Wednesday, July 04, 2007

വൈക്കം മുഹമ്മദ്‌ ബഷീര്‍-ഫാബിയുടെ ഓര്‍മ്മകള്‍


വേദനകളെല്ലാം അനുഭവിച്ചുകഴിഞ്ഞു ഇനിയെനിക്ക്‌ സ്വര്‍ഗം- മരണത്തിന്‌ മുമ്പുളള അദ്ദേഹത്തിന്റെ വാക്കുകള്‍. പതിറ്റാണ്ടുകളുടെ അനുഭവങ്ങളത്രയും സാഹിത്യലോകത്തിന്‌ സമ്മാനിച്ച്‌ നടന്നുമറഞ്ഞ മലയാളത്തിന്റെ സ്വന്തം വൈക്കം മുഹമ്മദ്‌ ബഷീര്‍ ഓര്‍മകളായായിട്ട്‌ പതിമൂന്ന്‌ വര്‍ഷം പൂര്‍ത്തിയാവുന്നു. ജീവിതയാഥാര്‍ഥ്യങ്ങള്‍ കൊണ്ട്‌ തനതായ സാഹിത്യശൈലി തീര്‍ത്ത എഴുത്തുകാരന്‍. ബേപ്പൂരിലെ വൈലാലില്‍ മാങ്കോസ്റ്റിന്‍ മരത്തിന്റെ ശിഖരങ്ങള്‍ പോലും ആ ഓര്‍മക്കു മുമ്പില്‍ നമിക്കുകയാണ്‌. ലളിതജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ശിഷ്ടജീവിതം തള്ളിനീക്കുന്ന ഭാര്യ ഫാബി ബഷീര്‍ ഇപ്പോഴും വൈലാലിലെ ഉമ്മറത്തുണ്ട്‌. "വര്‍ഷം പന്ത്രണ്ടായിട്ടും അദ്ദേഹം പോയീന്ന്‌ തോന്നലില്ല, ഇവിടെയെവിയൊക്കെയോ ഉണ്ട്‌."- അവര്‍ പറയുന്നു.
ബഷീറിനെ കുറിച്ചു പറയുമ്പോള്‍ അവര്‍ക്ക്‌ മുന്നില്‍ നിശബ്ദതയില്ല.ഏതോ ഒരു സാഹിത്യസമിതിയുടെ ആഭിമുഖ്യത്തില്‍ ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്‌ എന്ന നോവല്‍ നാടകമാക്കുന്നതുമായി ബന്ധപ്പെട്ട്‌ ബഷീറും സുഹൃത്തുക്കളും കോഴിക്കോട്ടെത്തിയ സമയത്താണ്‌ അദ്ദേഹത്തിന്റെ കല്യാണാലോചന വന്നത്‌. ബഷീറിന്റെ ഉമ്മ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന കാലം. എം ടി, തിക്കോടിയന്‍, ഉറൂബ്‌, എം വി ദേവന്‍ തുടങ്ങിയ പ്രഗത്ഭരായ സാഹിത്യാകാരന്മാരായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാര്‍.