Thursday, December 28, 2006

സീസണ്‍

കാറ്റിന്‌ മരണത്തിന്റെ ഗന്ധമായിരുന്നു
സീസണ്‍ ആത്മഹത്യയുടെതായതു കൊണ്ടാവാം.
അവളും ഇന്നലെ കാശിക്കുപോയി
പ്രേതങ്ങള്‍ രാത്രിയില്‍ വഴിനിരത്തുകളില്‍
അവശേഷിച്ച ജീവനെ തിരയുന്ന കാഴ്ച
കീറിയ സല്‍വാറില്‍ ഒളിച്ചിരിക്കുന്ന ബീജം
മുറിവുകളില്‍ സിഗരറ്റ്‌ ചാരങ്ങള്‍
നീ നിദ്രക്ക്‌ മുമ്പ്‌ കാലത്തോട്‌ കരഞ്ഞു
നിന്റെ ഉടഞ്ഞ കുപ്പിവളകള്‍ക്കായി...

Wednesday, December 06, 2006

ആര്‍ദ്രം


ആതുരാലയം അവളെ മാടി വിളിച്ചു...
മൗനം പേറിയ ഗുളികകള്‍ അവളില്‍ തേരോട്ടം തുടങ്ങി...
വലതുകണ്ണിലെ കറുത്തപാടില്‍ നിസഹായത പടര്‍ത്തുന്ന നൊമ്പരം...

ആ പനി..
മനസില്‍ ആഞ്ഞടിക്കുന്ന ചോദ്യങ്ങളായിരുന്നു...
ഒഴിഞ്ഞു മാറലായിരുന്നു ഇപ്പോള്‍ നാം കാണുന്ന ഈ മരുന്നുകുപ്പികള്‍...
ഈ നഗരം വിടാന്‍ അവള്‍ക്കാവില്ല..
അതാവാം മാലാഖമാരുടെ മരുന്നുനിറച്ച സിറിഞ്ചുകള്‍
അവളെ കുത്തി നോവിച്ചിട്ടും കരായാതിരുന്നത്‌....

നീ സങ്കടപെടാതിരിക്കുക..
കാലം കരയിച്ചാല്‍ മുഖം തിരിച്ച്‌ കരയുക
നിന്റെ കണ്ണുനീര്‍ തുള്ളികള്‍
എന്റെ കണ്ണുകള്‍ക്ക്‌ തിമിരം ബാധിക്കുമ്പോള്‍ മാത്രം ഉതിര്‍ന്നുവീഴട്ടെ..

Tuesday, November 28, 2006

റിഹേഴ്സല്‍


‍വിവാഹത്തിന്‌ മുമ്പ്‌ റിഹേഴ്സലുകള്‍ വേണമെന്ന്‌
പറഞ്ഞത്‌ നീ തന്നെയാണ്‌...
ആദ്യം പുടവ തന്നു...
മുടിയില്‍ പൂ ചൂടിച്ചു...
പിന്നെയൊരു മഞ്ഞചരട്‌ കഴുത്തിലിട്ടു തന്നു..
സീമന്തത്തില്‍ സിന്ദൂരവും ചാര്‍ത്തി...


സ്വപ്നങ്ങളിലൂടെ മേഞ്ഞു നടക്കാന്‍അന്ധകാരത്തിലേക്ക്‌
നീയെന്നെ കൊണ്ടുപോയി...
വിയര്‍പ്പ്‌ നദിയായി ഒഴുകി നടക്കുമ്പോള്‍...
ഞാന്‍ ചോദിച്ചു...


എന്നാ നമ്മുടെ കല്ല്യാണം...
ഈ വേനലില്‍....നീ പറഞ്ഞു...


വെയിലും മഴയുമെത്ര വന്നു പോയി...
ചുവന്ന തെരുവിലെ ഒഴിവുവേളയില്‍
‍നീ വരുന്നതും കാത്ത്‌ ഞാനിപ്പോഴും കാത്തിരിപ്പുണ്ട്‌...

മരണത്തിന്റെ റിഹേഴ്സലിന്‌...

Tuesday, November 21, 2006

മരണം ആഗ്രഹിക്കുന്നവള്‍...


