Sunday, June 24, 2007

മറവി




പറയാന്‍ മറന്നു...
പ്രകൃതി എഴുതിയ
വിലാപകാവ്യത്തിലെ
അവസാന ഈരടികളിലെ അലങ്കാരങ്ങളെ പറ്റി...

സാദൃശ്യമില്ലാത്തവ...
അഭേദമില്ലാത്തവ...
ആശങ്കയില്ലാത്തവ...

പെയ്തുതോരില്ലെന്നറിഞ്ഞിട്ടും
ശിരസൊഴിച്ചിട്ടു...
വഴി മാറില്ലെന്നറിഞ്ഞിട്ടും
പോകാനൊരുങ്ങി...
ഉപമകള്‍ തലയറുക്കപ്പെട്ട നിലയില്‍...
ചുവന്ന ചേരികളില്‍
ശയിക്കുന്നതറിഞ്ഞിട്ടും
സന്ദര്‍ശകനാവാനായില്ല...

ആദ്യപാഠം
പാട്ടുകേട്ടാല്‍ കരയരുതെന്നായിരുന്നു...
തൊട്ടിലിന്റെ താളത്തിനൊത്ത്‌
ഹൃദിസ്ഥമാക്കിയ ഒരറിവ്‌...

മിഴിതുമ്പ്‌ നനയാതിരിക്കാന്‍
അമ്മ താരാട്ടെഴുതിയും പാടിയും തളര്‍ന്നു...
ലംഘനങ്ങളുടെ ചുഴിയില്‍ പെട്ട്‌ ഞാനും...

പാഠങ്ങളെല്ലാം മറന്നതുകൊണ്ടാവാം...
അലങ്കാരങ്ങളും വൃത്തങ്ങളെയും
കാലം കശക്കിയെറിഞ്ഞത്‌....

14 comments:

ഗിരീഷ്‌ എ എസ്‌ said...

ആദ്യപാഠം
പാട്ടുകേട്ടാല്‍ കരയരുതെന്നായിരുന്നു...
തൊട്ടിലിന്റെ താളത്തിനൊത്ത്‌
ഹൃദിസ്ഥമാക്കിയ ഒരറിവ്‌...

മിഴിതുമ്പ്‌ നനയാതിരിക്കാന്‍
അമ്മ താരാട്ടെഴുതിയും പാടിയും തളര്‍ന്നു...
ലംഘനങ്ങളുടെ ചുഴിയില്‍ പെട്ട്‌ ഞാനും...

കാലം ചിലതെല്ലാം മായ്ചുകളയുമ്പോള്‍..
ഓര്‍മ്മകളും ചില പാഠങ്ങള്‍ പോലും നാം വിസ്മരിക്കും...

'മറവി'
പുതിയ പോസ്റ്റ്‌

Unknown said...

ആദ്യപാഠം കേമമായി. നല്ല കവിത.

Haree said...

പോസ്റ്റിനേക്കാള്‍ ഇഷ്ടമായത്, ദ്രൌപതിയിട്ട ആദ്യ കമന്റാണ്.
ആദ്യപാഠം
...
...
വിസ്മരിക്കും...

ഇത്രയും മതിയായിരുന്നു കവിതയിലും, ദില്‍ബു പറഞ്ഞതുപോലെ ‘ആദ്യപാഠം’ എന്നാവാമായിരുന്നു തലക്കെട്ടും... :)
--

വേണു venu said...

നല്ല കവിത.
മറവി ചെലപ്പോള്‍‍ അനുഗ്രഹമായി മാറുമല്ലോ.:)

തറവാടി said...

ആദ്യപാഠം മനോഹരം :)

Rasheed Chalil said...

ആദ്യപാഠം അസ്സലായി.

സുല്‍ |Sul said...

ആദ്യപാഠം ഇതായിരുന്നെന്ന് ഇപ്പോള്‍ ഞാനറിയുന്നു. അസ്സലായി. :)
-സുല്‍

Sona said...

നന്നായിട്ടുണ്ട്

ഗിരീഷ്‌ എ എസ്‌ said...

ദില്‍ബാ...
അഭിപ്രായത്തിന്‌ നന്ദി...
ഹരീ..
മനസില്‍ ഇപ്പോഴും അങ്ങനെയൊരു ചിന്ത അവശേഷിക്കുന്നുണ്ട്‌...വാശി പിടിച്ചു കരയുമ്പോള്‍ അമ്മയുടെ ഈണത്തിലുള്ള പാട്ട്‌ കേള്‍ക്കാം...കരയാതെ ഉറങ്ങാനുള്ള പ്രതീകമായാണ്‌ എന്നും ആ പാട്ടെന്ന്‌ തിരിച്ചറിഞ്ഞിരുന്നു...
അഭിപ്രായത്തിന്‌ അകമഴിഞ്ഞ നന്ദി...
വേണു..
മറവി എപ്പോഴും അരനുഗ്രഹമാണ്‌..ഇന്നും ഹൃദയത്തില്‍ അവശേഷിക്കുന്ന ചില നൊമ്പരങ്ങള്‍ മറവി കൊണ്ട്‌ നാം അതിജീവിക്കുന്നു..
അഭിപ്രായത്തിന്‌ നന്ദി...
തറവാടി..
ഇത്തിരിവെട്ടം...
നന്ദി...
സുല്‍...
അമ്മ തരുന്ന ആദ്യപാഠം ഇതുതന്നെയല്ലേ...
സോനാ..
അഭിപ്രായത്തിന്‌ നന്ദി.....

