Thursday, January 01, 2009

സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌

ഒന്ന്‌
ഹിമകണങ്ങള്‍ പൊഴിയുന്ന
പ്രഭാതത്തിന്റെ തുറന്നമാറില്‍
വെള്ളിപാദസരത്തിന്റെ
കിലുക്കവുമായി
ഒരു പെണ്‍കുട്ടി...
ഡിസംബറിനെ ഭയന്ന്‌
മഞ്ഞിന്റെയാര്‍ദ്രതയെ പേടിച്ച്‌
പുസ്‌തകങ്ങള്‍ക്കിടയില്‍
പ്രണയലേഖനവുമായി
കാത്തുനില്‍ക്കുന്ന
കൗമാര വി്‌ഹ്വലത...
ഓരോ ബോഗിയും കടന്നുപോവുന്നതു നോക്കി
മിഴികള്‍ പൂട്ടി
അനാഥമായൊരു സിമന്റെ ബെഞ്ചിനരുകില്‍
നിന്നവള്‍ വിതുമ്പി...

രണ്ട്‌
ഗ്രീഷ്‌മത്തിന്റെ ദാരുണമായ വരവേല്‍പ്പിനിടയില്‍
വെള്ളയില്‍ കറുത്ത പുള്ളികളുള്ള
വസ്‌ത്രമണിഞ്ഞ്‌ അവള്‍...
ആരെയോ സ്വീകരിക്കാനെന്നവണ്ണം
ദൂരേക്ക്‌ മിഴികളൂന്നി...
ഗുല്‍മോഹര്‍ മരത്തിന്‌ കീഴെയുള്ള
സിമന്റെ ബെഞ്ചില്‍
ഏപ്രിലിന്റെ അവശിഷ്ടങ്ങള്‍
വീണുകിടന്നിരുന്നു...
ധൃതിയില്‍ പോകുന്നൊരു കാറ്റ്‌
പാവാടതുമ്പ്‌ പിടിച്ചിളക്കിയതവള്‍ അറിഞ്ഞില്ല...
അലറിവന്ന വണ്ടിയുടെ
അവസാനബോഗിയിലായിരുന്നു കണ്ണ്‌...
തുറന്നമിഴികളില്‍ നിന്ന്‌
സ്‌ഫടികമൊലിച്ചിറങ്ങി
വസ്‌ത്രങ്ങളെ നനയിച്ചപ്രത്യക്ഷമായി...

മൂന്ന്‌
ശിശിരത്തിന്റെ അവസാന നാഴികയില്‍
ഇലകള്‍ പൊഴിഞ്ഞുകിടന്ന പാളത്തിലേക്ക്‌
ആര്‍ത്തിയോടെ മിഴികളൂന്നി അവള്‍...
നോട്ടുബുക്കുകള്‍ക്കിടയില്‍
ഹൃദയം കൊണ്ട്‌ കുറിച്ചിട്ട
വാക്കുകളുടെ ചങ്ങലകള്‍ കണ്ടു...
ഭേദിച്ച്‌ പുറത്തുചാടാന്‍ കൊതിച്ചവ
കൈപിടിയില്‍ നിന്ന്‌
വഴുതിമാറാന്‍ കൊതിക്കുന്നു..
അതിഭീകരമായ ശബ്ദത്തോടെ
അന്നും തീവണ്ടി കടന്നുപോയി...
മിഴികള്‍ തുറക്കാതെ നിന്ന
അവളുടെ മുന്നിലേക്ക്‌
ആരോ വലിച്ചെറിഞ്ഞ മദ്യകുപ്പി
പൊട്ടി ചിതറി....

നാല്‌
വര്‍ഷകാലപ്രഭാതത്തില്‍
വീണ്ടുമൊരിക്കല്‍ കൂടി
അതേ സ്വപ്‌നപാളത്തിനരുകില്‍ അവള്‍...
മരത്തുള്ളികളില്‍ നിന്നിറ്റുവീഴുന്ന
ജലകണങ്ങളിക്കിളിപ്പെടുത്തിയിട്ടും
മുരള്‍ച്ചക്ക്‌ കാതോര്‍ത്ത്‌...
മഴയൊലിച്ചിറങ്ങിയ
മുഖത്ത്‌ ആദ്യമായി തിളക്കം കണ്ടു..
കണ്ണുകളില്‍
കുടിയേറിപ്പാര്‍ത്തിരിക്കുന്ന മൗനത്തിന്റെ
മൂടുപടമഴിഞ്ഞ്‌ ചിതറും പോലെ...
വര്‍ണങ്ങള്‍ നിറഞ്ഞ മുഖചിത്രമുള്ള
പുസ്‌തകത്തില്‍
മഴയെ നോക്കിയന്ന്‌ ആ ഹൃദയാക്ഷരങ്ങള്‍...
വണ്ടിയതിവേഗം കടന്നുപോയിട്ടും
അവളനങ്ങിയതേയില്ല...

