Saturday, December 15, 2007

കുപ്പിചില്ല്‌

താഴെ വീണുപൊട്ടിപ്പോയ
സൗഹൃദദര്‍പ്പണം
ശൈഥില്യത്തിന്റെ
ചില്ലുകള്‍ വിതറി
കാത്തുകിടക്കുന്നതെന്തിനാവും...

നഷ്ടപ്പെട്ടവന്റെ
ആത്മവേദനക്കും
വിജയിച്ചവന്റെ
ആരവത്തിനും
ചെവിയോര്‍ത്ത്‌...
അല്ലെങ്കില്‍
പാദങ്ങളില്‍ ചുവപ്പണിയിച്ച്‌
വിവാഹമണ്ഡപത്തിന്റെ
ഒഴിഞ്ഞ കോണിലേക്ക്‌
ആരെയോ വലിച്ചെറിയാന്‍...

കാല്‍തെറ്റി വീഴുന്നവര്‍ക്ക്‌
ആഴത്തില്‍
മുറിവ്‌ തീര്‍ത്ത്‌ ചിരിക്കാന്‍...
അതിര്‍ത്തിലംഘിച്ചതിന്‌
ചിരിച്ചുകൊണ്ട്‌
യാത്ര പറഞ്ഞൊരു
ശിക്ഷ നല്‍കാന്‍...
അതുമല്ലെങ്കില്‍
മുറിവുകളില്‍ നിന്നും
മുറിവുകളിലേക്കുള്ള
പ്രധാന വാതിലാവാന്‍...

അടര്‍ന്ന്‌ വീണത്‌
തുടച്ചുമാറ്റും വരെ...
ഓരോ കണ്ണാടിയിലും...
ചോരയുടെ
പ്രളയം
ഒളിച്ചിരിപ്പുണ്ട്‌...

51 comments:

ഗിരീഷ്‌ എ എസ്‌ said...

താഴെ വീണുപൊട്ടിപ്പോയ
സൗഹൃദദര്‍പ്പണം
ശൈഥില്യത്തിന്റെ
ചില്ലുകള്‍ വിതറി
കാത്തുകിടക്കുന്നതെന്തിനാവും...


തകര്‍ന്നുവീണ സൗഹൃദങ്ങള്‍ക്ക്‌...

ഫസല്‍ ബിനാലി.. said...

അടര്‍ന്ന്‌ വീണത്‌
തുടച്ചുമാറ്റും വരെ...
ഓരോ കണ്ണാടിയിലും...
ചോരയുടെ
പ്രളയം
ഒളിച്ചിരിപ്പുണ്ട്‌...

well.

lost world said...

ഓരോ കണ്ണാടിയിലും...
ചോരയുടെ
പ്രളയം
ഒളിച്ചിരിപ്പുണ്ട്‌...

ഈ ഒരു വരി തന്നെ ധാരാളം

സണ്ണിക്കുട്ടന്‍ /Sunnikuttan said...

കൊള്ളാം കൊള്ളാം ട്ടോ!

നന്നായിട്ടുണ്ട്.

സു | Su said...

ഓരോ കണ്ണാടിത്തുണ്ടുകളിലും, ഉടഞ്ഞുപോയ സൌഹൃദം കരയുന്നുമില്ലേ?

മാണിക്യം said...

"നഷ്ടപ്പെട്ടവന്റെ ആത്മവേദനക്കും
വിജയിച്ചവന്റെ ആരവത്തിനും
ചെവിയോര്‍ത്ത്‌....."
മനസ്സിന്റെ പിരിമുറുക്കം
വളരെ നന്നായി ഈ വരികളില്‍
പ്രതിഭലിച്ചു..
കവിത മനസ്സില്‍ കൊളുത്തി
ആശംസകള്‍ !!

ദിലീപ് വിശ്വനാഥ് said...

ഓരോ കണ്ണാടിയിലും...
ചോരയുടെ
പ്രളയം
ഒളിച്ചിരിപ്പുണ്ട്‌...

വളരെ നല്ല വരികള്‍.

