നീ വന്നത്
ഉഷ്ണശിഖരങ്ങളില് നിന്ന് നിലം പതിച്ച
കിളിയുടെ മോഹഭംഗങ്ങള്‍ക്ക്
കൂട്ടിരിക്കാനായിരുന്നു.
നീ ചിന്തിച്ചത്
തമോഗര്‍ത്തങ്ങളായി കൊണ്ടിരിക്കുന്ന
ആത്മാക്കളെ കുറിച്ചും
എല്ലോറയിലെ ഗുഹാഭിത്തികളില്‍ കുറിച്ചിട്ട
വായിച്ചെടുക്കാനാവാത്ത
പേരുകളെ കുറിച്ചും മാത്രമായിരുന്നു.
നീ ചിരിച്ചത്
ഏകാകിയുടെ തടവറയിലെ
വിലങ്ങണിഞ്ഞ സ്വപ്നങ്ങളുടെ
വിളര്‍ച്ച കണ്ടായിരുന്നു.
നീ പറഞ്ഞത്
വരി നില്ക്കുന്ന മൂന്ന് നക്ഷത്രങ്ങളുടെ
നിയോഗങ്ങളെ പറ്റിയും
അവയിലൂടെ ആശയങ്ങള്‍ കൈമാറുന്നവരുടെ
അടങ്ങാത്ത ആഗ്രഹങ്ങളെ കുറിച്ചുമായിരുന്നു.
നീ കരഞ്ഞത്
ഇരുമ്പഴിക്കുള്ളിലായ മോഹങ്ങളുടെ നിസ്സഹായതയും
ബന്ധനങ്ങളിലകപ്പെട്ടുപോയ
വേഴാമ്പലിന്റെ വിഹ്വലതകളുമോര്‍ത്തായിരുന്നു...
നീ കണ്ടത്
അസ്തമയത്തിന് തൊട്ടുമുമ്പ്
ചോരവാര്‍ന്ന് കരയുന്ന ആകാശവും
മുങ്ങിച്ചാകാനൊരുങ്ങും മുമ്പുള്ള
സൂര്യന്റെ വിലാപവുമായിരുന്നു.
നീ അറിഞ്ഞത്
ധര്‍മ്മസങ്കടങ്ങളുടെ ശബ്ദഘോഷങ്ങളും
ഉത്സവരാത്രികളിലെ നിരത്തുകളും
അരങ്ങില്‍ വീണ
അവശനായ പ്രണയിയുടെ
ആത്മവേദനയുമായിരുന്നു.
കാതങ്ങള്‍ക്കകലെ നിന്നും
നീ വരുമ്പോള്‍
മധ്യാഹ്നസൂര്യന്റെ ചെങ്കിരണങ്ങളേറ്റ്
തളര്‍ന്നുനില്‍ക്കുകയായിരുന്നു ഞാന്‍.
വേച്ചുവീഴാറായ ശരീരത്തെ
ആത്മാവ് കൊണ്ട് താങ്ങിനിര്‍ത്തി
നിന്നെ കാണുകയായിരുന്നു.
തൊട്ടരുകില്‍ നില്ക്കുമ്പോള്
മുഖച്ഛായയില്‍ കാലത്തിന്റെ
സ്പന്ദനങ്ങള്‍ തേടുകയായിരുന്നു.
ഒടുവില്‍,
നിന്റെ കണ്ണുകളില്‍ എന്റെ മുഖം നോക്കി.
മുടിയിലെ നരയും
മിഴികളിലെ ദൈന്യതയും
ചുണ്ടുകളിലെ വരള്‍ച്ചയും
കവിളിലെ മുറിപ്പാടുകളും
അപ്പോഴുണ്ടായിരുന്നില്ല.
എന്റെ രൂപം
ചേതോഹരമായൊരു പൂവ് പോലെ സുന്ദരവും
പുഴയിലൂടെ ഒഴുകിനീങ്ങുന്ന
അരയന്നങ്ങളുടെ നിഷ്കളങ്കതയുമായി
പരിണമിക്കുകയായിരുന്നു.
