Thursday, November 02, 2006

നിലവിളിക്കുന്ന അഭിസാരിക


തെരുവിന്റെ പതിഞ്ഞ ശബ്ദത്തില്‍
ഇര പിടിക്കാനിറങ്ങിയ ചിത്രശലഭങ്ങള്‍...
മിന്നാമിനുങ്ങുകളെ കീറിമുറിച്ച്‌ വെളിച്ചത്തിനും അപ്പുറത്ത്്‌ നിന്ന്‌
അധിനിവേശത്തിന്റെ അഗ്നിയായി വന്ന്‌ ആളിപടര്‍ന്ന്‌...
ഒടുവിലുരുകി പരസ്പരമലിയാന്‍ വിധിക്കപ്പെട്ടവര്

അവള്‍ക്കിഷ്ടം സിഗരറ്റ്‌ മണക്കുന്ന കറുത്ത ചുണ്ടുകളോട,്‌
മദ്യഗന്ധത്തിന്റെ അപാരതയില്‍ കുഴയുന്ന നാവുകളോട്‌...
പിന്നെ കിതപ്പിനോടാവും ഭ്രമം
ഒടുവില്‍ വെറുക്കും മുമ്പുള്ള നാഴികയില്‍നിലവിളിച്ച്‌ പിടഞ്ഞെണീറ്റ്‌ ശപഥവാക്കുകള്‍ കൊണ്ട്‌ പൊതിഞ്ഞ്‌ കീറനോട്ടിന്റെ നിലവിളികളില്‍ സ്വയമെരിഞ്ഞ്‌ മടങ്ങും...

ഒന്നാം ദിവസത്തെ മങ്ങിയ നിലാവില്‍ ഇരപിടിക്കാന്‍ വന്നത്‌
സമ്പന്നസ്ത്രീയുടെ ഗന്ധം വെറുത്തവന്‍..
ഇന്ന്‌ തെരുവില്‍ കുട്ടികള്‍ മാത്രം പട്ടം പറത്താന്‍ കൊതിക്കുന്നു
പൊട്ടിയ നൂലില്‍ കിടന്ന്‌ ആകാശത്തോട്‌ മത്സരിക്കാന്‍അവര്‍ക്ക്‌ പ്രായഭേദങ്ങളില്ല...

നനഞ്ഞ കണ്‍പീലികള്‍...
നീര്‍കണങ്ങളിറങ്ങിപ്പോയ കവിള്‍ത്തടങ്ങള്‍
പാതി മരിച്ച കിനാവുകളില്‍ കാത്തിരുന്ന്‌ മടുത്ത മഴയുടെ മൗനം
നീയും ഇന്നലെ തെരുവിലിറങ്ങി
എന്റെ സ്വപ്നങ്ങളെ കീറിമുറിച്ച്‌...

ഒട്ടിയ വയറിനോടിനി ക്ഷമാപണം
ഇനി നിനക്ക്‌ വിശപ്പും ദാഹവുമില്ല...
അടങ്ങാത്ത ത്വരയെന്ന്‌ നടിച്ച്‌ ഇഷ്ടപ്പെടാതെ ശയിക്കുമ്പോള്‍
ബാല്യത്തിന്റെ അധിനിവേശം
ഹൃദയത്തിലെഉണങ്ങിവരണ്ട ഓര്‍മ്മകളില്‍ നഖക്ഷതങ്ങള്‍ തീര്‍ക്കുന്നു.

പറയാന്‍ അസ്തമയം തെരഞ്ഞെടുക്കാം
നിന്റെ യൗവനത്തിന്റെ ചുവടുകളില്‍
എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുടെ നീലിമയില്‍
എന്റെ മോഹങ്ങളും ഹോമിക്കപ്പെടട്ടെ...

എനിക്ക്‌ സമ്മാനിക്കാന്‍...
മാറാരോഗങ്ങളുമായി നീ വരണം
സ്നേഹത്തിനപ്പുറം പകുത്തെടുക്കാന്‍ എന്തുണ്ടെങ്കിലും
ഞാന്‍ കാത്തിരിക്കാം...
പഴയ മണ്‍ചിരാതിനരുകിലെ മരണത്തിന്റെ ഉമ്മറത്ത്‌... .......18 മാര്‍ച്ച്‌ 2006 (രാത്രി11.15)

3 comments:

Anonymous said...

Hi,
Draupathi, I love your poem....there is more than a spark in you,,,inflame it...waitng for more...love
sapanicker
sapanicker.kovillor@gmail.com
www.sapanicker.blogspot.com

thoufi | തൗഫി said...

നന്നായിരിക്കുന്നു,ദ്രൗപതി
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ നേര്‍ത്ത രോദനം പോലും അരോചകമെന്നു കരുതുന്ന ഒരു സമൂഹത്തില്‍ ഇത്തരം നിലവിളികള്‍ ഇടിമുഴക്കങ്ങളാകട്ടെ
ഹൃദ്യം,മനോഹരം.തുടര്‍ന്നും പ്രതീക്ഷിക്കുന്നു

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

എനിക്ക്‌ സമ്മാനിക്കാന്‍...
മാറാരോഗങ്ങളുമായി നീ വരണം
സ്നേഹത്തിനപ്പുറം പകുത്തെടുക്കാന്‍ എന്തുണ്ടെങ്കിലും
ഞാന്‍ കാത്തിരിക്കാം...
പഴയ മണ്‍ചിരാതിനരുകിലെ മരണത്തിന്റെ ഉമ്മറത്ത്‌