അലി said...

താഴെ വീണുപൊട്ടിപ്പോയ
സൗഹൃദദര്‍പ്പണം
ശൈഥില്യത്തിന്റെ
ചില്ലുകള്‍ വിതറി
കാത്തുകിടക്കുന്നതെന്തിനാവും...

നന്നായി...
ഭാവുകങ്ങള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നഷ്ടപ്പെട്ടവന്റെ
ആത്മവേദനക്കും
വിജയിച്ചവന്റെ
ആരവത്തിനും
ചെവിയോര്‍ത്ത്‌...

തീക്ഷ്ണമായ വരികള്‍...

ഭാവുകങ്ങള്‍

മന്‍സുര്‍ said...

ദ്രൗപദി...

മനോഹരം....അഭിനന്ദനങ്ങള്‍

കണ്ണാടിയില്‍ നോകി കരയുക നീ
നഷ്ടമായ അത്മവേദനയുടെ പൊരുളറിയാന്‍
ഇന്നലകളെ പഴി പറയാതെ
നാളെയുടെ സൌഹാര്‍ദത്തിനായ്‌
കാത്തിരിക്കാം......ക്ഷമയോടെ

നന്‍മകള്‍ നേരുന്നു

CHANTHU said...

കണ്ണാടിനോക്കി നാം തന്നെ
എണ്ണിനോക്കുന്നിടത്താണല്ലൊ കുഴപ്പം
ബന്ധങ്ങളപ്പാടെ ബലികളാവുന്നതും അതുകൊണ്ടാവാം

സജീവ് കടവനാട് said...

നല്ല വരികള്‍.
:)
ഓ.ടോ
ഉടഞ്ഞചില്ലുകള്‍ അലമാരയില്‍ സൂക്ഷിച്ചാല്‍ അലങ്കാരവസ്തുവായ് ഉപയോഗിക്കാം.

പ്രയാസി said...

കുപ്പിച്ചില്ല്..
അല്ല ദ്രൌപദി അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ..
എന്താ ഈ കുപ്പിച്ചില്ലും സൌഹൃദവും തമ്മില്‍..!?
അടുത്തത് പേനാക്കത്തിയായിരിക്കും..:)

ഏറനാടന്‍ said...

ഒരുപാട് കാലം കഴിഞ്ഞുവന്നപ്പോഴും വരികളുടെ മാസ്മരികഭാവം കൂടിയിട്ടേയുള്ളൂ, ആശംസകള്‍..

മയൂര said...

മനസ്സില്‍ കൊളുത്തിയ കവിത:)

പി.സി. പ്രദീപ്‌ said...

ദ്രൗപദി..
“താഴെ വീണുപൊട്ടിപ്പോയ
സൗഹൃദദര്‍പ്പണം
ശൈഥില്യത്തിന്റെ
ചില്ലുകള്‍ വിതറി
കാത്തുകിടക്കുന്നതെന്തിനാവും“
കൊള്ളാം.

Unknown said...

രണ്ടു് പ്രാവശ്യം വായിച്ചിട്ടും "ആഴത്തില്‍ മുറിവു് തീര്‍ത്തു് ചിരിക്കാന്‍" പറ്റീതൊന്നും കിട്ടീല്ലല്ലോ. ഇനീപ്പൊ എന്താ ചെയ്യാ?

നന്നായീന്നു് പറയാം അല്ലേ? :)

(നന്നായീന്നല്ല, വളരെ നന്നായീന്നു്!) ആശംസകള്‍!

ഏ.ആര്‍. നജീം said...

"അടര്‍ന്ന്‌ വീണത്‌
തുടച്ചുമാറ്റും വരെ...
ഓരോ കണ്ണാടിയിലും...
ചോരയുടെ
പ്രളയം
ഒളിച്ചിരിപ്പുണ്ട്‌..."

ആ പ്രളയം പെട്ടെന്ന് തുടച്ച് മറ്റാനാവുമോ നമ്മുടെ മനസില്‍ നിന്ന്..? ഒരിക്കലെങ്കിലും..?