കെട്ടടങ്ങും മുമ്പെ കത്തിയാളുന്ന
തിരിയുടെ നെടുവീര്‍പ്പുകള്‍ പോലെ
മൃതിക്ക് മുമ്പുള്ള വന്യത പോലെ
വീഴാനൊരുങ്ങി നില്ക്കുന്ന
മരത്തിന്റെ പ്രതീക്ഷകള്‍ പോലെ
ഞാനിന്നും വരണ്ട ഭൂമിയുടെ
തുറന്ന ഹൃദയത്തില്‍ നിന്റെ കണ്ണുകള്‍ പരതുന്നു.
Tuesday, January 19, 2010
Subscribe to:
Post Comments (Atom)
8 comments:
ഒരിക്കലും കണ്ടെടുക്കാനാവാതെ
അപ്രത്യക്ഷമാവുന്ന
ഓളങ്ങളിലാണ്
ജീവിതത്തിന്റെ അര്ത്ഥങ്ങളൊളിഞ്ഞുകിടക്കുന്നതെന്ന്
പഠിപ്പിച്ച,
ആര്‍ദ്രമായ കണ്ണുകളില്‍
ഞാന്‍
ഒളിപ്പിക്കാറുള്ള
മൗനത്തിന്റെ വിപരീദം കണ്ടെത്താനായത്
നിനക്ക് മാത്രമാണെന്ന് പറഞ്ഞ...
സ്വപ്നങ്ങള്‍ക്ക് കുറുകെയിട്ട
കിനാവുകളുടെ പാലത്തിലൂടെ
ഒരിക്കലും തിരിച്ചുവരാനാവാതെ
അകന്നുപോകാന്‍ ശ്രമിക്കുന്ന
ലോകത്തിലേറ്റവും സ്നേഹിക്കുന്ന
കൂട്ടുകാരിക്ക്
ഈ കവിത സമര്‍പ്പിക്കുന്നു...
ഓര്‍മ്മയുടെ അവശിഷ്ടങ്ങള്‍-പുതിയ കവിത
nice one.....
ഹൃദയസ്പര്‍ശിയായ കവിത..
കൂട്ടുകാരി ഇത് വായിക്കട്ടെ.
നീ എഴുതിയത്
അവള് അറിയേണ്ടത്..
ഒടുവില്‍,
നിന്റെ കണ്ണുകളില്‍ എന്റെ മുഖം നോക്കി.
..........................
.........................
......................
.......................
ഞാനിന്നും വരണ്ട ഭൂമിയുടെ
തുറന്ന ഹൃദയത്തില്‍ നിന്റെ കണ്ണുകള്‍ പരതുന്നു
ലോകത്തിലേറ്റവും സ്നേഹിക്കുന്ന
കൂട്ടുകാരിക്ക്
ആർദ്രമായ ഭൂമിയുടെ സ്നേഹധ്യാനത്തിലാണ്ട ഒരു കണ്ണ്.
കെട്ടടങ്ങും മുമ്പെ കത്തിയാളുന്ന
തിരിയുടെ നെടുവീര്‍പ്പുകള്‍ പോലെ
മൃതിക്ക് മുമ്പുള്ള വന്യത പോലെ
വീഴാനൊരുങ്ങി നില്ക്കുന്ന
മരത്തിന്റെ പ്രതീക്ഷകള്‍ പോലെ
ഞാനിന്നും വരണ്ട ഭൂമിയുടെ
തുറന്ന ഹൃദയത്തില്‍ നിന്റെ കണ്ണുകള്‍ പരതുന്നു.....
ഹൃദയസ്പര്‍ശിയായ വരികളും അവതരണവും...
ആശംസകള്‍ ..........
kavitha ishtamaayi.....!theekshnatha hridayathe pollikkunnu....!
Post a Comment