Sunday, August 05, 2007

സൗഹൃദം നനയുമ്പോള്‍

ഋതുഭേദങ്ങള്‍ക്കൊടുവില്‍ കണ്ട
ഊര്‍വരത മാത്രമായിരുന്നു നീ...
സൗഹൃദമെന്ന്‌ പേരിട്ടത്‌
എന്റെ അധിനിവേശത്തെ ഭയന്ന്‌...
ഹൃദയത്തിന്‌ വാതില്‍ പണിയാന്‍ മറന്ന
ദൈവത്തെക്കാളും ഭീതിയായിരുന്നു
എന്റെ ആത്മാവിനെ...

ചോദിക്കാതെ കടന്നുവരില്ലെന്നറിഞ്ഞിട്ടും
നീ ഊഷരതയെ ഉള്ളിലൊളിപ്പിച്ചു....
കാണില്ലെന്നാശിച്ച്‌ നീ നട്ട മോഹങ്ങള്‍
മുളച്ചത്‌ നിന്നിലും
കൊഴിഞ്ഞത്‌ എന്റെ നീലഞ്ഞരമ്പുകളിലും

എന്റെ സ്വപ്നങ്ങള്‍ക്ക്‌
ഉപ്പില്ലെന്നറിഞ്ഞിട്ടും
നിന്റെ തുവാലയില്‍ നിന്നിറ്റു വീണ കണ്ണുനീര്‍
ഒളിപ്പിച്ചതെന്തിന്‌...?

എന്റെ നൊമ്പരങ്ങള്‍
മായ്ക്കാനാവില്ലെന്നറിഞ്ഞിട്ടും
സ്നേഹത്തിന്റെ മഷിത്തണ്ട്‌
മറച്ചുപിടിച്ചതെന്തിന്‌...?

പ്രണയത്തിന്റെ വറുതിയിലായിരുന്നോ..
നാം സുഹൃദ്ബന്ധത്തിന്റെ വിത്തുകള്‍ പാകിയത്‌...

11 comments:

ഗിരീഷ്‌ എ എസ്‌ said...

നഷ്ടപ്പെട്ട
നിലനില്‍ക്കുന്ന...
വരാനിരിക്കുന്ന...
സൗഹൃദങ്ങള്‍ക്ക്‌....

ഓര്‍ക്കാനിഷ്ടപ്പെടുന്ന
ഒരുപിടി
ഓര്‍മ്മകള്‍ സമ്മാനിച്ച്‌
പോയി മറഞ്ഞ്‌
ജീവിതത്തിന്റെ
തിരക്കില്‍
ഓര്‍ക്കാന്‍ മറന്നുപോയവര്‍ക്ക്‌...
ഈ സൗഹൃദദിനത്തില്‍
ആശംസകള്‍...നേരുന്നു...

സാരംഗി said...

സൗഹൃദത്തിനു പ്രത്യേകിച്ചൊരു ദിനത്തിന്റെ ആവശ്യമുണ്ടോ? ഇല്ലെന്നാണ്‌ എനിയ്ക്ക് തോന്നുന്നത്.
:)

ആ‍പ്പിള്‍ said...

സൗഹൃദത്തിന് അര്‍ത്ഥം നഷ്ടപ്പെടാതിരിക്കട്ടെ, വര്‍ഷത്തില്‍ ഒരു ദിവസം മാത്രം ഓര്‍മ്മപുതുക്കുന്ന ഒരു ചടങ്ങായി അത് മാറാതിരിക്കട്ടെ.

ശ്രീ said...

“കാണില്ലെന്നാശിച്ച്‌ നീ നട്ട മോഹങ്ങള്‍
മുളച്ചത്‌ നിന്നിലും
കൊഴിഞ്ഞത്‌ എന്റെ നീലഞ്ഞരമ്പുകളിലും”

എന്തേ എപ്പോഴും വിഷാദം???

എന്തായാലും കവിത കൊള്ളാം... :)

എല്ലാ സൌഹൃദങ്ങളും എന്നെന്നേയ്ക്കും ഹരിതാഭമായ് നില നില്‍ക്കട്ടേ.... ആശംസകള്‍!

അഭിലാഷങ്ങള്‍ said...

കവിത ഇഷ്ടപ്പെട്ടു.

നാമേവരുടെയും..‘നിലനില്‍ക്കുന്ന‘...; ‘വരാനിരിക്കുന്ന‘... എല്ലാ സൌഹൃദങ്ങളും പ്രതിഫലം ഇച്ഛിക്കാത്തതും ആത്മാര്‍ത്ഥമായുള്ളതും ആവട്ടെ..! ‘നഷ്ടപ്പെട്ട‘ സൌഹൃദം ഏവര്‍ക്കും തിരിച്ചുകിട്ടട്ടെ! ‘എന്നെന്നേക്കുമായി‘ നഷ്ടപ്പെട്ട സൌഹൃദം.... അത് എനിക്കും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്....

ഗിരീഷ്‌ എ എസ്‌ said...

ശ്രീയേച്ചീ...
ഈ അഭിപ്രായം തന്നെയാണെനിക്കും..പക്ഷേ കൂട്ടുകാരൊക്കെ മെസേജൊക്കെ അയച്ചപ്പോള്‍ തോന്നിയതാണ്‌ ഇങ്ങനെയൊരു പോസ്റ്റ്‌...
ഇവിടെ വന്നതിന്‌ നന്ദി...

ആപ്പിള്‍കുട്ടാ
ശരിയാണ്‌...
സൗഹൃദം എന്നും അതിന്റെ സൗന്ദര്യം ചോരാതെ നില്‍ക്കട്ടെ...

ശ്രീ..
അറിയാതെ കടന്നുവരുന്നതാണ്‌ ഈ വിഷാദം..
ആശംസകള്‍ക്ക്‌ നന്ദി...

അഭീ...
അഭിപ്രായത്തോട്‌ യോജിക്കുന്നു ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...

ഏറനാടന്‍ said...

ദു:ഖങ്ങള്‍ക്ക്‌ എന്നാണൊരറുതി?
എന്നാണൊരവധി കൊടുക്കുന്നത്‌?

ഉപാസന || Upasana said...

കവിത വായിക്കുന്ന ശീലം ഉണ്ടായിരുന്നില്ല. ഇനി അത് ഒരു ശീലമാക്കാന്‍ പോകുന്നു...

സുനില്‍

ഗിരീഷ്‌ എ എസ്‌ said...

ഏറനാടാ..
ദുഖങ്ങള്‍ക്ക്‌ അവധി നല്‍കാന്‍ സമയമായി തുടങ്ങിയിരിക്കുന്നു..ഇവിടെ വന്നതിന്‌ നന്ദി

സുനില്‍
ഒരു നല്ല ശീലം തുടങ്ങുകയാണെന്നറിഞ്ഞതില്‍ സന്തോഷം...
നന്ദി

aneeshans said...

എന്റെ സ്വപ്നങ്ങള്‍ക്ക്‌
ഉപ്പില്ലെന്നറിഞ്ഞിട്ടും
നിന്റെ തുവാലയില്‍ നിന്നിറ്റു വീണ കണ്ണുനീര്‍
ഒളിപ്പിച്ചതെന്തിന്‌...?


:ആരോ ഒരാള്‍

ഗിരീഷ്‌ എ എസ്‌ said...

ആരോ ഒരാള്‍
നന്ദി..