അഞ്ച്‌
വസന്തത്തിന്റെ വര്‍ണാഭമായ
മേച്ചില്‍ പുറത്ത്‌ നില്‍ക്കുന്നത്‌ കൊണ്ടാവാം..
മുടിയില്‍ പൂക്കളുണ്ടായിരുന്നു..
കൈക്കുമ്പിളില്‍
റോസാദലങ്ങള്‍ അമര്‍ത്തിപിടിച്ചിരുന്നു...
സിമന്റ്‌ബെഞ്ചില്‍
പൂക്കാരി ചൊരിഞ്ഞിട്ട
ബന്ധിപൂക്കളുടെ ഇതളുകള്‍
മുല്ലയുടെ അവശേഷിപ്പുകള്‍
വണ്ടിയുടെ മുരള്‍ച്ച കേട്ടവള്‍ മിഴികള്‍പൂട്ടി...
അക്ഷമയുടെ കരിമ്പടം പുതച്ച
അവളുടെ നിശ്വാസങ്ങള്‍ ഞാന്‍ മാത്രമറിഞ്ഞു...
തീവണ്ടിയുടെ കിതപ്പുകളകന്ന്‌ പോയി....
പാളത്തിന്റെ നിശബ്ദതയില്‍
രക്തപൂക്കള്‍ ചിതറിക്കിടന്നു....

പുസ്‌തകത്തില്‍ നിന്ന്‌ പുറത്തേക്ക്‌ തെറിച്ച്‌ വീണ
പ്രണയലേഖനത്തിന്റെ ആദ്യവരി മാത്രം
ചോര പുരളാതെ കിടന്നിരുന്നു...
" എന്റെ സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌...''

15 comments:

ഗിരീഷ്‌ എ എസ്‌ said...

പുസ്‌തകത്തില്‍ നിന്ന്‌ പുറത്തേക്ക്‌ തെറിച്ച്‌ വീണ
പ്രണയലേഖനത്തിന്റെ ആദ്യവരി മാത്രം
ചോര പുരളാതെ കിടന്നിരുന്നു...
" എന്റെ സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌...''


വര്‍ത്തമാനകാലത്തെ
കാഴ്‌ചകള്‍ക്കും അനുഭവങ്ങള്‍ക്കും
ചെവിയോര്‍ക്കുമ്പോള്‍...

പുതിയ കവിത-"സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിക്ക്‌"

പ്രയാസി said...

മച്ചൂ..

രണ്ടായിരത്തി ഒന്‍പതിലെ ആദ്യ കമന്റ് പ്രയാസി വക..:)

എല്ലാ വിധ ആശംസകളും

ഓഫ്: നിന്റെ കവിത വായിച്ചു മനസ്സിലാക്കാനുള്ള വെവരം എനിക്കില്ലെടാ..:(

Rejeesh Sanathanan said...

പലതുമങ്ങോട്ട് മനസ്സിലായില്ല. കവിത ആസ്വദിക്കാന്‍ അറിയാത്തത് കൊണ്ടാകാം
പുതുവര്‍ഷാശംസകള്‍......

ശ്രീജ എന്‍ എസ് said...

ഗിരിയേ...പ്രണയത്തിനും കണ്ണും മൂക്കും ഇല്ലന്നുള്ളത് നേരാണോ...
ഞാന്‍ ആകെ ആശയ കുഴപ്പത്തിലായി....
"പാളത്തിന്റെ നിശബ്ദതയില്‍
രക്തപൂക്കള്‍ ചിതറിക്കിടന്നു...."
വെറുതെ കാത്തിരിക്കാമായിരുന്നില്ലേ...അറിഞ്ഞു കൂടാ...

ഗീത said...

ഋതുക്കളിലൂടെ പ്രയാണം തുടരുന്ന ആ സ്വപ്നത്തീവണ്ടി നന്നായിരിക്കുന്നു.
ഏതെങ്കിലും ഒരു ഋതുവില്‍, ആ തീവണ്ടിയില്‍ വന്നിറങ്ങും അവള്‍ കാത്തിരിക്കുന്നയാള്‍...

ദ്രൌ, കവിത വളരെ ഇഷ്ടപ്പെട്ടു കേട്ടോ.

വിജയലക്ഷ്മി said...

Mone,ee kavitha nannaayirikkunnu.....Kozhikodukaaranaanalle?njangal 15varsham avideyundaayirunnu... monum kudumbathhinum "puthuvalsaraashamsakal"......

ഇരട്ടി മധുരം.. said...

ഇതു കാലങ്ങള്‍ കടന്നു ചെന്നു നില്ക്കുന്നത് എന്റെ
പഴയ എന്റെ കലാലയത്തിലേക്കും.
പഴയ സിനിയും നഷ്ടപ്പെട്ട അവളുടെ വലം കൈതണ്ടും !

