Sunday, April 05, 2009

നിലാവില്‍ ഇഴയുന്ന നാഗങ്ങള്‍

കരിഞ്ഞുണങ്ങിയ
സ്വപ്നങ്ങളുടെ പലകയിലാണ്‌
ഉറങ്ങാന്‍ കിടന്നത്‌...

ദിശയറിയാതെ പോകുന്ന
മോഹങ്ങളിലൊന്ന്‌
ഇന്നലെയും
വഴി തെറ്റി വന്നിരുന്നു...
നിന്റെ മുഖത്ത്‌
ഉണങ്ങിപ്പിടിച്ചിരിക്കുന്ന
അശ്രുബിന്ദുക്കളുടെ കഥ പറഞ്ഞവ
പതിയെ ചിരിച്ചു...
പിന്നെ,
മയില്‍പ്പീലി വിശറി കൊണ്ട്‌
ഓര്‍മ്മകളെ തലോടിയുറക്കി
നഗ്നരാത്രികളുടെ
ഹൃദയത്തിലേക്കവ ഇഴഞ്ഞുപോയി...

നഗരത്തിലെ തടവറയില്‍,
കിളിവാതിലുകളടര്‍ന്നുവീണ
നിന്റെ ശയ്യാഗൃഹത്തില്‍
താരാട്ടുപാടാന്‍
പത്തിവിടര്‍ത്തിയവ
വരുന്നുണ്ട്‌...

നരകമുറിയുടെ നടുവില്‍
നീയുമായി ഇണചേര്‍ന്നത്‌
അന്ത്യനിദ്രയുടെ
അവസാനപടി കയറാനൊരുങ്ങുന്നുണ്ട്‌...

അഗ്നിനാമ്പുകള്‍ ചിതറിക്കിടക്കുന്ന
പൗര്‍ണ്ണമിയില്‍
വിലയിക്കാന്‍
നിനക്ക്‌ കൂട്ടിനി
വരണ്ട മനസ്സ്‌ മാത്രം...

നിന്നില്‍ നിന്നും
കരിനാഗങ്ങളില്‍ നിന്നും
ഞാനറിഞ്ഞതോ
പ്രണയത്തില്‍ നിന്നും
മരണത്തിലേക്കുള്ള
ദൂരവും...

9 comments:

ഗിരീഷ്‌ എ എസ്‌ said...

നിലാവില്‍ ഇഴയുന്ന നാഗങ്ങള്‍ (പുതിയ കവിത)

കാദംബരി said...

'കരിഞ്ഞുണങ്ങിയ
സ്വപ്നങ്ങളുടെ പലകയിലാണ്‌
ഉറങ്ങാന്‍ കിടന്നത്‌.. '

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അറിഞ്ഞത് പ്രണയത്തില്‍ നിന്നും മരണത്തിലേയ്ക്കുള്ള ദൂരമാകുമ്പോള്‍ .... ആഴമളക്കാം കുറച്ചെങ്കിലും, മറഞ്ഞ സ്വപ്നങ്ങളുടെ

...

മയൂര said...

ദിശയറിയാതെ പോകുന്ന ചിലതെല്ലാം ആളുന്നവെയിലിനെ പോലെയാണ് പൊള്ളിക്കും, പക്ഷേ നീറ്റുന്നില്ല.

സിജി സുരേന്ദ്രന്‍ said...

നിന്നില്‍ നിന്നും
കരിനാഗങ്ങളില്‍ നിന്നും
ഞാനറിഞ്ഞതോ
പ്രണയത്തില്‍ നിന്നും
മരണത്തിലേക്കുള്ള
ദൂരവും...

ഇതുതന്നെയാണ് വേദന, ഇതുതന്നെയാണ് സ്വപ്നവും, സമ്മാനിക്കാന്‍ സ്വീകരിക്കാന്‍ എളുപ്പവും ഇതുതന്നെ

ദൈവം said...

പ്രണയത്തിൽ നിന്ന് മരണത്തിലേക്ക് ദൂരമുണ്ടോ?
ഞാൻ മരിച്ച് നീ മാത്രമാവുന്നതല്ലേ പ്രണയം?

ശ്രീഇടമൺ said...

നിന്നില്‍ നിന്നും
കരിനാഗങ്ങളില്‍ നിന്നും
ഞാനറിഞ്ഞതോ
പ്രണയത്തില്‍ നിന്നും
മരണത്തിലേക്കുള്ള
ദൂരവും...

നല്ല വരികള്‍
മനോഹരമായ കവിത.

സിന്ധു മേനോന്‍ said...

nalla kavithakal gireesh

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...