ഞാന്‍ ഉറങ്ങുകയായിരുന്നു
നിന്റെ സ്വപനങ്ങളുടെ തടവറയില്
‍ഇടക്ക്‌ കീറിമുറിച്ച്‌ കടന്നുപോകുന്ന മഞ്ഞുപാളികളില്‍
തങ്ങിനില്‍ക്കുന്ന മരണത്തിന്റെ ഗന്ധം...
ഒലീവിലകള്‍ക്കിനി കൊഴിയാതിരിക്കാനാവില്ലെന്ന്‌
ശിശിരത്തിന്റെ നിലവിളികള്‍...


അവളിപ്പോള്‍ ചരമപേജിന്റ അവസാന കോളത്തില്‍
ചിത്രങ്ങളൊതുക്കുന്നതിന്റെ തിരക്കിലാവും...
വാക്കുകളും അക്ഷരങ്ങളും ചിന്തയുടെ അന്ധകാരത്തില്‍ നിന്നും
ചലനാത്മകത കൊതിച്ച്‌ പറക്കാന്‍ വ്യാമോഹിക്കുന്നുണ്ടാവും..
എന്നാലും വരികള്‍ക്കും വാക്കുകള്‍ക്കും ഇടയില്‍ നിന്നും
വിലപിച്ച്‌ എഴുന്നേറ്റുപായാന്‍ മരിച്ചവര്‍ക്കാവില്ലല്ലോ....
അതാണ്‌ അവളുടെ സാന്ത്വനം.


ഇന്നലെ കണ്ടവരൊക്കെ നരച്ച മുടിയുള്ളവരായിരുന്നു
സ്കാനറിന്റെ ഇടയില്‍ നിന്നും മിന്നിമായുന്ന പ്രകാശത്തില്‍
എഴുന്നേറ്റിരിക്കാന്‍ മോഹിക്കുന്നവര്‍...
അവള്‍ക്കറിയാം കൈകള്‍ കൊണ്ട്‌ ഓരോരുത്തരെയുംപിടിച്ചിരുത്തുമ്പോള്‍
അക്ഷരക്കൂട്ടങ്ങള്‍ അവരെ പൊതിയുമെന്നും
മഷി പുരളും മുമ്പ്‌ ചിത്രങ്ങള്‍ വിലപിക്കുമെന്നും....


യൂണിവേഴ്സിറ്റിയില്‍ നിന്നും
മരണത്തിന്റെ ബിരുദമെടുത്ത്‌സഞ്ചയനവും കഴിഞ്ഞ്‌
യാത്രയായ കിനാവുകള്‍..
കോളങ്ങള്‍ക്കുള്ളില്‍ പണത്തിന്റെ അതിര്‍വരമ്പുകള്‍ തീര്‍ത്ത്‌
ഒതുങ്ങി ജീവിക്കാന്‍ വിധിക്കപ്പെട്ട പരേതാത്മാക്കള്‍....
അര്‍ദ്ധരാത്രിക്ക്‌ കളഞ്ഞുപോയ നാണയങ്ങളുടെ വിലമാത്രം

തെരുവിന്റെ അഴുകിയ ചാലില്‍ നിന്നിലേക്കുളള വഴിയും...
പേരില്ലാത്ത കവലയുടെ സ്നിഗ്ധമായ അറിവുകളും...
ഇന്നും അവള്‍ക്ക്‌ വഴക്ക്‌ കേട്ടു....
എനിക്കറിയാം മരിച്ചവരുടെ മുഖഛായ നോക്കി വീര്‍പ്പുമുട്ടി....
വേഗത നഷ്ടപ്പെടുമ്പോള് ‍പരാദീനതകള്‍ കൊരുത്തുവെക്കാന്‍
അവള്‍ക്ക്‌ വശമില്ലായിരുന്നു.


നാളെ അവള്‍ക്ക്‌ വേണ്ടി മരിക്കാന്‍ ഊഴം കാത്തിരിക്കുന്നവര്‍...
അക്ഷരങ്ങള്‍ക്കപ്പുറം ചിത്രങ്ങള്‍ മോഹിക്കുന്നവര്‍...
ശരിയാണ്‌ ശ്രാദ്ധവും...വാര്‍ഷികവും വന്നാലെ പേജ്‌ നിറയൂ...
നനുത്ത കാല്‍പാദങ്ങള്‍ കൊണ്ട്‌ അവള്‍ സ്വപ്നങ്ങള്‍ കാണുന്നുണ്ടാവാം
ഒരു കൂട്ടമാളുകള്‍ നേരത്തെ മരിച്ചിരുന്നെങ്കില്‍.......


