Wednesday, February 07, 2007

ജലം


നിനക്ക്‌ മുഖം നോക്കാനുള്ള
വെറുമൊരു ദര്‍പ്പണമായിരുന്നു ഞാന്‍...
വിഹ്വലതകളിലൂടെ
നിളയായ്‌ പരിണമിക്കുമ്പോള്
അസ്തമയത്തിനപ്പുറത്തെ ശോണിമയില്‍
മുങ്ങി മരിച്ചു പോയതെന്‍ സ്വപ്നങ്ങളും....

പിന്നീട്‌...
അരുവിയുടെ ആത്മസ്പന്ദനമായി മാറി..
ആദ്യമായി നീയെന്ന സ്പര്‍ശിച്ചതും...
ഞാന്‍ കടലിന്‌ വഴി മാറാന്‍
വിസമ്മതിച്ചതും...
ആ പകലിലായിരുന്നു....

പുഴയായി നിന്ന സമയത്തായിരുന്നു...
എന്റെ ഉള്ളറകളില്‍ ഉറഞ്ഞുകൂടിയ
സ്നേഹം...പാഴ്‌വാക്കുകളായി വാരിയെടുത്ത്‌...
നീ പോയ്‌ മറഞ്ഞത്‌....


നദിയായി...
അതിരുശിലകള്‍ ഛേദിച്ച്‌
ഞാന്‍ നിന്നരുകിലൂടെ വന്നു...
രാത്രിയുടെ അവസാന നാഴികയില്‍
നീയെന്നെ വഴി തിരിച്ചുവിടുകയും ചെയ്തു...
എന്റെ ഉപമകളില്‍ വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍...
നീ വിതുമ്പുന്നതറിഞ്ഞ്‌ ഞാന്‍ തിരിച്ചുവാങ്ങി...

കടലായിരുന്നു
ഞാനെന്നറിഞ്ഞത്‌ മഴ മോഹിച്ച വേനലില്‍...
വെറുക്കാന്‍ ആയിരം കാരണങ്ങളുണ്ടായിട്ടും...
ചിരിക്കുന്നതെന്തേയെന്ന്‌ സ്വയം ചോദിച്ചു....
തിരയോളം വന്നു നീ മടങ്ങിപോയി...
എന്റെയുള്ളില്‍ മുത്തും പവിഴവുമുണ്ടെന്നറിയാതെ....

ഒടുവിലിപ്പോള്‍...
ഒരിറ്റു കണ്ണുനീരായി...
വരണ്ട മണ്ണില്‍ വീണു പിടക്കുമ്പോഴും...
ഞാന്‍ തിരിച്ചറിയുന്നില്ല....
മുറിവുകളില്‍ നിന്നും ഞാന്‍ തൊട്ടെടുത്ത
സൂര്യരശ്മിയായിരുന്നു...നീയെന്ന്‌....

26 comments:

ഗിരീഷ്‌ എ എസ്‌ said...

ഞാന്‍ തിരിച്ചറിയുന്നു...
ഓരോ ജലതുള്ളികളും
എന്നിലേക്ക്‌ മാത്രം പെയ്തൊഴിയാനുള്ളതാണെന്ന്‌....
അസ്തമയത്തോടൊപ്പം പെയ്ത മഴയായത്‌ കൊണ്ടാവാം..
ഞാന്‍ ചുവന്നരക്തതുള്ളികളാല്‍ നനഞ്ഞു...

ആര്‍ദ്രമായ ഒരറിവിന്റെ ആത്മസ്പര്‍ശമാണീ കവിത....
ഒരിടവേളക്ക്‌ ശേഷം വീണ്ടും നിങ്ങളെ സങ്കടപ്പെടുത്താന്‍ ഒരു കൂട്ടം വരികളുമായി വീണ്ടും.....

Sona said...

തിരയോളം വന്നു നീ മടങ്ങിപോയി...എന്റെയുള്ളില്‍ മുത്തും പവിഴവുമുണ്ടെന്നറിയാതെ....

എനിക്കൊരുപാട് ഇഷ്ടായി ഈ വരികള്‍.(ബാക്കിയൊന്നും എനിക്കു മനസ്സിലായില്ലട്ടൊ!..)

വിഷ്ണു പ്രസാദ് said...

-:)

shebi.... said...

ജലം വലിയൊരു അനുഭവമണ്ഡലമാണ്. മഴയായും മേഘമായും മഞ്ഞുതുള്ളിയായും തണുപ്പിനെയും കുളിരിനെയും ആത്മാവിലും പ്രകൃതിയിലും അടയാളപ്പെടുത്തുമ്പോള്‍ തന്നെ അഭാവത്തിലൂടെ ദാഹത്തെയും മരുഭൂമിയെയും നമുക്ക് കാണിച്ചു തരുന്നു.
ദ്രൌപതി. നല്ല കവിത. ആശംസകള്‍

സാരംഗി said...

ദ്രൗപദീ...ജലം ഇഷ്ടപ്പെട്ടു..പ്രത്യേകിച്ച്‌ ഈ വരികള്‍ വളരെ വളരെ..

"ഒടുവിലിപ്പോള്‍...ഒരിറ്റു കണ്ണുനീരായി...വരണ്ട മണ്ണില്‍ വീണു പിടക്കുമ്പോഴും...ഞാന്‍ തിരിച്ചറിയുന്നില്ല....മുറിവുകളില്‍ നിന്നും ഞാന്‍ തൊട്ടെടുത്തസൂര്യരശ്മിയായിരുന്നു...നീയെന്ന്‌"....

G.MANU said...

jalam hridyamayee...congrats

chithrakaran ചിത്രകാരന്‍ said...

ശ്മശാനങ്ങളില്‍നിന്നും, ദുര്‍ബല സ്ത്രീപക്ഷ സംവ്വരണചിന്തകളില്‍ നിന്നും പുറത്തുകടന്ന കവയത്രി ക്രിയാത്മകതയുടെ ഒരു സൂര്യോദയം തന്നെ മനസ്സില്‍ ആവാഹിച്ചിരിക്കുന്നു.
സൂര്യനെ പ്രണയിക്കുന്ന ജലഹൃദയത്തിന്റെ പാരവശ്യം , ഇണക്കവും പിണക്കവുമായി.... അരുവിയായി ഒഴുകിയിറങ്ങുംബോള്‍ പ്രകൃതിയെ ഇങ്ങനെയും കാണാനായതിന്റെ ചാരിതാര്‍ത്ഥ്യം ചിത്രകാരന്റെ മനസ്സില്‍ നിറയുന്നു... ദ്രൌപതി, നന്ദി !!

ഒടുവിലിപ്പോള്‍...ഒരിറ്റു കണ്ണുനീരായി...വരണ്ട മണ്ണില്‍ വീണു പിടക്കുമ്പോഴും...ഞാന്‍ തിരിച്ചറിയുന്നില്ല....മുറിവുകളില്‍ നിന്നും ഞാന്‍ തൊട്ടെടുത്തസൂര്യരശ്മിയായിരുന്നു...നീയെന്ന്‌"....

എന്തൊരു മനോഹരമായ ബിംബകല്‍പ്പനകളാണിത്‌ !!!

വിചാരം said...

ദ്രൌപദിയില്‍ മാത്രമല്ല എല്ലാവരുടെ ഹൃദയത്തിലേക്കും ജലതുള്ളികള്‍ പെയ്തൊഴിയുന്നു ഏകയാണന്ന ചിന്ത മാറ്റുക

വേണു venu said...

കവിത ഇഷ്ടപ്പെട്ടു.

ഏറനാടന്‍ said...

"ഏകയായ്‌ നീ പോയതെവിടേ
ഓര്‍മ്മപോലും മാഞ്ഞുപോവുതെന്തേയ്‌?"
(-:ഉള്ളടക്കം സിനിമയിലെ ഗാനം)

ഇല്ലാ..., 'ജലതുള്ളീ'
നീ ഇല്ലാതാവുന്നില്ല,
വരണ്ട മണ്ണില്‍ വീണു നീ പിടക്കുമ്പോഴും
പിന്നീടൊരു ബാഷ്‌പകണികയായ്‌
അങ്ങുദൂരെ മാടിവിളിക്കും
മേഘക്കൂട്ടത്തിലെത്തും,
അവരാലിംഗനത്താല്‍ നിന്നെ
സന്തോഷാശ്രുക്കളായ്‌ വീണ്ടും
നിന്നെയും കാത്തിരിക്കും
ദാഹിച്ച 'വേഴാമ്പലിനും'
പീലിനിവര്‍ത്തിയാടും 'മയിലിനും'
സുരഭം പടര്‍ത്തും പൂവിനും
വള്ളിപ്പടര്‍പ്പിനും,പുല്‍നാമ്പിനും
സമര്‍പ്പിക്കും, ജീവിക്കുക നീയെപ്പോഴും
നശ്വരമല്ല നീ, അല്ലയോ അനശ്വരമാം 'ജലമേ'!

ഗിരീഷ്‌ എ എസ്‌ said...

കൈയൊപ്പിന്‌ നന്ദി...
ജലമെന്ന അറിവിനെ കുറിച്ച്‌ ആത്മാര്‍ഥമായി രേഖപ്പെടുത്തിയതിന്‌...

സോനൂട്ടിക്ക്‌ ഇഷ്ടമായ വരികള്‍ എന്നെയും ആകര്‍ഷിച്ചു...അനുഭവത്തിന്റെ ഉപ്പുരസം മനസില്‍ മായാതെ കിടക്കുന്നതു കൊണ്ടാവാം...പക്ഷേ പറയാതെ വയ്യ..നീയായിരുന്നു ആ ജലമെന്ന്‌...

വിഷ്ണുപ്രസാദ്‌...നന്ദി...
സുനില്‍സലാം പറഞ്ഞപോലെ ജലം ഒരനുഭവമാണ്‌...നാട്ടുമ്പുറ കിണറുകളില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ഇമവെട്ടുന്ന കണ്‍പോളകളെന്ന പോലെ അതിന്റെ ഓളങ്ങള്‍ പഴയകാലത്തിന്റെ വികൃതികള്‍ നമ്മോട്‌ മന്ത്രിക്കാറില്ലേ....അഭിപ്രായത്തിന്‌ നന്ദി...

ശ്രീയേച്ചി....
കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം...നമുക്ക്‌ നമ്മെ തന്നെ തിരിച്ചറിയാന്‍ കഴിയാത്ത ഈക്കാലത്ത്‌...മറ്റുള്ളവരെ എങ്ങനെ തിരിച്ചറിയാനാവും...സ്നേഹം നടിച്ച്‌ അടുത്തുവന്നവരൊക്കെ തന്നത്‌....നൊമ്പരമെന്ന വാക്ക്‌...അതിനുമപ്പുറത്ത്‌ നിന്ന്‌ പറഞ്ഞാന്‍ ഒരു തുള്ളി ജലം.....

ജി-മനു..നന്ദി...

എന്റെ പ്രചേദനമായ ചിത്രകാരാ ഒരു പ്രകൃതിവര്‍ണനക്കപ്പുറം..അനുഭവത്തിന്റെ ശേഷിപ്പുകളാണ്‌ എന്നെ കൊണ്ട്‌ ഇങ്ങനെ കുത്തികുറിക്കാന്‍ പ്രേരിപ്പിച്ചത്‌..പക്ഷേ ആ അനുഭവം എന്റേതായിരുന്നില്ല....ഞാന്‍ ആത്മാവിനോട്‌ ഒട്ടിച്ചുവെച്ച മറ്റൊരാളുടെ....
വിമര്‍ശനങ്ങള്‍ക്ക്‌...നന്ദി...

വിചാരം...
ഏകയാണെന്ന ചിന്തയൊന്നുമില്ലാട്ടോ....ഒരാര്‍ദ്രത എന്നോട്‌ പറയാതെ മിഴികളില്‍ തങ്ങിനില്‍ക്കുന്നുവെന്ന്‌ മാത്രം....

വേണുവേട്ടാ.....
കുറെയായി ട്ടോ ഈ വഴി കണ്ടിട്ടിട്ട്‌...ഇതെവിടെയാണ്‌...അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി......

പിന്നെ സാലിയേട്ടാ.....
കാല്‍പനികത നിറഞ്ഞ ഒരു കവിത തന്നെ കുറിച്ച്‌ ആ മനസിന്റെ കുളിര്‍മ്മ ഇവിടെ ഒരിക്കല്‍ കൂടി വരച്ചിട്ടിരിക്കുന്നു....കഥയറിയാതെ ഞാനിന്നും...അതേ കല്‍മണ്ഡപത്തില്‍ കാത്തിരിപ്പുണ്ട്‌......
കടലായി വരരുത്‌...മറിച്ച്‌ മിഴികളില്‍ നിന്നടരാന്‍ കൊതിക്കുന്ന...ഒരിറ്റ്‌ കണ്ണുനീരായി...ജലമായി....
നന്ദി.....ഒരുപാട്‌ നന്ദി.....

Haree said...

ദ്രൌപതിയുടെ നന്ദിപോസ്റ്റാണെന്നെ ഇവിടെയെത്തിച്ചത്....
--
ജലം വായിക്കുവാന്‍ വൈകി, വായിച്ചതില്‍ ഞാനിപ്പോള്‍ സന്തോഷിക്കുന്നു... :) ദര്‍പ്പണമായിരുന്ന ഞാന്‍, കണ്ണുനീര്‍ത്തുള്ളിയായി വീണു പിടഞ്ഞിട്ടും, ഞാനവനെ തിരിച്ചറിയുന്നില്ലെന്നോ?
--
ആ ചിത്രം, അതുമെനിക്കിഷ്ടമായി... അതും ദ്രൌപതിയെടുത്തതോ?
--

Visala Manaskan said...

'എന്റെയുള്ളില്‍ മുത്തും പവിഴവുമുണ്ടെന്നറിയാതെ....'

സത്യം. കവിത വായിച്ചാല്‍ മനസ്സിലാവും. ആശംസകള്‍.

chithrakaran:ചിത്രകാരന്‍ said...

ഒരു പ്രകൃതിവര്‍ണനക്കപ്പുറം..അനുഭവത്തിന്റെ ശേഷിപ്പുകളാണ്‌ എന്നെ കൊണ്ട്‌ ഇങ്ങനെ കുത്തികുറിക്കാന്‍ പ്രേരിപ്പിച്ചത്‌..പക്ഷേ ആ അനുഭവം എന്റേതായിരുന്നില്ല....ഞാന്‍ ആത്മാവിനോട്‌ ഒട്ടിച്ചുവെച്ച മറ്റൊരാളുടെ....

is she alive ?

ഗിരീഷ്‌ എ എസ്‌ said...

ചിത്രകാരാ അവള്‍ ജീവിച്ചിരിക്കുന്നുണ്ട്‌...അവളെ അത്രവേഗമമൊന്നും ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കുകയുമില്ല...
എന്റെ സ്വകാര്യദുഖങ്ങളും സ്വപ്നങ്ങളും ഇന്നീ ലോകത്ത്‌ അവള്‍ക്ക്‌ മാത്രമെ അറിയൂ.....
ചിരിച്ചുകൊണ്ടു അടുത്തുവന്നപ്പോഴും എന്നോടൊത്ത്‌ ചിലവഴിച്ചപ്പോഴും...മനസിനെ കരിമ്പടം കൊണ്ടവള്‍ മൂടിയിരുന്നു...എനനാല്‍ അവളറിയാത്ത വിധം അത്‌ സുതാര്യമായിരുന്നു...
പിന്നെ അത്‌...ഞാന്‍ തന്നെ മാറ്റിക്കളഞ്ഞു....
അവളുടെ കണ്ണുനീരിന്റെ സ്നിഗ്ധതയില്‍ നിന്നും എനിക്ക്‌ ഒളിച്ചോടുവാനാകുമായിരുന്നില്ല...അടുത്തിരുത്തി.....സാന്ത്വനിപ്പിച്ചു....
ഇപ്പോള്‍ എനിക്കവളെ കാണാതെ ഒരു ദിവസം പോലും കഴിച്ചുക്കൂട്ടാനാവില്ല.....
അത്ര അടുത്തുപോയി ഞങ്ങള്‍.....

ഹരി....ആദ്യമായാണ്‌ കാണുന്നത്‌...ബ്ലോഗ്‌ കണ്ടു ഒരുപാടിഷ്ടമായി....അഭിപ്രായത്തിന്‌ നന്ദി....
വിശാലമനസ്ക്കനും എന്റെ നന്ദി.....

