Tuesday, September 22, 2009

ചൂണ്ട

മുന കൂര്‍ത്ത
ഇരുമ്പുദണ്ഡില്‍ നിന്നാണ്‌
ചതിയുടെ ആദ്യപാഠം
ഹൃദിസ്ഥമാക്കിയത്‌.
പുഴയുടെ ആഗാധതയില്‍
വിശപ്പിന്‌ സമാന്തരമായി
സഞ്ചരിച്ചുകൊണ്ടിരുന്നവനെ
വെളിച്ചത്തിലേക്കാനയിച്ചതായിരുന്നു
ആദ്യതെറ്റ്‌.
ശ്വാസത്തിനായി
പിടയുന്നതറിഞ്ഞിട്ടും
നിര്‍ത്താതെ ചിരിച്ചതായിരുന്നു
ആദ്യക്രൂരത.
പിടഞ്ഞ്‌,
വഴുതിമാറി
ജീവിതത്തിലേക്ക്‌
മടങ്ങാനൊരുങ്ങിയപ്പോള്‍
കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായിരുന്നു
ആദ്യ കുറ്റം.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും
മരിക്കാന്‍ മടിച്ചപ്പോള്‍
കത്തിമുനയാല്‍
കുത്തിക്കീറിയതായിരുന്നു
ആദ്യകൊലപാതകം.

17 comments:

മീര അനിരുദ്ധൻ said...

ശ്വാസത്തിനായി
പിടയുന്നതറിഞ്ഞിട്ടും
നിര്‍ത്താതെ ചിരിച്ചതായിരുന്നു
ആദ്യക്രൂരത

വരികൾ നന്നായിരിക്കുന്നു

Anil cheleri kumaran said...

ഇഷ്ടപ്പെട്ടു. നല്ല കവിത.

വാഴക്കോടന്‍ ‍// vazhakodan said...

പോലീസ് ഇവനെ അറസ്റ്റ് ചെയ്യൂ..... ഇതാ ഒരു ഗുണ്ട :)

കൊള്ളാം നല്ല ചിന്ത

താരകൻ said...

you are under arrest...!!

girishvarma balussery... said...

"പുഴയുടെ ആഗാധതയില്‍
വിശപ്പിന്‌ സമാന്തരമായി
സഞ്ചരിച്ചുകൊണ്ടിരുന്നവനെ
വെളിച്ചത്തിലേക്കാനയിച്ചതായിരുന്നു
ആദ്യതെറ്റ്‌."
അത് തെറ്റായിരുന്നു എന്ന് മനസ്സിലാക്കിയത് എപ്പോള്‍. തിരികെ കിട്ടിയ കയ്പേറിയ സമ്മാനങ്ങള്‍ അല്ലേ.. പക്ഷെ തിരികെ എന്ത് കിട്ടി എന്നല്ല കാര്യം. ചെയ്തു കഴിഞ്ഞപ്പോള്‍ നമ്മള്‍ ഉദ്ദേശിച്ച പ്രവര്‍ത്തി പൂര്‍ത്തിയായിരിക്കുന്നു. അത്ര മാത്രം ആലോചിക്കുക. ആ പ്രതികരണത്തില്‍ ജീവിതം വഴിമാറ്റി കൊണ്ടുപോവാന്‍ പാടില്ല. പഴയ മനസ്സ് തിരികെ കൊണ്ടുവരിക. ആശംസകള്‍ .

മാണിക്യം said...

"മുന കൂര്‍ത്തഇരുമ്പുദണ്ഡില്‍ നിന്നാണ്‌
ചതിയുടെ ആദ്യപാഠംഹൃദിസ്ഥമാക്കിയത്‌..."
എല്ലാപാഠങ്ങളും ഒരു വീഴ്ചയിലോ ചതിയിലോ നിന്ന് തന്നെ അറിയുന്നു
മനസ്സില്‍ പോറല്‍ വീഴ്ത്താതെ ഈ വരികള്‍ കണ്ണില്‍ നിന്ന് മറയുന്നില്ല
ശക്തിയുള്ള വാക്കുകള്‍ നന്മകള്‍ നേരുന്നു

Typist | എഴുത്തുകാരി said...

ആദ്യത്തേതു് അങ്ങിനെ. പിന്നെയുള്ളതൊക്കെയോ? ശകതമായ വരികള്‍.

Rasheed Chalil said...

വെളിച്ചത്തിന്റെ അന്വേഷകന്‍ ആത്മാവ് കൊടുക്കേണ്ടത് യഥാര്‍ത്ഥ വെളിച്ചത്തിനായത് കൊണ്ട് വഴി, വഴികാട്ടി, ലക്ഷ്യസ്ഥാനം .. ഇവയെ കുറിച്ച് ബോധവാനായിരിക്കണം.

ഇല്ലങ്കില്‍ കണ്ടെത്തുന്നത് വെളിച്ചമല്ല എന്ന തിരിച്ചറിവാകും ബാക്കി...

കവിത ഇഷ്ടായി ... ഒത്തിരി.