വല്ല്യാപ്പ മൊല്ലാക്കയായിരുന്നതിനാല്‍ ആചാരങ്ങള്‍ക്കനുസരിച്ചുള്ള ജീവിതമായിരുന്നു. പെണ്‍കുട്ടികളെ പഠിക്കാന്‍ വിടുന്നത്‌ പോലും തെറ്റാണെന്ന്‌ വിചാരിച്ചിരുന്ന കാലമായതിനാല്‍ തിരൂരായിരുന്നു പഠനം. പിന്നീട്‌ നാട്ടിലെത്തിയപ്പോള്‍ വീടിനടുത്തെ എല്‍ പി സ്കൂളിള്‍ അധ്യാപികയുടെ ഒരൊഴിവുണ്ടെന്നറിഞ്ഞു. അവിടെ നിന്നും യാദൃച്ഛികമായാണ്‌ സ്നേഹിതമാര്‍ക്കൊപ്പം ഒരു ഫോട്ടോയെടുത്തത്‌. അത്‌ സ്റ്റുഡിയോയില്‍ വെച്ചു കണ്ട ബാപ്പയുടെ സുഹൃത്ത്‌ എം അബ്ദുറഹ്മാന്‍ അതുമായി സാഹിത്യസമിതിയിലെത്തുകയും വിവാഹാലോചനയുടെ ഭാഗമായി ബഷീറിനെ കാണിക്കുകയും ചെയ്തു. രണ്ടു കാഫറിടങ്ങടെ എടേല്‌ ഒരു മസ്ലിംകുട്ടി അദ്ദേഹം പടം കണ്ട്‌ പറഞ്ഞതിങ്ങനെയാണ്‌.
കോഴിക്കോട്ട്‌ നിന്ന്‌ കല്യാണം കഴിച്ചാല്‍ അവരോടൊപ്പം ഉണ്ടാകുമെന്ന്‌ നിനച്ചിട്ടാവാം തിക്കോടിയനാണ്‌ അദ്ദേഹത്തെ വല്ലാതെ നിര്‍ബന്ധിച്ചത്‌. അബ്ദുറഹ്മാന്‍ സാഹിബ്‌ വിളിച്ചു ചോദിച്ചതിന്നും ഓര്‍മയുണ്ട്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വിവാഹാലോചന വന്നപ്പോള്‍ വല്ലാതെ അത്ഭുതപ്പെട്ടു. അദ്ദേഹം മരിച്ചില്ലേ? അങ്ങനെയാണ്‌ ആദ്യം ചോദിച്ചത്‌. ഓര്‍മ വെച്ച കാലം മുതല്‍ അദ്ദേഹത്തിന്റ നോവലുകള്‍ വായിക്കുന്നതുകൊണ്ടാവാം പ്രായമായ ആളാണെന്നാ വിചാരിച്ചത്‌. ഫാബി ബഷീര്‍ പറഞ്ഞു.പിന്നീട്‌ വോറൊരു വീട്ടില്‍ വെച്ചാണ്‌ ബഷീറിനെ ആദ്യമായി കാണുന്നത്‌. വിളിപ്പിച്ചത്‌ പ്രകാരം ബാപ്പയോടൊപ്പം പോയി. പ്രായം ഇത്തിരി അധികാണ്‌, എല്ലാത്തിലും യോജിച്ച്‌ പോകാന്‍ പറ്റുമെങ്കില്‍ വിവാഹം കഴിക്കാം. ആദ്യത്തെ ചോദ്യം. പേടിച്ച്‌ വിരണ്ട്‌ വെപ്രാളത്തോടെ നിന്നു. നിശബ്ദതക്ക്‌ വിരാമമിട്ട്‌ അദ്ദേഹം എം വി ദേവനെ വിളിച്ചു. ഞങ്ങടെ ഒരു പടം വരക്കാന്‍ പറഞ്ഞു. വിവാഹത്തിന്‌ മുമ്പ്‌ ബഷീര്‍ കൂട്ടുകാരനെ കൊണ്ട്‌ വരപ്പിച്ച ആ ചിത്രത്തിന്‌ മുന്നില്‍ നിന്ന്‌ ഫാബി ഓര്‍ക്കുന്നു.