Rare Rose said...

ഋതുക്കള്‍ക്കൊപ്പം വഴിക്കണ്ണും നട്ടിരുന്നവള്‍... അവളുടെ വിഹ്വലത ചാലിച്ചെഴുതിയ മിഴിനീര്‍ക്കണങ്ങള്‍ക്ക് മുന്നിലുത്തരം നഷ്ടപ്പെടുന്നു...തടുത്തുനിര്‍ത്താനാവാത്ത വേഗത്തിലെന്തേ അവള്‍ സ്വപ്നങ്ങളിലേക്ക് പാറിപ്പറന്നു പോയതു...:(
പലതുമോര്‍പ്പിച്ചു ദ്രൌപദീ ഈ കവിത...ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം ആശംസിക്കുന്നു.....

ജന്മസുകൃതം said...

കവിത ഇഷ്ടപ്പെട്ടു .
എല്ലാ വിധ ആശംസകളും

ഗിരീഷ്‌ എ എസ്‌ said...

ശ്രീക്ക്‌....
ഋതുക്കള്‍ക്കിടയില്‍ കാത്തിരിപ്പിന്റെ സുഖവും പേറി അവള്‍...
കാലം കടന്നുപോവുന്നതൊന്നും
അവളുടെ കാത്തിരിപ്പിനെ തളര്‍ത്തിയതേയില്ല...
ഒടുവിലെപ്പോഴോ
തീവണ്ടിയുടെ ശൗര്യവും
വേഗതയും അവളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു...
കാത്തുവെച്ച പ്രണയലേഖനത്തിന്റെ
വരികള്‍ അവള്‍ മാറ്റിയെഴുതി...

സ്വപ്‌നങ്ങള്‍ ചിന്നിചിതറിയ മനസുമായി
ആ വേഗതയുടെ മുന്നില്‍
അവള്‍ കഴുത്തിനീട്ടി...
അവളെ നിരാശപ്പെടുത്താതെ
അത്‌ സ്വീകരിക്കുകയും ചെയ്‌തു..


വസന്തത്തിലെ മരിക്കൂ എന്ന്‌ വാശിപിടിച്ചിരിക്കുന്ന
എന്റെ കൂട്ടുകാരിയെ ഓര്‍മ്മിച്ചുകൊണ്ട്‌.....

തേജസ്വിനി said...

മാറിവന്ന ഋതുക്കള്‍
സമ്മാനിച്ച നൊമ്പരങ്ങളത്രയും ഏറ്റുവാങ്ങുന്നു ദ്രൌപദി...
നല്ല വാക്കുകള്‍..അക്ഷരങ്ങള്‍ക്കും വേദന സമ്മാനിക്കാനാവുന്നു...എന്തേ ഇങ്ങനെ എന്ന ചോദ്യം ഉയര്‍ത്തുന്ന പ്രതിദ്ദ്വനികള്‍ തലച്ചോറില്‍ അസുരവാദ്യത്തിന്‍ ഉച്ചസ്ഥായികള്‍ സൃഷ്ടിക്കുന്നു...ചോദ്യങ്ങള്‍ ഒഴിവാക്കാം അല്ലേ ദ്രൌപ്സ്...
നല്ല വരികള്‍...2008 ന്റെ നൊമ്പരം മുഴുവന്‍ ഏറ്റുവാങ്ങിയത്പോലെ...

Ranjith chemmad / ചെമ്മാടൻ said...

മാഷേ നന്നായിരിക്കുന്നു...
വിങ്ങുന്ന വരികള്‍....

ആഗ്നേയ said...

വര്‍ഷം മുഴുവന്‍ തീവണ്ടിയില്‍ വരുന്ന ആളെ പ്രതീക്ഷിച്ച്,ഒടുവില്‍ തീവണ്ടിയെതന്നെ പ്രണയിച്ച് വസന്തത്തിനും,തീവണ്ടിക്കും പ്രാണന്‍ പകുത്തുനല്‍കിയവള്‍..
കൊള്ളാം ഗിരീഷേ...:-)

John honay said...

ദ്രൗപതി..
എഴുതിയതിനുമപ്പുറം
എന്തിലേക്കോ എന്റെ മനസും പറന്നുപോകുന്നു.
ഓര്‍മ്മകള്‍ പ്രണയ്ത്തിന്റെ മുള്ളില്‍ കൊളുത്തിവലിച്ച്
നീറ്റലേകുന്നു.


-പുതുവല്‍സരാശംസകള്‍‌‌-

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കാത്തിരിപ്പിന്റെ നീര്‍പ്പോളയുടഞ്ഞപ്പോള്‍ നിര്‍ഗ്ഗമിച്ചത്‌ നീണമായിരുന്നുവോ...? കഷ്‌ടം.....