നല്ല വരികള്‍...!

ജ്യോതീബായ്‌ പരിയാടത്ത്‌ said...

ശിഥിലമാവുന്ന സൗഹൃദങ്ങള്‍ കാണ്ണാടിച്ചീളുകളായിതറച്ചു കയറുമ്പോള്‍ ഒഴുകുന്ന ചോരക്കും കണ്ണീരിനും നിറമൊന്ന്.വിജയമായാലും പരാജയമായാലും മുറിവുറപ്പ്‌.
കുപ്പിച്ചില്ലുകള്‍ അടര്‍ന്നുകൊണ്ടേയിരിക്കും. പെറുക്കിമാറ്റിയില്ലെങ്കില്‍ മുറിഞ്ഞുകൊണ്ടേയിരിക്കും.. ചോരവാര്‍ന്നുകൊണ്ടേയിരിക്കും

നന്നായിരിക്കുന്നു ദ്രൗപദീ. ആശംസകല്‍

ശ്രീ said...

“അടര്‍ന്ന്‌ വീണത്‌
തുടച്ചുമാറ്റും വരെ...
ഓരോ കണ്ണാടിയിലും...
ചോരയുടെ
പ്രളയം
ഒളിച്ചിരിപ്പുണ്ട്‌...”

നന്നായിരിക്കുന്നു.

:)

കാവലാന്‍ said...

അതിര്‍ത്തിലംഘിച്ചതിന്‌
ചിരിച്ചുകൊണ്ട്‌
യാത്ര പറഞ്ഞൊരു
ശിക്ഷ നല്‍കാന്‍...

പാലിക്കപ്പെടേണ്‍ട അതിര്‍ത്തികളുടെ അഭാവം തന്നെയാണു പലപ്പോഴും
ചോരചിന്തുന്നത്. നന്നായിരിക്കുന്നു,അഭിനന്ദനങ്ങള്‍.

ഭൂമിപുത്രി said...

ഏതൊക്കെയോവരികള്‍ അറ്റംകൂര്‍ത്ത ചില്ലുകളായി
എവ്ടെയൊക്കെയോ നോവിക്കുന്നുണ്ട് ദ്രൌപദീ.
അഭിനന്ദനങ്ങള്‍!

ധ്വനി | Dhwani said...

ചില്ലുകള്‍;
അവ പലതും ആഴത്തിലെഴുതുന്നു
ചിലപ്പോള്‍ മാംസം പുതച്ചകത്തൊളിയ്ക്കുന്നു
തലോടലുകളെ പോലും നോവിന്റെ പ്രളയമാക്കുന്നു!

നല്ല കവിത!

ഗിരീഷ്‌ എ എസ്‌ said...

ഫസല്‍
വിഷ്ണുമാഷ്‌
സണ്ണികൂട്ടാ
സുവേച്ചീ-(തകര്‍ന്നു കിടക്കുന്ന ഒന്ന്‌ കണ്ണടയും മുമ്പ്‌ മറ്റൊന്നിനെ കൂടി നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പുതുലോകത്തിന്റെ തിരിച്ചറിവില്‍ നിന്നാണിത്‌...ഇവിടെ ഉടഞ്ഞവ കരയുകയല്ല..മറിച്ച്‌ പ്രതികാരത്തിന്‌ ചെവിയോര്‍ക്കുകയാണ്‌...)
മാണിക്യം
വാല്‍മീകീ
അലി
പ്രിയാ
മന്‍സൂ..(ഓരോ കവിതക്കും മറ്റൊരു കവിത കമന്റ്‌....ബൂലോഗത്തില്‍ ഇങ്ങനെയൊരാളെ ആദ്യമായി കാണുന്നു....നന്ദി..)
കിനാവ്‌..(അലങ്കാരവസ്തുക്കളായി സൂക്ഷിക്കാന്‍ പോലും നാം പലപ്പോഴും മറക്കുന്നു...)
പ്രയാസീ..(പുതിയ സൗഹൃദങ്ങള്‍ ഏതു നിമിഷവും അടര്‍ന്നുവീഴാവുന്ന ഒരു ദര്‍പ്പണം പോലെയാണെന്ന തിരിച്ചറിവില്‍ നിന്ന്‌..)
സാലിയേട്ടാ..
ഡോണേച്ചീ
പ്രദീപ്‌
ബാബു
നജീം
ജ്യോതിയേച്ചീ
ശ്രീ
കാവാലന്‍
ഭൂമിപുത്രീ
ധ്വനി (ശരിയാണ്‌....)
അഭിപ്രായങ്ങള്‍ക്ക്‌ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും....

