Thursday, November 02, 2006

പാരിതോഷികം


ഇന്നലെയും നിനക്കായി പൂക്കള്‍ കരുതി
ഒടുവില്‍ വാടിക്കരിയും വരെ കാത്തിരുന്നു
നീ വരാതിരുന്നിട്ടും വ്യസനമില്ലാത്ത ആദ്യത്തെ പകല്
‍എന്നെയും കീറി മുറിച്ച്‌ കടന്നുപോയി...

നനഞ്ഞ കണ്‍പീലിയില്‍ സ്പര്‍ശിച്ചതോര്‍മ്മയുണ്ട്‌
ചലനം നഷ്ടപ്പെട്ട നിന്റെ കണ്‍കളില്‍ നിന്നും
പെയ്തിറങ്ങിയ മഴയും പതിയെ തെളിഞ്ഞ മഴവില്ലിന്റെ വര്‍ണ്ണാഭയും...
മണ്‍ഭിത്തികളില്‍ നിന്നും പൊടിഞ്ഞുവീണ കിനാവുകളില്‍
ചിതലുകള്‍നിന്റെ ഉള്ളുരുക്കങ്ങളില്‍ നിന്നും
പടുത്തുയര്‍ത്തിയസൗധങ്ങളില്‍ രക്തം വീണ പാടുകള്‍...

ഒലീവിലകള്‍ കൊഴിയുന്ന പ്രഭാതത്തിലായിരുന്നു
തണുപ്പിനെ ഛേദിച്ച്‌ ഞാന്‍ വന്നത്‌...
പക്ഷേ നീ ഉണര്‍ന്നിരുന്നില്ല...
നിന്റെ കിടപ്പറയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌ വെച്ച്‌ വിളിച്ചു
നിശബ്ദതയുടെ ശക്തിയില്‍ഞാനെന്നെ ഉരുക്കി നിന്നില്‍ പൂശാന്‍ തുനിഞ്ഞു...
വര്‍ഷകാലമായിരുന്നുവെന്നറിഞ്ഞില്ല...

റെയില്‍പാളങ്ങളിലൂടെ നീ നടന്നത്‌...
പിന്‍വിളികള്‍ക്കുമപ്പുറം ചൂളംവിളികളന്നുപോയത്‌
നിന്റെ വിഭൂതി നെറ്റിയില്‍ ചാര്‍ത്താന്‍ ആദ്യത്തെ ഹോമകുണ്ഡവും കടന്ന്‌ ഞാന്‍...
പക്ഷേ മരിച്ചുവീണ സ്വപ്നങ്ങളില്‍ മുഖം പൂഴ്ത്തി കരഞ്ഞ്‌
നീ നിന്റെ മരണം ആഘോഷിക്കുകയായിരുന്നുവെന്ന്‌ അന്നും ഞാനറിഞ്ഞില്ല...

സൈപ്രസ്‌ മരങ്ങളും താണ്ടി നക്ഷത്രങ്ങള്‍ പെറുക്കിയെടുത്ത്‌
ഉത്സവങ്ങളുടെ നാട്ടില്‍ നിന്നും ഞാന്‍ വന്നത്‌...
കറുത്തപാടുള്ള കണ്‍കളില്‍ വിഷാദമൊളിപ്പിക്കുന്ന കൂട്ടുകാരിക്ക്‌
എന്റെ മരണവും പേറിയായിരുന്നു...
എണ്ണി തീര്‍ക്കാന്‍ മറന്ന കണ്‍പീലികളോട്‌ എന്റെ ക്ഷമാപണം...
ഇനിയെനിക്കും വരാനാവില്ല...

എന്റെ സമ്മാനങ്ങള്‍ക്കായി കാത്തിരിക്കാറുള്ള പെണ്‍കുട്ടിക്ക്‌... 19 മാര്‍ച്ച്‌ 2006 രാത്രി 10.51

4 comments:

സൂര്യോദയം said...

വളരെ നല്ല വരികള്‍.... ഹൃദ്യം...

Anonymous said...

Hi Draupathi,
Simply beautiful...it is what is called a poem...come on you have a long way to go man ....love
sapanicker

കുട്ടേട്ടന്‍ : kuttettan said...

ഭേഷായിരിക്കണൂ.... ,

നിര്‍ത്താതെ തുടര്‍ന്നോളൂ...

മിന്നാമിനുങ്ങ്‌ said...

ദ്രൗപതീ,ഹൃദ്യം,മനോഹരം
തുടര്‍ന്നും എഴുതൂ

ഓ.ടോ.)പിന്മൊഴി എന്ന പേരില്‍ ഓരോ പോസ്റ്റിനും വരുന്ന കമന്റുകള്‍ ശേഖരിച്ചു വെക്കുന്ന ഒരിടമുണ്ട്‌.(പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പ്‌-http://groups.google.com/group/blog4comments)പലരും ആ ഗ്രൂപ്പില്‍ വരുന്ന കമന്റുകള്‍ കണ്ടിട്ടാണു അതിനോടനുബന്ധിച്ചുള്ള പോസ്റ്റില്‍ പോകുന്നതും ആ ബ്ലോഗിനെക്കുറിച്ച്‌ അറിയുന്നതും.
നിങ്ങളുടെ ബ്ലോഗിന്റെ settings-ലെ comments--ല്‍ comments notification adress:എന്ന ഭാഗത്ത്‌ pinmozhikal@gmail.com
എന്നു കൊടുത്തിട്ടുണ്ടെങ്കില്‍ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക്‌ വരുന്ന കമന്റുകള്‍ പിന്മൊഴിയില്‍ എത്തുകയും കൂടുതല്‍ പേര്‍ അതുകണ്ട്‌ അതിന്റെ ലിങ്ക്‌ വഴി ഈ പോസ്റ്റിലും ബ്ലോഗിലും എത്തുന്നതുമായിരിക്കും.ശ്രദ്ധിക്കുമല്ലോ