എം. മുഹമ്മദ് ഷാഫി said...

മറവിയുടെ ഇഴകള്‍ മനസ്സിനെ ചുറ്റിയിരുന്നില്ലെങ്കില്‍...?
മിഴിത്തുന്വ് നനഞ്ഞ് നനഞ്ഞ് അരുവിയായേനെ...
താരാട്ടിനെ ഒര്‍മ്മയില്‍ മറന്നതും
കാലം കവര്‍ന്നതും ജീവിതം തന്നെയാണു കൂട്ടുകാരീ...
മനസ്സില്‍ പാല്‍ മണം തൊടുന്ന വരികള്‍...
ഒത്തിരി ഇഷ്ടായി...

Raji Chandrasekhar said...

പാട്ടുകേട്ടാല്‍ കരയരുതെന്നായിരുന്നു...
തൊട്ടിലിന്റെ താളത്തിനൊത്ത്‌
ഹൃദിസ്ഥമാക്കിയ ഒരറിവ്‌...

കവിതകള്‍ പലവട്ടം വായിച്ചു. പലവട്ടം വായിക്കണമെന്ന തോന്നലൂണര്‍ത്തുന്നതാണല്ലൊ കവിതയുടെ ശക്തി. ആ ശക്തിയോടൊപ്പം ശാലീനതയും തുളുമ്പുന്നുണ്ട് വരികളില്‍. ഉള്ളിലെ നനവ് ഞാനുമറിയുന്നു.
ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് പിന്നെയൊരിക്കല്‍...

ഗിരീഷ്‌ എ എസ്‌ said...

ഷാഫി..
മറവി അനുഗ്രഹം തന്നെയാണ്‌..
ഇഴപൊടിഞ്ഞില്ലാതാകുന്ന
ആത്മബന്ധങ്ങളെ കുറിച്ചുള്ള വിഹ്വലതകളില്‍ നിന്നും
നമ്മെ മുക്തമാക്കുന്നത്‌ മറവി തന്നെയല്ലേ...
രാജീ..
കവിതകള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാട്‌ സന്തോഷം..
ഇവിടെ വന്നതിന്‌ നന്ദി...

chithrakaran ചിത്രകാരന്‍ said...

പ്രിയ ദ്രൌപതി,
നല്ല കവിത.
ഒളിപ്പിച്ചുവച്ച മറവിയെക്കുറിച്ചുള്ള ഒരു കുംബസാരമാണോ ചിത്രകാരന്‍ വായിച്ചത്‌ ?
ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിച്ച തൊട്ടില്‍ പാട്ടിന്റെ ഈരടികളില്‍ മുലപ്പാലിന്റെ ഗന്ധം ഇപ്പഴെങ്കിലും ഓര്‍മ്മിക്കാന്‍ ശ്രമിക്കാം !!!

ദ്രൌപതി.... ഈ തോന്നിവാസിയോടു ക്ഷമിക്കണേ....

ശ്രീ said...

ദ്രൌപതീ..
“ആദ്യപാഠം
പാട്ടുകേട്ടാല്‍ കരയരുതെന്നായിരുന്നു...”
ഇതു വായിക്കുമ്പോള്‍‌ തിരിച്ചറിയുന്നു... ആതു എത്ര ശരിയാണെന്ന്... ഓരോ കുഞ്ഞിനോടും ആരു പറഞ്ഞു കൊടുക്കുന്നതാണ്‍ താരാട്ടു പാട്ടു കേള്‍‌ക്കുമ്പോള്‍‌ കരച്ചില്‍‌ നിര്‍‌ത്താന്‍‌?
(പക്ഷേ, തൊട്ടിലിലെ ആടുന്നതിന്റെ താളം ഇഷ്ടപ്പെടുവാന്‍‌ കാരണം അമ്മയുടെ ഗര്‍‌ഭ പാത്രത്തിലായിരിക്കുന്ന കാലം തൊട്ടേ അതിനു സമാനമായ ചാഞ്ചാട്ടം കുഞ്ഞ് അനുഭവിക്കുന്നതു കൊണ്ടാണല്ലോ)
കവിത ഒരുപാടിഷ്ടമായി
:)