സന്തോഷ്‌ പല്ലശ്ശന said...

ചൂണ്ടയുടെ മൂര്‍ച്ച വരികളില്‍ കൊണ്ടുവരാന്‍ ഇനിയും ഇത്തിരികൂടി ധ്യാനിക്കേണ്ടിയിരുന്നു. വരികളുടെയും ഇമേജറികളേയും അതി ക്രൂരമായി തന്നെ തെളിവുറ്റതാക്കാമായിരുന്നു. ഒരേറു പടക്കം പോലെ വായനക്കാരനെ ഈ കവിത അക്രമിക്കുന്നത്‌ കണ്ടേനെ..... നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ശക്തമായ പ്രമേയം.... നല്ല ശ്രമം...

കെ.കെ.എസ് said...

സുഹൃത്തെ , ബ്ലോഗ് സന്ദർശനത്തിനു നന്ദി.
വെറുക്കപെടുന്ന രണ്ട് വാക്കുകളെ-- “വിടപറയൽ,തിരിച്ചുവരവ്”-
കുറിച്ച് താങ്കൾ അവിടെ എഴുതികണ്ടു. ഞാനത്ഭുതപെടുന്നു:
എങനേയാണ് ഈ രണ്ട് വാക്കുകളെ ഒരേ സമയം വെറുക്കാൻ
കഴിയുക!! നിങൾ “ഇഷ്ടപെടുന്നുവെങ്കിൽ” നിങൾക്ക് ആദ്യത്തെ
വാക്കിനെ മാത്രമെ വെറുക്കാൻ പറ്റൂ,അല്ലെങ്കിൽ രണ്ടാമത്തെ വാക്കിനെയും.
അതുപോട്ടെ, എനിക്ക് തരാനുള്ള ഉപദേശം മറ്റൊന്നാണ്: ഒരു കവി
ഒരു വാക്കിനെയും വെറുക്കരുത്” “വെറുപ്പിനെ” പോലും.
വെറുപ്പാണ് ഒരാളുടെ “ ആദ്യത്തെ അബദ്ധം”.
പിന്നെ ചൂണ്ട എന്ന ഈ കവിതകൊള്ളാം; അതെവിടെയും കൊളുത്തിന്നില്ലെങ്കിലും
എന്തായാലും ഭാവിയുണ്ട് ..സ്വന്ത മായ ശൈലി ഒന്നുകൂടെ തേച്ചുമിനുക്കണമെന്നുമാത്രം.
കവി മറ്റുള്ളവരെ പോലെ “നഗ്നനേത്രങൾ” കൊണ്ട് ലോകത്തെ കണ്ടാൽ പോരാ.
ദൃശ്യ പ്രകാശത്തിനപ്പുറമിപ്പുറമുള്ള തരംഗദൈർഘ്യങൾ കാണുന്ന ഒരു സ്പെഷ്യൽ
ക്യാമറകണ്ണുകൂടി അവനു വേണം. ഈ ഉപദേശങൾ നന്നെങ്കിൽ കൊള്ളാം
അല്ലെങ്കിൽ തള്ളാം..ആശംസകളോടെ.

മഴക്കാറ് said...

ചൂണ്ടയില്‍ ഒളിച്ചു വെച്ചിരിക്കുന്ന ചതി !!!!!!!!!

ഷൈജു കോട്ടാത്തല said...

നീതി പീഠം ഇവനെ ഇതാ വെറുതെ വിടുന്നു

Vinodkumar Thallasseri said...

പണ്ട്‌ കേട്ടൊരു ഉപദേശമുണ്ട്‌, 'ചൂണ്ടയിട്ട്‌ മീന്‍ പിടിക്കരുത്‌'. അതിണ്റ്റെ അര്‍ഥം അന്ന്‌ മനസ്സിലായില്ല. പിന്നീട്‌ തിരിച്ചറിവ്‌ വന്നുതുടങ്ങിയപ്പോള്‍ മനസ്സിലായി.വിശപ്പിനുമുമ്പില്‍ ഇര കാണിച്ച്‌ മരണത്തിലേക്ക്‌ നയിക്കലാണ്‌ ഏറ്റവും വലിയ ചതി, എന്ന്‌.

പല്ലശ്ശന പറഞ്ഞതിനോട്‌ യോജിപ്പുണ്ട്‌. വിഷയത്തിണ്റ്റെ തീവ്രത വരികളില്‍ വന്നില്ലേ എന്ന്‌ സംശയം.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കവിതയില്‍ കാമ്പുണ്ട്‌.
ഭാവുകങ്ങള്‍.

ഗീത said...

ഹെന്റമ്മേ !

കള്ളം പറയുകയല്ലേ?

ഇത്രയൊക്കെ ക്രൂരനാവാന്‍ ഇതെഴുതിയ ആളിന് കഴിയില്ലെന്ന് അറിയാം....

Sureshkumar Punjhayil said...

Marikkan njanum...!

Manoharam, Ashamsakal...!!!

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി...