പില്‍ രാഷ്ട്രീയ ലേഖനങ്ങളെഴുതുന്ന ഒരു കെ.രാജേശ്വരിയുണ്ട്. പുള്ളിയുടെ സ്ത്രീത്വമായിരുന്നു വിഷയം. പുള്ളീയുടെ ഭാഷ ഒരിക്കലും ഒരു സ്ത്രീയുടെതല്ല എന്ന് ഒരു പക്ഷം. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് അങ്ങിനെ പാടില്ലെന്ന് മറുപക്ഷം. തര്‍ക്കം അവസാനിച്ചത് ഇന്ത്യാവിഷനില്‍ ന്യൂസ് നൈറ്റില്‍ പുള്ളി യത്ഥാര്‍ഥനാമത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു.

ഇവിടെ എന്തായാലും അത്തരത്തിലെരു തര്‍ക്കത്തിലേക്ക് കടക്കാനൊന്നുമല്ല. വെറുമൊരു കൌതുകം മാത്രം. താങ്കളുടെ സ്വകാര്യതയ്ക്ക് കോട്ടം വരുത്താനുള്ള ശ്രമമാണ് എന്റെത് എന്നു തോന്നിയെങ്കില്‍ ക്ഷമിക്കുക. jayanep@gmail.com

jithan said...

ദ്രൗപദി.....
പ്രണയം എന്നും വേദന മാത്രം നല്‍കുന്നതെന്താണു പ്രിയസുഹൃത്തേ......
‘സ്മൃതികള്‍ അന്യംനിന്നെങ്കില്‍‘ എന്നു തോന്നിപ്പോകുന്നതു പ്രണയം നഷ്ടപ്പെടുംബോഴാണ്....
മനസ്സിലാകുന്നു, താങ്കളുടെ കവിതകള്‍ മനസ്സിണ്ടെ നേര്‍ച്ചേദം ആണെന്ന്....മനസ്സിന്ടെ കണ്ണീര്‍മഴ കവിതകളിലൂടെ പെയ്തൊഴിയട്ടെ.......
കവിത വായിച്ചുതീര്‍ന്നപ്പോള്‍ താങ്കളുടെ വേദന ഏറ്റെടുക്കാനായെങ്കില്‍ എന്നു തോന്നിപ്പോയി....
കവിത നന്നായിരിക്കുന്നു....കുത്തിനോവിക്കുന്ന വരികള്‍....

vinay bhaskar said...
This comment has been removed by the author.
vinay bhaskar said...

hai dear.,,,,,,,,,,, oduvil etho theeram thedi ee njanum,,,,, nee poya vazhikalil, vakkukalil,, veruthe chumma ,,,,,,,,oru mounam,,,,,,