ആദ്യമായി കണ്ട ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്‌ അബ്ദുറഹ്മാനേ, ഇതൊരു ഗോള്‍ഡന്‍ ഗേളാണല്ലോ! അതു പറയുമ്പോള്‍ അവര്‍ക്ക്‌ ചിരി വന്നു.1958 ഡിസംബര്‍ 18ന്‌ വിവാഹം. പിന്നീട്‌ 40 വര്‍ഷം അദ്ദേഹത്തോടൊത്തുള്ള ജീവിതം. വൈലാലില്‍ താമസിക്കാന്‍ അദ്ദേഹത്തിന്‌ വല്ലാത്ത ഇഷ്ടമായിരുന്നു. എപ്പോഴും വാതില്‍ അടച്ചിടാന്‍ പറയും. എന്തിനെന്ന്‌ ചോദിക്കുമ്പോള്‍ ഭവിഷത്തുണ്ടാകുമ്പോഴെന്നറിയാന്നു മറുപടി. അങ്ങനെയൊരു ദിവസമാണ്‌ മരുന്ന്‌ വെക്കുന്ന അലമാരയില്‍ പാമ്പ്‌ കയറിയത്‌. ഭൂമിയുടെ അവകാശികള്‍ എന്ന അദ്ദേഹത്തിന്റെ രചനയുടെ ഉത്ഭവം അങ്ങനെയാണ്‌. എഴുതാന്‍ തോന്നുമ്പോള്‍ കുറെ നേരം ചിന്തിച്ചിരിക്കും. എഴുതുമ്പോള്‍ ആരെങ്കിലുമൊക്കെ കാണാന്‍ വരും. പക്ഷേ ഒട്ടും വിദ്വേഷം കാണിക്കില്ല. എഴുതിതീരുമ്പോള്‍ വായിച്ചു കേള്‍പ്പിക്കും. രണ്ടുപേര്‍ക്ക്‌ എപ്പോഴും അധികം ഭക്ഷണം വെക്കണമെന്ന്‌ എപ്പോഴും പറയുമായിരുന്നു. മരുന്നും മറ്റും വാങ്ങാനായി പുറത്തുപോയി വന്നാല്‍ പടിക്കല്‍ വെച്ച്‌ തന്നെ എടിയേ...ന്ന്‌ വിളിക്കും. പിന്നെ പോയി കൂട്ടികൊണ്ടു വരണം. രാവിലെ ഒറ്റമുണ്ടും ധരിച്ച്‌ മാങ്കോസ്റ്റിന്‍ മരത്തിന്‌ ചുവട്ടില്‍ പോയിരിക്കും മഴ പെയ്താലാണ്‌ തിരിച്ചുവരുക. അവര്‍ പറഞ്ഞു.ഇടക്ക്‌ അദ്ദേഹത്തിന്റെ തറവാടായ തലയോലപറമ്പില്‍ പോകാറുണ്ട്‌. എല്ലാവരെയും കണ്ട്‌ തിരിച്ചുവരും. പകല്‍ സമയം മക്കളുടെ കുട്ടികളോടൊപ്പം തമാശയും കളികളും പിന്നെ അദ്ദേഹത്തിന്റെ ഓര്‍മ്മകളും. 70ാ‍ം വയസില്‍ ഫാബി പറയുന്നു.

22 comments:

ദ്രൗപതി said...

മലയാളസാഹിത്യത്തിലെ ബേപ്പൂര്‍ സുല്‍ത്താന്‍
ഓര്‍മ്മയായിട്ട്‌ ജൂലൈ അഞ്ചിന്‌ പതിമൂന്ന്‌ വര്‍ഷം പൂര്‍ത്തിയാകുന്നു...
ഓര്‍മ്മകളില്‍ ഇന്നും അവിസ്മരണീയമായ
ഒരു അനുഭവമായി കൊണ്ടു നടക്കുന്ന അദ്ദേഹത്തെ കുറിച്ച്‌
ഭാര്യ ഫാബി ബഷീര്‍
അനുഭവങ്ങള്‍ പങ്കിട്ടപ്പോള്‍....

Dinkan-ഡിങ്കന്‍ said...

ഓര്‍മ്മപ്പെടുത്തലിന് നന്ദി.
ബേപ്പൂര്‍ സുല്‍ത്താന്‍ നീണാള്‍ വാഴട്ടെ.

സ്വതസിദ്ധമായ നര്‍മ്മം നിറഞ്ഞ ലളിതമായ എഴുത്തിലൂടെ വലിയവലിയ കാര്യങ്ങള്‍ പറഞ്ഞ സുല്‍ത്താന്‍ മലയാളികളുടെ മന‍സില്‍ മലയാള അക്ഷരങ്ങള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കും. ഒരു സൂഫി വര്യനില്‍ നിന്ന് ഗാര്‍ഹസ്ഥ്യത്തിലേയ്ക്ക് ചേക്കേറിയ അദ്ധേഹത്തിന്റെ ജീവിതത്തിലെ നല്ലവശവും ചീത്തവശവും കണ്ട ഫാ‍ബി ബഷീറിന് മന്‍സികൊണ്ട് വന്ദനം. “റ്റാറ്റാ“യുടെ മധുരവാക്കും കത്തിക്കുത്തും, വലിയചിന്തകളും, മാനസിക വിഭ്രാന്തികളും ഒരുപോലെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഫാബിയ്യ്ക്ക്.

ചെക്കുകളില്‍ മലയാളത്തില്‍ ഒപ്പിട്ട് ദാനവും, ഇംഗ്ലീഷില്‍ ഒപ്പിട്ട് കടവും നല്‍കുന്ന എല്ലാത്തിലും വ്യത്യസ്ഥനായ ബഷീര്‍.

ഭാര്‍ഗവീ നിലയത്തിലൂടെ ഫാന്റസിയും, മാന്ത്രികപ്പൂച്ചയില്‍ മാജിക്കല്‍‌റിയലിസവും, സ്ഥലത്തെ പ്രധാനദിവ്യനിലൂടെ ശുദ്ധഹാസ്യവും നമുക്ക് നല്‍കുന്ന ഒരേ ഒരു ബഷീര്‍

ആനവാരി,പൊന്‍‌കുരിശ്,പോക്കര്‍,സൈനബ, മുത്തപ്പ, കണ്ടന്‍ പറയന്‍...

ഒരിക്കലും മറക്കാനാകാത്ത ഒരു നിര കഥാ പാത്രങ്ങള്‍.
കലാ-സാഹിത്യ-സിനിമാ-രാഷ്ട്രീയ രംഗങ്ങളില്‍ ഒരു പാട് സുഹൃത്തുക്കള്‍.
ശരിക്കും ബഷീര്‍ സുല്‍ത്താന്‍ തന്നെ. മലയാളികളുടെ സുല്‍ത്താന്‍.

ഇത്തിരിവെട്ടം said...

ദ്രൌപതി ഈ ഓര്‍മ്മക്കുറിപ്പിന് നന്ദി.

ദ്രൗപതി said...

ഡിങ്കാ..
ആ ഒരു കമന്റില്‍ നിന്ന്‌ തന്നെ ബഷീറിന്റെ ഒട്ടുമിക്ക ബുക്കും വായിച്ചയാളാണെന്ന്‌ മനസിലായി. വൈകാരികബന്ധങ്ങളെ വ്യാ‍കരണത്തിന്റെ ചട്ടക്കൂടിന്‌ പുറത്ത്‌ നിന്ന്‌ എഴുതിയ എത്ര സാഹിത്യകാരന്മാരുണ്ടാവും മലയാളത്തില്‍...ഇന്ന്‌ അല്‍പം മുമ്പ്‌ അദ്ദേഹത്തിന്റെ വീടായ വൈലാലില്‍
അനുസ്മരണചടങ്ങ്‌ നടന്നുകഴിഞ്ഞു...
എന്നാല്‍ കോഴിക്കോടിനെ ആത്മാവിനോട്‌ ഒട്ടിച്ച്‌വെച്ച ആ എഴുത്തുകാരന്‌ ഒരു സ്മാരകം പണിയാന്‍ പോലും വിസ്മരിച്ചിരിക്കുന്നുവെന്നത്‌ നമുക്ക്‌ അപമാനമാകുന്നു...
അഭിപ്രായത്തിന്‌ നന്ദി...
ഇത്തിരിവെട്ടം...
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി....