ഒരു ജേര്‍ണലിസ്റ്റിന്റെ ഓര്‍മ്മയ്ക്ക്‌........മാര്‍ച്ച്‌ 20 (രാത്രി 11.14)

Wednesday, November 08, 2006

കടുത്ത നൊമ്പരങ്ങളുടെ തീച്ചുളയില്‍ ബാഷ്പമായി പോയെന്നറിയുക ഇനിയെങ്കിലും


(എന്റെ ചോര പൊടിഞ്ഞ ആദ്യത്തെ മുറിവ്‌ നിന്റെ കൈകൊണ്ടായിരുന്നു..
എന്റെ ഹൃദയം തകര്‍ത്ത ആദ്യത്തെ നൊമ്പരം നിന്റെ വാക്കുകളായിരുന്നു...
രക്തമൊഴുകി പടര്‍ന്ന ആത്മാവിലൂടെ
ഇനിയും യാത്ര....
നോവുകളുടെ ഉള്ളടക്കങ്ങള്‍ തേടി...)

ദൂരെയാണവന്‍...
നക്ഷത്രങ്ങള്‍ക്കുമപ്പുറത്തെ ഗ്രഹങ്ങളിലെ ശേഷിപ്പുകളായി...
തണുത്ത രാത്രികളിലെ വീര്‍പ്പുമുട്ടിക്കുന്ന ഏകാന്തതകളില്
‍അവനെന്റെ പേന തുമ്പില്‍ വീണുറങ്ങുന്നുണ്ടെന്ന്‌ ഞാന്‍ മാത്രമറിയുന്നു...
ഗൗതമന്‍... എന്റെ രക്തത്തില്‍ ഞാനൊളിപ്പിച്ച ലഹരിയായിരുന്നു..

മധുരമില്ലാതായെന്‍ അധരത്തിനെങ്കിലും...
മധു കിനിയുന്നുവെന്‍ മോഹങ്ങളില്‍..
പറയാതടര്‍ന്നൊരീ പഴമതന്‍ ചാര്‍ത്തിലെ...
പൊഴിയാത്ത മഴയായി...
ഘനീഭവിച്ചു കിടക്കുന്നതെന്‍ ദുഖവും ഭ്രാന്തമാം സ്വപ്നവും...

വേദന...അവന്റെ മുറിയാന്‍ മടിച്ച നഖമുനകള്
‍ഹൃദയത്തില്‍ ആഴ്‌ന്നിങ്ങുന്നതറിയുന്നു ഞാന്‍...
എനിക്ക്‌ നല്‍കാന്‍ ഒരു രാത്രി കൊണ്ടിത്രയും നൊമ്പരം
ഏതു സാഗരത്തില്‍ നിന്നവന്‍ സ്വരുക്കൂട്ടി...?

ഇരുട്ടില്‍ കാഴ്ചകള്‍ക്കപ്പുറത്തു നിന്നും...
വെളിച്ചത്തില്‍ മോഹാന്ധതയില്‍ നിന്നും
നിരന്തരമായി സ്നേഹം പൊഴിയുന്നുണ്ടായിരുന്നു...
വിഹ്വലതകളുടെ പിന്നാമ്പുറത്തു നിന്നും
ഞാനോടിയെത്തുമ്പോഴേക്കും...
അവന്‍ അഗ്നിയില്‍ വെന്തുരുകിയിരുന്നു...

സ്മൃതി...
ഊഷരതകള്‍ക്കപ്പുറം..
ആര്‍ദ്രതയുള്ള നോവുകളെ കിനാവ്‌ കാണാന്‍....
യൗവനം പടിവാതിലിറങ്ങുന്നതറിയുന്നു...
ഇനി നിന്നെയോര്‍ത്ത്‌ നീറി നീറി...
എന്റെ മൃതി...

അസ്തമയത്തിന്‌ മുമ്പ്


നിനക്കു നല്‍കാനിനിയൊന്നുമില്ല,
എങ്കിലും നിഷ്കളങ്കതയില്ലാത്ത
ഈ പുഞ്ചിരി സമ്മാനമായി സ്വീകരിക്കുക!

വരുന്ന വേനലില്‍
കരിയിലകള്‍ക്കടിയില്‍ ഞാനുറങ്ങുമ്പോള്‍...
മുളച്ചുപൊന്തുന്ന എത്രയോ വാകതൈകള്‍...
അതിലൊന്ന്‌ നിനക്കെടുക്കാം...

