Saturday, November 08, 2008

വികസനം

1.
വീടിന്‌ പുറകിലെ
പച്ച വിരിച്ചുകിടന്ന മല
വണ്ടിയില്‍ കയറിപ്പോയത്‌
ഇന്നലെയായിരുന്നു...
കരിങ്കല്ലുകള്‍ പാകിയ തറയുയര്‍ന്നതും
ആകാശം മുട്ടിയത്‌ വളര്‍ന്നതും
ആളുകള്‍ ചേക്കേറിയതും
ഇന്നായിരുന്നു...
നാളയെ എനിക്ക്‌ ഭയമാണ്‌...
വാ പിളര്‍ത്തി വരുന്നൊരിരുമ്പ്‌ കൂട്‌
എന്റെ മേല്‍ക്കൂരയും തകര്‍ത്തേക്കാം...

2.
മരങ്ങളെല്ലാം മുറിച്ച്‌ മാറ്റി
കാത്തിരിപ്പ്‌കേന്ദ്രങ്ങള്‍ തീര്‍ത്തവര്‍
കാറ്റിനെ പ്രതീക്ഷിക്കുന്നുണ്ട്‌....
വണ്ടി നിശ്ചലമാവും മുമ്പുള്ള
ക്ഷണികമായ ഇടവേളകളില്‍ പോലും
ഭൂമിയുടെ തുറന്ന മാറില്‍
നില്‍ക്കാനോ ഇരിക്കാനോ
കഴിയില്ലെന്ന്‌
വാശിപിടിക്കുന്നവര്‍...

3.
പുഴയെ തടഞ്ഞുനിര്‍ത്തി
യന്ത്രനൗകകളോടിക്കുന്നു
പ്രതിമകള്‍ പണിത്‌
കരയില്‍ നിര്‍ത്തുന്നു
സിമന്റുബെഞ്ചുകളുയരുന്നു...
ഇന്ധനമൊഴുകി
ചരമമടഞ്ഞ മീനുകളെ പെറുക്കിമാറ്റാന്‍
ഇന്നും പരസ്യമുണ്ടായിരുന്നു...

4.
കത്തി നില്‍ക്കുന്ന വിളക്കുകള്‍
നഗരരാത്രിയെ പകലാക്കുന്നു...
സൂര്യനെത്തിയാലുമത്‌ കെടാതെ നില്‍ക്കുന്നു
അന്ധതയുടെയളവ്‌ കൂട്ടുമെന്ന്‌
ആവര്‍ത്തിക്കുന്നവര്‍
പരസ്യബോര്‍ഡിലെ
മെര്‍ക്കുറികളെ
കാണുന്നുണ്ടാവുമോ...

5.
ഞാറ്റുപാട്ടകന്ന പാടത്തെ
കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ക്ക്‌ മുമ്പില്‍
വീട്‌ നഷ്‌ടപ്പെട്ട തവളകള്‍ കരയുന്നുണ്ട്‌
ചെറുമീനുകളുടെ ശവകൂടീരങ്ങളില്‍
ഉറുമ്പരിക്കുന്നുണ്ട്‌
ചോറുനഷ്‌ടപ്പെട്ട ചെറുമികള്‍ വിതുമ്പുന്നുണ്ട്‌...
വെയില്‍ മഴയാകുന്നതും നോക്കി
ഇന്നുമാ മണ്ണ്‌ ആരെയോ കാത്തിരിക്കുന്നു...

നാട്‌ വികസിക്കുകയാണ്‌
എന്റെ ദുഖവും...

22 comments:

ഗിരീഷ്‌ എ എസ്‌ said...

ഞാറ്റുപാട്ടകന്ന പാടത്തെ
കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ക്ക്‌ മുമ്പില്‍
വീട്‌ നഷ്‌ടപ്പെട്ട തവളകള്‍ കരയുന്നുണ്ട്‌
ചെറുമീനുകളുടെ ശവകൂടീരങ്ങളില്‍
ഉറുമ്പരിക്കുന്നുണ്ട്‌
ചോറുനഷ്‌ടപ്പെട്ട ചെറുമികള്‍ വിതുമ്പുന്നുണ്ട്‌...
വെയില്‍ മഴയാകുന്നതും നോക്കി
ഇന്നുമാ മണ്ണ്‌ ആരെയോ കാത്തിരിക്കുന്നു...

