Friday, July 31, 2009

നക്ഷത്രങ്ങള്‍ ജനിക്കുന്നത്‌...

മറവിയുടെ
ആഴങ്ങളില്‍ നിന്നാണ്‌
ശബ്ദം കൊണ്ട്‌ കുത്തിയിളക്കി
നിന്നെ ഓര്‍മ്മയിലേക്ക്‌ വലിച്ചിട്ടത്‌...

മൗനം കുടിച്ചുമരിച്ച കൂട്ടുകാരിയുടെ മുഖച്ഛായ,
ചിത്രശലഭങ്ങളില്ലാത്ത
ഭൂഖണ്ഡങ്ങളിലെ
പക്ഷികളെ ഭക്ഷിക്കുന്ന
സന്ന്യാസിമാരുടെ നിഷ്‌കളങ്കത,
അശുദ്ധമാക്കപ്പെട്ട പൂന്തോട്ടങ്ങളെ
വിഷമുക്തമാക്കാനാവാത്ത
മാതൃത്വത്തിന്റെ ദൈന്യത

നിന്റെ രൂപം
പഴയതിനേക്കാള്‍ സുന്ദരമായിരുന്നു...

പ്രണയത്തെ മാരിവില്ലിനോടും
സൗഹൃദത്തെ മേഘങ്ങളോടും
സാഹോദര്യത്തെ മഴയോടും
ഉപമിച്ച്‌ നീയെഴുതി തന്ന കുറിപ്പ്‌
ഹൃദയത്തില്‍ നിന്ന്‌
അടര്‍ത്തിയെടുത്ത്‌
ആരോ കടന്നുകളഞ്ഞു...
ഏകാന്തതയെ പൂപ്പാത്രങ്ങളിലടക്കം ചെയ്‌ത്‌
ആത്മാവില്‍ കുഴിച്ചുമൂടിയവനെന്ന
പേര്‌ വന്നതിനാലാവാം.
ഞാനത്‌ തിരഞ്ഞുപോയില്ല...

ഭോഗമുറിയിലെ കടലാസ്സില്‍
അവ്യക്തമായി തെളിഞ്ഞ
നിന്റെ ചുണ്ടുകളില്‍ നിന്നാണ്‌
ചോരയുടെ രുചിയറിഞ്ഞത്‌...
നീ ചൊരിഞ്ഞ വിയര്‍പ്പുതുള്ളികള്‍ കുടിച്ചാണ്‌
ദാഹമകറ്റിയത്‌...

സമയം കഴിഞ്ഞു.
നമുക്കിനി
ഓര്‍മ്മയുടെ അക്കരെയുള്ള
മറവിയുടെ ഉദ്യാനത്തിലേക്ക്‌ ഉള്‍വലിയാം...
അവിടെ ബന്ധനങ്ങളുടെ ഇടിമുഴക്കവും
ബന്ധങ്ങളുടെ ചുഴിയുമില്ല...
നിന്നില്‍ ഞാനും എന്നില്‍ നീയും ചേര്‍ന്ന്‌
താരകങ്ങളാവാം....

5 comments:

ദിയ , തൃശ്ശിവപേരൂര്‍ said...

“മറവിയുടെ ഉദ്യാനത്തിലേക്ക്‌ ഉള്‍വലിയാം...“
മറവിയെ മരണമായും,ഉണങ്ങാത്ത മുറിവായുമൊക്കെ കേട്ടു പഴകിയപ്പോള്‍...
മറവിയുടെ ആഘോഷം കുറച്ചൊരു അതിശയോക്തിയായി.

“നിന്നില്‍ ഞാനും എന്നില്‍ നീയും ചേര്‍ന്ന്‌
താരകങ്ങളാവാം....“
ചേര്‍ന്ന് ഒരൊറ്റ താരകമായിക്കൂടെ? പിന്നെ നീയും ഞാനുമില്ലല്ലോ...ഒരൊറ്റ താരകം.

നല്ല ഭാഷ...ഭാവന...
വരികളിലൂടെ പോകുന്നതിനേക്കാള്‍ സുഖമുണ്ട്..വരികള്‍ക്കിടയിലൂടെ പോകാന്‍ .

ആഗ്നേയ said...

പക്ഷികളെ ഭക്ഷിക്കുന്ന സന്യാസിമാരുടെ നിഷ്കളങ്കതപോലെ കാപട്യം നിറഞ്ഞ കൂട്ടുകാരിയുടെ
മാതൃത്വത്തിലെ ദയനീയത.
കൊള്ളാം ഗിരീ.
അവസാന വരികളില്‍ എന്തോ ദുരൂഹത.:-)

വയനാടന്‍ said...

നല്ല വരികൾ

മാണിക്യം said...

“”പ്രണയത്തെ മാരിവില്ലിനോടും
സൗഹൃദത്തെ മേഘങ്ങളോടും
സാഹോദര്യത്തെ മഴയോടും
ഉപമിച്ച്‌ നീയെഴുതി തന്ന കുറിപ്പ്‌
ഹൃദയത്തില്‍ നിന്ന്‌
അടര്‍ത്തിയെടുത്ത്‌
ആരോ കടന്നുകളഞ്ഞു.....”“


ഹൃദയത്തില്‍ നിന്ന്‌
പ്രണയം നഷ്ടപ്പെട്ടാല്‍
പിന്നെ ഒക്കെ വെറും നാടകം....

മഴവില്ലും മയില്‍‌പീലിയും said...

പ്രണയമൊഴിഞ്ഞ എന്റെ ഹൃദയമെ നീ എന്തിനാണ് വെറുതെയിപ്പോഴുമിടച്ചുകൊണ്ടിരിക്കുന്നത്?