Tuesday, July 10, 2007

പള്ളിക്കൂടം

ഒന്ന്‌

നിന്റെ
പുസ്തകതാളില്‍
‍പ്രണയത്തിന്റെ ആദ്യാക്ഷരം കുറിച്ചിട്ടത്‌...

സ്നിഗ്ധമായ
ഒരറിവ്‌ആലേഖനം ചെയ്ത നോട്ടുബുക്കില്‍
അതമര്‍ന്ന്‌ കിടന്നത്‌...

സൂത്രവാക്യങ്ങള്‍
‍സ്വപ്നങ്ങളെ വഴിതെറ്റിക്കുമെന്ന്‌
രസതന്ത്രം
അധ്യാപികയുടെ കുമ്പസാരം കേട്ട്‌ ചിരിച്ചത്‌...

പനിനീര്‍പ്പൂവിന്റെ രാസനാമം ചോദിച്ചത്‌
യൗവനതൃഷ്ണയിലും
റഫര്‍ ചെയ്യണമെന്ന്‌ പറഞ്ഞവര്‍ നടന്നത്‌...

ഫ്ലാറ്റിലൊരു പൂന്തോട്ടമായിരുന്നു
നഗരത്തിലെ ശിഷ്ടസ്വപ്നം...
അതില്‍ അവന്റെ ചുണ്ടുകളുടെ നിറമുള്ള പൂക്കളും...

ലാബിലെ ഏകാന്തതയില്‍
‍സള്‍ഫറും ഫോസ്ഫറസും
നൈട്രജനും കൂട്ടിക്കലടര്‍ത്തി...
പുതിയ സൂത്രവാക്യങ്ങള്‍ തേടി
പരാജിതയായി...

രണ്ട്‌
തുല്യമായി വീതിക്കണമെന്നാശിച്ച്‌
നല്‍കിയ പൂക്കളിലൊന്നിലും
വാതകത്തിന്റെ ഗന്ധമുണ്ടായിരുന്നില്ല...

''LOVE''
മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത
പുതിയൊരു സൂത്രവാക്യമായി
കറുത്ത ബോര്‍ഡില്‍ കിടന്ന്‌ പിടഞ്ഞു...

ഇതളുകളടര്‍ത്തി
താളുകളിലിട്ട്‌
സമയപ്രതീകത്തിന്‌ കാതോര്‍ത്തു...

മൂന്ന്‌
തിരുത്തുണ്ടായിരുന്നു...
വെളുത്ത അക്ഷരങ്ങള്‍ കൊണ്ടവര്‍ വീണ്ടും എഴുതി
''TEARS''
ഓക്സിജന്‍ പോലുമില്ലാത്തൊരു
സൂത്രവാക്യംകണ്ടപ്പോള്‍...
ഉണങ്ങിതുടങ്ങിയ ഇതളുകള്‍വലിച്ചെറിയേണ്ടി വന്നു...

