Friday, September 26, 2008

ചോര

എന്നെയോ നിന്നെയോ
കീറിമുറിച്ചാല്‍
അവശേഷിക്കുന്ന
ഒരേയൊരു നിറം
ചുവപ്പാണ്‌...
വേദനയാല്‍ വരണ്ടമുഖം
ഭീതി കൊണ്ടു നടുങ്ങുമ്പോള്‍
അവ്യക്തമായി
ഒഴുകി നീങ്ങുന്നതും
കടുംനിറത്തിന്റെ
അവര്‍ണനീയപാടകള്‍ തന്നെ...

ആദ്യമായി കുറിച്ചിട്ട
സ്‌നേഹാക്ഷരങ്ങളില്‍
കലര്‍പ്പില്ലാതെ കലര്‍ത്തിയ
രക്തത്തിന്റെ ഗന്ധം
സ്വപ്‌നങ്ങളില്‍ പതിഞ്ഞ്‌ കിടന്നതും...
മറവിയുടെ കിരാതവേട്ടയില്‍
ഹൃദയഭിത്തിയില്‍
തൂങ്ങികിടന്ന
പ്രണയലേഖനത്തില്‍
വാക്കുകള്‍ ചലിച്ചതും
അതിന്റെ നിര്‍വൃതിയുടെ
ആഘാതത്തില്‍
മരണം പതിയെ ചിരിച്ചതും
രേഖപ്പെടുത്താത്ത പകലിന്റെ
കൗതുകങ്ങളിലൊന്ന്‌...

അരണ്ട വെളിച്ചമുള്ള തടവറയില്‍
നിശ്വാസങ്ങളുടെ തീക്കാറ്റില്‍
നഗ്നരായതും
അടരാനാവാതെയടുത്തതും
ഒടുവിലൊരിറ്റ്‌ ചോര
നിന്നിലേക്ക്‌ പകര്‍ന്നതും
ആരുമറിയാത്ത രാത്രിയുടെ
വിധിന്യായങ്ങളിലൊന്ന്‌...

പ്രേമത്തിന്റെ നിറം
രതിയുടെ അന്ത്യവിധിയാണ്‌...
വിരഹത്തിന്റെ അനിയന്ത്രിതയാത്രയില്‍
നൊമ്പരത്തിന്റെ കനല്‍ക്കട്ട
അവശേഷിപ്പിച്ച്‌ പോയ അഴുക്ക്‌രക്തം
നഷ്‌ടമാവുന്നത്‌ കൊണ്ടാവാം..
നീ ചോര കണ്ട്‌ തളരാറില്ല...
ഞാനോ
ഭയന്ന്‌ അലറികരഞ്ഞ്‌
നിന്നില്‍ വീണ്‌ പിടയുന്നു...

8 comments:

ഗിരീഷ്‌ എ എസ്‌ said...

അരണ്ട വെളിച്ചമുള്ള തടവറയില്‍
നിശ്വാസങ്ങളുടെ തീക്കാറ്റില്‍
നഗ്നരായതും
അടരാനാവാതെയടുത്തതും
ഒടുവിലൊരിറ്റ്‌ ചോര
നിന്നിലേക്ക്‌ പകര്‍ന്നതും
ആരുമറിയാത്ത രാത്രിയുടെ
വിധിന്യായങ്ങളിലൊന്ന്‌...

ചോര- പുതിയ കവിത

JAFARSADIK said...

കണ്ടു നിന്റെ ചോര

sunilfaizal@gmail.com said...

ചോര ചിന്തിയതു വായിച്ചു

ആഗ്നേയ said...

ഓ...ഇത് പുരുഷന്മാരുടെ ആ സ്ഥിരം പല്ലവിയല്ലേ?സ്ത്രീകളെ വേര്‍പാട് വേദനിപ്പിക്കുന്നില്ല,തളര്‍ത്തുന്നില്ല..അവര്‍ പിടിച്ചുനില്‍ക്കും,പാവം ഞങ്ങള്‍ ആണുങ്ങള്‍ മാത്രമേ സങ്കടപ്പെടൂ എന്ന്..
വിയോജിപ്പ്,പ്രതിഷേധം..

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

ആദ്യമായ് കുറിച്ചിട്ട സ്നേഹഹാക്ഷരങ്ങളില്‍
ഭീദിയാല്‍ നടുങ്ങുന്ന മുഖാവരനങ്ങളില്‍
കുട്ടിത്തം വിട്ടുമാറുന്നതിന്‍ തെളിവുകളില്‍
ആദ്യ അഭിനിവേശതിന്‍ തുടക്കങ്ങളില്‍
ഇഷ്ട്ടമായി ...........
പ്രേമത്തിന്റെ നിറം
രതിയുടെ അന്ത്യവിധിയാണ്‌
ഇതൊന്നു പറയുമോ ????

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിരഹത്തിന്റെ അനിയന്ത്രിതയാത്രയില്‍
നൊമ്പരത്തിന്റെ കനല്‍ക്കട്ട
അവശേഷിപ്പിച്ച്‌ പോയ അഴുക്ക്‌രക്തം
നഷ്‌ടമാവുന്നത്‌ കൊണ്ടാവാം..
നീ ചോര കണ്ട്‌ തളരാറില്ല...
ഞാനോ
ഭയന്ന്‌ അലറികരഞ്ഞ്‌
നിന്നില്‍ വീണ്‌ പിടയുന്നു...

Touching Baba Touching

ഹൃദയപൂര്‍വ്വം ....suvee. said...

hi......kollam nalla varikal....eniyum orupadu pradeekshikkunnu.............

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്കും
പ്രോത്സാഹനങ്ങള്‍ക്കും
ഒരുപാട്‌ നന്ദി...