ഗിരീഷ്‌ എ എസ്‌ said...

ചിത്രകാരാ അവള്‍ ജീവിച്ചിരിക്കുന്നുണ്ട്‌...അവളെ അത്രവേഗമമൊന്നും ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കുകയുമില്ല...
എന്റെ സ്വകാര്യദുഖങ്ങളും സ്വപ്നങ്ങളും ഇന്നീ ലോകത്ത്‌ അവള്‍ക്ക്‌ മാത്രമെ അറിയൂ.....
ചിരിച്ചുകൊണ്ടു അടുത്തുവന്നപ്പോഴും എന്നോടൊത്ത്‌ ചിലവഴിച്ചപ്പോഴും...മനസിനെ കരിമ്പടം കൊണ്ടവള്‍ മൂടിയിരുന്നു...എനനാല്‍ അവളറിയാത്ത വിധം അത്‌ സുതാര്യമായിരുന്നു...
പിന്നെ അത്‌...ഞാന്‍ തന്നെ മാറ്റിക്കളഞ്ഞു....
അവളുടെ കണ്ണുനീരിന്റെ സ്നിഗ്ധതയില്‍ നിന്നും എനിക്ക്‌ ഒളിച്ചോടുവാനാകുമായിരുന്നില്ല...അടുത്തിരുത്തി.....സാന്ത്വനിപ്പിച്ചു....
ഇപ്പോള്‍ എനിക്കവളെ കാണാതെ ഒരു ദിവസം പോലും കഴിച്ചുക്കൂട്ടാനാവില്ല.....
അത്ര അടുത്തുപോയി ഞങ്ങള്‍.....

ഹരി....ആദ്യമായാണ്‌ കാണുന്നത്‌...ബ്ലോഗ്‌ കണ്ടു ഒരുപാടിഷ്ടമായി....അഭിപ്രായത്തിന്‌ നന്ദി....
വിശാലമനസ്ക്കനും എന്റെ നന്ദി.....

അഡ്വ.സക്കീന said...

നന്നായിട്ടുണ്ട്. എല്ലായിടവും ഒന്ന് ധൃതിയില്‍ കയറിയിറങ്ങി, വീണ്ടും വരാമെന്നുള്ള മോഹവുമായി.

ഏറനാടന്‍ said...

കടലിന്നഗാധമാം നീലിമയില്‍
മിഴികള്‍ പൂട്ടിതുറന്നാല്‍
ഇളം തെന്നലിന്‍ തേരില്‍
മനസ്സിനൊരു സാന്ത്വനമായ്‌,തഴുകികൊണ്ട്‌
ഒരു പക്ഷെ വരുമൊരാള്‍.. ദ്രൗപതീ,
പ്രാര്‍ത്ഥിക്കാം നിനയ്‌ക്കായ്‌...

Anonymous said...

nalla kavitha

സജീവ് കടവനാട് said...

ഹോ എത്ര നാളായി ഒന്നു കണ്ടിട്ട്. ഒള്ളതുപറയാലോ, കൊള്ളാം

Abdu said...

‘പുഴയുടേ ജന്മം വരമായി കിട്ടിയിരുന്നെങ്കില്‍
നിനക്കൊഴുക്കാന്‍ ഭാരതമായേനേ’
(പി. പി. രാമചന്ദ്രന്‍ ?)

നന്നായിരിക്കുന്നു ദ്രൌപതീ, ഘടനാ പരമായി പൂര്‍ണ്ണ തൃപ്തി തന്നില്ലെങ്കിലും.

വിശാഖ് ശങ്കര്‍ said...