പ്രിയംവദ said...

ee ormakurippu nannaayi Droupathi,

orikkalum kantitillathha a mangosteen maram ethra suparichatmaanu namukku..

qw_er_ty

സാല്‍ജോҐsaljo said...

:)

ettukannan | എട്ടുകണ്ണന്‍ said...

ദ്രൗപതി,
ഈ ലേഖനത്തിന്‌ മലയാളബ്ലോഗില്‍ ഒരുപാടു പ്രസക്തിയുണ്ട്‌.. വിരലിലെണ്ണാവുന്ന കവിതകളും കഥകളുമായി ബുദ്ധിജീവികളായി മാറിയ ഒരുപാടുപേര്‍ക്ക്‌, ഒട്ടും തലക്കനമില്ലാതെ, ഒരു സാദാരക്കാരനായി ജീവിച്ച ശ്രീ ബഷീറിന്റെ ജീവിതവും ചര്യകളും ഒരു അറിവാകട്ടെ

good article.

O T : kindly change the body text color, it is very difficult to read..

anuraj said...

Dear friend i started a new cartoon blog ...
pls visit..www.cartoonmal.blogspot.com
Anuraj.k.r
Thejas daily

ഞാന്‍ ഇരിങ്ങല്‍ said...

ദ്രൌപതിയുടെ ബഷീര്‍ അനുസ്മരണം എന്തു കൊണ്ടും കാലോചിതമായി.
മലയാളത്തില്‍ ഒരു സുല്‍ത്താനേ ഉണ്ടായിരുന്നുള്ളൂ.
ദ്രൌപതിയുടെ നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

മുസാഫിര്‍ said...

ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മക്ക് മുന്‍പില്‍ പ്രണാമം.ആനവാരി രാമന്‍ നായരും പൊന്‍‌കുരിശ് തോമായും പ്രിയപ്പെട്ടവര്‍ തന്നെയാണെങ്കിലും ഇടിയും പേമാരിയും ഉള്ള രാത്രിയില്‍ ഗര്‍ഭിണിയായ ഭാര്യക്ക് പൂവന്‍ പഴം വാങ്ങാന്‍ പോയ കഥയാണു ഇപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നത്.

ദ്രൗപതി said...

പ്രിയംവദാ...
അഭിപ്രായത്തിന്‌ അകമഴിഞ്ഞ നന്ദി...
സാല്‍ജോ..
അര്‍ത്ഥം മനസിലായില്ലെങ്കിലും ഈ പുഞ്ചിരിക്ക്‌ നന്ദി...
എട്ടുകണ്ണാ...
ആര്‍ക്കിട്ടൊക്കെയോ കൊട്ടിയതണെന്ന്‌ മനസിലായി..എന്തായാലും ഒരു സാധാരണക്കാരനായി ജീവിച്ച്‌ വേര്‍പിരിച്ച ആ വലിയ എഴുത്തുകാരന്റെ ഓര്‍മ്മകള്‍ എന്നും നമ്മൊടൊപ്പമുണ്ടാകുമെന്ന്‌ പ്രത്യാശിക്കാം...
അനുരാജ്‌ നന്ദി...ആ ബ്ലോഗില്‍ ഞാന്‍ വരുന്നുണ്ട്‌...
ഇരിങ്ങല്‍....മുസാഫിര്‍ നന്ദി....

തറവാടി said...

കാലോചിതം :)

അനാഗതശ്മശ്രു said...

ഭൂമിയുടെ അവകാശതര്‍ക്കം കൊടുമ്പിരിക്കൊള്ളുന്ന സമയത്തു
ബഷീറിന്റെ ഭൂമിയുടെ അവകാശികളെ ഓര്‍ക്കാനും ഈ കുറിപ്പു പ്രയോജനപ്പെടട്ടെ..