നാട്‌ വികസിക്കുകയാണ്‌
എന്റെ ദുഖവും...


തിരിച്ചെടുക്കാനാവാത്ത വിധം
എന്തൊക്കെയോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍
അതിന്‌ വികസനത്തിന്റെ
മനോഹരമായ അടയാളം നല്‍കുന്നു...


വികസനം-പുതിയ പോസ്‌റ്റ്‌

ആഗ്നേയ said...

ഓരോവര്‍ഷവും മണ്ണിന്റെ നറുമണം നുകരാന്‍ കൊതിച്ച് നാട്ടിലെത്തുന്ന ഞങ്ങള്‍ പ്രവാസികളെയാണ് വികസനം കൂടുതല്‍ അമ്പരപ്പിക്കുന്നതും,തളര്‍ത്തുന്നതും...
കുഞ്ഞുകൈവഴികളും,കുന്നുകളും,കൈത്തോടുകളും വരെ ഓര്‍മ്മകളായി മാറിക്കഴിഞ്ഞത് കണ്ട് കണ്ണീരോടെയാണ് ഓരോ തവണയും മടക്കം..ഒട്ടേറെനാളുകള്‍ക്ക് ശേഷം ശക്തമായ വരികള്‍ ഗിരീഷ്..
അഭിനന്ദനങ്ങള്‍...

പ്രയാസി said...

“തിരിച്ചെടുക്കാനാവാത്ത വിധം
എന്തൊക്കെയോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍
അതിന്‌ വികസനത്തിന്റെ
മനോഹരമായ അടയാളം നല്‍കുന്നു...“

നല്ലൊരു കവിത ഗിരീ..
ആഗ്നേയയുടേയും നിന്റെയും കമന്ന്റ്റുകള്‍ക്ക് മോളില്‍ ഞാനെന്തിട്ടു എഴുതാനാ..!?

ഓടോ: ഇവിടെ മരുഭൂമി വികസിച്ചോണ്ടിരിക്കുകയാ..:)

ജന്മസുകൃതം said...

halo....njan vannu kandu ...detailayittu pinne parayaam

Ranjith chemmad / ചെമ്മാടൻ said...

"നാളയെ എനിക്ക്‌ ഭയമാണ്‌...
വാ പിളര്‍ത്തി വരുന്നൊരിരുമ്പ്‌ കൂട്‌
എന്റെ മേല്‍ക്കൂരയും തകര്‍ത്തേക്കാം...
...................
നാട്‌ വികസിക്കുകയാണ്‌
എന്റെ ദുഖവും..."

എന്റെ ദുഖവും, നന്നായി ഗിരീ..ആശംസകള്‍...

സജീവ് കടവനാട് said...

വികസനമെന്നാല്‍ ആകാശത്തേക്കു പാലം പണിയലാണെന്നുള്ള ധാരണ ലോകത്തെ നാശത്തിലേക്കെത്തിക്കുന്നു, നമുക്കു വിലപിക്കാം.


പിപിആറിന്റെ എക്സ്പ്രസ് ഹൈവെ (?) എന്ന കവിത ഓര്‍ത്തു.

Rare Rose said...

വികസനം...വാ പിളര്‍ന്നു കൊണ്ടുള്ള ഓരോ വരവിലും വിഴുങ്ങിക്കൊണ്ടു പോകുന്നതു മനസ്സിലാഴത്തില്‍ പതിഞ്ഞു പോയ ഓരോ ഓര്‍മ്മകളാണു..പകരമുയരുന്ന കെട്ടിടങ്ങള്‍‍ക്കുള്ളില്‍ കുഴിച്ചു മൂടേണ്ടി വരുന്ന നെടുവീര്‍പ്പുകള്‍...:(

നാട്‌ വികസിക്കുകയാണ്‌
എന്റെ ദുഖവും...

എത്ര സത്യമാണതു ദ്രൌപദീ..

ലോലഹൃദയന്‍ said...

vikasanathinte marupuram

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പച്ച വിരിച്ചുകിടന്ന മല
വണ്ടിയില്‍ കയറിപ്പോയത്‌
ഇന്നലെയായിരുന്നു...

വികസനം വരുന്നതിങ്ങനെയാണ്..

നല്ല കവിത.

ഉപാസന || Upasana said...

ദ്രൌപദിയക്കാ‍ാ : എല്ലാം നല്ല ആശയങ്ങള്‍ പേറുന്ന വരികള്‍. വളരെ സുന്ദരം.

കഴിഞ്ഞ ഓണത്തിന് നാട്ടില്‍ പോയപ്പോ അടുത്ത് തന്നെയുള്‍ല ചെറാലകുന്ന് ആകെ ഇടിച്ചിട്ട് ടിപ്പറുകല്‍ കേറി ഇറങ്ങുന്നു. കഷ്ടം.
:-(

ഒരൊയ്ക്കല്‍ കൂടി അഭിനന്ദനങ്ങള്‍

ഉപാസന

ഓഫ് : പുതിയ ബ്ലോഗാണല്ലാ നോവുകള്‍..!

Unknown said...

''ഞാറ്റുപാട്ടകന്ന പാടത്തെ
കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ക്ക്‌ മുമ്പില്‍
വീട്‌ നഷ്‌ടപ്പെട്ട തവളകള്‍ കരയുന്നുണ്ട്‌
ചെറുമീനുകളുടെ ശവകൂടീരങ്ങളില്‍
ഉറുമ്പരിക്കുന്നുണ്ട്‌.............''

ഗിരീ, ആദ്യയാണല്ലോ അങ്ങനെ വിളിക്കുന്നത്. ദ്രൌപതിയെന്ന പേരിനൊപ്പം നിരാശയുടെ വാകുകളും നഷ്ടപെട്ടുവോ? വ്യത്യസ്തമായ ഈ ശ്രമം മനോഹരം. - മുരളിക.

ജിതൻ said...

പ്രകൃതി സ്വയം നഷ്ടപ്പെടുന്നു...ആരോ പടപ്പുറപ്പാട് നടത്തുന്നു എന്ന അറിവില്‍ പ്രകൃതി താണ്ഡവമാടിത്തുടങ്ങിയിരിക്കുന്നു....പലപ്പോഴും താങ്ങാനാവാതെ മനുഷ്യര്‍!!!!!!!!
വിഹ്വലതകള്‍ മറയ്ക്കാന്‍ നമുക്കും ആവുന്നില്ല പലപ്പോഴും അല്ലെ സുഹൃത്തേ....
കവിത നന്നായി....കാലികപ്രസക്തം!!!

ജിതൻ said...
This comment has been removed by the author.
thoufi | തൗഫി said...

വികസനം വരുന്നതങ്ങനെയാണ്..

ഇന്നലെ വരെ നടന്ന ഇടവഴികള്‍ പോലുമിന്ന്
ടോള്‍ കൊടുക്കാന്‍ ഗതിയുള്ളവന് മാത്രമാകുമ്പൊള്‍..
പുറമ്പോക്കില്‍ പതിച്ചുകിട്ടിയ കിടപ്പാടത്തിനു
മുന്നില്‍ നാട്ടിവെച്ച പുതിയ സര്‍വേക്കല്ലുകള്‍
ചെറുമിയെ നോക്കി പല്ലിളിക്കുമ്പോള്‍..
ഉള്ളവന് വീണ്ടുമുണ്ടാക്കാന്‍ ഇല്ലാത്തവന്റെ
നിലം പിടിച്ചുവാങ്ങുന്ന കുട്ടിനേതാക്കള്‍ നാടുവാഴുമ്പൊള്‍...

വികസനം വരുന്നതെങ്ങനെയാണ്...