ഹരിശ്രീ said...

അടര്‍ന്ന്‌ വീണത്‌
തുടച്ചുമാറ്റും വരെ...
ഓരോ കണ്ണാടിയിലും...
ചോരയുടെ
പ്രളയം
ഒളിച്ചിരിപ്പുണ്ട്‌...

നല്ല വരികള്‍

ദൈവം said...

എനിക്കും നിനക്കും ഒരേ ചോര തന്നെയാണെന്ന് അറിയാത്തവരെ ഓര്‍മ്മിപ്പിക്കാന്‍ കൂടിയാകാം...
അത് പ്രതികാരമല്ല, ശബ്ദമില്ലാത്തവ ഏറെ വേദനയോടെ പകരുന്ന പാഠമാണ്...
നശിപ്പിക്കാനല്ല, പുതിയൊരു ഉണര്‍വ്വിനാണ്...
അല്ലേ?

മുസാഫിര്‍ said...

- പാദങ്ങളില്‍ ചുവപ്പണിയിച്ച്‌
വിവാഹമണ്ഡപത്തിന്റെ
ഒഴിഞ്ഞ കോണിലേക്ക്‌
ആരെയോ വലിച്ചെറിയാന്‍.

സിനിമയിലെ ഒരു സീന്‍ മറ്റൊരു സീനിലേക്ക് പ്രേക്ഷകര്‍ അറിയാതെ സന്നിവേശിപ്പിക്കുന്ന പോലെ ഒരു ഭ്രമാത്മകമായ വരികള്‍.കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ദ്രൌപതിയുടെ കവിത വായിക്കുന്നത്.ഇഷ്ടമായി.

Sandeep PM said...

ചോരയുടെ പ്രളയത്തില്‍ മുങ്ങുമ്പോഴും എനിക്ക്‌ ഒരു പ്രതീക്ഷയുണ്ട്‌.ഇനി എല്ലാം ചുവപ്പായ്‌ കാണാമല്ലൊ

ഭാവുകങ്ങള്‍

അച്ചു said...

സൗഹൃദങ്ങള്‍ തകരാതിരിക്കട്ടെ..
ചില്ലുകള്‍ വിതറി കാത്തുകിടക്കുന്നത് വീണ്ടുമൊരു കൂടിചേരലിനായിരിക്കാം..

Rejesh Keloth said...

ദിശമാറുന്ന സൌഹൃദങ്ങള്‍ തകര്‍ക്കാന്‍, കാലം പോലും കൂട്ടുനില്‍ക്കും... അവയുടെ പൊട്ടിയചില്ലൂകള്‍, പാദത്തോടൊപ്പം ഹൃദയത്തിലും തറഞ്ഞു കയറുന്നു... വാക്കിനേക്കാളും, വാളിനേക്കളും ആ ഒര്‍മ്മകള്‍ മുറിവേല്‍പ്പിക്കുന്നു...
വികാരങ്ങളെ ദ്യോതിപ്പിക്കുമ്പോള്‍, കവിതയും കവയത്രിയും വിജയിക്കുന്നു...ആശംസകള്‍...

ഗീത said...

ഇനിയെങ്കിലും സൌഹൃദ ദര്‍പ്പണങ്ങള്‍ പൊട്ടിചിതറാതിരിക്കട്ടെ.....