പിന്നീട്‌...
കടുത്ത ചൂടില്‍ നിന്റെ ശിഖരങ്ങള്‍ മാത്രം പൂവണിയും...
അന്നു മറ്റു ചെടികളുടെ നാശത്തിന്റെ വിതുമ്പല്‍
കാതോര്‍ത്താല്‍ നിനക്കു കേള്‍ക്കാം...

ഇല കൊഴിയുന്ന ശിശിരകാലസന്ധ്യയില്‍ പോലും
നിന്റെ പൂമരം തേടി പക്ഷികളെത്തും
അന്നെങ്കിലും നീയെന്നെ ഓര്‍ത്താല്‍
എന്റെ ആത്മാവ്‌ കൃതാര്‍ത്ഥനാകും

Tuesday, November 07, 2006

കൃഷ്ണകാമുകി


കണ്ണാ...
നിന്റെ മയില്‍പീലിയില്‍ നിന്ന്‌ ഒന്നടര്‍ത്തുന്നു
അവന്‌ സമ്മാനിക്കാന്‍...
എന്റെ നനഞ്ഞ ദേഹത്ത്‌ മുഖം ചേര്‍ത്തുമയങ്ങാ
ന്‍വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ടിട്ടും അവന്‍ കാത്തിരിക്കുന്നുണ്ടാവും..
ചുണ്ടുകളില്‍ ചുംബനമൊളിപ്പിച്ച്‌ ഞാനും...

തിരിയണഞ്ഞുപോയെന്‍ ഹൃദയത്തിലെ
പാതി മുറിഞ്ഞു പോയതെന്‍ കരളും മനസാക്ഷിയും...
അന്തിതിരി മുടങ്ങി...കല്‍വിളക്കുകല്‍ തോറ്റുമടങ്ങി...
ചലനം നഷ്ടപ്പെട്ട നിന്‍ രൂപം മാത്രം
ഇന്നുമെന്‍ കോവിലില്‍ തെളിയുന്നതറിയുന്നു ഞാന്‍...

അടരുന്നു ഞാനീ വൃന്ദാവനത്തിലെ...
അവസാന സൗഗന്ധികമായി...
ഇനിയില്ല വസന്തം...പരിണമിക്കുന്നു ഇതളുകളറ്റു
നിന്‍ കുമ്പിളില്‍ വീണൊരുവെറും പുഷ്പാജ്ഞലിയായി...
ഒടുവിലൊരു ഭക്തിഭ്രാന്തന്റെ ചെവിയിലലങ്കാരമായി...

ഇനിയീ എണ്ണ വറ്റിയ നിലവിളക്കിലെ
അല്‍പ്പമെരിയുന്ന തിരിയില്‍ ഞാനെന്റെ കണ്ണുനീരുരുക്കിയൊഴിക്കട്ടെ...
പകര്‍ന്നാട്ടങ്ങളുടെ അറുതിയില്‍
പകലും രാത്രിയുമറിയാത്ത അന്ധതയില്
‍തീര്‍ന്നു തുടങ്ങിയ മെഴുകുതിരികളില്‍
ഞാനെന്റെ സ്വപ്നങ്ങള്‍ ചേര്‍ത്തുവെക്കട്ടെ...


കണ്ണാ....
അസ്തമയത്തിന്റെ മുമ്പുള്ള പകല്‍കാഴ്ചകള്‍ തേടി..
നിന്റെ സ്വപ്നങ്ങളിലൂടെ...
പൊഴിഞ്ഞുവീണ കൊന്നപൂക്കളിലൂടെ...
ആദ്യത്തെ പ്രണയവും തേടി...
ശബ്ദം...
നിന്റെ ഹൃദയമിടിപ്പിന്റെ...വിഹ്വലതകളുടെ...
അറിയാതെ പോയ സ്നേഹത്തിന്റെ...

തണുപ്പിന്റെ ആത്മാവിനോട്‌ മടുപ്പുതോന്നുന്നു
സമയം തീര്‍ന്നു. ഇന്നിനി യാത്ര ചോദിക്കുന്നില്ല...
ഇരുട്ടിനെ കീറി മുറിച്ച്‌ പുഴ കടക്കുമ്പോള്
‍പകല്‍പേമാരി തീര്‍ത്ത പ്രളയം
എന്നെ ആഴക്കടലിലൊളിപ്പിക്കും...

