
ഒന്ന്
നീയൊരു നെരിപ്പോടു പോലെ എരിയുന്നതറിഞ്ഞാവാം...
ഞാനൊരു മെഴുകുതിരിയായി ഉരുകിതീരുകയാണ്...
ഇറുകെ പുണര്‍ന്ന നഷ്ടങ്ങളില്‍ നിന്നും
ആത്മാര്‍ത്ഥത കത്തി നശിച്ചത് ഞാനറിഞ്ഞില്ല..
വരികള്‍ക്കിടയില്‍ പാകിയ വിത്തുകള്‍
സ്നേഹമായി പൊട്ടിമുളക്കുമെന്ന് കാലം പോലും തിരിച്ചറിഞ്ഞുമില്ല...
പ്രണയം ജ്വാലയായി...
പിന്നീട് ലഹരിയായിരക്തത്തില്‍ അലിഞ്ഞു ചേരുമ്പോഴും
അത് മരണമായിരുന്നുവെന്നറിഞ്ഞില്ല...
ശിഖരങ്ങളില്‍ കൂടു കൂട്ടിയ പഴയ പക്ഷികള്‍
സ്വപ്നങ്ങളെ കൊത്തിപറിക്കാന്‍ പറന്നെത്തുമെന്ന്
കാറ്റ് മുത്തശിക്കഥയായി ചൊല്ലി മടങ്ങിപോയി...
രണ്ട്
നീ പറഞ്ഞു...മൃത്യു നിന്റെ സ്വന്തമാണെന്ന്...
ഞാന്‍ പറഞ്ഞു നിനക്കുള്ളതെന്തോ അതെനിക്കുള്ളതാണെന്ന്...
നീല വിരിപ്പുള്ള മെത്തയില്‍ നീ മരിച്ചുകിടക്കുമ്പോഴും
ഞാന്‍ കാവലാളായിരുന്നു...
മരണശേഷ സ്നേഹികള്‍ നിന്നെ അലോസരപ്പെടുത്താതെ...
മരിക്കും മുമ്പ് നീ...പറഞ്ഞു
ജീവന്റെ കണികകള്‍ പറന്നുയരും മുമ്പ്
നീ ആത്മഹത്യ ചെയ്യുന്നത് എനിക്ക് കാണണമെന്ന്...
നിന്റെ കണ്ണിലേക്കുറ്റു നോക്കി...
നീയെനിക്കായി ഉണ്ടാക്കിയ പാനീയത്തില്‍
ഞാന്‍ മരണമിട്ടു കലക്കി...ചുണ്ടോടു ചേര്‍ത്തു...
നിന്റെ ദാഹം തീര്‍ന്നപ്പോള്‍ എന്റെ തൊണ്ട വരളുന്നതറിഞ്ഞു...
അറ്റു വീഴും മുമ്പ് നിന്നെ കരിമ്പടം കൊണ്ടു പുതപ്പിച്ചു...
കണ്ണുകള്‍ അടപ്പിച്ചു...
നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്തു...
നാമിപ്പോള്‍ പറന്നുയരുകയാണ്...
ആകാശത്തിന്റെ നീലിമക്കപ്പുറത്തെ മഷിയൊപ്പിയെടുക്കാന്‍
3 comments:
ആദ്യവായനയില്‍ കവിത്വമുള്ള മനസ്സിന്റെ തെളിവുകള്‍, ഒടുവിലെത്തിയപ്പോള്‍ ആത്മഹത്യ ചെയ്ത കാല്‍പ്പനികതയെത്തന്നെ കവിതയില്‍ പ്രതിഷ്ടിച്ചു. അപ്പോള്‍ അര്‍ഥാന്തരങ്ങളുടെ വാതിലുകള്‍ കിലുങ്ങിത്തുറന്നു...
ഇനിയും എഴുതി... കവിതയില്‍ സ്വയം നിറയൂ ദ്രൗപതീ..
ദ്രൌപതീ...കവിത ഒത്തിരി ഒത്തിരി ഇഷ്ടമായി...കവിതയിലൂടെ നല്കാന് ശ്രമിയ്ക്കുന്നൊരു കാല്‍പ്പനിക സുഖവും വിഭ്രാന്തിയും വരികളിലൂടെ നന്നായനുഭിച്ചു..നന്ദി..
വരികള്‍ക്കിടയില്‍ പാകിയ വിത്തുകള്‍
സ്നേഹമായി പൊട്ടിമുളക്കുമെന്ന് കാലം പോലും തിരിച്ചറിയുന്ന ഒരു കാലം വരും വരേയും ഈ എഴുത്തു തുടരു..!
Post a Comment