അടര്‍ന്നുവീണത് എത്രയും പെട്ടെന്ന് തുടച്ചു മാറ്റുകയും ചെയ്യുക... അവ ഹൃദയത്തെ കീറിമുറിക്കാതെ.......

ജോഷി രവി said...

ഉടയുന്ന ചില സൌഹൃദങ്ങള്‍ നുറുങ്ങി പോയ കണ്ണാടി പോലെയാണ്‌.. എത്ര ശ്രമിച്ചാലുമാവില്ല അതൊന്ന് കൂട്ടി ചേര്‍ക്കുവാന്‍... അത്രമാത്രം ആ സൌഹൃദത്തെ വിലമതിച്ചിരുന്നത്‌ കൊണ്ടാവും.... അവസാനവരികള്‍ വല്ലാതെ മനസ്സില്‍ തറച്ചു.. വളരെ നന്നായിട്ടുണ്ട്‌... അഭിനന്ദനങ്ങള്‍...

ഗിരീഷ്‌ എ എസ്‌ said...

ദൈവം
നന്ദി ഈ കത്തുന്ന വാക്കുകള്‍ക്ക്‌
മുസാഫിര്‍
ദീപു
കൂട്ടുകാരാ
ഗീതാ
പുറക്കാടന്‍
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട്‌ നന്ദി...

ഗിരീഷ്‌ എ എസ്‌ said...

ഹരിശ്രീ
നന്ദി...

K M F said...

നന്നായിട്ടുണ്ട്.

chithrakaran ചിത്രകാരന്‍ said...

താഴെ വീണ സൌഹൃദ ദര്‍പ്പണം ഒരു ശത്രുവായി വഴിയില്‍ കാത്തിരിക്കുന്നത് വിശ്വാസങ്ങളുടെ കൈമാറ്റ വേദിയില്‍ സംഭവിച്ച പ്രതീഷാഭംഗത്തിന്റെ ഉടഞ്ഞ ഓര്‍മ്മകളുമായാണ്.
ബന്ധങ്ങളിലെ വിശ്വാസതകര്‍ച്ച ബോധപൂര്‍വ്വമാകുംബോള്‍ കുപ്പിച്ചില്ല് വഴിയില്‍ നിന്നും എണീറ്റ് നമ്മുടെ നിഴലുപോലെ പിന്തുടരുകയും ചെയ്തേക്കാം.
കവിത നന്നായി ഇഷ്ടപ്പെട്ടു ദ്രൌപതി.
ചിത്രകാരന്റെ ക്രിസ്തുമസ്& നവവത്സര ആശംസകള്‍ !

ഗിരീഷ്‌ എ എസ്‌ said...

കെ എം എഫ്‌...നന്ദി..
ചിത്രകാരാ
കവിത ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട്‌ സന്തോഷം
ക്രിസ്തുമസ്‌ പുതുവത്സരാശംസകള്‍....

Mahesh Cheruthana/മഹി said...

ദ്രൗപദി,
തകര്‍ന്നുവീണ സൗഹൃദദര്‍പ്പണം മാറുന്ന
സാമൂഹ്യ ചുറ്റുപാടിന്റെ ശിഥിലമാവുന്ന സൗഹൃദങ്ങളുടെ ‍നേര്‍ക്കാഴ്ച!
വളരെ നന്നായി മനസ്സില്‍ തറച്ചു!
ഇനിയും എഴുതുക എല്ലാ ആശംസകളും!
"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

ജെസീനസഗീര്‍ said...
This comment has been removed by the author.
ജെസീനസഗീര്‍ said...

കവിത നന്നായിരിക്കുന്നു..

Dr. Prasanth Krishna said...

വളരെനന്നായിരിക്കുന്നു കവിത. സമൂഹത്തിനു നേരെ വിരല്‍ചൂണ്ടാനുള്ള ഈ കരുത്ത് എന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc

കാപ്പിലാന്‍ said...

വളരെ നല്ല വരികള്‍

ശ്രീ said...