വരികളിലെല്ലാം കല്‍പ്പനികമായ ഒരു ആര്‍ദ്രത നിറഞ്ഞുനില്‍ക്കുമ്പൊഴും കവിതാ ശില്‍പ്പത്തില്‍ അങ്ങിങ്ങ് ചില അപൂര്‍ണ്ണതകള്‍ ബാക്കിയാവുന്നു.അനര്‍ഗളമായ ഒഴുക്കിനൊപ്പം സശ്രദ്ധമുള്ള ഒരു എഡിറ്റിങ്ങ് കൂടി സമന്വയിപ്പിച്ചിരുന്നുവെങ്കില്‍ കവിത അന്യൂനമായോരു വായനാനുഭവമായേനെ.നല്ല കവിത മികച്ചതായി മാറിയേനെ എന്ന് ചുരുക്കം.പൂര്‍ണ്ണമായ ഒരു പാഠം,വായനക്കാരന് വികാരങ്ങളുടെ അനര്‍ഗളപ്രവാഹമായി അനുഭവപ്പെടാം.പക്ഷേ എഴുത്തിനെ സംബന്ധിച്ചിടത്തോളം അത് വികാരങ്ങളുടെ സുനിയന്ത്രിതമായ പ്രവാഹമായിരിക്കണം.അല്ലെങ്കില്‍ “അതില്‍നിന്നുള്ള മോചനമായിരിക്കണം“(എലിയട്ട്)

ഗിരീഷ്‌ എ എസ്‌ said...

സാലിയേട്ടാ....
ഈ അവശകാമുക ലൈനില്‍ നിന്നും ഒന്നു പുറത്തുവന്നൂടെ....വെറുതെ നല്ല പാട്ടുകള്‍ പാടൂന്നേ....സക്കീന ഒരു വെറും വിസിറ്റാണെങ്കിലും വന്നതിന്‌ നന്ദി...
നവന്‍: എഴുതിയതിന്‌ നന്ദി....
കിനാവേ...ഞാനിവിടെ തന്നെയുണ്ട്‌ ട്ടോ...ചെറിയൊരു ലീവ്‌ അത്രമാത്രം...
വിവേക്‌...അഭിപ്രായത്തിനും വിമര്‍ശനത്തിനും ഒരുപാട്‌ നന്ദി....
ഇനിയുള്ള രചനകളില്‍ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം....

പ്രണയം said...

ഒടുവിലിപ്പോള്‍...
ഒരിറ്റു കണ്ണുനീരായി...
വരണ്ട മണ്ണില്‍ വീണു പിടക്കുമ്പോഴും...
ഞാന്‍ തിരിച്ചറിയുന്നില്ല....
മുറിവുകളില്‍ നിന്നും ഞാന്‍ തൊട്ടെടുത്ത
സൂര്യരശ്മിയായിരുന്നു...നീയെന്ന്‌....
ഇല്ല ശരിക്കും അറിയുന്നില്ല പ്രണയം എന്തെന്ന് എങ്ങനെയന്ന്
പ്രണയത്തിന്‍റെ ചുട് നൊമ്പരങ്ങള്‍ പേറുന്ന വരികള്‍

ഉപാസന || Upasana said...

KOllaam...
Nannayittunde....
I was running my eyes through one
of my friends post.. that brought
me here... Good "poetry".
Pinne Vijayanem MT yeyum Vayichittilla ennu parayumbol evideyo oru apashrithi...
I found only poetries in your blog( i did not scrolled fully..).. Let me to ask.. do you do notlike novels. "Ithihasam" vayichchillel kutti( i think so since you told you did not read MT and OVV) athe oru nashtam tanneya..
Pande Man maranju poya Narendraprasad collegil adhehaththinte malayalam classil ninne oru kuttiye chevikyu pidichu Irakki vittittunde... " Khasakkinte ithihasam vayikyaththathine....". Kuttiyude chevikyum aarenkilum pidikyummm...
Mosamayi paranjathalla ketto..
Nale thanne "ithihasam" vangi vayikya... athe oru Mazhayane.. idakyide chinungiyum, idakye aarthalachum peyyunna mazha... Feel it...
Keep writing "kavithakal"...
You have skill.. ok

Aseem panoli said...

‍ഞാന്‍ തിരിച്ചറിയുന്നു,
എന്നിലേക്ക് വീണ തുള്ളികള്‍
എന്നെ ഉണര്‍ത്താനുള്ളവയായിരുന്നു.
പിന്നീടുള്ളത് എനിക്ക് ചിന്തിക്കാനുള്ളതായിരുന്നു.
പിന്നീടുള്ളതായിരുന്നു എനിക്ക് കുടിക്കാന്‍