Sunday, September 20, 2009

നാം മരങ്ങളായത്‌...

സ്വപ്‌നങ്ങളാല്‍ ബന്ധിക്കപ്പെട്ട
രണ്ടു വൃക്ഷങ്ങളായിരുന്നു ഞാനും നീയും.
എന്നില്‍ നിന്ന്‌ നിന്നിലേക്കും
തിരിച്ചും
പണിതുയര്‍ത്തിയ
ചിലന്തിവലകളിലൂടെയാണ്‌
നാം സംവദിച്ചത്‌.
വേനലില്‍ നീ ചുവന്നപ്പോള്‍
കരിഞ്ഞയിലകള്‍
എന്നെ പൊതിഞ്ഞിരുന്നു.
നീ പൊഴിഞ്ഞുതുടങ്ങിയപ്പോള്‍
ഞാന്‍ തളിര്‍ക്കുകയായിരുന്നു.

ഋതുക്കള്‍
എന്നും നമുക്ക്‌ നല്‍കിയത്‌
സമാന്തരരേഖകളുടെ
സഞ്ചാരപഥങ്ങള്‍...

നിനക്കോര്‍മ്മയുണ്ടോ
നാമെങ്ങനെ തരുക്കളായെന്ന്‌ ?
ചലനങ്ങള്‍ക്കപ്പുറം
നീങ്ങാനാവാതെ
ഉറച്ചുപോയതെങ്ങനെയെന്ന്‌ ?

നിസ്സഹായനായ
കാലം
പറത്തിയിട്ട വിത്തുകള്‍
മുളച്ചാണ്‌ നാം മരങ്ങളായത്‌.

അനുവാദം
ചോദിക്കാതെയാണെങ്കിലും
ശിഖരങ്ങളില്‍
കൂടുകൂട്ടിയ പക്ഷികള്‍
നിലംപതിക്കാതിരിക്കാനാണ്‌
സ്‌പര്‍ശിക്കാന്‍ കൊതിച്ചിട്ടും
കാറ്റിനെ വക വെക്കാതെ
ഇലകള്‍
വിപരീദദിശകളിലേക്ക്‌ സഞ്ചരിച്ചത്‌.

തായ്‌ത്തടിയുടെ മൗനം
മഴതുള്ളികളായി
പൊഴിഞ്ഞുചാടി
വേരുകളിലലിഞ്ഞത്‌
ആലിംഗനത്തിലമരാന്‍ മടിച്ച
ഓര്‍മ്മകളെ
ആര്‍ദ്രമാക്കാനാണ്‌.

പക്ഷേ,
അടര്‍ന്നുമാറാനാവാതെ
ഭൂമിയുടെ ആഴങ്ങളിലേക്ക്‌ പോയ
വേരുകളില്‍
നീയെന്റെയും
ഞാന്‍ നിന്റെയും
പേരുകള്‍ കുറിച്ചിട്ടത്‌
ആര്‍ക്കും മായ്‌ക്കാനാവില്ല...

14 comments:

ഗിരീഷ്‌ എ എസ്‌ said...

അടര്‍ന്നുമാറാനാവാതെ
ഭൂമിയുടെ ആഴങ്ങളിലേക്ക്‌ പോയ
വേരുകളില്‍
നീയെന്റെയും
ഞാന്‍ നിന്റെയും
പേരുകള്‍ കുറിച്ചിട്ടത്‌
ആര്‍ക്കും മായ്‌ക്കാനാവില്ല...

ഫസല്‍ / fazal said...

തൊടിയില്‍ നിന്നും തൊടിയിലേക്ക്
വേലിക്കടിയിലൂടെ വേരുകള്‍ പായിച്ച്
പ്രണയം പകുത്ത് ആലിംഗനം ചെയ്ത,

പാവപ്പെട്ടവന്‍ said...

ഋതുക്കള്‍
എന്നും നമുക്ക്‌ നല്‍കിയത്‌
സമാന്തരരേഖകളുടെ
സഞ്ചാരപഥങ്ങള്‍...
നല്ല വരികള്‍ മനോഹരം ആശംസകള്‍

Deepa Bijo Alexander said...