ഇനിയൊടുക്കം...
അടിയൊഴുക്കുകളുടെ ആത്മാവിലേക്ക്‌...അവനോടൊപ്പം...
ഹൃദയത്തിലെ മുള്‍പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും
ശരീരത്തെ മോചിപ്പിക്കാന്‍
ഇനിയൊരു ജന്മം തരരുത്‌ നീ കൃഷ്ണാ..

നൊമ്പരം ആത്മാവിലേക്ക്‌ പടരാതിരിക്കാന്
‍ഞാനെന്റെ ശരീരം ഉപേക്ഷിക്കുന്നു...
പാരിജാതത്തിന്റെ പൂക്കളിറുത്ത്‌
നിനക്കിനി മാല കോര്‍ക്കാന്‍ ഞാനുണ്ടാവില്ല
മറക്കുക...
എന്റെ അത്മാവില്‍ നിന്നു നീ മോചിതനാവുക

Saturday, November 04, 2006

ആത്മഹത്യ


ഒന്ന്‌
നീയൊരു നെരിപ്പോടു പോലെ എരിയുന്നതറിഞ്ഞാവാം...
ഞാനൊരു മെഴുകുതിരിയായി ഉരുകിതീരുകയാണ്‌...

ഇറുകെ പുണര്‍ന്ന നഷ്ടങ്ങളില്‍ നിന്നും
ആത്മാര്‍ത്ഥത കത്തി നശിച്ചത്‌ ഞാനറിഞ്ഞില്ല..
വരികള്‍ക്കിടയില്‍ പാകിയ വിത്തുകള്
‍സ്നേഹമായി പൊട്ടിമുളക്കുമെന്ന്‌ കാലം പോലും തിരിച്ചറിഞ്ഞുമില്ല...

പ്രണയം ജ്വാലയായി...
പിന്നീട്‌ ലഹരിയായിരക്തത്തില്‍ അലിഞ്ഞു ചേരുമ്പോഴും
അത്‌ മരണമായിരുന്നുവെന്നറിഞ്ഞില്ല...

ശിഖരങ്ങളില്‍ കൂടു കൂട്ടിയ പഴയ പക്ഷികള്
‍സ്വപ്നങ്ങളെ കൊത്തിപറിക്കാന്‍ പറന്നെത്തുമെന്ന്‌
കാറ്റ്‌ മുത്തശിക്കഥയായി ചൊല്ലി മടങ്ങിപോയി...

രണ്ട്‌
നീ പറഞ്ഞു...മൃത്യു നിന്റെ സ്വന്തമാണെന്ന്‌...
ഞാന്‍ പറഞ്ഞു നിനക്കുള്ളതെന്തോ അതെനിക്കുള്ളതാണെന്ന്‌...

നീല വിരിപ്പുള്ള മെത്തയില്‍ നീ മരിച്ചുകിടക്കുമ്പോഴും
ഞാന്‍ കാവലാളായിരുന്നു...
മരണശേഷ സ്നേഹികള്‍ നിന്നെ അലോസരപ്പെടുത്താതെ...

മരിക്കും മുമ്പ്‌ നീ...പറഞ്ഞു
ജീവന്റെ കണികകള്‍ പറന്നുയരും മുമ്പ്‌
നീ ആത്മഹത്യ ചെയ്യുന്നത്‌ എനിക്ക്‌ കാണണമെന്ന്‌...

നിന്റെ കണ്ണിലേക്കുറ്റു നോക്കി...
നീയെനിക്കായി ഉണ്ടാക്കിയ പാനീയത്തില്
‍ഞാന്‍ മരണമിട്ടു കലക്കി...ചുണ്ടോടു ചേര്‍ത്തു...
നിന്റെ ദാഹം തീര്‍ന്നപ്പോള് ‍എന്റെ തൊണ്ട വരളുന്നതറിഞ്ഞു...

അറ്റു വീഴും മുമ്പ്‌ നിന്നെ കരിമ്പടം കൊണ്ടു പുതപ്പിച്ചു...
കണ്ണുകള്‍ അടപ്പിച്ചു...
നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്തു...