Wednesday, July 04, 2007

വൈക്കം മുഹമ്മദ്‌ ബഷീര്‍-ഫാബിയുടെ ഓര്‍മ്മകള്‍


വേദനകളെല്ലാം അനുഭവിച്ചുകഴിഞ്ഞു ഇനിയെനിക്ക്‌ സ്വര്‍ഗം- മരണത്തിന്‌ മുമ്പുളള അദ്ദേഹത്തിന്റെ വാക്കുകള്‍. പതിറ്റാണ്ടുകളുടെ അനുഭവങ്ങളത്രയും സാഹിത്യലോകത്തിന്‌ സമ്മാനിച്ച്‌ നടന്നുമറഞ്ഞ മലയാളത്തിന്റെ സ്വന്തം വൈക്കം മുഹമ്മദ്‌ ബഷീര്‍ ഓര്‍മകളായായിട്ട്‌ പതിമൂന്ന്‌ വര്‍ഷം പൂര്‍ത്തിയാവുന്നു. ജീവിതയാഥാര്‍ഥ്യങ്ങള്‍ കൊണ്ട്‌ തനതായ സാഹിത്യശൈലി തീര്‍ത്ത എഴുത്തുകാരന്‍. ബേപ്പൂരിലെ വൈലാലില്‍ മാങ്കോസ്റ്റിന്‍ മരത്തിന്റെ ശിഖരങ്ങള്‍ പോലും ആ ഓര്‍മക്കു മുമ്പില്‍ നമിക്കുകയാണ്‌. ലളിതജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ശിഷ്ടജീവിതം തള്ളിനീക്കുന്ന ഭാര്യ ഫാബി ബഷീര്‍ ഇപ്പോഴും വൈലാലിലെ ഉമ്മറത്തുണ്ട്‌. "വര്‍ഷം പന്ത്രണ്ടായിട്ടും അദ്ദേഹം പോയീന്ന്‌ തോന്നലില്ല, ഇവിടെയെവിയൊക്കെയോ ഉണ്ട്‌."- അവര്‍ പറയുന്നു.
ബഷീറിനെ കുറിച്ചു പറയുമ്പോള്‍ അവര്‍ക്ക്‌ മുന്നില്‍ നിശബ്ദതയില്ല.ഏതോ ഒരു സാഹിത്യസമിതിയുടെ ആഭിമുഖ്യത്തില്‍ ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്‌ എന്ന നോവല്‍ നാടകമാക്കുന്നതുമായി ബന്ധപ്പെട്ട്‌ ബഷീറും സുഹൃത്തുക്കളും കോഴിക്കോട്ടെത്തിയ സമയത്താണ്‌ അദ്ദേഹത്തിന്റെ കല്യാണാലോചന വന്നത്‌. ബഷീറിന്റെ ഉമ്മ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന കാലം. എം ടി, തിക്കോടിയന്‍, ഉറൂബ്‌, എം വി ദേവന്‍ തുടങ്ങിയ പ്രഗത്ഭരായ സാഹിത്യാകാരന്മാരായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാര്‍.വല്ല്യാപ്പ മൊല്ലാക്കയായിരുന്നതിനാല്‍ ആചാരങ്ങള്‍ക്കനുസരിച്ചുള്ള ജീവിതമായിരുന്നു. പെണ്‍കുട്ടികളെ പഠിക്കാന്‍ വിടുന്നത്‌ പോലും തെറ്റാണെന്ന്‌ വിചാരിച്ചിരുന്ന കാലമായതിനാല്‍ തിരൂരായിരുന്നു പഠനം. പിന്നീട്‌ നാട്ടിലെത്തിയപ്പോള്‍ വീടിനടുത്തെ എല്‍ പി സ്കൂളിള്‍ അധ്യാപികയുടെ ഒരൊഴിവുണ്ടെന്നറിഞ്ഞു. അവിടെ നിന്നും യാദൃച്ഛികമായാണ്‌ സ്നേഹിതമാര്‍ക്കൊപ്പം ഒരു ഫോട്ടോയെടുത്തത്‌. അത്‌ സ്റ്റുഡിയോയില്‍ വെച്ചു കണ്ട ബാപ്പയുടെ സുഹൃത്ത്‌ എം അബ്ദുറഹ്മാന്‍ അതുമായി സാഹിത്യസമിതിയിലെത്തുകയും വിവാഹാലോചനയുടെ ഭാഗമായി ബഷീറിനെ കാണിക്കുകയും ചെയ്തു. രണ്ടു കാഫറിടങ്ങടെ എടേല്‌ ഒരു മസ്ലിംകുട്ടി അദ്ദേഹം പടം കണ്ട്‌ പറഞ്ഞതിങ്ങനെയാണ്‌.