പുതുവല്‍സരാശംസകള്‍
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

“അടര്‍ന്ന്‌ വീണത്‌
തുടച്ചുമാറ്റും വരെ...
ഓരോ കണ്ണാടിയിലും...
ചോരയുടെ
പ്രളയം
ഒളിച്ചിരിപ്പുണ്ട്‌...”
സ്വയം ഒന്നു കരയാന്‍ കൊതിക്കാത്തവര്‍ ആരാ ഉള്ളെ..?
ഇവിടെ പ്രണയത്തിന്റെ നോവുണ്ട്...സൌഹ്രദത്തിന്റെ ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്.
നന്നായിരിക്കുന്നൂ.പുതുവല്‍സരാശംസകള്‍

ഗിരീഷ്‌ എ എസ്‌ said...

മഹേഷ്‌
ജസീന
പ്രശാന്ത്‌
കാപ്പിലാന്‍
ശ്രീ
സജി
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...

അനിലൻ said...

എന്തൊരു കയ്പ്പ്

നല്ല കവിത

സാരംഗി said...

തീവ്രം, മനോഹരം.

The Prophet Of Frivolity said...

ഈ കവിത വായിച്ചപ്പൊ എനിക്കൊരു വലിയ സത്യം ബോധ്യമായി-എന്നെപ്പോലെ മന്ദബുദ്ധിയായ ഒരു മനുഷ്യന്‍ ഈ ലോകത്തില്ല. കാരണം എന്താച്ചാ ഇതിനെപ്പറ്റിയുള്ള പ്രതികരണങളില്‍ എല്ലാവരും എടുത്തെഴുതി പരാമര്‍ശിക്കുന്ന ഈ വരികളില്‍
“അടര്‍ന്ന്‌ വീണത്‌
തുടച്ചുമാറ്റും വരെ...
ഓരോ കണ്ണാടിയിലും...
ചോരയുടെ
പ്രളയം
ഒളിച്ചിരിപ്പുണ്ട്‌...“

തടഞ്ഞ്, ഉരുണ്ട് വീണ് ഞാന്‍ ഒരു പരുവമായി.

കണ്ണാടി എന്നതിന്നു പകരം അവിടെ കണ്ണാടിച്ചില്ല് എന്നായിരുന്നെങ്കില്‍? ആവോ. ഇനി പൊട്ടിച്ചിതറാത്ത അവസ്ഥയില്‍ തന്നെ സൌഹൃദദര്‍പ്പണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന, ആര്‍ത്തലച്ചുപുറത്തേക്കൊഴുകാന്‍ കുതറുന്ന,നിണനിളകളാവുമോ?

എന്റെ മന്ദബുദ്ധിത്തരത്തിന്ന് വല്ലാത്ത വേദനയാണ്..കാരണം എനിക്കു കവിത വായിച്ചാ മനസിലാവുംന്ന് ഞാന്‍ ധരിച്ചു വശപ്പെട്ടിരിക്കയായിരുന്നു. നന്ദി. കണ്ണുതുറപ്പിച്ചതിന്ന്.

samvidanand said...

നല്ല കവിത
നല്ല വാക്കുകള്‍
നല്ല അവസാനിപ്പിക്കല്‍
നന്മകള്‍ നേരുന്നു
പ്രാര്‍ത്ഥനകളോടെ സം വിദാനന്ദ്

ഗിരീഷ്‌ എ എസ്‌ said...

അനിലേട്ടാ
ശ്രീയേച്ചീ
പ്രൊഫറ്റ്‌
സാം
നന്ദി

Rajeeve Chelanat said...

ഭദ്രമായി ഒതുങ്ങി ഇരിക്കുന്ന, കൌശലത്തോടെ ഒതുക്കപ്പെട്ട ദര്‍പ്പണങ്ങളേക്കാള്‍, ചില്ലുകളാവുന്നതാണ് ഭംഗി. ഒരേ സമയം പലതും പലരും ആകാനാവുന്നതിന്റെ സ്വാതന്ത്ര്യം..

തരക്കേടില്ലാത്ത ഒരു കവിത എന്നേ പറയുന്നുള്ളു.