Tuesday, November 21, 2006

മരണം ആഗ്രഹിക്കുന്നവള്‍...


ഞാന്‍ ഉറങ്ങുകയായിരുന്നു
നിന്റെ സ്വപനങ്ങളുടെ തടവറയില്
‍ഇടക്ക്‌ കീറിമുറിച്ച്‌ കടന്നുപോകുന്ന മഞ്ഞുപാളികളില്‍
തങ്ങിനില്‍ക്കുന്ന മരണത്തിന്റെ ഗന്ധം...
ഒലീവിലകള്‍ക്കിനി കൊഴിയാതിരിക്കാനാവില്ലെന്ന്‌
ശിശിരത്തിന്റെ നിലവിളികള്‍...


അവളിപ്പോള്‍ ചരമപേജിന്റ അവസാന കോളത്തില്‍
ചിത്രങ്ങളൊതുക്കുന്നതിന്റെ തിരക്കിലാവും...
വാക്കുകളും അക്ഷരങ്ങളും ചിന്തയുടെ അന്ധകാരത്തില്‍ നിന്നും
ചലനാത്മകത കൊതിച്ച്‌ പറക്കാന്‍ വ്യാമോഹിക്കുന്നുണ്ടാവും..
എന്നാലും വരികള്‍ക്കും വാക്കുകള്‍ക്കും ഇടയില്‍ നിന്നും
വിലപിച്ച്‌ എഴുന്നേറ്റുപായാന്‍ മരിച്ചവര്‍ക്കാവില്ലല്ലോ....
അതാണ്‌ അവളുടെ സാന്ത്വനം.


ഇന്നലെ കണ്ടവരൊക്കെ നരച്ച മുടിയുള്ളവരായിരുന്നു
സ്കാനറിന്റെ ഇടയില്‍ നിന്നും മിന്നിമായുന്ന പ്രകാശത്തില്‍
എഴുന്നേറ്റിരിക്കാന്‍ മോഹിക്കുന്നവര്‍...
അവള്‍ക്കറിയാം കൈകള്‍ കൊണ്ട്‌ ഓരോരുത്തരെയുംപിടിച്ചിരുത്തുമ്പോള്‍
അക്ഷരക്കൂട്ടങ്ങള്‍ അവരെ പൊതിയുമെന്നും
മഷി പുരളും മുമ്പ്‌ ചിത്രങ്ങള്‍ വിലപിക്കുമെന്നും....


യൂണിവേഴ്സിറ്റിയില്‍ നിന്നും
മരണത്തിന്റെ ബിരുദമെടുത്ത്‌സഞ്ചയനവും കഴിഞ്ഞ്‌
യാത്രയായ കിനാവുകള്‍..
കോളങ്ങള്‍ക്കുള്ളില്‍ പണത്തിന്റെ അതിര്‍വരമ്പുകള്‍ തീര്‍ത്ത്‌
ഒതുങ്ങി ജീവിക്കാന്‍ വിധിക്കപ്പെട്ട പരേതാത്മാക്കള്‍....
അര്‍ദ്ധരാത്രിക്ക്‌ കളഞ്ഞുപോയ നാണയങ്ങളുടെ വിലമാത്രം

തെരുവിന്റെ അഴുകിയ ചാലില്‍ നിന്നിലേക്കുളള വഴിയും...
പേരില്ലാത്ത കവലയുടെ സ്നിഗ്ധമായ അറിവുകളും...
ഇന്നും അവള്‍ക്ക്‌ വഴക്ക്‌ കേട്ടു....
എനിക്കറിയാം മരിച്ചവരുടെ മുഖഛായ നോക്കി വീര്‍പ്പുമുട്ടി....
വേഗത നഷ്ടപ്പെടുമ്പോള് ‍പരാദീനതകള്‍ കൊരുത്തുവെക്കാന്‍
അവള്‍ക്ക്‌ വശമില്ലായിരുന്നു.


നാളെ അവള്‍ക്ക്‌ വേണ്ടി മരിക്കാന്‍ ഊഴം കാത്തിരിക്കുന്നവര്‍...
അക്ഷരങ്ങള്‍ക്കപ്പുറം ചിത്രങ്ങള്‍ മോഹിക്കുന്നവര്‍...
ശരിയാണ്‌ ശ്രാദ്ധവും...വാര്‍ഷികവും വന്നാലെ പേജ്‌ നിറയൂ...
നനുത്ത കാല്‍പാദങ്ങള്‍ കൊണ്ട്‌ അവള്‍ സ്വപ്നങ്ങള്‍ കാണുന്നുണ്ടാവാം
ഒരു കൂട്ടമാളുകള്‍ നേരത്തെ മരിച്ചിരുന്നെങ്കില്‍.......


ഒരു ജേര്‍ണലിസ്റ്റിന്റെ ഓര്‍മ്മയ്ക്ക്‌........മാര്‍ച്ച്‌ 20 (രാത്രി 11.14)

5 comments:

thoufi | തൗഫി said...

വേഗത നഷ്ടപ്പെടുമ്പോള് ‍പരാദീനതകള്‍ കൊരുത്തുവെക്കാന്‍
അവള്‍ക്ക്‌ വശമില്ലായിരുന്നു.

മരണം ഒരു മുന്നറിയിപ്പാണ്
ഓരോ മരണവും ഓരൊ ഓര്‍മ്മപ്പെടുത്തലും
നിമിഷങ്ങളോരോന്നും കൊഴിഞ്ഞു വീഴുമ്പോഴും
മരനത്തിന്റെ കാലൊച്ച നമുക്കും കേള്‍ക്കാനാകും
വിട പറയാന്‍ പോലും മറന്നുപോയ
സുഹ്രുത്തെ,നീ
അറിയുന്നില്ലല്ലൊ,ഈ ആത്മനൊമ്പരം

ഗിരീഷ്‌ എ എസ്‌ said...

tank u toufi.....
മരണം ഒരു മുന്നറിയിപ്പാണ്
ഓരോ മരണവും ഓരൊ ഓര്‍മ്മപ്പെടുത്തലും
നിമിഷങ്ങളോരോന്നും കൊഴിഞ്ഞു വീഴുമ്പോഴും
മരനത്തിന്റെ കാലൊച്ച നമുക്കും കേള്‍ക്കാനാകും
വിട പറയാന്‍ പോലും മറന്നുപോയ
സുഹ്രുത്തെ,നീ
അറിയുന്നില്ലല്ലൊ,ഈ ആത്മനൊമ്പരം
Nandi.....nannai
Draupathi

കുറുമാന്‍ said...

നന്നായിരിക്കുന്നു ദ്രുപതി, കവിതകള്‍ക്ക് കമന്റിടാന്‍ നല്ല വശമില്ല, പക്ഷെ വായിച്ചാസ്വദിക്കാന്‍ വശമില്ല എന്നല്ല.

എല്ലാ കവിതകള്‍ക്ക് ഒരു വിഷാദ ഛായ ??

chithrakaran ചിത്രകാരന്‍ said...

ആശുപത്രിയോ മെഡിക്കല്‍ കോളേജോ, രണ്ടായാലും കുഴപ്പമില്ല.... കവിതയില്‍ ഹൃദയം മനോഹരമായി സ്പന്ദിക്കുന്നു. നല്ല കവിത.

:: niKk | നിക്ക് :: said...

ഹും!!! യൂ ആര്‍ കണ്‍ഫ്‌യൂസിംഗ്‌ മി !!!