കോഴിക്കോട്ട്‌ നിന്ന്‌ കല്യാണം കഴിച്ചാല്‍ അവരോടൊപ്പം ഉണ്ടാകുമെന്ന്‌ നിനച്ചിട്ടാവാം തിക്കോടിയനാണ്‌ അദ്ദേഹത്തെ വല്ലാതെ നിര്‍ബന്ധിച്ചത്‌. അബ്ദുറഹ്മാന്‍ സാഹിബ്‌ വിളിച്ചു ചോദിച്ചതിന്നും ഓര്‍മയുണ്ട്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വിവാഹാലോചന വന്നപ്പോള്‍ വല്ലാതെ അത്ഭുതപ്പെട്ടു. അദ്ദേഹം മരിച്ചില്ലേ? അങ്ങനെയാണ്‌ ആദ്യം ചോദിച്ചത്‌. ഓര്‍മ വെച്ച കാലം മുതല്‍ അദ്ദേഹത്തിന്റ നോവലുകള്‍ വായിക്കുന്നതുകൊണ്ടാവാം പ്രായമായ ആളാണെന്നാ വിചാരിച്ചത്‌. ഫാബി ബഷീര്‍ പറഞ്ഞു.പിന്നീട്‌ വോറൊരു വീട്ടില്‍ വെച്ചാണ്‌ ബഷീറിനെ ആദ്യമായി കാണുന്നത്‌. വിളിപ്പിച്ചത്‌ പ്രകാരം ബാപ്പയോടൊപ്പം പോയി. പ്രായം ഇത്തിരി അധികാണ്‌, എല്ലാത്തിലും യോജിച്ച്‌ പോകാന്‍ പറ്റുമെങ്കില്‍ വിവാഹം കഴിക്കാം. ആദ്യത്തെ ചോദ്യം. പേടിച്ച്‌ വിരണ്ട്‌ വെപ്രാളത്തോടെ നിന്നു. നിശബ്ദതക്ക്‌ വിരാമമിട്ട്‌ അദ്ദേഹം എം വി ദേവനെ വിളിച്ചു. ഞങ്ങടെ ഒരു പടം വരക്കാന്‍ പറഞ്ഞു. വിവാഹത്തിന്‌ മുമ്പ്‌ ബഷീര്‍ കൂട്ടുകാരനെ കൊണ്ട്‌ വരപ്പിച്ച ആ ചിത്രത്തിന്‌ മുന്നില്‍ നിന്ന്‌ ഫാബി ഓര്‍ക്കുന്നു.
ആദ്യമായി കണ്ട ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്‌ അബ്ദുറഹ്മാനേ, ഇതൊരു ഗോള്‍ഡന്‍ ഗേളാണല്ലോ! അതു പറയുമ്പോള്‍ അവര്‍ക്ക്‌ ചിരി വന്നു.1958 ഡിസംബര്‍ 18ന്‌ വിവാഹം. പിന്നീട്‌ 40 വര്‍ഷം അദ്ദേഹത്തോടൊത്തുള്ള ജീവിതം. വൈലാലില്‍ താമസിക്കാന്‍ അദ്ദേഹത്തിന്‌ വല്ലാത്ത ഇഷ്ടമായിരുന്നു. എപ്പോഴും വാതില്‍ അടച്ചിടാന്‍ പറയും. എന്തിനെന്ന്‌ ചോദിക്കുമ്പോള്‍ ഭവിഷത്തുണ്ടാകുമ്പോഴെന്നറിയാന്നു മറുപടി. അങ്ങനെയൊരു ദിവസമാണ്‌ മരുന്ന്‌ വെക്കുന്ന അലമാരയില്‍ പാമ്പ്‌ കയറിയത്‌. ഭൂമിയുടെ അവകാശികള്‍ എന്ന അദ്ദേഹത്തിന്റെ രചനയുടെ ഉത്ഭവം അങ്ങനെയാണ്‌. എഴുതാന്‍ തോന്നുമ്പോള്‍ കുറെ നേരം ചിന്തിച്ചിരിക്കും. എഴുതുമ്പോള്‍ ആരെങ്കിലുമൊക്കെ കാണാന്‍ വരും. പക്ഷേ ഒട്ടും വിദ്വേഷം കാണിക്കില്ല. എഴുതിതീരുമ്പോള്‍ വായിച്ചു കേള്‍പ്പിക്കും. രണ്ടുപേര്‍ക്ക്‌ എപ്പോഴും അധികം ഭക്ഷണം വെക്കണമെന്ന്‌ എപ്പോഴും പറയുമായിരുന്നു. മരുന്നും മറ്റും വാങ്ങാനായി പുറത്തുപോയി വന്നാല്‍ പടിക്കല്‍ വെച്ച്‌ തന്നെ എടിയേ...ന്ന്‌ വിളിക്കും. പിന്നെ പോയി കൂട്ടികൊണ്ടു വരണം. രാവിലെ ഒറ്റമുണ്ടും ധരിച്ച്‌ മാങ്കോസ്റ്റിന്‍ മരത്തിന്‌ ചുവട്ടില്‍ പോയിരിക്കും മഴ പെയ്താലാണ്‌ തിരിച്ചുവരുക. അവര്‍ പറഞ്ഞു.ഇടക്ക്‌ അദ്ദേഹത്തിന്റെ തറവാടായ തലയോലപറമ്പില്‍ പോകാറുണ്ട്‌. എല്ലാവരെയും കണ്ട്‌ തിരിച്ചുവരും. പകല്‍ സമയം മക്കളുടെ കുട്ടികളോടൊപ്പം തമാശയും കളികളും പിന്നെ അദ്ദേഹത്തിന്റെ ഓര്‍മ്മകളും. 70ാ‍ം വയസില്‍ ഫാബി പറയുന്നു.