നാമിപ്പോള്‍ പറന്നുയരുകയാണ്‌...
ആകാശത്തിന്റെ നീലിമക്കപ്പുറത്തെ മഷിയൊപ്പിയെടുക്കാന്‍

Friday, November 03, 2006

സ്പന്ദനങ്ങള്‍


കാത്തിരിക്കുന്നു..
അസ്തമയത്തിന്റെ ചുവന്ന കണ്‍കളിലേക്ക്‌
ആഗ്രഹങ്ങളുടെ അധിനിവേശവുമേറ്റി...

ദൂരെ സ്നേഹം പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന
പകലിന്റെ പൗരുഷമുണ്ട്‌....
അയനം കൊതിച്ച്‌ കാത്തിരിക്കുന്ന
ചിറകറ്റ വേഴാമ്പലിന്റെ ആത്മരോക്ഷമുണ്ട്‌...

നീയും മരണത്തിന്റെ കയങ്ങളില്‍ ചിപ്പി തിരയാനിറങ്ങി...
ഒപ്പു ശേഖരണത്തിലേക്ക്‌ ആദ്യത്തെ ഒപ്പുമായി അമ്മ വന്നു
അച്ഛന്‍ എഴുതാന്‍ മടിച്ചകന്നു
ഏച്ചിയുടെ മഷിയില്‍ എതിര്‍പ്പുകള്‍ പുരണ്ടു...
ഭൂരിപക്ഷമില്ലാതെ ആദ്യത്തെ തോല്‍വി

അനന്തപുരിയിലെ ശ്മശാനങ്ങളില്‍
ഏകാന്തത തിരയുന്ന ശലഭങ്ങള്‍...
അവക്കിടയില്‍ അവന്‍...
നിന്റെ താരാട്ടിന്റെ അസ്ഥിത്തങ്ങളില്‍
കാലയാനത്തിന്റെ സ്പന്ദനങ്ങള്‍ തേടുമ്പോള്‍...
നിന്നിലെ കാണാകാഴ്ചകളുടെ ഉള്ളറകളിലേക്ക്‌
സ്വപ്നങ്ങളിലൂടെ യാത്ര പോകാന്‍പുനര്‍ജന്മം തേടേണ്ടി വന്നവന്‍...

നീയിപ്പോള്‍ സന്ധ്യാദീപം കൊളുത്താ
ന്‍നിലവിളക്കില്‍ കണ്ണുനീരുരുക്കി ഒഴിക്കുകയാവും...
വൃന്ദാവനത്തിന്റെ ഒഴിഞ്ഞ കോണില്
‍കണ്ണനിപ്പോഴും നിന്റെ പാദനിസ്വനത്തിന്‌ കാതോര്‍ക്കുന്നുണ്ടെന്നറിയാതെ...

Thursday, November 02, 2006

വിശപ്പ്‌

കാതങ്ങള്‍ക്കപ്പുറത്ത്‌
നിന്നെ തേടിയലയുമ്പോള്‍..
കമ്പോളങ്ങളിലെ ചില്ലുസൗധങ്ങളില്‍
നീ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു
എന്റെ കീശയിലെ നാണയങ്ങള്‍ സ്വപ്നം കണ്ട്‌...

ഏറെ നേരമിരുന്നപ്പോള്‍ നാണിച്ച്‌ നീ വന്നു...
മുന്നിലിരുന്നുഎന്നെ നോക്കി...
എന്റെ ആര്‍ത്തിയും...
നിന്നെ ഞാന്‍ ചുണ്ടോട്‌ ചേര്‍ത്തു...
ആദ്യത്തെ ഇക്കിളിയില്‍ നീ ചിരിച്ചു...
പല്ലുകള്‍ കൊണ്ട്‌ മുറിയുമ്പോഴും നീ തൃപ്തയായിരുന്നു
ശൂന്യമായ കീശയില്‍ വിരലുകളൊളിപ്പിച്ച്‌ നടക്കുമ്പോള്
‍ആദ്യത്തെ ചുംബനത്തിന്റെ ലഹരിയില്‍ നീ...
എണ്ണത്തോണിയില്‍ കുളിക്കുകയാവും...

ചൂടെത്തും പറയാതെ നിന്ന നിന്റെ സ്വപ്നങ്ങളില്‍
ഞാന്‍ എന്റെ മോഹങ്ങള്‍ തളക്കുകയാവും അപ്പോള്‍...
രാത്രിയും പകലും ശ്വാസം കിട്ടാതെ നീ ചില്ലുകൂട്ടില്
‍നീയില്ലാതെ ഉറക്കം നഷ്ടപ്പെട്ട എന്റെ രാത്രികള്‍.
ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാനാവാതെ...
അരുകിലെത്താനാവാതെ..

.നീ.....അകന്നുപോകുന്നുവെന്നറിയാം..
നീയില്ലാതെ ജീവിക്കാനാവില്ലെന്നുമറിയാം...
ഇനി മൃതി...
അസ്തമയം നഷ്ടപ്പെട്ട കടലിന്റെ അടിവയറ്റിലേക്ക്‌....

പാരിതോഷികം


ഇന്നലെയും നിനക്കായി പൂക്കള്‍ കരുതി
ഒടുവില്‍ വാടിക്കരിയും വരെ കാത്തിരുന്നു
നീ വരാതിരുന്നിട്ടും വ്യസനമില്ലാത്ത ആദ്യത്തെ പകല്
‍എന്നെയും കീറി മുറിച്ച്‌ കടന്നുപോയി...

നനഞ്ഞ കണ്‍പീലിയില്‍ സ്പര്‍ശിച്ചതോര്‍മ്മയുണ്ട്‌
ചലനം നഷ്ടപ്പെട്ട നിന്റെ കണ്‍കളില്‍ നിന്നും
പെയ്തിറങ്ങിയ മഴയും പതിയെ തെളിഞ്ഞ മഴവില്ലിന്റെ വര്‍ണ്ണാഭയും...
മണ്‍ഭിത്തികളില്‍ നിന്നും പൊടിഞ്ഞുവീണ കിനാവുകളില്‍
ചിതലുകള്‍നിന്റെ ഉള്ളുരുക്കങ്ങളില്‍ നിന്നും
പടുത്തുയര്‍ത്തിയസൗധങ്ങളില്‍ രക്തം വീണ പാടുകള്‍...

ഒലീവിലകള്‍ കൊഴിയുന്ന പ്രഭാതത്തിലായിരുന്നു
തണുപ്പിനെ ഛേദിച്ച്‌ ഞാന്‍ വന്നത്‌...
പക്ഷേ നീ ഉണര്‍ന്നിരുന്നില്ല...
നിന്റെ കിടപ്പറയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌ വെച്ച്‌ വിളിച്ചു
നിശബ്ദതയുടെ ശക്തിയില്‍ഞാനെന്നെ ഉരുക്കി നിന്നില്‍ പൂശാന്‍ തുനിഞ്ഞു...
വര്‍ഷകാലമായിരുന്നുവെന്നറിഞ്ഞില്ല...

റെയില്‍പാളങ്ങളിലൂടെ നീ നടന്നത്‌...
പിന്‍വിളികള്‍ക്കുമപ്പുറം ചൂളംവിളികളന്നുപോയത്‌
നിന്റെ വിഭൂതി നെറ്റിയില്‍ ചാര്‍ത്താന്‍ ആദ്യത്തെ ഹോമകുണ്ഡവും കടന്ന്‌ ഞാന്‍...
പക്ഷേ മരിച്ചുവീണ സ്വപ്നങ്ങളില്‍ മുഖം പൂഴ്ത്തി കരഞ്ഞ്‌
നീ നിന്റെ മരണം ആഘോഷിക്കുകയായിരുന്നുവെന്ന്‌ അന്നും ഞാനറിഞ്ഞില്ല...

സൈപ്രസ്‌ മരങ്ങളും താണ്ടി നക്ഷത്രങ്ങള്‍ പെറുക്കിയെടുത്ത്‌
ഉത്സവങ്ങളുടെ നാട്ടില്‍ നിന്നും ഞാന്‍ വന്നത്‌...
കറുത്തപാടുള്ള കണ്‍കളില്‍ വിഷാദമൊളിപ്പിക്കുന്ന കൂട്ടുകാരിക്ക്‌
എന്റെ മരണവും പേറിയായിരുന്നു...
എണ്ണി തീര്‍ക്കാന്‍ മറന്ന കണ്‍പീലികളോട്‌ എന്റെ ക്ഷമാപണം...
ഇനിയെനിക്കും വരാനാവില്ല...