"വേനലില്‍ നീ ചുവന്നപ്പോള്‍
കരിഞ്ഞയിലകള്‍
എന്നെ പൊതിഞ്ഞിരുന്നു.
നീ പൊഴിഞ്ഞുതുടങ്ങിയപ്പോള്‍
ഞാന്‍ തളിര്‍ക്കുകയായിരുന്നു.

ഋതുക്കള്‍
എന്നും നമുക്ക്‌ നല്‍കിയത്‌
സമാന്തരരേഖകളുടെ
സഞ്ചാരപഥങ്ങള്‍..."


ജീവിതം അങ്ങനെയാണ്‌ പലപ്പൊഴും.....

ഇതു മറ്റൊരു പ്രണയം..ചുവടനക്കാനാവാത്ത മരങ്ങളുടെ..

ഷിനില്‍ നെടുങ്ങാട് said...

ജീവിതം, പ്രണയം ഇതൊക്കെ പുതിയൊരു വീക്ഷണത്തിലൂടെ അനുവാചകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന വരികള്‍..

സന്തോഷ്‌ പല്ലശ്ശന said...
This comment has been removed by the author.
സന്തോഷ്‌ പല്ലശ്ശന said...

ബ്ളോഗ്ഗില്‍ ഇത്തരം ഫ്ളാറ്റായ പ്രമേയങ്ങളുടേയും വരികളുടേയും സാര്‍വത്രികത മടുപ്പിക്കുന്നു. എങ്കിലും പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഒരു വായനക്കാരന്‌ ഈ കവിതയുടെ അവസാന വരികളില്‍ തൊടുമ്പോള്‍ അറിയാനാകുന്നുണ്ട്‌....അടര്‍ന്നു മാറാനാവാതെ വേരുകള്‍ കൊണ്ട്‌ മണ്ണിന്‍റെ അഗാത ഹ്രദങ്ങളില്‍ കുറിച്ചിട്ട പേരുകള്‍ പ്രണയിത്തിന്‍റെ ഒരിക്കലും വായിക്കാപ്പെടാത്ത അനുഭൂതിയെ സമര്‍ത്ഥമായി കൊണ്ടുവരുന്നു... എഴുതുക ഇനിയും ...ഇതിലും നന്നായി.... ആശംസകള്‍

വിഷ്ണു പ്രസാദ് said...

ഗിരീഷ്,കവിത നന്നായി.അകറ്റി നട്ട മരങ്ങളെപ്പറ്റി വീരാന്‍കുട്ടി എഴുതിയിട്ടുണ്ട്...

Jenshia said...

കവിത ഗദ്യ രൂപേണ ആയെങ്കിലും ,അവസാനത്തെ വരികള്‍ നന്നായിട്ടുണ്ട്....

raadha said...

അതെ മറ്റാരും കാണാതെ
വേരുകളില്‍ കുറിച്ചിട്ട പേരുകള്‍
എത്ര സമര്‍ത്ഥമായി ഒളിപ്പിച്ചിരിക്കുന്നു
ഉള്ളില്‍ ഉറങ്ങുന്ന പ്രണയത്തെ...

കവിത മനോഹരമായിട്ടുണ്ട്.

സനാതനൻ | sanathanan said...

നല്ല കവിത

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്ക്‌
നന്ദി...

girishvarma balussery... said...

വരികള്‍ ഉജ്ജലം .. ഗിരി .
"അനുവാദം
ചോദിക്കാതെയാണെങ്കിലും
ശിഖരങ്ങളില്‍
കൂടുകൂട്ടിയ പക്ഷികള്‍
നിലംപതിക്കാതിരിക്കാനാണ്‌
സ്‌പര്‍ശിക്കാന്‍ കൊതിച്ചിട്ടും
കാറ്റിനെ വക വെക്കാതെ
ഇലകള്‍
വിപരീദദിശകളിലേക്ക്‌ സഞ്ചരിച്ചത്‌."
പക്ഷെ അവയ്ക്ക് അനുവാദം ചോദിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ ? അതല്ലേ കര്‍മ്മം.?
ഇലകളിലൂടെ ഒഴുകി, വേരുകളിലൂടെ അരിച്ചിറങ്ങി ഒന്നായ്‌ അലിയുന്ന നിര്‍വൃതിയുടെ ചെറു നിമിഷങ്ങള്‍ മാത്രം മതി ... എന്നേക്കും അല്ലേ ഗിരി ?

Seema said...

nannaayirikkunnu....!