ദ്രൗപതി said...

തറവാടി...
അനാഗതശ്മശ്രു..
നന്ദി....

iamshabna said...

ബാല്യകാല സഖിയുടെ
പ്രിയപ്പെട്ട എഴുത്തുകാരനെ
ഓര്‍മ്മിപ്പിച്ച
ദ്രൌപതി ഒരുപട് നന്ദി യുണ്ട്...
by
Shabna
iamshabna@gmail.com

ഏറനാടന്‍ said...

ദ്രൌപതി നന്ദി ഈ ഓര്‍മ്മക്കുറിപ്പിന്...

ദ്രൗപതി said...

ഷബ്ന...
ഒത്തിരി നന്ദി..
ഇവിടെ വന്നതിന്‌...
ഏറനാടാ..
നന്ദി...

chithrakaran ചിത്രകാരന്‍ said...

ദ്രൌപതി , മനോഹരമായിരിക്കുന്നു വിവരണം. ആ അനുഗ്രഹീതയായ അമ്മയെ ദ്രൌപതിക്കൊപ്പം വന്നു കണ്ട പ്രതീതി.
മലയാള സാഹിത്യത്തെ മനുഷ്യത്വത്തിന്റെ ആത്മാവിലേക്ക്‌ കൈപ്പിടിച്ചാനയിച്ച വൈക്കം മുഹമ്മദ്‌ ബഷീറെന്ന് മഹായോഗിയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ചിത്രകാരന്റെ വിനീതമായ ആധരാഞ്ജലികള്‍ !!
ഫാബിയമ്മയോടും.. ചിത്രകാരന്റെ പ്രണാമം.
ദ്രൌപതി... അഭിനന്ദനങ്ങള്‍ !!!

ദൃശ്യന്‍ | Drishyan said...

ദ്രൌപദീ,
ആദ്യം കണ്ടില്ല ഈ പോസ്റ്റ്. വാ‍യിച്ചു കഴിഞ്ഞപ്പോള്‍ ‘ആനക്കഥ‘യിലെ നായിക പറഞ്ഞ പോലെ ‘ഞമ്മന്‍‌റ്റെ ഖല്‍ബിലൊരു വേദന’.

നന്നായിട്ടുണ്ട്.

സസ്നേഹം
ദൃശ്യന്‍

_deep(4)u said...

വേറിട്ട ശബ്ദം ... നല്ല ഫ്ലോ...കീപ് ഇറ്റ് അപ്പ്...പരിചയപ്പെട്ടതില്‍ സന്തൊഷം....

ചാത്തങ്കേരിലെ കുട്ടി ചാത്തന്‍ . . . . said...

എന്റെയും പ്രീയ കഥാകാരന്‍.

പ്രേമലേഖനം ഒരുപാടു തവണ വായിച്ചു.

ഓര്‍മ്മിപ്പിച്ചതിനു നന്ദി.

ﺎലക്ഷ്മി~ said...

ബഷീറിന്‍റെ അനുഭവങ്ങള്‍ വെറും അനുഭവങ്ങള്‍ അല്ല പൊള്ളുന്ന, നീറുന്ന , ഹൃദയഭേദകമായ..ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ രാഷ്ട്രീയ പ്രസ്ക്തിയുള്ള, താത്വികാന്വേഷണങ്ങളുടെ..ചൂടും ചൂരുമുള്ള പ്രണയത്തിന്‍റെ , പലായനങ്ങളുടെ, പ്രവാസത്തിന്‍റെ അനുഭവങ്ങള്‍...അതാണ്‍ എഴുത്തുകാരനിലേക്ക് നയിച്ചതും

പോസ്റ്റ് നന്നായി..അനുമോദനങ്ങള്‍..!!