എന്റെ സമ്മാനങ്ങള്‍ക്കായി കാത്തിരിക്കാറുള്ള പെണ്‍കുട്ടിക്ക്‌... 19 മാര്‍ച്ച്‌ 2006 രാത്രി 10.51

നിലവിളിക്കുന്ന അഭിസാരിക


തെരുവിന്റെ പതിഞ്ഞ ശബ്ദത്തില്‍
ഇര പിടിക്കാനിറങ്ങിയ ചിത്രശലഭങ്ങള്‍...
മിന്നാമിനുങ്ങുകളെ കീറിമുറിച്ച്‌ വെളിച്ചത്തിനും അപ്പുറത്ത്്‌ നിന്ന്‌
അധിനിവേശത്തിന്റെ അഗ്നിയായി വന്ന്‌ ആളിപടര്‍ന്ന്‌...
ഒടുവിലുരുകി പരസ്പരമലിയാന്‍ വിധിക്കപ്പെട്ടവര്

അവള്‍ക്കിഷ്ടം സിഗരറ്റ്‌ മണക്കുന്ന കറുത്ത ചുണ്ടുകളോട,്‌
മദ്യഗന്ധത്തിന്റെ അപാരതയില്‍ കുഴയുന്ന നാവുകളോട്‌...
പിന്നെ കിതപ്പിനോടാവും ഭ്രമം
ഒടുവില്‍ വെറുക്കും മുമ്പുള്ള നാഴികയില്‍നിലവിളിച്ച്‌ പിടഞ്ഞെണീറ്റ്‌ ശപഥവാക്കുകള്‍ കൊണ്ട്‌ പൊതിഞ്ഞ്‌ കീറനോട്ടിന്റെ നിലവിളികളില്‍ സ്വയമെരിഞ്ഞ്‌ മടങ്ങും...

ഒന്നാം ദിവസത്തെ മങ്ങിയ നിലാവില്‍ ഇരപിടിക്കാന്‍ വന്നത്‌
സമ്പന്നസ്ത്രീയുടെ ഗന്ധം വെറുത്തവന്‍..
ഇന്ന്‌ തെരുവില്‍ കുട്ടികള്‍ മാത്രം പട്ടം പറത്താന്‍ കൊതിക്കുന്നു
പൊട്ടിയ നൂലില്‍ കിടന്ന്‌ ആകാശത്തോട്‌ മത്സരിക്കാന്‍അവര്‍ക്ക്‌ പ്രായഭേദങ്ങളില്ല...

നനഞ്ഞ കണ്‍പീലികള്‍...
നീര്‍കണങ്ങളിറങ്ങിപ്പോയ കവിള്‍ത്തടങ്ങള്‍
പാതി മരിച്ച കിനാവുകളില്‍ കാത്തിരുന്ന്‌ മടുത്ത മഴയുടെ മൗനം
നീയും ഇന്നലെ തെരുവിലിറങ്ങി
എന്റെ സ്വപ്നങ്ങളെ കീറിമുറിച്ച്‌...

ഒട്ടിയ വയറിനോടിനി ക്ഷമാപണം
ഇനി നിനക്ക്‌ വിശപ്പും ദാഹവുമില്ല...
അടങ്ങാത്ത ത്വരയെന്ന്‌ നടിച്ച്‌ ഇഷ്ടപ്പെടാതെ ശയിക്കുമ്പോള്‍
ബാല്യത്തിന്റെ അധിനിവേശം
ഹൃദയത്തിലെഉണങ്ങിവരണ്ട ഓര്‍മ്മകളില്‍ നഖക്ഷതങ്ങള്‍ തീര്‍ക്കുന്നു.

പറയാന്‍ അസ്തമയം തെരഞ്ഞെടുക്കാം
നിന്റെ യൗവനത്തിന്റെ ചുവടുകളില്‍
എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുടെ നീലിമയില്‍
എന്റെ മോഹങ്ങളും ഹോമിക്കപ്പെടട്ടെ...

എനിക്ക്‌ സമ്മാനിക്കാന്‍...
മാറാരോഗങ്ങളുമായി നീ വരണം
സ്നേഹത്തിനപ്പുറം പകുത്തെടുക്കാന്‍ എന്തുണ്ടെങ്കിലും
ഞാന്‍ കാത്തിരിക്കാം...
പഴയ മണ്‍ചിരാതിനരുകിലെ മരണത്തിന്റെ ഉമ്മറത്ത്‌... .......18 മാര്‍ച്ച്‌ 2006 (രാത്രി11.15)