ചോദിക്കാനവകാശമില്ല..
ആരുടെ വികസനം,ആര്‍ക്കുള്ള വികസനം..?

--മിന്നാമിനുങ്ങ്

[ nardnahc hsemus ] said...

ഇതല്ലെ സത്യം!
എന്നെങ്കിലും അതിന്റെ പാരതമ്യത്തിലെത്തി പൊട്ടിത്തെറിയ്ക്കും!

ഗീത said...

പറഞ്ഞതൊക്കെ ശരിമാത്രം.. വീട്ടിനടുത്തുണ്ടായിരുന്ന വിശാലമായ പച്ചപ്പാടങ്ങളെല്ലാം എന്നേ കരയായി മാറിക്കഴിഞ്ഞു. ഇപ്പോളത് റെയില്‍‌വേ ട്രാക്ക് ആകാന്‍ പോകുന്നു...

G.MANU said...

കവിത നന്നായി മാഷെ...

‘നിങ്ങള്‍ക്ക് കുളിരേകാന്‍
ഞങ്ങള്‍ പച്ചിച്ചു പട്ടിണികിടക്കണോ’

എന്ന മറുചോദ്യത്തിനും മൌനം മാത്രമല്ലേ ഉത്തരം. ഭൂമിയുടെ കപ്പാസിറ്റിയും തീരാറായി....

ശ്രീ said...

“നാട്‌ വികസിക്കുകയാണ്‌
എന്റെ ദുഖവും...”

vinay bhaskar said...

chnaging ur view to new topics,,,,,,,,,,

good,,,,,, its v9

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

നീണ്ട ഇടവഴികളിലും
വയല്‍ വരമ്പുകളിലും
ആത്മാര്‍ഥതയുടെ വെളുപ്പില്‍
പൂത്തിരുന്ന സ്നേഹവും
വികസനങ്ങള്‍ക്ക് വഴിമാറുന്നു
വയലറ്റ് മാറി നീലയുടെ
ചുരുങ്ങിയ നിമിഷങ്ങളിലെ
ഉള്‍പ്പുളകങ്ങളിലേക്ക് ,
ലോഡ്ജിലെ അരണ്ട
നിമിഷങ്ങളിലേക്ക് ,
പിതൃ സ്നേഹം
കാമങ്ങളിലേക്ക് ,
പ്രിയതമ തനിച്ചായ
പ്രവാസികളുടെ
നീണ്ട രാവുകള്‍
ഭീതികളിലേക്ക് ... ??
അതേ വികസനം
മനുഷ്യ മനസ്സുകളിലേക്കും
ഇത്തിള്‍ കണ്ണികള്‍ പോലെ
പടര്‍ന്നിരിക്കുന്നു

കൌടില്യന്‍ said...

ദ്രൗപദിയില്‍നിന്ന് ഗിരീഷിലേക്ക് കൂപ്പു കുത്തിയപ്പോള്‍...
കവിത ഒരു പാട് കനം കുറഞ്ഞു!!! ദ്രൗപതിക്കവിതകളുടെ തീവ്രതയില്ല.....

ഗിരീഷ്‌ എ എസ്‌ said...

ആഗ്നേയാ...
പ്രയാസീ
(മരുഭൂമിയിലും വികസനമോ..)
ലീലേച്ചീ..
രഞ്‌ജിത്തേട്ടാ
കിനാവ്‌
റോസ്‌
ലോലഹൃദയന്‍
രാമചന്ദ്രന്‍
ഉപാസനാ...(പഴയ ബ്ലോഗ്‌ തന്നെയാണ്‌)
മുരളീ...(നിരാശകള്‍ മരിക്കാതെ പിന്‍തുടരുണ്ട്‌..)
ജിതന്‍
മിന്നാമിനുങ്ങ്‌
ഗീതേച്ചീ
ജി മനു
ശ്രീ
വിനയ്‌
അല്‍പ്പിതാ
കൗടില്ല്യാ...
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും
അകമഴിഞ്ഞ നന്ദി...